ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 23

യ ഏവം വേത്തി പുരുഷം
പ്രകൃതിം ച ഗുണൈഃ സഹ
സര്‍വ്വഥാ വര്‍ത്താമാനോഽപി
ന സ ഭൂയോഽഭിജായതേ.

ആരാണോ ഇപ്രകാരം പുരുഷനേയും ത്രിഗുണങ്ങളോട്കൂടിയ പ്രകൃതിയേയും അറിയുന്നത്, അവന്‍ ലോകവ്യവഹാരങ്ങളില്‍ എങ്ങനെ കഴിഞ്ഞുകൂടിയാലും വീണ്ടും ജനിക്കേണ്ടിവരുന്നില്ല.

ഈ പുരുഷന്‍റെ യഥാര്‍ത്ഥ്യം മനസ്സിലാക്കുന്നവന്‍ ത്രിഗുണങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം പ്രകൃതിയില്‍നിന്ന് രൂപം കൊള്ളുന്നതാണെന്നും പുരുഷന്‍ അതില്‍നിന്നു വേര്‍തിരിഞ്ഞു നില്‍ക്കുകയാണെന്നും മനസ്സിലാക്കുന്നു. പുരുഷനും പ്രകൃതിയും വസ്തുവും അതിന്‍റെ നിഴലുപോലെയോ ജലവും കാനല്‍ജലവും പോലെയോ വ്യത്യസ്തമാണെന്നു ബോധ്യമുള്ളവന് അതിനെ വിവേച്ചിറിയാന്‍ കഴിയുന്നു. അങ്ങനെയുള്ളവന്‍ അവന്‍റെ ശരീരംകൊണ്ട് ഏതു വിധത്തിലുള്ള ലൗകികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാലും ഭൂമിയില്‍ നിന്നുയരുന്ന ധൂളി മാനത്തെ മലിനപ്പെടുത്താത്തതുപോലെ അവന്‍ അശുദ്ധപ്പെടുകയില്ല. ജീവിച്ചിരിക്കുമ്പോള്‍ ദേഹമോഹാദികളില്‍ താല്പര്യമില്ലാത്ത അവന്‍റെ ദേഹം നശിച്ചു കഴിഞ്ഞാല്‍ പിന്നെ അവന് പുനര്‍ജ്ജന്മം ഉണ്ടാവുകയില്ല. ഇപ്രകാരം പ്രകൃതിയെയും പുരുഷനേയും വേര്‍തിരിച്ചറിയുന്ന ജ്ഞാനം ഒരുവന് ആദ്ധ്യാത്മികപുരോഗതിക്കും അലൌകികനേട്ടങ്ങള്‍ക്കും സഹായകമായിത്തീരുന്നു. ഈ വിവേചന ശക്തി നിന്നില്‍ ഉണര്‍ത്തി നിന്‍റെ മനസ്സ് സൂര്യനെപ്പോലെ പ്രകാശിക്കുന്നതിനുള്ള ഉപായങ്ങള്‍ ഞാന്‍ പറഞ്ഞു തരാം. ശ്രദ്ധിച്ചു കേള്‍ക്കുക.