33. മൈത്രീകരുണാമുദിതോപേക്ഷാണാം സുഖദുഃഖ പുണ്യാ
പുണ്യവിഷയാണാം ഭാവനാതശ്ചിത്തപ്രസാദനം.
സുഖദുഃഖപുണ്യാപുണ്യവിഷയാണാം = സുഖം, ദുഃഖം, പുണ്യം, അപുണ്യം എന്നിവയെ വിഷയീകരിക്കുന്ന, മൈത്രീ കരുണാമുദിതോ പേക്ഷാണാം = മൈത്രി, കരുണ, മുദിതം, ഉപേക്ഷ, എന്നിവയുടെ യഥാക്രമത്തിലുള്ള ഭാവനാതഃ = ഭാവന കൊണ്ട്, ചിത്തപ്രസാദനം (ഭവതി) = ചിത്തം കറ നീങ്ങി തെളിയുന്നു.
സുഖികളില്‍ മൈത്രിയും, ദുഃഖികളില്‍ കരുണയും, പുണ്യവാന്മാരില്‍ അനുമോദനവും, പാപികളില്‍ ഔദാസീന്യവും ഭാവന ചെയ്യുന്നതുകൊണ്ടു ചിത്തം പ്രസന്നമായിവരും.
ഈ നാലുവിധം ഭാവനകളാണു നമുക്കുണ്ടാകേണ്ടത്; എല്ലാവരോടും മിത്രഭാവേന വര്‍ത്തിക്കുക: ദുഃഖിതന്മാരില്‍ കൃപയുണ്ടായിരിക്കുക: ജനങ്ങള്‍ സന്തുഷ്ടരായിരിക്കുമ്പോള്‍ നാമും ആഹ്ലാദിക്കുക: ദുര്‍ജ്ജനങ്ങളില്‍ ഉദാസീനരായുമിരിക്കുക. അങ്ങനെതന്നെ നമുക്കു നേരിടുന്ന എല്ലാ ഭാവനാ വിഷയങ്ങളെസ്സംബന്ധിച്ചും. നമ്മുടെ ഭാവനാവിഷയം ശുഭമാണെങ്കില്‍ അതിനോടു മൈത്രി ഭാവിക്കണം. ദുഃഖരൂപമാണെങ്കില്‍ അതിനോടു കരുണ തോന്നണം. പുണ്യമാണെങ്കില്‍ സന്തോഷിക്കണം, പാപമാണെങ്കില്‍ ഔദാസീന്യം കൊള്ളണം. നമുക്കു നേരിടുന്ന വിവിധവിഷയങ്ങളുടെയും നേരേ ഇപ്രകാരമുള്ള ഭാവനകളാല്‍ മനസ്സു ശാന്തമാകും. നമ്മുടെ ദൈനംദിന ജീവിതത്തിലുണ്ടാവുന്ന മിക്ക കഷ്ടപ്പാടുകള്‍ക്കും കാരണം ഈവിധത്തില്‍ മനസ്സിനെ അടക്കിനിര്‍ത്താനുള്ള ശക്തിക്കുറവാണ്. ഉദാഹരണമായി, നമ്മളോട് ഒരുവന്‍ ദ്രോഹം ചെയ്തുവെന്നു വിചാരിക്കുക. ഉടനെ നാം അതിനു പ്രതികാരം ചെയ്യാന്‍ ഒരുമ്പെടുന്നു. ദ്രോഹരൂപമായ ഓരോ പ്രതികാര ചിന്തയും ചിത്തത്തെ സ്വാധീനത്തില്‍വെയ്ക്കാന്‍ നമുക്കു കഴിവില്ലെന്നാണു കാണിക്കുന്നത്. അതു വിഷയങ്ങളുടെ നേര്‍ക്കു പായുന്നതോടുകൂടി നമ്മുടെ ശക്തിയും പൊയ്‌പോകുന്നു. ദ്രോഹവിദ്വേഷരൂപമായ ഏതു പ്രതികരണവും അത്രമാത്രം മനശ്ശക്തിയെ നഷ്ടപ്പെടുത്തുന്നതാണ്. മറിച്ച്, ഓരോ പ്രതികാരചിന്തയും ദ്വേഷവിചാരവും ദോഷപ്രവൃത്തിയും നിഗ്രഹിച്ചാലോ? അതു നമുക്കു ഗുണകരമായിവരും. ഇപ്രകാരമുള്ള ആത്മസംയമനംകൊണ്ട് യാതൊന്നും നഷ്ടമാകുന്നില്ലെന്നു മാത്രമല്ല, പ്രതീക്ഷിക്കുന്നതിലും കവിഞ്ഞ ലാഭമുണ്ടാകുകയും ചെയ്യുന്നു. ദ്വേഷരൂപമോ രോഷരൂപമോ ആയ ഓരോ വികാരത്തെ നിഗ്രഹിക്കുമ്പോഴും നാം അത്രമാത്രം സാത്ത്വിക വീര്യം ആത്മശ്രേയസ്സിനുവേണ്ടി സംഗ്രഹിച്ചുവെയ്ക്കുന്നു. ആ വീര്യമാകട്ടെ, യഥാകാലം ഉത്കൃഷ്ടയോഗബലങ്ങളായി പരിണമിക്കയും ചെയ്യും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 275-276]