സ്വാമി വിവേകാനന്ദന്‍

19. ഭവപ്രത്യയോ വിദേഹപ്രകൃതിലയാനാം.
വിദേഹപ്രകൃതിലയാനാം = വിദേഹന്മാര്‍ക്കും പ്രകൃതിലയന്മാര്‍ക്കുമുള്ള അസംപ്രജ്ഞാതസമാധി, ഭവപ്രത്യയഃ = ഭവത്തിന്, സംസാരത്തിന്, കാരണമാകുന്നു.
(പരവൈരാഗ്യമില്ലാതെ ദേഹം വെടിയുന്ന) ദേവന്മാര്‍ക്കും പ്രകൃതിലീനന്മാര്‍ക്കും (ഈ സമാധി) പുനര്‍ഭവത്തിനു കാരണമാകുന്നു.
ഭാരതീയദര്‍ശനങ്ങളില്‍ പറയുന്ന ദേവന്മാര്‍ ചില ഉന്നത സ്ഥാനങ്ങള്‍ക്ക് അധിപന്മാരാണ്. നാനാതരത്തിലുള്ള ജീവന്മാര്‍ തന്നെയാണ് ഈ സ്ഥാനങ്ങളില്‍ മാറിമാറി ആധിപത്യം വഹിക്കുന്നത്. അവരാരും കൈവല്യം സിദ്ധിച്ചവരല്ല.

20.ശ്രദ്ധാ-വീര്യ-സ്മൃതി-സമാധി-
പ്രജ്ഞാപൂര്‍വ്വക ഇതരേഷാം.
ഇതരേഷാം = വിദേഹപ്രകൃതിലയന്മാരല്ലാത്ത യോഗികളുടെ (അയം അസംപ്രജ്ഞാതഃ = ഈ അസംപ്രജ്ഞാതയോഗം) ശ്രദ്ധാ വീര്യസ്മൃതിസമാധി പ്രജ്ഞാപൂര്‍വ്വകഃ (ഭവതി) = ശ്രദ്ധ, വീര്യം, സ്മൃതി, സമാധി, പ്രജ്ഞ ഇവയാകുന്ന ഉപായത്തോടുകൂടിയതാകുന്നു (ശ്രദ്ധാ; യോഗവിഷയത്തില്‍ ചിതത്തിന്റെ തെളിവ്, വീര്യം; ഉത്‌സാഹം, സ്മൃതിഃ; ഓര്‍മ്മ അഥവാ അമ്പരപ്പില്ലായ്മ, സമാധിഃ; ഏകാഗ്രത. പ്രജ്ഞാ; അറിയേണ്ടതുമാത്രം വേര്‍തിരിച്ചറിയുക.)
മറ്റുള്ളവര്‍ക്ക് (ഈ അസംപ്രജ്ഞാതം) ശ്രദ്ധ, വീര്യം, സ്മൃതി, സമാധി, പ്രജ്ഞ – എന്നിവയോടുകൂടിയുണ്ടാകുന്നു.
ദേവത്വമെന്നല്ല, കല്പാധിപന്മാരുടെ പദവിപോലും കാംക്ഷിക്കാത്തവരാണ് ഈ യോഗികള്‍. അവര്‍ കൈവല്യം പ്രാപിക്കുന്നു.

21. തീവ്രസംവേഗാനാമാസന്നഃ.
തീവ്രസംവേഗാനാം = ദൃഢസംസ്‌കാരമുള്ളവര്‍ക്ക് (സമാധിഃ = സമാധി) ആസന്നഃ = സമീപസ്ഥമാണ്.
അത്യുത്‌സാഹശാലികള്‍ക്കു (സമാധി) വേഗത്തില്‍ ലഭിക്കുന്നു.

22. മൃദുമധ്യാധിമാത്രത്വാത് തതോപി വിശേഷഃ.
തതഃ അപി = (തീവ്രസംവേഗത്തിലും) തീവ്രത്വത്തിന്റെ, മൃദുമധ്യാധിമാത്രത്വാത് = മൃദുത്വം, മധ്യത്വം, അധിമാത്രത്വം എന്ന ഭേദം കൊണ്ട് (സമാധിലാഭസ്യ = സമാധിലാഭത്തിന്), വിശേഷഃ = ഭേദം, താരതമ്യം (അസ്തി = ഉണ്ട്).
(മേല്പറഞ്ഞ തീവ്രസംവേഗന്മാരില്‍ത്തന്നെ) ഉപായം മൃദുവോ, മധ്യമോ, ഉത്കടമോ എന്നതനുസരിച്ച് യോഗികളുടെ വിജയത്തിനും വ്യത്യാസമുണ്ട്.
അടുത്തതായി ആസന്നതമമായ സമാധിലാഭത്തിനു മറ്റ് ഉപായങ്ങളെ പറയുന്നു.

23. ഈശ്വരപ്രണിധാനാദ് വാ.
ഈശ്വരപ്രണിധാനാദ് വാ = ഈശ്വരങ്കല്‍ സമര്‍പ്പിക്കുന്ന വിശിഷ്‌ടോപാസനം (ഭക്തി)കൊണ്ടും സമാധി ആസന്നതമമാകുന്നു.

24. ക്ലേശകര്‍മ്മവിപാകാശയൈരപരാമൃഷ്ടഃ
പുരുഷവിശേഷ ഈശ്വരഃ
ഈശ്വരഃ = ആ ഈശ്വരന്‍. ക്ലേശകര്‍മ്മവിപാകാശയൈഃ = അവിദ്യ തുടങ്ങി അഞ്ചു ക്ലേശങ്ങള്‍ (2, 3), ധര്‍മ്മാധര്‍മ്മങ്ങളെന്ന കര്‍മ്മം (4, 7) ജാതി, ആയുസ്സ്, ഭോഗം എന്ന വിപാകം (2, 13) (കര്‍മ്മഫലം), ഫലാനുകൂലങ്ങളായി ചിത്തത്തിലുള്ള ആശയങ്ങള്‍ (2, 17) (കര്‍മ്മവാസനകള്‍) എന്നിവയാല്‍ അപരാമൃഷ്ടഃ = മൂന്നു കാലത്തിലും സ്പര്‍ശിക്കപ്പെടാത്ത, പുരുഷവിശേഷഃ = സ്വതന്ത്രനായ ആത്മാവാകുന്നു.
ക്ലേശം, കര്‍മ്മം, കര്‍മ്മഫലം, കര്‍മ്മവാസന – ഇവ തീണ്ടാത്ത വിശിഷ്ടപുരുഷനത്രേ പരമേശ്വരന്‍.

പാതഞ്ജലയോഗദര്‍ശനത്തിനടിസ്ഥാനം സാംഖ്യശാസ്ത്രമാണെന്നു വീണ്ടും ഓര്‍മ്മിക്കണം. അവയ്ക്കു തമ്മിലുള്ള മതഭേദം ഇത്രമാത്രം; സാംഖ്യത്തില്‍ ഈശ്വരനു സ്ഥാനമില്ല, യോഗത്തില്‍ ഈശ്വരനു സ്ഥാനമുണ്ട്. എന്നാല്‍ ഈശ്വരനെ സംബന്ധിച്ചു സൃഷ്ടികര്‍ത്തൃത്വംപോലുള്ള അനേകസങ്കല്പങ്ങളൊന്നും യോഗി കള്‍ക്കില്ല. യോഗശാസ്ത്രത്തില്‍ ഈശ്വരനെ ജഗത് സ്രഷ്ടാവായി പറയുന്നില്ല. വേദങ്ങളിലാകട്ടെ, ഈശ്വരന്‍ ജഗത്കാരണമാണ്. ജഗത്തില്‍ സമന്വയം (Harmony) കാണുന്നതിനാല്‍ അത് ഏകമായ ഇച്ഛാശക്തിയുടെ പ്രഭാവമായിരിക്കണമെന്നാണു ന്യായം.

യോഗികള്‍ക്കും ഈശ്വരാസ്തിത്വം സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍ അവര്‍ ഭിന്നരീതിയിലാണ് ആ നിഗമനത്തിലെത്തുന്നത്. അവരുടെ വാദം;
25. തത്ര നിരതിശയം സര്‍വ്വജ്ഞത്വബീജം.
തത്ര = ആ ഈശ്വരനില്‍, സര്‍വ്വജ്ഞത്വബീജം = സര്‍വ്വജ്ഞത്വത്തിന്റെ ജ്ഞാപകം (ഈശ്വരനില്‍ സര്‍വ്വജ്ഞത്വമുണ്ടെന്നറിയിക്കുന്നത്), നിരതിശയം = (അവനിലുള്ള) അതിരറ്റ ജ്ഞാനമാകുന്നു. (എവിടെ നിരതിശയജ്ഞാനമുണ്ടോ അവിടെ സര്‍വ്വജ്ഞത്വമുണ്ട്.)
മറ്റുള്ളവരില്‍ ബീജ(മാത്ര)മായിരിക്കുന്ന സര്‍വ്വ(വിഷയ)ജ്ഞത്വം ഈശ്വരനില്‍ നിരതിശയമായിരിക്കുന്നു.

മനസ്സിന് എപ്പോഴും രണ്ട് അത്യന്തങ്ങള്‍ക്കിടയില്‍ അവശ്യം വ്യാപരിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു പരിമിതദേശത്തെപ്പറ്റി സങ്കല്പിക്കാം. എന്നാല്‍ അതേ സങ്കല്പത്തില്‍ അപരിമിതദേശത്തിന്റെ സങ്കല്പവും നിങ്ങളില്‍ ഉളവാകുന്നുണ്ട്. കണ്ണടച്ച് ഒരല്പദേശത്തെ വിചാരിക്കുക. ആ പരിച്ഛിന്നമണ്ഡലത്തെ ദര്‍ശിക്കുന്നതോടൊപ്പം അതിനെ പരിവേഷ്ടനം ചെയ്യുന്ന ഒരു അപരിച്ഛിന്ന മണ്ഡലത്തിന്റെ പ്രതീതിയും ഉളവാകുന്നു. അതുപോലെ കാലത്തെ സംബന്ധിച്ചും. ഒരു ക്ഷണനേരത്തെപ്പറ്റി വിചാരിക്കുക. ആ ദര്‍ശനത്തില്‍ത്തന്നെ ആദ്യന്തരഹിതമായ കാലത്തെയും ദര്‍ശിക്കുന്നു. അതുപോലെ ജ്ഞാനവിഷയത്തിലും. ജ്ഞാനം മനുഷ്യനില്‍ ബീജമാത്രമായിരിക്കുന്നു. എന്നാല്‍ അതോടൊപ്പംതന്നെ അതിനെ അതിശയിക്കുന്ന നിരതിശയമായ ഒരു ജ്ഞാനത്തിന്റെ പ്രതീതിയും ഉണ്ടാകണം. നമ്മുടെ അന്തഃകരണ(ജ്ഞാനസാമഗ്രി) ഘടനതന്നെ നിരതിശയജ്ഞാനത്തെ ജ്ഞാപിപ്പിക്കുന്ന വിധത്തിലാണ്. ഈ നിരതിശയ ജ്ഞാനത്തെയാണ് ഈശ്വരന്‍ എന്നു പറയുന്നത്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 264-267]