ശ്രീ രമണമഹര്‍ഷി
ഡിസംബര്‍ 27, 1936

മൈസൂറില്‍ നിന്നും വന്ന ഷാമണ്ണ അഹംസ്ഫുരണത്തെപ്പറ്റി ചോദിച്ചു.

രമണ മഹര്‍ഷി: അത് നിദ്രയിലുണ്ടാകുന്നതല്ല. ഉണര്‍ച്ചയില്‍ ശരീരാദി പ്രപഞ്ചാദികളോടു ചേര്‍ന്നിരിക്കവേതന്നെ ആത്മ വൃത്തി തോന്നാറുണ്ട്. ഇതിനെ അഹംവൃത്തി എന്നു പറയുന്നു. എന്നാല്‍ വിഷയാദികളെ കൂടാതെ ആത്മാവിനെ മാത്രം മുന്‍നിര്‍ത്തി തോന്നുന്ന അഹംവൃത്തിയെ ‘അഹംസ്ഫുരണം’ എന്ന് പറയും. ജ്ഞാനിക്ക് ഇതു സ്വഭാവമാണ്. ഇതിനെ ജ്ഞാനമെന്നോ ഭക്തിയെന്നോ പറയാം. ഇതു ആദ്യം ജാഗ്രത്തിലുണ്ടായാല്‍ പിന്നീട് മറ്റവസ്ഥകളിലും തുടര്‍ന്നുണ്ടാവും. ഈ വൃത്തിയെ അഖണ്ഡാകാരവൃത്തി എന്നു പറയും. വൃത്തി സാധാരണ മനോമയമാണ്. എന്നാല്‍ അഖണ്ഡാകാരവൃത്തി മനസ്സിനും അതീതമായി നില്‍ക്കുന്നു. ജ്ഞാനികള്‍ക്കിതു നിരന്തരമായി സംഭവിക്കുന്നു. അഹം വൃത്തി പരിപൂര്‍ണ്ണമല്ല. അഖണ്ഡാകാര വൃത്തിയായ ആത്മസ്ഫുരണ അന്യമറ്റ പരിപൂര്‍ണമാണ്.