ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 16
അവിഭക്തം ച ഭൂതേഷു
വിഭക്തമിവ ച സ്ഥിതം
ഭൂതഭര്‍ത്തൃ ച തജ്ജ്ഞേയം
ഗ്രസിഷ്ണു പ്രഭവിഷ്ണു ച
അറിയപ്പെടേണ്ടാതായ അത് (ബ്രഹ്മം) അവിഭക്തമാണെങ്കിലും വിഭക്തമെന്നപോലെയും സ്ഥിതിചെയ്യുന്നു. എല്ലാ ഭൂതങ്ങളെയും നിയന്ത്രിക്കുന്നതും എല്ലാറ്റിനെയും വീണ്ടും വീണ്ടും തന്നിലേക്ക് സംഹരികുന്നതും വീണ്ടുംവീണ്ടും പുറത്തേക്ക് പ്രകടമാക്കുന്നതും അതുതന്നെ.
അതുപോലെ ബ്രഹ്മം അനേക ഭൂതജാതികളില്‍ എകീഭൂതവ്യാപ്തിയായി വര്‍ത്തിക്കുന്നു. വിശ്വകാര്യത്തിന്‍റെ മൂലകാരണവും അതുതന്നെയാണ്. അപരിച്ഛിന്നമായി അത് എല്ലാ ജീവികളിലും ഉണ്ടെങ്കിലും പരിച്ഛിന്നമായി കാണപ്പെടുന്നു. സമുദ്രം തിരമാലകളെ സൃഷ്ടിക്കുകയും അവയെ താങ്ങിനിര്‍ത്തുകയും ചെയ്യുന്നതുപോലെ അത് എല്ലാറ്റിനേയും സൃഷ്ടിക്കുകയും താങ്ങിനിര്‍ത്തുകയും ചെയ്യുന്നു. ശൈശവം, യൌവനം,വാര്‍ദ്ധ്യക്യം എന്നീ മൂന്നവസ്ഥകള്‍ക്കും ഒരേവിധത്തില്‍ ആലംമ്പമായിരിക്കുന്ന ശരീരം പോലെ, ബ്രഹ്മം എല്ലാ ജീവികളുടെയും സൃഷ്‌ടിസ്ഥിതിലയാവസ്ഥയില്‍ അവിഭക്തമായി അനവതരം അവയ്ക്ക് ആലംബമായി നില്‍ക്കുന്നു. ആകാശത്തിനു പ്രഭാതത്തിലും മദ്ധ്യാഹ്നങ്ങളിലും പ്രദോഷത്തിലും രൂപഭേദം വരാത്തതുപോലെയാണ് ബ്രഹ്മവും. പ്രപഞ്ചത്തെ സൃഷ്ടിക്കുമ്പോള്‍ അത് (ബ്രഹ്മം) ബ്രഹ്മാവെന്നും സംരക്ഷിക്കുമ്പോള്‍ വിഷ്ണുവെന്നും സംഹരിക്കുമ്പോള്‍ രുദ്രനെന്നും അറിയപ്പെടുന്നു. ഈ മൂന്നുഭാവങ്ങളും ലയിച്ച് കഴിയുമ്പോള്‍ ഉള്ള ബ്രഹ്മത്തിന്‍റെ അപ്രകടിതമായ അവസ്ഥയാണ് ശൂന്യം. ആ അവസ്ഥയില്‍ ത്രിഗുണങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുന്നു. അവ ശൂന്യതയില്‍ വിലയം പ്രാപിക്കുന്നു. ഈ ശൂന്യാവസ്ഥയെപ്പറ്റി പ്രതിപാദിക്കുന്ന ശ്രുതികള്‍ അതിനെ മഹാശൂന്യമെന്ന് വിളിക്കുന്നു. സര്‍വ്വാതിശായിയായ പരംപൊരുളിന്‍റെമേല്‍ അനേകത്വം കല്പിക്കുന്നത് ഭ്രാന്തമായ മനസ്സും ബുദ്ധിയുമാണ്. മനസ്സും ബുദ്ധിയും അതീന്ദ്രിയത്തിലേക്ക് ഉയരുമ്പോള്‍ പ്രശാന്തിമാത്രം അനുഭവവേദ്യമാകുന്നു.