42. തത്ര ശബ്ദാര്‍ത്ഥജ്ഞാനവികല്‌പൈഃ
സങ്കീര്‍ണ്ണാ സവിതര്‍ക്കാ സമാപത്തിഃ
തത്ര = ആ സമാപത്തികളില്‍, ശബ്ദാര്‍ത്ഥജ്ഞാനവി കലൈ്പഃ = ശബ്ദം അര്‍ത്ഥം ജ്ഞാനം എന്നീ വികല്പങ്ങളെക്കൊണ്ട്, സങ്കീര്‍ണ്ണാ = മിശ്രമായ, സമാപത്തിഃ = സമാപത്തി, സവിതര്‍ക്കാ = സവിതര്‍ക്കയാകുന്നു.
ശബ്ദവും അര്‍ത്ഥവും ജ്ഞാനവും കൂടിക്കലര്‍ന്ന സമാധി സവിതര്‍ക്കമാകുന്നു.
ഇവിടെ ശബ്ദം എന്നു പറയുന്നതു ബാഹ്യസ്പന്ദവും അര്‍ത്ഥം എന്നത് അതിനെ വഹിച്ചുകൊണ്ടുപോകുന്ന നാഡീധാരകളും (ഇന്ദ്രിയവൃത്തികളും), ജ്ഞാനം എന്നതു ചിത്തത്തിലുദിക്കുന്ന പ്രത്യയവും (പ്രതിസ്ഫുരണരൂപമായ ബുദ്ധിവൃത്തി: പ്രമാണ ഫലമായ പ്രമ) ആകുന്നു. ഇതുവരെ കണ്ട നാനാസമാധികളും സവിതര്‍ക്കമാണെന്നു പതഞ്ജലിമഹര്‍ഷി പറയുന്നു. ഇതിലും ഉയര്‍ന്നതരം സമാധികളെപ്പറ്റി വഴിയെ പറയാം. സവിതര്‍ക്കമെന്നുള്ള ഈ സമാധികളില്‍ ജ്ഞാതൃജ്ഞേയദ്വന്ദ്വം ശേഷിക്കുന്നു. അതു ശബ്ദാര്‍ത്ഥജ്ഞാനങ്ങള്‍ ഇടകലര്‍ന്നതിന്റെ ഫലമാണ്. ആദ്യം ബാഹ്യസ്പന്ദമായ ശബ്ദമുണ്ടാകുന്നു. പിന്നെ തദാകാരമായ ഇന്ദ്രിയ വൃത്തികള്‍ അതിനെ ആന്തരമായി അകത്തേക്കു നയിക്കുന്നു. അതാണ് അര്‍ത്ഥം. അതിനുശേഷം വസ്തുഗ്രഹണരൂപമായ ഒരു വൃത്തി, അതായത് പ്രത്യയം, ചിത്തത്തിലുദിക്കുന്നു. അതാണു ജ്ഞാനം. എന്നാല്‍ ജ്ഞാനമെന്നു നാം പറയുന്നത് ഈ മൂന്നിന്റെയും സങ്കരത്തെയാണ്. ഇതുവരെ പറഞ്ഞ സമാധികളിലെല്ലാം ഈ സങ്കരമാണു നമുക്കു ധ്യേയമായി (അര്‍ത്ഥമായി) ലഭിക്കുന്നത്.
അടുത്തത് ഇതിനെക്കാള്‍ ഉയര്‍ന്നതരം സമാധിയാകുന്നു.
43. സ്മൃതിപരിശുദ്ധൗ സ്വരൂപശൂന്യേ
വാര്‍ത്ഥമാത്രനിര്‍ഭാസാ നിര്‍വിതര്‍ക്കാ.
സ്മൃതിപരിശുദ്ധൗ = സ്മൃതിക്ക് (ശബ്ദാര്‍ത്ഥസ്മരണയ്ക്ക്) പരിശുദ്ധി (വിലയം) ഉണ്ടാകുമ്പോള്‍, വാ = അല്ലെങ്കില്‍, സ്വരൂപ ശൂന്യേ (സ്മൃതി) = സ്വരൂപശൂന്യമാകുമ്പോള്‍ (ഗ്രാഹ്യാകാരമായി ത്തീരുമ്പോള്‍), അര്‍ത്ഥമാത്രനിര്‍ഭാസാ = അര്‍ത്ഥം മാത്രം പ്രകാശിച്ചു നില്ക്കുന്ന, സമാപത്തിഃ = സമാപത്തി, നിര്‍വിതര്‍ക്കാ = നിര്‍വിതര്‍ക്കയാകുന്നു.
സ്മൃതി പരിശുദ്ധമായിത്തീരുമ്പോള്‍, അഥവാ സ്വരൂപശൂന്യമായി ഭവിക്കുമ്പോള്‍, അര്‍ത്ഥം (ധ്യേയവസ്തു) മാത്രം പ്രകാശിക്കുന്ന നിര്‍വിതര്‍ക്കം എന്ന സമാധി (ഉണ്ടാകുന്നു).
ശബ്ദാര്‍ത്ഥജ്ഞാനങ്ങള്‍ മൂന്നിനെയും വിഷയീകരിക്കുന്ന സമാധിപരിശീലനം വഴിക്കേ അവ സങ്കീര്‍ണ്ണമാകാത്ത നിലയില്‍ നാം എത്തിച്ചേരൂ: നമുക്കവയെ വേര്‍പെടുത്താന്‍ കഴിയും. ഇവ മൂന്നും എന്താണെന്നു മനസ്സിലാക്കാന്‍ ആദ്യമായി ശ്രമിക്കാം. ഇതാ ഈ ചിത്തം. ഇതിനെ ഒരു തടാകത്തോടുപമിച്ചത് എപ്പോഴും ഓര്‍മ്മവെയ്ക്കണം. ശബ്ദം, അതായത് ബാഹ്യസ്പന്ദം, അതിന്റെ ഉപരിതലത്തിലുണ്ടാകുന്ന മിടിപ്പുപോലെയാണ്, നിങ്ങളുടെ ചിത്തസരസ്സ് ശാന്തമായിരിക്കെ, ഞാന്‍ ‘ഗോ’ (പശു) എന്നൊരു ശബ്ദം ഉച്ചരിക്കുന്നു. അതു നിങ്ങളുടെ കര്‍ണ്ണപുടങ്ങളിലെത്തുന്ന മാത്രയില്‍ത്തന്നെ തദനുരൂപമായ ഒരു വൃത്തിയും ചിത്തത്തിലുദിക്കുന്നു. അങ്ങനെയുണ്ടാവുന്ന ആ വൃത്തിയാണു പശുവിന്റെ രൂപമെന്നോ അര്‍ത്ഥമെന്നോ പറയപ്പെടുന്ന ഗോപ്രത്യയമായി നിലകൊള്ളുന്നത്. നിങ്ങളുടെ അറിവിനു വിഷയമായ ഗോവ്, വാസ്തവത്തില്‍, ബാഹ്യവും ആഭ്യന്തരവുമായ ശബ്ദസ്പന്ദങ്ങള്‍ നിമിത്തം ചിത്തത്തിലുദിക്കുന്ന പ്രതിസ്ഫുരണവൃത്തി (പ്രത്യയം) ആണ്. ശബ്ദത്തോടൊപ്പം വൃത്തിയും ലയിച്ചുപോകുന്നു: അതിനു ശബ്ദത്തെ വിട്ടു നില്ക്കാന്‍ വയ്യ. ഒരു ശബ്ദവും കേള്‍ക്കാതെ ഗോവിനെ സ്മരിക്കുകമാത്രം ചെയ്യുമ്പോള്‍ ഇതെങ്ങനെ ശരിയാകുമെന്നു നിങ്ങള്‍ ചോദിച്ചേക്കാം. അവിടെ നിങ്ങള്‍ സ്വയമേവ ആ ശബ്ദം ഉണ്ടാക്കുന്നുണ്ട്. നിങ്ങള്‍ ‘ഗോ’ എന്ന് ഉള്ളില്‍ അസ്പഷ്ടമായി പറയുകയും അതോടൊപ്പം ഒരു വൃത്തി ഉദ്ഭവിക്കുകയും ചെയ്യുന്നു. ഈ ശബ്‌ദോത്തേജനം (മിടിപ്പ്) കൂടാതെ ഒരു വൃത്തിയും ഉണ്ടാകാവുന്നതല്ല. അതു പുറമേ നിന്നല്ലെങ്കില്‍ ഉള്ളില്‍നിന്നു വരുന്നു. ശബ്ദം ലയിക്കുമ്പോള്‍ വൃത്തിയും ലയിക്കുന്നു. എന്തു ശേഷിക്കുന്നു? പ്രതിസ്ഫുരണഫലമായ ജ്ഞാനം. വസ്തുബോധം (കേവലംഗ്രാഹ്യമായ പൊരുള്‍) ഇവ മൂന്നും നമ്മുടെ മനസ്സില്‍ അത്ര ഗാഢമായി സംസര്‍ഗ്ഗിച്ചിരിക്കുന്നതിനാല്‍, അവയെ വേര്‍പെടുത്താന്‍ നമുക്കു കഴിയുന്നില്ല. ശബ്ദം വരുന്നതോടുകൂടി ഇന്ദ്രിയങ്ങള്‍ സ്പന്ദിക്കുകയും പ്രതിസ്ഫുരണവൃത്തി ചിത്തത്തിലുദിക്കുകയും ചെയ്യുന്നു. ഇവ ഒന്നിനൊന്ന് ഇടചേര്‍ന്നുവരുന്നതിനാല്‍ നാം അവയെ വിവേചിക്കുന്നില്ല വളരെക്കാലം ഈ സമാധി പരിശീലിക്കുമ്പോള്‍, സര്‍വ്വ സംസ്‌കാരാശ്രയമായ സ്മൃതി (ചിത്തം) പരിശുദ്ധമാവുകയും നമുക്ക് അവയെ (ശബ്ദാര്‍ത്ഥജ്ഞാനങ്ങളെ) വിവേചിക്കാന്‍ കഴിവുണ്ടാവുകയും ചെയ്യും. ഇങ്ങനെയാണ് (ഇതിനെ വിവേചിച്ചു ഗ്രാഹ്യമായ പൊരുളില്‍മാത്രം ചിത്തത്തിനു സ്ഥിരതയുണ്ടാവുന്ന സമാധിയെയാണ്) നിര്‍വിതര്‍ക്ക സമാധിയെന്നു പറയുന്നത്.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 284-286]