ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 17
ജ്യോതിഷാമപി തജ്ജ്യോതി-
സ്തമസഃ പരമുച്യതേ
ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം
ഹൃദി സര്‍വ്വസ്യ വിഷ്ഠിതം.
ജ്യോതിസ്സുകള്‍ക്കും ജ്യോതിസ്സായ അത് തമസ്സിന് അപ്പുറമാണെന്ന് പറയപ്പെടുന്നു. അത് ജ്ഞാനവും സാക്ഷാത്കരിക്കപ്പെടാവുന്നതും ജ്ഞാനോപായങ്ങള്കൊണ്ട് കണ്ടെത്താവുന്ന വസ്തുവുമാണ്. അത് എല്ലാവരുടെയും ഹൃദയത്തില്‍ സ്ഥിതിചെയുന്നു.
അഗ്നിക്ക് ചേതനത്വം നല്‍കുന്നത് ബ്രഹ്മമാണ്. അത് അമ്പിളിക്ക് അമൃത് സമ്പാദിച്ചുകൊടുക്കുന്നു; വിശ്വത്തെ വീക്ഷിക്കുന്ന വിഭാകരന്റെ ചക്ഷുസ്സുകള്‍ക്ക് വീക്ഷണശക്തി നല്കുന്നു. അതിന്റെ കാന്തികൊണ്ടു നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു. സൂര്യന് ദീപ്തി ചൊരിയുന്നു. അതിന്റെ തേജസ്സു (പ്രഭാവം) കൊണ്ട് തുഷ്ടിയോടെ സ്വൈര്യമായി ഓജസ്സ് ( ജീവചൈതന്യം) വിശ്വമൊട്ടാകെ വിളങ്ങുന്നു. അത് ഉത്ഭവത്തിന്റെ ഉറവിടമാണ്; വിസ്തൃതിയുടെ വികാസമാണ്; പ്രതിഭാശാലിയുടെ പ്രതിഭാവിലാസമാണ്; ജീവന്റെ ജീവനാണ്;അന്തരംഗത്തിന്റെ ബോധകശക്തിയാണ്; കണ്ണിന്റെ കണ്ണാണ്; കാതിന്റെ കാതാണ്; നാകിന്റെ സംസാരശേഷിയാണ്; പ്രാണന്റെ പ്രാണനാണ്; ഗതിയുടെ പാദങ്ങളാണ്; ക്രിയയുടെ കര്‍ത്താവാണ്; അത് ആകാരത്തിന് ആകാരം നല്കുന്നു; സംഹാരത്തിനെ സംഹരിക്കാന്‍ സഹായിക്കുന്നു. അത് ജലത്തിന്റെ ജലത്വമാണ്. തേജസ് (പ്രകാശം) പ്രകാശിക്കുന്നതും അതുകൊണ്ട് തന്നെയാണ്. അത് വായുവിന്റെ ശ്വാസോച്ഛ്വാസമാണ്; ആകാശത്തിന്റെ സൂക്ഷ്മാകാശമാണ്; സമ്പൂര്‍ണ്ണമായ സമ്പൂര്‍ണ്ണതയാണ്. ചുരിക്കിപ്പറഞ്ഞാല്‍ എല്ലാം നിലനില്‍ക്കുന്നത് അതുകൊണ്ട് മാത്രമാണ്. അത് എല്ലാറ്റിലും എല്ലാമാണ്. അല്ലയോ അര്‍ജ്ജുന, അതുകൊണ്ട് ദ്വന്ദ്വത്തിനു അതില്‍ സ്ഥാനമില്ല. അതിന്റെ ദര്‍ശനത്തോടെ ദ്രഷടാവും ദൃശ്യവും സാമരസ്യത്തോടെ പരസ്പരം ലയിക്കുകയും ഒന്നായിത്തീരുകയും ചെയ്യുന്നു. അതാകുന്നു ജ്ഞാനം. അറിയുന്നവനും അറിയപ്പെടെണ്ടവനും അവന് തന്നെ. ജ്ഞാനത്തില്‍ക്കൂടി പ്രാപിക്കേണ്ടുന്ന ലക്ഷ്യവും അതു തന്നെ. ആയവ്യയ കണക്കുകള്‍ കൂട്ടിക്കുറച്ച് ബാക്കിപത്രം തയാറാക്കുമ്പോള്‍ അവസാനമായി ലഭിക്കുന്നത് ഒരേ സംഖ്യയായിരിക്കും. അതുപോലെ സാധ്യവും സാധനയും സാധകനും ഒരേ അവസ്ഥയില്‍ എത്തിച്ചേരുന്നു. സാധകന് ബ്രഹ്മവുമായി ഐക്യം പ്രാപിക്കുന്നു. ദ്വന്ദ്വവുമായി വിദൂരമായ ബന്ധംപോലുമില്ലാത്ത ബ്രഹ്മം എല്ലാവരുടെയും ഹൃദയത്തില്‍ വസിക്കുന്നു.