28. തജ്ജപസ്തദര്‍ത്ഥഭാവനം.
തജ്ജപഃ = ആ പ്രണവത്തിന്റെ ജപവും, തദര്‍ത്ഥഭാവനം (ച) = അതിന്റെ അര്‍ത്ഥഭാവനവും, (ഈശ്വരപ്രണിധാനം = ഈശ്വരോപാസനമാകുന്നു.)
പ്രണവജപവും അതിന്റെ അര്‍ത്ഥാനുസന്ധാനവും (ആണ് ഉപായം).
ജപത്തിന്റെ ആവശ്യമെന്ത്? സംസ്‌കാരത്തെപ്പറ്റി പ്രതിപാദിച്ചതു വിസ്മരിച്ചിട്ടില്ലല്ലോ. അനുഭവങ്ങളുടെ പരിശിഷ്ടം സംസ്‌കാരരൂപമായി ചിത്തത്തില്‍ കുടികൊള്ളുന്നു എന്നാണു പറഞ്ഞിട്ടുള്ളത്. അവ അധികമധികം അന്തര്‍ലീനങ്ങളാകുമെങ്കിലും അവിടെത്തന്നെ കിടക്കുന്നു. ഉചിതമായ ഉത്തേജകമുണ്ടാകുമ്പോള്‍ അവ പുറത്തേക്കു വരികയും ചെയ്യും. അണു(സൂക്ഷ്മ)സ്പന്ദങ്ങള്‍ക്ക് ഒരിക്കലും വിലയമില്ല. പ്രപഞ്ചവിലയത്തില്‍ സ്ഥൂലസ്പന്ദങ്ങളെല്ലാം നിലച്ചു പോകും. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയും എല്ലാം ലയിക്കും. എന്നാല്‍ പരമാണുക്കളില്‍ സൂക്ഷ്മസ്പന്ദം തുടര്‍ന്നുപോരും. ബ്രഹ്മാണ്ഡങ്ങളില്‍ ഏതേതു ധര്‍മ്മമുണ്ടോ അതൊക്കെ ഓരോ പരമാണുവിലും പ്രവര്‍ത്തിക്കുന്നു. ഋതുപോലെതന്നെയാണു ചിത്തവും. അതിന്റെ സ്ഥൂലസ്പന്ദങ്ങള്‍ (വൃത്തികള്‍) ശാന്തമായാലും സൂക്ഷ്മസ്പന്ദങ്ങള്‍ നടന്നുപോരും. ഉചിതമായ ഉത്തേജനമുണ്ടാകുമ്പോള്‍ വീണ്ടും ഉണര്‍ന്നുവരുകയും ചെയ്യും. ജപത്തിന്റെ പ്രയോജനം നമുക്കപ്പോള്‍ മനസ്സിലാകുന്നു. ആദ്ധ്യാത്മികസംസ്‌കാരങ്ങളെ ഉണര്‍ത്താനുള്ള ഹേതുക്കളില്‍ അത്യുത്തമമാണു ജപം. ‘ഒരു നിമിഷനേരത്തെ സത്‌സംഗം സംസാരാര്‍ണ്ണവം കടപ്പാനുള്ള തോണിയത്രേ.’ അത്രത്തോളമുണ്ട് സത്‌സംഗപ്രഭാവം. ഓംകാര ജപവും അതിന്റെ അര്‍ത്ഥഭാവനയും മനസ്സില്‍ സത്‌സംഗം പുലര്‍ത്തുകയാകുന്നു. ആദ്യം പഠിക്കുക, പിന്നീടു പഠിച്ചതിനെ മനനം ചെയ്യുക. ഈ അഭ്യാസത്താല്‍ നിങ്ങളില്‍ ജ്ഞാനം ഉദിക്കും, ആത്മസ്വരൂപം പ്രകാശിക്കും. എന്നാല്‍, അര്‍ത്ഥത്തോടുകൂടി വേണം ഓങ്കാരത്തെ ഭാവനചെയ്യാന്‍. ദുസ്സംഗം സര്‍വഥാ വര്‍ജ്ജിക്കണം. എന്തുകൊണ്ടെന്നാല്‍ പഴയ വ്രണങ്ങളുടെ കലകള്‍ (ദുഷ്‌കര്‍മ്മസംസ്‌കാരങ്ങള്‍) നിങ്ങളില്‍ കിടപ്പുണ്ട്. അവയെ ഉദ്ബുദ്ധമാക്കാന്‍ പറ്റിയ സാധനമാണു ദുസ്സംഗം. അതുപോലെ സദ് വാസനകളുമുണ്ട് നമ്മളില്‍. ഇപ്പോള്‍ ഉറങ്ങിക്കിടക്കുന്ന അവയെ ഉണര്‍ത്താനുള്ള ഏകോപായം സത്‌സംഗമാണെന്നു ശാസ്ത്രം ഉപദേശിക്കുന്നു. സത്‌സംഗത്തെക്കാള്‍ പവിത്രതരമായിട്ടൊന്നു ലോകത്തിലില്ല. എന്തെന്നാല്‍ അപ്പോള്‍ സദ്വാസനകള്‍ക്ക് ഉണര്‍ന്നുവരാനുള്ള ആഭിമുഖ്യമുണ്ടാകും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 271-272]