ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 26

യാവത് സംജായതേ കിഞ്ചിത്‌
സത്ത്വം സ്ഥാവരജങ്ഗമം
ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്
തദ്വിദ്ധി ഭാരതര്‍ഷഭ!

അല്ലയോ ഭരതകുലശ്രേഷ്ഠ! സ്ഥാവരമോ ജംഗമമോ അയി എന്തെങ്കിലും ഒന്ന് ഉണ്ടാകുന്നുവോ അതു ക്ഷേത്രക്ഷേത്രജ്ഞന്മാരുടെ സംയോഗംകൊണ്ടാണെന്നു അറിഞ്ഞുകൊള്ളുക.

ഞാന്‍ ക്ഷേത്രജ്ഞനാണെന്ന് നിനക്ക് വെളിവാക്കിത്തന്നു. ക്ഷേത്രത്തെപ്പറ്റി സമ്പൂര്‍ണ്ണമായി വിശദീകരിക്കുകയും ചെയ്തു. എല്ലാ സൃഷടിജാലങ്ങളും ക്ഷേത്രജ്ഞന്‍റെയും ക്ഷേത്രത്തിന്‍റെയും സംയോഗംകൊണ്ടാണ് ഉടലെടുക്കുന്നത്. അത് വായുവുമായി സംബന്ധമുണ്ടാകുമ്പോള്‍ ജലപരപ്പില്‍ ഓളങ്ങള്‍ ഉണ്ടാകുന്നതുപോലെയാണ്. അഥവാ സൂര്യരശ്മികള്‍കൊണ്ട് ചൂടുപിടിച്ച മരുഭൂമിയില്‍ മരീചിക സൃഷ്ടിക്കപ്പെടുന്നതുപോലെയോ ഘോരമാരിയേറ്റ് കുതിര്‍ന്നു തണുക്കുന്ന ഭൂമിയില്‍ ചെടികള്‍ പൊട്ടിമുളയ്ക്കുന്നത് പോലെയോ ആണ്. അപ്രകാരം പ്രപഞ്ചത്തിലുള്ള എല്ലാ സജീവവസ്തുക്കളും അത് സ്ഥാവരമോ ജംഗമമോ ആയിരുന്നാലും അതു രൂപംകൊള്ളുന്നത് പ്രകൃതിയുടേയും പുരുഷന്‍റെയും ഉഭയയോഗം കൊണ്ടാണ്. ഇക്കാരണത്താല്‍ സൃഷ്ടിജാലങ്ങളൊന്നും പ്രകൃതോയോടോ പുരുഷനോടോ സംബന്ധമില്ലാത്തതോ അവയില്‍നിന്നു വേറിട്ടു നില്ക്കുന്നതോ അല്ല.