ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 15

ബഹിരന്തശ്ച ഭൂതാനാ-
മചരം ചരമേവ ച
സൂക്ഷ്മത്വാത്തദവിജ്ഞേയം
ദൂരസ്ഥം ചാന്തികേ ച തത്

അത് (ബ്രഹ്മം) ഭൂതങ്ങളുടെ അകത്തും പുറത്തും ഉണ്ട്. അത് ചലിക്കാത്തതാണ്, ചലിക്കുന്നതുമാണ്. അത് സൂക്ഷ്മമായതിനാല്‍ ഇന്ദ്രിയങ്ങള്‍കൊണ്ട് ഗ്രഹിക്കപ്പെടാവുന്നതല്ല. അത് അങ്ങ് ദൂരെയും ഇങ്ങ് അടുത്തുമുണ്ട്.

അല്ലയോ പാണ്ഡുപുത്ര, അഗ്നി ഏതു രൂപത്തിലായാലും അതില്‍ നിന്നുണ്ടാകുന്ന സ്ഫുലിംഗത്തിന്‍റെ ചൂട് ഒരേ വിധത്തിലാണ്. അതുപോലെ ചരവും ആചരവുമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള എല്ലാ വസ്തുക്കളിലും ബ്രഹ്മം ഒരുപോലെ കുടികൊള്ളുന്നു.

അനശ്വരവും സൂക്ഷ്മരൂപത്തില്‍ എല്ലാ പൊരുളുകളിലും വ്യാപിച്ചിരിക്കുന്നതുമായ അതാണ് അറിയപ്പെടേണ്ടതായ വസ്തു (ജ്ഞെയവസ്തു) അത് എല്ലാറ്റിന്‍റെയും അകത്തും പുറത്തും സ്ഥിതിചെയ്യുന്നു. അത് അകലത്താണെന്നതുപോലെ അടുത്തുമാണ്. അത് രണ്ടാമതൊന്നില്ലാത്ത ഒരേ ഒന്നാണ്. അതിന്‍റെ അവസ്ഥയ്ക്ക് ഒരിക്കലും ഒരു മാറ്റവും സംഭവിക്കുന്നില്ല. ക്ഷീരസാഗരത്തിലെ മാധുര്യം അഗാധമായ മധ്യഭാഗത്ത് കൂടുതലോ ഗാധമായ തീരഭാഗത്ത് കുറവോ ആയിരിക്കുന്നില്ല. അതുപോലെ ബ്രഹ്മം എല്ലായിടത്തും പരിപൂര്‍ണ്ണമാണ്. അത് എല്ലായിടത്തും എല്ലാറ്റിലും തുല്യമായി വ്യാപിച്ചിരിക്കുന്നു. സ്വേദജാദി ചതുര്‍വിധ ജീവികളിലും അതു അവിച്ഛിന്നമായി വ്യാപിച്ച് സ്ഥിതിചെയ്യുന്നു. അല്ലയോ അര്‍ജ്ജുന, രൂപത്തിലും വലിപ്പത്തിലും വിവിധ രീതിയിലുള്ള ആയിരം മണ്‍കുടങ്ങള്‍ പ്രതിബിംബിപ്പിക്കുന്ന സോമബിംബം പലതായി തോന്നുമെങ്കിലും സോമനും അതിന്‍റെ രശ്മിയും ഒന്നുതന്നെയല്ലേ? ലവണം പല കൂനകളായി കൂടിക്കിടന്നാലും അതിന്‍റെ ലവണത്വം ഒന്നുതന്നെയാണ്. ഒരു കെട്ടു കരിമ്പില്‍ അടങ്ങിയിരിക്കുന്ന ഓരോ കരിമ്പിന്‍റെയും മാധുര്യം ഒന്നുപോലെയിരികും.