ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 30

യദാ ഭൂതപൃഥഗ്ഭാവ-
മേകസ്ഥമനുപശ്യതി
തത ഏവ ച വിസ്താരം
ബ്രഹ്മ സംപദ്യതേ തദാ.

ഭൂതങ്ങളുടെ വെവ്വേറെയുള ഭാവം ഒന്നില്‍ (ഈശ്വരശക്തി രൂപമായിരിക്കുന്ന പ്രകൃതിയില്‍, ലയകാലത്തില്‍) സ്ഥിതിചെയ്യുന്നുവെന്നും അതില്‍നിന്നുതന്നെ (സൃഷ്‌ടികാലത്തില്‍) വിസ്താരമായതാണെന്നും എപ്പോള്‍ കാണുന്നുവോ (ആലോചിക്കുന്നുവോ) അപ്പോള്‍ ബ്രഹ്മസാക്ഷാത്ക്കാരം നേടുന്നു.

അല്ലയോ അര്‍ജ്ജുന, ജീവജാലങ്ങളുടെ നാനാവിധത്വമാര്‍ന്ന രൂപങ്ങള്‍ ബൃഹത്തായ സമഷ്ടിഭാവത്തിന്‍റെ വൃഷ്ടിഭാവമാണെന്ന്‍ അനുഭവിച്ചറിയുന്നവനു മാത്രമേ ബ്രഹ്മാനുഭവം കൈവരിക്കാന്‍ കഴിയുകയുള്ളൂ. ജലത്തില്‍ ഓളങ്ങളുള്ളതുപോലെ, ഭൂമിയില്‍ അണുക്കള്‍ ഉള്ളതുപോലെ, സൂര്യബിംബത്തില്‍ രശ്മികള്‍ ഉള്ളതുപോലെ, ശരീരത്തില്‍ വിവിധ അവയവങ്ങള്‍ ഉള്ളതുപോലെ, മനസ്സില്‍ അനവധി വികാരങ്ങള്‍ മുളയ്ക്കുന്നതുപോലെ, ഒരേ അഗ്നിയില്‍ നിരവധി സ്ഫുലിംഗങ്ങള്‍ ഉള്ളതുപോലെ ജീവജാലങ്ങളില്‍ കാണുന്ന നാനാവിധത്തിലുള്ള രൂപങ്ങള്‍ ഒരേ ഒരു ബ്രഹ്മത്തില്‍ നിന്നും രൂപംകൊള്ളുന്നവയാണ്. ആദ്ധ്യാത്മജ്ഞാനം കൊണ്ട് ഈ സത്യദര്‍ശനം ലഭിക്കുമ്പോള്‍ മാത്രമേ ബ്രഹ്മസമ്പത്ത് നിറഞ്ഞ യൗവനപാത്രം ഒരുവന്‍റെ കൈയില്‍ എത്തിച്ചേരുകയുള്ളൂ. അതിനുശേഷം അവന്‍ എവിടെ നോക്കിയാലും അവിടെയൊക്കെ പരബ്രഹ്മത്തെ ദര്‍ശിക്കുന്നു. എല്ലാറ്റിലും പരബ്രഹ്മം വ്യാപിച്ചിരിക്കുന്നതായി അവന്‍ മനസ്സിലാക്കുന്നു. അല്ലയോ പാര്‍ത്ഥ, പ്രകൃതിയും പുരുഷനും തമ്മിലുള്ള ബന്ധവും ഓരോ രംഗത്തുമുള്ള അവരുടെ പ്രവര്‍ത്തനരീതിയും അനുഭവിച്ചറിയത്തക്കവണ്ണം ഞാന്‍ നിന്നെ വിശദമായി വിവരിച്ചുകേള്‍പ്പിച്ചു. ഇത് ഒരു കവിള്‍ അമൃത്‌ ലഭിച്ചതുപോലെയോ ഒരു നിധി കണ്ടെത്തിയതുപോലെയോ ഔത്സുക്യവും പ്രാധാന്യവും അര്‍ഹിക്കുന്ന ഒരു മഹാകാര്യസാധ്യമായി നീ കരുതണം. ഈ അനുഭവംകൊണ്ട് സത്യത്തിന്‍റെ ഒരു മണിമാളികതന്നെ നിന്‍റെ ഹൃദയത്തില്‍ തീര്‍ക്കാന്‍ നിനക്ക് കഴിയും. എങ്കിലും അതിനു സമയമായിട്ടില്ല. മറ്റുചില ഗൂഡസത്യങ്ങള്‍കൂടി നിനക്ക് ഞാന്‍ വിശദീകരിച്ചു തരാം. നിന്‍റെ മുഴുവന്‍ ശ്രദ്ധയും അതിലേക്കു തിരിച്ചുവിടുമെന്ന് ഉറപ്പുതരുക.

ഇപ്രകാരം പ്രസ്താവിച്ചശേഷം ഭഗവാന്‍ തുടര്‍ന്നു. മനസ്സും മസ്തിഷ്കവും ഭഗവാങ്കലര്‍പ്പിച്ചുകൊണ്ട് അര്‍ജുനന്‍ ആകാംക്ഷയോടെ ഇരുന്നു.