ചോ: ജാഗ്രത്തില്‍ ദുഃഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
മഹര്‍ഷി: നിങ്ങള്‍ നിങ്ങളെ നോക്കിയിരുന്നാല്‍ മറ്റൊന്നും പ്രത്യക്ഷപ്പെടുകയില്ല. ദുഃഖത്തിനു ഹേതുവായ അഹന്ത ഒഴിയും.
ചോ: ഞാനാരെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആരെയും കാണുന്നില്ല.
മഹര്‍ഷി: നിങ്ങള്‍ ഉറക്കത്തിലെങ്ങനെയിരുന്നു. ‘ഞാന്‍’ എന്ന ചിന്ത അപ്പോള്‍ ഇല്ലാതിരുന്നതുകൊണ്ട് നിങ്ങള്‍ ആനന്ദമനുഭവിച്ചു. ജാഗ്രത്തില്‍ ‘ഞാന്‍’ എന്ന ചുവടില്‍ നിന്നും ചിന്തകളുദിച്ചുയരുന്നവ തൊട്ടുമുമ്പുണ്ടായിരുന്ന നിദ്രാസുഖത്തെ മറയ്ക്കുന്നു. ഇങ്ങനെ തനിക്കെപ്പോഴുമുള്ള സുഖാനുഭാവത്തെ മറയ്ക്കുന്ന വിചാരങ്ങളെ ഒഴിവാക്കുക. തന്റെ പ്രകൃത്യായുള്ള സ്വന്തം അവസ്ഥ സുഖമാണെന്നു വ്യക്തമാണ്.
ചോ: ഉറക്കത്തില്‍ അതനുഭവമാകുന്നില്ല.
മഹര്‍ഷി: എന്നാലും അതു സുഖമാണെന്നതു കൊണ്ടല്ലേ ‘ഞാന്‍ സുഖമായുറങ്ങി’ എന്ന് പറഞ്ഞത്. ചിന്തയറ്റിരുന്നു നോക്കൂ.
ചോ: ബ്രഹ്മം എങ്ങനെയാണ്?
മഹര്‍ഷി: നിങ്ങള്‍ അതുതന്നെയാണ്. ഈ അറിവ് ദൃഢപ്പെട്ടാല്‍ മതി.
ചോ: ഞാനതിനശക്തനാണ്.
മഹര്‍ഷി: നല്ലത്. ‘ഞാന്‍’ എന്നതിനെക്കൂടി വിട്ടേയ്ക്കുക. ബ്രഹ്മം പ്രകാശിച്ചുകൊള്ളും.
മദ്രാസില്‍ ഒരഭിഭാഷകന്റെ മകള്‍ – നല്ല സംസ്കാരമുള്ള സ്ത്രീ.
ചോദ്യം: ചിന്തയൊഴിഞ്ഞിരിക്കുന്നതെങ്ങനെ? ഞാനാരാണെന്ന അന്വേഷണത്തിനാണോ?
രമണമഹര്‍ഷി: ചുമ്മാതിരിക്കുക. അങ്ങനെ ഇരുന്നു നോക്കൂ!
ചോ: അതു ബുദ്ധിമുട്ടാണ്.
മഹര്‍ഷി: ശരിയാണ്. അതിന് വേണ്ടിയാണ് ഞാനെന്ന അന്വേഷണം.
ചോ: ആ അന്വേഷണം നടത്തി ഉത്തരം കിട്ടുന്നില്ല.
മഹര്‍ഷി: എന്തുമാതിരി ഉത്തരമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? നിങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ലേ?
ചോ: കൂടെക്കൂടെ ചിന്ത വന്നു ചേരുന്നു.
മഹര്‍ഷി: എന്നാലും അപ്പോഴൊക്കെ ഞാനാരാണെന്നു തന്നെ ചോദിക്കൂ.
ചോ: ഓരോ ചിന്ത വരുമ്പോഴും ഞാനങ്ങനെ ചോദിക്കണോ? ഇരിക്കട്ടെ. ഈ ലോകം നമ്മുടെ ചിന്ത മാത്രമാണോ?
മഹര്‍ഷി: ഈ ചോദ്യം ലോകത്തിനു വിടുക. അതു പറയട്ടെ അതെങ്ങനെ ഉണ്ടായിയെന്ന്.
ചോ: എനിക്കതുമായി ബന്ധമൊന്നുമില്ലെന്നാണോ മഹര്‍ഷി പറയുന്നത്.
മഹര്‍ഷി: ഉറക്കത്തില്‍ ലോകത്തെക്കാണുന്നുണ്ടോ? ഉണര്ന്നതിനുശേഷമല്ലേ കാണുന്നുള്ളൂ. അതും വിചാരം ഉണ്ടായശേഷം. അപ്പോള്‍ ലോകം വിചാരമില്ലാതെ മറ്റെന്താവും.
മറ്റൊരു ഭക്തന് ചോദിച്ചു: മനസ്സിനെ അടക്കി നിര്‍ത്താനെന്തു ചെയ്യണം?
മഹര്‍ഷി: ആദ്യം മനസ്സിനെ പിടികൂടി എന്റെ മുമ്പില്‍ ഹാജരാക്കൂ. എന്നാലത് മിണ്ടാതിരിക്കാന്‍ വേണ്ടത് ചെയ്യാം.
ചോ: ജപിക്കുമ്പോള്‍ പോലും അതുമാറിക്കൊണ്ടിരിക്കുന്നു.
മഹര്‍ഷി: മനസ്സിനെ നിശബ്ദമാക്കുന്നതിനാണ് ജപം.
ചോ: ഏതു ജപം അതിന് പ്രയോജനപ്പെടും?
മഹര്‍ഷി: ഗായത്രി പോലെ എന്തെങ്കിലും.