2. സമാധിഭാവനാര്‍ത്ഥഃ ക്ലേശതനൂകരണാര്‍ത്ഥശ്ച.
(സഃ) അത് (ക്രിയായോഗം), സമാധിഭാവനാര്‍ഥഃ ച മേല്പറഞ്ഞ സമാധിയെ ഉണ്ടാക്കുവാനും, ക്ലേശതനൂകരണാര്‍ഥഃ ക്ലേശങ്ങളെ കുറച്ചുവരികയോ അവയുടെ കാര്യത്തെ തടഞ്ഞു നിര്‍ത്തുകയോ ചെയ്യുവാനും ആകുന്നു.
(ഇത്) സമാധി പരിശീലിക്കാനും ക്ലേശങ്ങളെ നേര്‍പ്പിക്കാനും (ആകുന്നു).
നമ്മളിലധികംപേരും മനസ്സിനെ സ്വേച്ഛാചാരത്തിനു വിട്ട്, ദുഷിച്ച കുട്ടികളെപ്പോലെ അനുസരണമില്ലാതാക്കിയിരിക്കയാണ്. ആ മനസ്സിനെ സംയമനം ചെയ്തു നിലയ്ക്കുനിര്‍ത്താന്‍ ഈ ക്രിയായോഗത്തെ നിരന്തരം ശീലിക്കുക അത്യാവശ്യമാകുന്നു. മനോജയമില്ലാത്തതുകൊണ്ടാണു യോഗാന്തരായങ്ങള്‍ വന്നു ദുഃഖമുണ്ടാക്കുന്നത്. അവയെ പരിഹരിക്കാനുള്ള ഏകോപായം, ക്രിയായോഗമാര്‍ഗ്ഗേണ മനസ്സിനെ വൈരാഗ്യപൂര്‍വ്വകം നിഗ്രഹിച്ചു വശവര്‍ത്തിയാക്കുകയാണ്.
3. അവിദ്യാസ്മിതാരാഗദ്വേഷാഭിനിവേശാഃ ക്ലേശാഃ
അവിദ്യാസ്മിതാരാഗദ്വേഷാഭിനിവേശാഃ അവിദ്യ അസ്മിത രാഗം ദ്വേഷം അഭിനിവേശം ഇവ, ക്ലേശാഃ ക്ലേശങ്ങളാകുന്നു.
അവിദ്യാ അസ്മിത രാഗം ദ്വേഷം അഭിനിവേശം ഇവയാണു ക്ലേശങ്ങള്‍.
ഈ അഞ്ചു ക്ലേശങ്ങളാണു നമ്മെ ദുഃഖവുമായി ബന്ധിച്ചിടുന്ന പഞ്ചഗ്രന്ഥികള്‍ (കെട്ടുകള്‍). അതില്‍ അവിദ്യയെന്നതു കാരണവും മറ്റു നാലും കാര്യങ്ങളുമാകുന്നു. നമ്മുടെ സര്‍വ്വ ദുഃഖങ്ങള്‍ക്കും ഹേതു അവിദ്യ ഒന്നുമാത്രമാണ്. മറ്റെന്തിനു നമ്മെ ക്ലേശിപ്പിക്കാനാവും? ആത്മാവു നിത്യാനന്ദസ്വരൂപമാണ്, ഭ്രാന്തി അഥവാ മോഹം എന്നു പറയുന്ന ഈ അവിദ്യയ്ക്കല്ലാതെ മറ്റേതൊന്നിന് ആത്മാവിനെ ദുഃഖിയാക്കാനാവും? ആത്മാവിന്റെ ദുഃഖമെല്ലാം വെറും ഭ്രാന്തിയാണ്.
4. അവിദ്യാ ക്ഷേത്രമുത്തരേഷാം
പ്രസുപ്തതനുവിച്ഛിന്നോദാരാണാം.
(അവയില്‍) അവിദ്യാ അവിദ്യ, പ്രസുപ്തതനുവിച്ഛിന്നോ ദാരാണാം പ്രസുപ്തങ്ങളും (പ്രലീനങ്ങള്‍; കാര്യം നടത്താനുള്ള സാമര്‍ത്ഥ്യം പോകാതെ ഒതുങ്ങിക്കിടക്കുന്നവ) തനുക്കളും (സൂക്ഷ്മങ്ങള്‍; സംസ്‌കാരരൂപേണ ഇരിക്കുന്നവ) വിച്ഛിന്നങ്ങളും (ബലവ ത്തായ മറ്റു വല്ലതിനാലും കീഴടക്കപ്പെട്ടു കിടക്കുന്നവ) ഉദാരങ്ങളും (നല്ലതുപോലെ വ്യക്തങ്ങളായി അതാതിന്റെ പ്രവൃത്തി നടത്തുന്നവ) ആയ, ഉത്തരേഷാം (പിന്നെപ്പിന്നെ അസ്മിതാദികളുടെ), ക്ഷേത്രം = ഉത്പത്തിസ്ഥാനമാകുന്നു.
അവിദ്യയാണു തുടര്‍ന്നുവരുന്ന ഈ എല്ലാത്തിനും ജന്മഭൂമി-അവ ലയിച്ചതോ നേര്‍ത്തതോ അമര്‍ന്നതോ വിടര്‍ന്നതോ ആയാലും.
അവിദ്യമൂലമാണ് അസ്മിത രാഗം ദ്വേഷം അഭിനിവേശം എന്ന നാലു ക്ലേശങ്ങളുമുണ്ടാകുന്നത്. ഈ ക്ലേശസംസ്‌കാരങ്ങള്‍ നാലവസ്ഥകളില്‍ കിടക്കുന്നു; ചിലപ്പോള്‍ ഉറങ്ങിക്കിടക്കും. ‘ശിശുവിനെപ്പോലെ നിഷ്‌കളങ്കന്‍,’ എന്നൊരു ചൊല്ലു നിങ്ങള്‍ പലപ്പോഴും കേട്ടിരിക്കും. എന്നാല്‍ അതോടൊപ്പം ആ ശിശുവില്‍ ഒരസുരന്റെയോ ദേവന്റെയോ ഭാവം ഉറങ്ങിക്കിടക്കുന്നുണ്ടാവും; അത് യഥാകാലം പ്രകാശിക്കുകയും ചെയ്യും. ഈ ക്ലേശബീജങ്ങള്‍, അതായത് പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമായ സംസ്‌കാരങ്ങള്‍, യോഗിയില്‍ തനുവായിട്ട് അതി സൂക്ഷ്മരൂപത്തില്‍, ഇരിക്കുന്നു. ആ നിലയില്‍ അവയെ പ്രകടമാവാന്‍ വിടാതെ സ്വാധീനത്തില്‍വെയ്ക്കാന്‍ അയാള്‍ക്കു കഴിയും. വിച്ഛിന്നം എന്നു പറഞ്ഞത്, പ്രബലതരങ്ങളായ മറ്റു ക്ലേശങ്ങളാല്‍ തല്ക്കാലം അനുഭവിക്കപ്പെട്ടുകിടക്കുന്ന ക്ലേശങ്ങളെ ഉദ്ദേശിച്ചാണ്. അഭിഭവഹേതു നീങ്ങുമ്പോള്‍ അവ ഉണര്‍ന്നു പുറത്തുവരും. ഇനി, ചില അനുകൂലസാഹചര്യങ്ങളില്‍ ഈ സംസ്‌കാരങ്ങള്‍ ഉണര്‍ന്നു ശുഭാശുഭകര്‍മ്മരൂപേണ ഉത്കടമായി പ്രകാശിക്കുന്നു. അതാണ് ഒടുവില്‍ പറഞ്ഞ ഉദാരാവസ്ഥ.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 293-297]