സ്വാമി വിവേകാനന്ദന്‍

1. സമാധിപാദം
ഏകാഗ്രതയുടെ ആദ്ധ്യാത്മികപ്രയോജനങ്ങള്‍
അസൂത്രം; 1. അഥ യോഗാനുശാസനം.
അഥ = ആരംഭിക്കപ്പെടുന്നു, യോഗാനുശാസനം = യോഗ (സമാധി)വിഷയകമായ ശാസ്ത്രത്തിന്റെ പുനഃപ്രതിപാദനം.
ഇനി യോഗശാസ്ത്രത്തെ ഇവിടെ വ്യാഖ്യാനിപ്പാന്‍ തുടങ്ങുന്നു.

2. യോഗശ്ചിത്തവൃത്തിനിരോധഃ.
യോഗഃ = യോഗം എന്നത്, ചിത്തവൃത്തിനിരോധഃ = ചിത്തത്തിന്റെ വൃത്തികളെ (വിഷയസംയോഗംകൊണ്ടു ചിത്തത്തിനുണ്ടാവുന്ന പരിണാമങ്ങളെ) നിരോധിക്കുക (സ്വകാരണത്തില്‍ ലയിപ്പിക്കുക) ആകുന്നു.

ചിത്തം നാനാവൃത്തികള്‍ കൈക്കൊള്ളുന്നതിനെ തടയുന്നതാകുന്നു യോഗം.

ഇവിടെ ഒട്ടധികം വിവരണം ആവശ്യമുണ്ട്, ‘ചിത്തം’ എന്താണെന്നും ‘വൃത്തി’കളെന്താണെന്നും അറിഞ്ഞിരിക്കണം. എനിക്ക് ഈ കണ്ണുണ്ട്. എന്നാല്‍ അതല്ല കാണുന്നത്. ഉത്തമാംഗത്തിലുള്ള അതിന്റെ മസ്തിഷ്‌കകേന്ദ്രത്തെ എടുത്തുമാറ്റുക. ഈ കണ്ണു യഥാസ്ഥാനത്തുണ്ടായിരിക്കും, കണ്ണിന്റെ ഉള്ളിലുള്ള രൂപഗ്രാഹികയും അതുപോലെതന്നെ അതിന്‌മേലുള്ള വിഷയപ്രതിരൂപവും (ഛായ) അന്യൂനമായിരിക്കും. എന്നാലും കണ്ണിനു കാഴ്ചയുണ്ടായിരിക്കില്ല. ആകയാല്‍ ഈ കണ്ണ് അപ്രധാനകാരണംമാത്രമാണ്, ദര്‍ശനേന്ദ്രിയമല്ല എന്നു സിദ്ധിക്കുന്നു. നേത്രേന്ദ്രിയം മസ്തിഷ്‌കത്തിലെ ഒരു സൂക്ഷ്മനാഡീകേന്ദ്രത്തിലാണിരിക്കുന്നത്. ഇങ്ങനെ രണ്ടു കണ്ണുണ്ടായാലും പോരാ. ആളുകള്‍ ചിലപ്പോള്‍ കണ്ണു തുറന്ന് ഉറങ്ങുകയായിരിക്കും. വെളിച്ചമുണ്ട്. പ്രതിരൂപവുമുണ്ട്. എന്നാല്‍ മൂന്നാമതൊരു സാധനംകൂടി വേണ്ടിയിരിക്കുന്നു. അതായത് മനസ്സ് ഇന്ദ്രിയത്തോടു സംബന്ധിക്കണം. ഈ കണ്ണു ബാഹ്യോപകരണം; അതോടുചേര്‍ന്നു മസ്തിഷ്‌കകേന്ദ്രവും മനസ്സിന്റെ സഹകരണവും വേണം. വാഹനങ്ങള്‍ റോഡില്‍ക്കൂടി ഉരുണ്ടു പോകുന്നെങ്കിലും നിങ്ങള്‍ അതിന്റെ ശബ്ദം കേള്‍ക്കുന്നില്ല. എന്തുകൊണ്ട്? നിങ്ങളുടെ മനസ്സു ശ്രവണേന്ദ്രിയവുമായി സംബന്ധിക്കാത്തതുകൊണ്ട്. അപ്പോള്‍ ഒന്നാമതു ബാഹ്യകാരണവും പിന്നീട് ഇന്ദ്രിയവും മൂന്നാമത് ഇവയോടു സംയുക്തമായ മനസ്സും വേണം. മനസ്സു വിഷയാകാരത്തെ അകത്തേക്കകത്തേക്കു കൊണ്ടുചെന്നു നിശ്ചയാത്മികയായ ബുദ്ധിക്കു സമര്‍പ്പിക്കുന്നതോടുകൂടി അതിന്റെ പ്രതിസ്ഫുരണമുണ്ടാവുന്നു. ആ ബുദ്ധിവൃത്തിയോടൊപ്പംതന്നെ അഹം പ്രത്യയവും സ്ഫുരിക്കുന്നു. അനന്തരം ഈ സ്ഫുരണ പ്രതിസ്ഫുരണങ്ങളുടെ സമ്മിശ്രണത്തെ യഥാര്‍ത്ഥ ആത്മാവായ പുരുഷനു സമര്‍പ്പിക്കുകയും, പുരുഷന്‍ ഈ സമ്മിശ്രണത്തില്‍ക്കൂടി വിഷയത്തെ പ്രത്യക്ഷീകരിക്കയും ചെയ്യുന്നു.ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും അഹംകാരവും ചേര്‍ന്നിരിക്കുന്ന കരണഗ്രാമത്തെ അന്തഃകരണം എന്നു പറയുന്നു. ഈ വിവിധകരണങ്ങളും ചിത്തത്തിന്റെ പ്രവൃത്തിഭേദങ്ങള്‍മാത്രമാണ്. ചിത്തത്തിലുയരുന്ന വിചാരതരംഗങ്ങളെയാണു വൃത്തികള്‍ എന്നു പറയുന്നത്. ‘വൃത്തി’ ശബ്ദത്തിന് ‘ചുഴി’ എന്നു വാച്യാര്‍ത്ഥം. വിചാരമെന്നാലെന്താണ്? ആകര്‍ഷണമോ വികര്‍ഷണമോ പോലെയുള്ള ഒരു ശക്തിവിശേഷ മത്രേ വിചാരം. അനന്തശക്തിനിധാനമായ പ്രകൃതിയില്‍നിന്നു ചിത്തമാകുന്ന ഉപകരണം കുറെ ശക്തിയെടുത്തു സാത്മീകരിച്ചിട്ടു വിചാരരൂപേണ പ്രസരിപ്പിക്കുന്നു. അന്നത്തില്‍ക്കൂടിയാണു നാം ശക്തി സമാഹരിക്കുന്നത്. അതില്‍നിന്നു ശരീരത്തിനു ഗമനാദി ശക്തികള്‍ ലഭിക്കുന്നു. മറ്റു സൂക്ഷ്മശക്തികളെ ചിത്തം വിചാര രൂപേണ പുറത്തേക്കയക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നു ചിത്തം ചേതനമല്ലെന്നു കാണാം. എങ്കിലും അതു ചേതനമെന്നപോലെ തോന്നിക്കുന്നു. എന്തുകൊണ്ട്? ചേതനനായ പുരുഷന്‍ പുറകിലുള്ളതുകൊണ്ട്. നിങ്ങള്‍ മാത്രമാണു ചേതനം. ചിത്തം നിങ്ങള്‍ക്കു ബാഹ്യലോകത്തെ ഗ്രഹിക്കുവാനുള്ള ഉപകരണമേ ആകുന്നുള്ളു ഈ പുസ്തകത്തെ നോക്കുക. പുസ്തകമെന്ന നിലയില്‍ ഒരു വസ്തു പുറത്തില്ല. പുറത്തുള്ളത് അജ്ഞാതവും അജ്ഞേയവുമാകുന്നു. ആ അജ്ഞേയവസ്തുവാകട്ടെ, മനസ്സിനെ തട്ടിയുണര്‍ത്താനുള്ള ഒരു നിമിത്തം മാത്രം. ആ നിമിത്തത്തിന്റെ നേര്‍ക്കു പ്രവര്‍ത്തിക്കുന്ന തോടുകൂടി മനസ്സു പുസ്തകാകൃതിയില്‍ പരിണമിക്കയാണു ചെയ്യുന്നത്.

ഒരു കല്ലെടുത്തു വെള്ളത്തിലെറിഞ്ഞാല്‍, അതിനെ നിമിത്തീകരിച്ചു വെള്ളം ഇളകി തരംഗാകാരേണ പരിണമിക്കും പോലെയാണിത്. യഥാര്‍ത്ഥമായ പ്രപഞ്ചം (ബാഹ്യവിഷയം) മനസ്സില്‍ പ്രതി സ്ഫുരണമുണ്ടാക്കാനുള്ള നിമിത്തംമാത്രം. പുസ്തകരൂപമോ ഹസ്തിരൂപമോ മനുഷ്യരൂപമോ വാസ്തവത്തില്‍ പുറത്തല്ല. അങ്ങനെയുള്ളതായി അറിയപ്പെടുന്നതെല്ലാം ബാഹ്യസൂചനയില്‍നിന്നുണ്ടാകുന്ന നമ്മുടെ മാനസപ്രതിസ്ഫുരണമാണ്. ‘ഇന്ദ്രിയവൃത്തികളുടെ നിത്യ സംഭാവ്യതയാണു ജഡം (മൂര്‍ത്തദ്രവ്യം)’ – എന്നത്രേ ജോണ്‍സ്റ്റുവര്‍ട്ട് മില്‍ പറയുന്നത്. പുറത്തുള്ളത് സൂചകം മാത്രം. ഉദാഹരണമായി മുത്തുച്ചിപ്പിയുടെ കാര്യംതന്നെ നോക്കുക. മുത്ത് എങ്ങനെയുണ്ടാകുന്നുവെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. പരോപജീവിയായ ഒരു അണുശുക്തിയുടെ ഉള്ളില്‍പ്പെട്ടു ചൊറിച്ചിലുണ്ടാക്കുമ്പോള്‍ അവിടെ നിന്ന് ഒരുതരം ദ്രാവകം പുറപ്പെട്ട് അണുജീവിയെ മൂടുന്നു. ഈ ദ്രാവകമാണു കാലാന്തരത്തില്‍ മുത്തായി പരിണമിക്കുന്നത്. ദൃശ്യമായ ജഗത്തു നമ്മുടെ മാനസദ്രാവകവും, വാസ്തവമായ ജഗത്ത് അതിന്റെ കേന്ദ്രവര്‍ത്തിയായ അണുജീവിയും പോലെയാണെന്ന് ഏതാണ്ടു പറയാം. സാധാരണ മനുഷ്യന്‍ ഈ വസ്തുത അറിയുന്നതേയില്ല. എന്തെന്നാല്‍, അവന്‍ അതിനുദ്യമിക്കുമ്പോഴേക്കും അവന്റെ മാനസദ്രാവകം സ്രവിക്കുകയും അവന്‍ ആ ദ്രാവകത്തെ മാത്രം കാണുകയും ചെയ്യുന്നു. വൃത്തികളെന്നു പറഞ്ഞാല്‍ എന്താണെന്നു നമുക്കു ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. യഥാര്‍ത്ഥപുരുഷന്‍ മനസ്സിന്റെ പിന്നിലാണ്. മനസ്സ് അവന്റെ കൈവശമുള്ള ഒരുപകരണമാകുന്നു. അവന്റെ ചൈതന്യമാണു മനസ്സില്‍ക്കൂടി പുറത്തേക്ക് ഊറിവരുന്നത്. നിങ്ങള്‍ മനസ്സിന്റെ പിന്നിലുള്ളപ്പോള്‍ മാത്രമേ മനസ്സു ചേതനമാകുന്നുള്ളു. പുരുഷന്‍ എപ്പോള്‍ അതിനെ കൈവിടുന്നുവോ അപ്പോള്‍ അതു തകര്‍ന്നു ശൂന്യപ്രായമായിത്തീരുന്നു. ഇപ്രകാരം ചിത്തം എന്നാലെന്താണെന്നു നിങ്ങള്‍ക്ക് അറിയാറാകുന്നു. അതു മനസ്സിന്റെ ഉപാദാനമാണ്. വൃത്തികള്‍, ബാഹ്യനിമിത്തങ്ങള്‍, ചിത്തത്തെ ഉത്തേജിപ്പിക്കുമ്പോള്‍, ഉയരുന്ന തരംഗങ്ങളും. ഈ വൃത്തികളാണു നമ്മുടെ ജഗത്ത്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 244-246]