1. തപഃസ്വാധ്യായേശ്വരപ്രണിധാനാനി
ക്രിയായോഗഃ.
തപഃ തപസ്സ്, (ബ്രഹ്മചര്യം, സത്യം, മൗനം, സ്വധര്‍മ്മാനുഷ്ഠാനം, ശീതോഷ്ണാദിസഹനം, മിതാഹാരവിഹാരാദികള്‍): സ്വാധ്യായഃ സ്വാധ്യായം, (പ്രണവം ശ്രീരുദ്രം പുരുഷസൂക്തം മുതലായ മന്ത്രങ്ങളുടെ ജപമോ, ഉപനിഷത്, സൂതസംഹിത, ഗീത മുതലായ മോക്ഷശാസ്ത്രങ്ങളുടെ അധ്യയനമോ): ഈശ്വരപ്രണിധാനം ഈശ്വരപ്രണിധാനം, (ഈശ്വരങ്കല്‍ അത്യന്തം ഭക്തിയും ശ്രദ്ധയും: ഫലത്തില്‍ തീരെ ആശയില്ലാതെ, ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം പരമ ഗുരുവായ ആ ഭഗവാങ്കല്‍ സമര്‍പ്പിക്കല്‍): (ഏഷ ത്രികഃ ഈ മൂന്നും കൂടിയിട്ട്), ക്രിയായോഗഃ = ക്രിയായോഗം, (ഭവതി ആകുന്നു).
തപസ്സും സ്വാദ്ധ്യായവും ഈശ്വരപ്രണിധാനവും കൂടിയതിനെ ക്രിയായോഗം എന്നു പറയുന്നു.
പൂര്‍വാദ്ധ്യായത്തില്‍ പറഞ്ഞുവെച്ച സമാധികളെ പ്രാപിക്കാന്‍ വളരെ പ്രയാസമാകയാല്‍, പടിപടിയായി വേണം അവയെ ആരോഹണം ചെയ്യുക. അതില്‍ ആദ്യത്തെ പടി, പ്രാരംഭസാധന, ക്രിയായോഗമാണ്. യോഗപ്രാപ്തിക്കുവേണ്ടിയുള്ള ക്രിയ (അനുഷ്ഠാനം) എന്നാണതിന്റെ വാച്യാര്‍ത്ഥം. ഇന്ദ്രിയങ്ങളെ കുതിരകളോടുപമിച്ചാല്‍, മനസ്സു കടിഞ്ഞാണും, ബുദ്ധി സാരഥിയും, ജീവന്‍ രഥിയും, ശരീരം രഥവുമാകുന്നു. പുരപതിയായ രാജാവ്, അതായതു പുരുഷന്‍ (ആത്മാവ്), ഈ രഥത്തില്‍ സാക്ഷിയായി ഇരിപ്പുണ്ട്. ഇന്ദ്രിയാശ്വങ്ങള്‍ അതിപ്രബലങ്ങളും കടിഞ്ഞാണിന്നൊതുങ്ങാത്തവയും ബുദ്ധിസാരഥി അവയെ നിയന്ത്രിക്കാന്‍ അസമര്‍ത്ഥനുമാണെങ്കില്‍, രഥം ആപത്തില്‍പ്പെടും. ഇന്ദ്രിയാശ്വങ്ങള്‍ സംയതങ്ങളും മനസ്സാകുന്ന കടിഞ്ഞാണ്‍ ബുദ്ധിസാരഥിയുടെ കൈയില്‍ നിഗൃഹീതവുമാണെങ്കിലോ, രഥം പ്രാപ്യസ്ഥാനത്ത് എത്തുകതന്നെ ചെയ്യും. അതുകൊണ്ടു തപസ്സിന്റെ അര്‍ത്ഥം എന്താകണം? ദേഹേന്ദ്രിയങ്ങളെ നയിക്കുമ്പോള്‍ മനഃപ്രഗ്രഹത്തെ മുറുകെപ്പിടിക്കുക എന്നതുതന്നെ: അവയെ തോന്നിയ വഴിക്കു വിടരുത്. വേണ്ടപോലെ നിഗ്രഹിച്ചു വശത്താക്കിവെയ്ക്കണം. സ്വാധ്യായം; സ്വാധ്യായമെന്നു പറഞ്ഞത് എന്തുദ്ദേശിച്ചാണ്? നോവലുകളോ മറ്റു കഥാപുസ്തകങ്ങളോ വായിക്കുക എന്നര്‍ത്ഥമല്ല. പ്രത്യുത, ആത്മാവിന്റെ മോക്ഷമാര്‍ഗ്ഗമുപദേശിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങളുടെ അദ്ധ്യയനം എന്നാണു വിവക്ഷ. ഇനി, ശാസ്ത്രാദ്ധ്യയനം എന്നു പറഞ്ഞതുകൊണ്ടു വാദപരമായ അഭ്യസനമെന്ന് ഒട്ടും അര്‍ത്ഥമില്ല. യോഗിക്കു വാദദശകഴിഞ്ഞുപോയതായി കരുതണം. അയാള്‍ക്ക് അതെല്ലാം വേണ്ടുവോളമുണ്ടായിരുന്നു, അതുകൊണ്ടു മതിയായി. അയാള്‍ ഇപ്പോള്‍ പഠിക്കുന്നതു തന്റെ നിശ്ചയങ്ങളെ ഉറപ്പിക്കാനാണ്. ശാസ്ത്രജ്ഞാനം രണ്ടുവിധമുണ്ട്; വാദമെന്നും സിദ്ധാന്തമെന്നും. വാദം; ഒരു നിശ്ചയത്തിലെത്താതെ ചര്‍ച്ചയ്ക്കു വിഷയമായത്. സിദ്ധാന്തം; സിദ്ധമായ അന്ത (അവസാന – നിശ്ചയ)ത്തോടുകൂടിയത്. ഒരുവന്‍ കേവലം അജ്ഞനായിരിക്കെ ഇതില്‍ പ്രഥമമായ വാദസമരത്തെ അവലംബിച്ചു സാധകബാധകങ്ങളായ യുക്തികളെക്കൊണ്ടു മല്ലടിക്കുന്നു. അതു കഴിഞ്ഞ് ഒരു നിഗമനത്തിലെത്തിയാല്‍ അയാള്‍ അതിനെ സിദ്ധാന്തമായി പരിഗ്രഹിക്കുന്നു. അങ്ങനെ വെറും സിദ്ധാന്തഗ്രഹണംകൊണ്ടു കാര്യമില്ല: അതിനു ദാര്‍ഢ്യം വരുത്തണം. ശാസ്ത്രഗ്രന്ഥങ്ങള്‍ അസംഖ്യവും കാലം അല്പവുമാകുന്നു. അതുകൊണ്ട് സാരവത്തായതു ഗ്രഹിക്കുക, അതാണു ജ്ഞാനാഭ്യാസരഹസ്യം. സാരം ഗ്രഹിച്ച് അതിന്‍പ്രകാരം തികച്ചും ജീവിക്കാന്‍ ശ്രമിക്കണം. ഭാരതത്തില്‍ ഒരു പഴയ ഉപാഖ്യാനമുണ്ട്. രാജഹംസ (അരയന്ന)ത്തിന്റെ മുമ്പില്‍ ഒരു പാത്രത്തില്‍ പാലും വെള്ളവും ചേര്‍ത്തുവെച്ചാല്‍ അതു വെള്ളം തള്ളി പാലുമാത്രം വേര്‍തിരിച്ചെടുക്കുംപോല്‍! അതുപോലെ നമ്മളും ശാസ്ത്രാര്‍ത്ഥത്തിന്റെ സാരം ഗ്രഹിച്ചു ബാക്കി തള്ളണം. പ്രാരംഭദശയില്‍ ബുദ്ധിവ്യായാമം ആവശ്യംതന്നെ. ഒന്നിലും അന്ധമായി പ്രവേശിക്കരുത്. യോഗി വാദദശയെ തരണം ചെയ്ത് ഒരു നിശ്ചയത്തില്‍, പാറപോലെ ഉറച്ച സിദ്ധാന്തത്തില്‍, എത്തിയിരിക്കയാണ്. അയാളുടെ ഇപ്പോഴത്തെ പ്രയത്‌നം ആ സിദ്ധാന്തത്തെ ദൃഢീകരിപ്പാനാകുന്നു. വാദിക്കരുതെന്നു യോഗി പറയുന്നു; ‘വല്ലവരും നിങ്ങളെ വാദത്തിനു നിര്‍ബ്ബന്ധിച്ചാലും മിണ്ടാതിരിക്കുക: ഒരു വാദത്തിനും സമാധാനം പറയേണ്ട, ശാന്തമായി നിങ്ങളുടെ വഴിക്കു പോവുക.’ എന്തുകൊണ്ടെന്നാല്‍, യുക്തി വാദം മനസ്സിനെ ചഞ്ചലമാക്കുകയേ ഉള്ളു. തത്ത്വനിര്‍ണ്ണയത്തിനുവേണ്ടത്ര ശിക്ഷണമേ ബുദ്ധിക്കു വേണ്ടൂ. അതിനെ വൃഥാ വ്യാകുലമാക്കിയിട്ടെന്തു കാര്യം? ബുദ്ധി ദുര്‍ബലമായ ഒരു കരണമാണ്. നമുക്ക് ഇന്ദ്രിയപരിച്ഛേദ്യമായ ജ്ഞാനം തരാനേ അതു പര്യാപ്തമാവൂ. യോഗിയുടെ ലക്ഷ്യമാകട്ടെ, ഇന്ദ്രിയങ്ങളെ കവിഞ്ഞുപോവുകയാണ്. ആ വിഷയത്തില്‍ അയാള്‍ക്കു ബുദ്ധിയുടെ അപേക്ഷയില്ല. ഈ വസ്തുത നല്ല നിശ്ചയമുള്ളതുകൊണ്ട് അയാള്‍ വാദത്തിലേര്‍പ്പെടാതെ മൗനംകൊള്ളുന്നു. ഓരോ യുക്തിവാദവും മനസ്സിന്റെ സമനില തെറ്റിച്ചു വിക്ഷേപമുണ്ടാക്കും. ഓരോ ചിത്തവിക്ഷേപവും അത്രമാത്രം ബലക്ഷയമാണ്. വാദപ്രതിവാദങ്ങളും യുക്തിപരീക്ഷണങ്ങളുമെല്ലാം, വഴിക്കു കടന്നുപോകേണ്ടവമാത്രം. അവയെക്കാള്‍ എത്രയോ മഹത്തായ കാര്യങ്ങള്‍ അപ്പുറത്തുണ്ട്. ആയുഷ്‌ക്കാലമത്രയും കുട്ടിവഴക്കുകളും വാദസദസ്സുകളുമായി കഴിച്ചുകൂട്ടാനുള്ളതല്ല. ഈശ്വരപ്രണിധാനം; കര്‍മ്മഫലങ്ങള്‍ ഈശ്വരനിലര്‍പ്പിക്കുക: അവ ശുഭമായാലും അശുഭമായാലും, ഫലാഭിസന്ധിയില്ലാതെ, എല്ലാം ഭഗവാങ്കല്‍ സമര്‍പ്പിച്ചു സമാധാനയുക്തനായിരിക്കുക.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 291-292]