ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 21

പുരുഷഃ പ്രകൃതിസ്ഥോ ഹി
ദുങ്‍ക്തേ പ്രകൃതിജാന്‍ ഗുണാന്‍
കാരണം ഗുണസങ്ഗോഽസ്യ
സദസദ്യോ നിജന്മസു.

ജീവാത്മാവ് പ്രകൃതികാര്യമായ ദേഹത്തില്‍ സ്ഥിതിചെയ്യുന്നതു കൊണ്ട് പ്രകൃതിഗുണങ്ങളായ സുഖദുഃഖങ്ങളെ അനുഭവിക്കുന്നു. ഈ ജീവാത്മാവിന്‍റെ ഗുണസംഗമാണ് (ഇന്ദ്രിയങ്ങളോടുള്ള സംബന്ധം) ഉത്കൃഷ്ടമായും നീചമായുമുള്ള യോനികളില്‍ ജനിക്കുന്നതിനു കാരണമായിത്തീരുന്നത്.

അവന്‍ (പുരുഷന്‍) അശരീരിയാണ്, അംഗവിഹീനനാണ്. ജീര്‍ണിതനും അതിവൃദ്ധനും ഏകനുമാണ്. അവന് നാമമില്ല. അവന്‍ പുരുഷനെന്നു അറിയപ്പെടുന്നു. എന്നാല്‍ അവന്‍ പുരുഷനോ സ്ത്രീയോ നപുംസകമോ എന്ന് സ്ഥിരപ്പെടുത്തി പറയുവാന്‍ ആര്‍ക്കും സാധ്യമല്ല. അവന്‍ അചക്ഷുവും അശ്രവണനും അഹസ്തനും അചരണനും ആണ്. അവന് നിറമോ രൂപമോ ഇല്ല, അര്‍ജ്ജുനാ ഇപ്രകാരം കണ്ടറിയുവാന്‍ കഴിയുന്ന യാതൊന്നുമില്ലെങ്കിലും അവന്‍ പ്രകൃതിയുടെ ഭര്‍ത്താവാണ്. പലപ്പോഴും അവന്‍ സുഖവും ദുഃഖവും അനുഭവിക്കേണ്ടിയിരിക്കുന്നു. അവന്‍ അകര്‍ത്താവും ഉദാസീനനും അഭോക്താവുമാണ്. പക്ഷെ അവന്‍റെ വിശ്വസ്തഭാര്യയായ പ്രകൃതി ഭോഗസുഖങ്ങള്‍ അനുഭവിക്കുന്നതിനു അവനെ കഴിവുള്ളവനാക്കിത്തീര്‍ക്കുന്നു. അവളുടെ രൂപഗണങ്ങളുടെ നേരിയ ചലനം കൊണ്ട് അവള്‍ അവനെ വശത്താക്കി സംസാരലീലകള്‍ ആടിക്കുന്നു. പ്രകൃതിയില്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് അവളെ “ഗുണമയി” എന്ന് വിളിക്കുന്നു. അവള്‍ ഗുണങ്ങളുടെ മൂര്‍ത്തിമത്ഭാവമായ അവതാരം തന്നെയാണ്. അവള്‍ പുതിയ പുതിയ രൂപങ്ങള്‍ കൈക്കൊള്ളുന്നു. ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു. അവളുടെ വൈഭവം നിര്‍ജീവവസ്തുക്കളേയും ഉജ്ജീവിപ്പിക്കുന്നു. അവളുടെ അഹങ്കാരം സംസാരജീവിതത്തെ ഗര്‍വിഷ്ഠമാക്കുന്നു.

പേരിനു പ്രശസ്തിയുണ്ടാക്കികൊടുക്കുന്നത് അവളാണ്. അവളുടെ വാത്സല്യപ്രകടനം സ്നേഹത്തെ സൃഷ്ടിക്കുന്നു. അവള്‍ ഇന്ദ്രിയങ്ങളെ ഉന്നിദ്രമാക്കുന്നു. മനസ്സ് നിഷ്പക്ഷമാണെങ്കിലും അതിനെക്കൊണ്ടു അലൌകികകാര്യങ്ങള്‍ ചെയ്യിക്കുന്നതിനുള്ള പ്രഭാവം അവള്‍ക്കുണ്ട്. അവള്‍ വിഭ്രാന്തിയുടെ ഒരു മഹാദ്വീപാണ്. എവിടെയും വ്യാപിക്കുന്ന ശക്തിയുടെ മൂര്‍ത്തിഭാവമാണ്. അന്തമില്ലാത്തിടത്തോളം ചിത്തവൃത്തികളെ അവള്‍ സൃഷ്ടിക്കുന്നു. അവള്‍ ആഗ്രഹവല്ലികള്‍ പടര്‍ന്നു കയറികിടക്കുന്ന ഒരു നികുഞജ്മാണ്. ഉന്മത്തയാകുന്ന വനത്തിലെ വസന്തകാലമാണ്. ‘ദിവ്യമായ’ എന്ന വിശ്രുതമായ പേരില്‍ പരക്കെ അറിയപ്പെടുന്ന അവള്‍ വാങ്ങ്മയവികാസിനിയാണ്; നിരാകാരങ്ങള്‍ക്ക് അവള്‍ രൂപനാമങ്ങള്‍ നല്‍കുന്നു. പ്രപഞ്ചജീവിതത്തിന്‍റെ പിന്നിലുള്ള അവിനാശശക്തി അവളാണ്. എല്ലാ കലകളുടെയും വിദ്യകളുടെയും ഉറവിടമാണവള്‍. ഇച്ഛയും മനോവികാരങ്ങളും ജ്ഞാനവും ക്രിയകളും അവളില്‍നിന്നുത്ഭവിക്കുന്നു. എല്ലാ പ്രാപഞ്ചികനാദങ്ങളും അവളില്‍നിന്നാണ് പുറപ്പെടുന്നത്. എല്ലാ ചമല്‍ക്കാരങ്ങളുടെയും ഭാണ്ഡാരമാണവള്‍. അവള്‍ യഥാര്‍ത്ഥത്തില്‍ പ്രപഞ്ചനാടകത്തിന്‍റെ സൂത്രധാരിണിയാണ്. ഉല്പത്തിയും പ്രളയവും അവളുടെ പ്രഭാതവും പ്രദോഷവുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പ്രപഞ്ചത്തിന്‍റെ ചിത്തം കവരുന്ന ഒരത്ഭുതമോഹിനിയാണവള്‍.

അവള്‍ രണ്ടാമതൊന്നില്ലാത്ത അദ്വയമായ ബ്രഹ്മത്തിന്‍റെ രണ്ടാമത്തേതാണ്. നിസ്സംഗനായ പരംപൊരുളിന്‍റെ സഹചാരിണിയാണ്. അവള്‍ ബ്രഹ്മവുമൊത്ത് ശൂന്യതയില്‍ വസിക്കുന്നു. അവളുടെ ഭാര്യത്വത്തിന്‍റെ സൗഭാഗ്യ വ്യാപ്തിയുടെ അധികാരം കൊണ്ട് അനിയന്ത്രിതനായ പുരുഷനെ അവള്‍ നിയന്ത്രിക്കുന്നു. യഥാര്‍ത്ഥത്തില്‍ പുരുഷന് ഉപാധികളോ ഗുണങ്ങളോ അവസ്ഥാഭേദങ്ങളോ ഇല്ല. എന്നാല്‍ പ്രകൃതി പുരുഷന്‍റെ ഇതെല്ലാമായിത്തീരുന്നു. പ്രകൃതിസ്വയംഭവവും ഏകവുമായ അതിന്‍റെ ഉത്ഭവസ്ഥാനവും അരൂപിയായി അതിന്‍റെ രൂപവും അവസ്ഥയും സ്ഥാനവുമായിത്തീരുന്നു. ഇച്ഛയില്ലാത്ത അതിന്‍റെ ഇച്ഛയും സമ്പൂര്‍ണമായ അതിന്‍റെ സംതൃപ്തിയും അകുലമായ അതിന്‍റെ കുലവും പരമ്പരയും പ്രകൃതിയാകുന്നു. നിരാകാരമായ അതിന്‍റെ ആകാരവും അവ്യാപ്ത്മായ അതിന്‍റെ വ്യാപ്തിയും മനോബുദ്ധികളെ അധികരിച്ച് കടക്കാന്‍ കഴിയുന്ന അതിന്‍റെ മനസ്സും ബുദ്ധിയും അവളാകുന്നു. നിര്‍വികാരമായ അതിന്‍റെ വികാരവും നിരഹങ്കാരമായ അതിന്‍റെ അഹങ്കാരവും അവളാകുന്നു. ജനനമിലാത്ത ജനിച്ചിട്ടില്ലാത്ത അതിന്‍റെ ജനനി അവളാണ്. എല്ലാ കര്‍മ്മങ്ങള്‍ക്കും അതീതമായ അതിന്‍റെ ക്രിയ അവളാണ്. നിര്‍ഗ്ഗുണമായ അതിന് അവള്‍ ഗുണം നല്‍കുന്നു. അചരണമായ അതിന് ചരണങ്ങള്‍ നല്‍കുന്നു; അശ്രവണമായ അതിന് ശ്രവണം നല്‍കുന്നു;. ചക്ഷുസ്സിലാത്ത അതിന് ചക്ഷസ്സുകള്‍ നല്‍കുന്നു. ഭാവാതീതമായ അതിന് ഭാവങ്ങള്‍ നല്‍കുന്നതും നിരവയമായ അതിന് അവയവങ്ങള്‍ നല്‍കുന്നതും പ്രകൃതിയാണ്. യഥാര്‍ത്ഥത്തില്‍ പുരുഷന്‍റെ എല്ലാ കാര്യങ്ങളും പ്രകൃതിയാകുന്നു.

എല്ലാറ്റിലും വ്യാപിച്ചിരിക്കുന അവള്‍ നിര്‍ഗ്ഗുണനായ പുരുഷനെ ഉപാധികളിലേക്ക് വലിച്ചിഴയ്ക്കുന്നു. പുരുഷനില്‍ അന്തര്‍ഹിതമായി എന്തെല്ലാം ഗുണങ്ങളുണ്ടെങ്കിലും അതിനെ രൂപാന്തരപ്പെടുത്തി പ്രകൃതി തന്‍റെ ഗുണങ്ങളിലേക്കു ലയിപ്പിക്കുന്നു. അമാവാസിദിനങ്ങളില്‍ അമ്പിളി അദൃശ്യമായിരിക്കുന്നു; ഒരു നെല്ലിടയെങ്കിലും മറ്റു ലോഹങ്ങള്‍ കൂട്ടിക്കലര്‍ത്തിയ സ്വര്‍ണ്ണത്തിന്‍റെ മാറ്റ് കുറയുന്നു. സാത്ത്വികനായ ഒരുവനെ പിശാചു ബാധിക്കുമ്പോള്‍ അവന്‍ ഭ്രാന്തനാകുന്നു; ആകാശത്തില്‍ നിറയുന്ന കാര്‍മേഘങ്ങള്‍ പ്രസന്നമായ ഒരു ദിനത്തെ ദുര്‍ദ്ദിനമാക്കുന്നു; ഗോവിന്‍റെ അകിട്ടില്‍ പാല് ലേപനം ചെയ്തിരിക്കുന്നു; വഹ്നി വിറകില്‍ മറഞ്ഞിരിക്കുന്നു. ശത്രുവിനാല്‍ തടവിലാക്കപ്പെട്ട രാജാവിന്‍റെ ശക്തി നശിക്കുന്നു; തുണികൊണ്ട് മൂടിയ ഒരു രത്നത്തിന്‍റെ തിളക്കം പുറത്ത് കാണുകയില്ല; രോഗാതുരനായ ഒരു സിംഹം പരീക്ഷീണനാകുന്നു. ഇതുപോലെയാണ് പുരുഷന്‍റെയും അവസ്ഥ. പ്രകൃതിയുടെ പ്രേരകശക്തിയില്‍ പെടുന്ന പുരുഷന്‍റെ തേജസ്സ് നശിക്കുന്നു. ഉണര്‍ന്നിരിക്കുന്ന ഒരുവന്‍ നിദ്രയ്ക്കടിമപ്പെടുമ്പോള്‍ വിവിധതരങ്ങളായ സ്വര്‍ഗ്ഗാനുഭൂതികള്‍ അനുഭവിക്കാന്‍ നിര്‍ബന്ധിതനാകുന്നതുപോലെ പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുന്ന പുരുഷന്‍ പ്രകൃതിഗുണങ്ങളെ അനുഭവിക്കേണ്ടിവരുന്നു. ഒരു സ്ത്രീയുടെ സ്വാധീനവലയത്തിലാകുന്ന വിരക്ത പുരുഷന്‍ പ്രപഞ്ചവ്യവഹാരത്തിന്‍റെ കുരുക്കില്‍പ്പെട്ട് വലയുന്നതുപോലെ, പ്രകൃതിയുമായി സാത്മ്യം പ്രാപിക്കുന്ന പുരുഷന്‍ അവളുടെ ഗുണങ്ങളുമായി സംബന്ധം പുലര്‍ത്തുകയും അത് അജനായ അവനെ ജനനമരണങ്ങളുടെ താഡനമേററ് തീരാവ്യഥയനുഭവിക്കാന്‍ ഇടയാക്കുകയും ചെയ്യും. അല്ലയോ പാര്‍ത്ഥ! എങ്ങനെയാണ് ഇപ്രകാരം സംഭവിക്കുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ പറയാം.

ഇതെല്ലാം, ചുട്ടുപഴുത്ത കാചത്തിന്‍മേല്‍ ഏല്‍ക്കുന്ന അടിയേറ്റ് അഗ്നിപീഡയനുഭവിക്കുന്നു എന്ന് പറയുന്നതുപോലെയാണ്; ചലിക്കുന്ന ജലത്തില്‍ കാണുമ്പോള്‍ നിരവധിയായിട്ടു തോന്നുന്ന ചന്ദ്രബിംബത്തിന്‍റെ പ്രതിഫലനകാരണം അജ്ഞാനികള്‍ ചന്ദ്രനില്‍ ആരോപിക്കുന്നതുപോലെയാണ്; കുങ്കുമത്തിന്‍റെ മുകളിലിരിക്കുന്ന സ്ഫടികക്കല്ല് കുങ്കുമനിറമുള്ളതാണെന്നു കരുതുന്നതുപോലെയാണ്. പുരുഷന്‍ ജന്മെടുക്കുന്നുവെന്ന് തോന്നുന്നുവെങ്കിലും അതു സത്യമല്ല. അജനായ പുരുഷന്‍ ജനനത്തിന് അതീതനാണ്. പുരുഷന്‍ ഉത്കൃഷടമോ നീചമോ ആയ യോനിയില്‍ ജനിച്ചതായി അവന് തോന്നുമെന്നുള്ള നമ്മുടെ തോന്നല്‍, താന്‍ നീചയോനിയിലാ‍ണ് ജനിച്ചതെന്ന് വര്‍ണ്ണവര്‍ഗ്ഗരഹിതമായ ഒരു സന്ന്യാസി കാണുന്ന സ്വപനം പോലെ മാത്രമാണ്. ആകയാല്‍ ജീവാത്മായ പുരുഷന് ജനനമരണത്തിന്‍റെ അവസ്ഥാന്തരങ്ങളൊന്നും അനുഭവിക്കേണ്ടിവരുനില്ല. പുരുഷന് പ്രകൃതിഗുണങ്ങളോടുള്ള സംഗമാണ് ( ഇന്ദ്രിയങ്ങളോടുള്ള സംബന്ധം) അവന് ജനനമരണങ്ങളുണ്ടെന്നുള്ള സങ്കല്പത്തിന്‍റെ ഉത്ഭവസ്ഥാനം.