ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 8

തമസ്ത്വജ്ഞാനജം വിദ്ധി
മോഹനം സര്‍വ്വദേഹിനാം
പ്രമാദാലസ്യ നിദ്രാഭിഃ
തന്നിബധ്നാതി ഭാരത!

img alt=”” src=”https://sreyas.in/images/jnaneswari-02.jpg” align=”left” />

അല്ലയോ ഭാരത! തമോഗുണം അജ്ഞാനത്തില്‍ നിന്നുണ്ടാകുന്നതും സര്‍വ്വജീവികളേയും മോഹിപ്പിക്കുന്നതുമാണെന്നറിയുക. ആ തമോഗുണം പ്രമാദം, ആലസ്യം, നിദ്ര എന്നിവകൊണ്ട് ദേഹിയെ ദൃഢമായി ബന്ധിക്കുന്നു.

അല്ലയോ അര്‍ജുജുനാ! തമോഗുണം മോഹമാകുന്ന രാത്രിയില്‍ തങ്ങിനില്‍ക്കുന്ന കാര്‍മേഘമാണ്. അതു ഒരുവന്‍റെ മനുഷ്യസാധാരണമായ ബുദ്ധിവിശേഷത്തെ മൂടുപടംകൊണ്ടെന്നപോലെ മറയ്ക്കുന്നു. അതു അജ്ഞാനത്തിന്‍റെ കാതലാണ്. തന്നിമിത്തം അത് വിശ്വത്തെ വിമോഹിപ്പിച്ചു അതിന്‍റെ വിരല്‍ത്തുമ്പില്‍ നിര്‍ത്തി നൃത്തമാടിക്കുന്നു. തമോഗുണത്തിന് കേവലജ്ഞാനത്തോട് അത്യധികമായ ആസക്തിയുണ്ട്. കേവലജ്ഞാനവുമായുള്ള തമോഗുണത്താല്‍ ജീവാത്മാവ് ഭ്രമിച്ച് എന്തു കര്‍മ്മവും ചെയ്യാന്‍ തയ്യാറാവുന്നു. തമോഗുണത്തിന്‍റെ നിര്‍വിചാരഭാവം കൊണ്ട് അവിവേക മഹാമന്ത്രമാണ് അത് ഉരുവിടുന്നത്. അത് മൂഢതാമധുചഷകത്തില്‍ നിറച്ചുവെച്ചിരിക്കുന്ന വീര്യമേറിയ വീഞ്ഞാണ്. അത് എല്ലാ ജീവജാലങ്ങളെയും മോഹിപ്പിക്കുന്ന ഒരു മോഹനാസ്ത്രമാണ്. താന്‍ ശരീരമാണെന്നു ചിന്തിക്കുന്നവരെ യുക്തിപാശം കൊണ്ട് ബന്ധിക്കുന്നത് തമോഗുണതിന്‍റെ പ്രത്യേക സ്വഭാവമാണ്. തമോഗുണം വര്‍ദ്ധിക്കുന്ന ജീവജാലങ്ങളില്‍ മറ്റൊന്നിനും വളരാന്‍ അവസരമില്ല. അത് ഇന്ദ്രിയങ്ങള്‍ക്കു ജഡത്വം സംഭവിപ്പിക്കുയും മനസ്സില്‍ മൂഡത നിറയ്ക്കുകയും ചെയ്യുന്നു; അവയവങ്ങളെ ആലസ്യ വിധേയമാക്കുന്നു; ശരീരത്തെ ക്ഷയിപ്പിക്കുന്നു; പ്രവൃത്തിയിലുള്ള താല്പര്യം ഇല്ലാതാക്കുന്നു; തുടര്‍ച്ചയായി കോട്ടുവായിടുവിക്കുന്നു. അല്ലയോ അര്‍ജ്ജുന, കണ്ണുകള്‍ തുറന്നിരുന്നാല്‍ പോലും അവന്‍ ഒന്നും കാണുകയില്ല. ആരും അവനെ വിളിക്കുന്നില്ലെങ്കിലും ആരോ അവനെ വിളിച്ചുവെന്ന സങ്കലപത്തില്‍ അവന്‍ ‘ഓ’ എന്ന് വിളികേള്‍ക്കും. ഉറച്ചുകിടക്കുന്ന പാറക്കല്ല് തിരിഞ്ഞുകിടക്കാത്തതുപോലെ, ചുരുണ്ട് കൂടിക്കിടന്നു ഉറങ്ങുന്ന അവന്‍ തിരിഞ്ഞു കിടക്കുകയില്ല. ഭൂമി പാതാളത്തിലേക്ക് പോയാലും ആകാശം ഇടിഞ്ഞുവീണാലും കിടക്കുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുന്ന കാര്യം അവന്‍റെ ചിന്തയില്‍പ്പോലും പെടുകയില്ല. ഇപ്രകാരം ആലസ്യം പൂണ്ടു കിടക്കുന്ന അവന്‍റെ അന്തഃകരണത്തില്‍ യോഗ്യായോഗ്യങ്ങളായ കാര്യങ്ങളൊന്നും തന്നെ ആലോചനാവിഷയമാവുകയില്ല. ഉറക്കത്തില്‍ അമിതമായ ആനന്ദം കണ്ടെത്തുന്ന അവന് സ്വര്‍ഗ്ഗീയാനന്ദത്തെപ്പറ്റി പുച്ഛമാണ്. ബ്രഹ്മദേവന്‍റെ ഒരു ദിവസത്തിന്‍റെ ദൈര്‍ഘ്യത്തോളമുള്ള കാലം മുഴുവന്‍ ഉറങ്ങിക്കഴിയണമെന്നല്ലാതെ മറ്റൊരാഗ്രഹവും അവനില്ല. അവന്‍റെ യാത്രയ്ക്കിടയില്‍ എവിടെയെങ്കിലും കിടന്നുറങ്ങുന്നതിനടയില്‍ അവിടെ കിടന്നുറങ്ങുന്ന അവന്‍ അമൃത് ലഭിച്ചാല്‍ പോലും അനങ്ങുകയില്ല. അവന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ താടിക്ക് കൈയും കൊടുത്തോ, മുട്ടിന്മേല്‍ തലയും ചായ്ച്ചോ മന്ദബുദ്ധിയെപ്പോലെ ഇരിക്കും. എന്തെങ്കിലും ജോലി ചെയ്യുന്നതിന് അവനെ നിര്‍ബന്ധിച്ചാല്‍ അവന്‍ കോപാകുലനാകും. ക്രുദ്ധനായ ഒരന്ധന്‍ നടക്കാന്‍ ഒരുമ്പെട്ടാല്‍ അവന്‍റെ ഗതി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയാത്തതുപോലെ, തമോഗുണ പുരുഷന്‍ ദേഷ്യത്തോടും ആവേശത്തോടും കൂടി ജോലി ചെയ്യാന്‍ ആരംഭിച്ചാല്‍ അവന്‍ എന്തു പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും അറിയാന്‍ സാദ്ധ്യമല്ല. അവന് ഇപ്പോള്‍ എന്തു വേണമെന്നോ ആരോട് ഇപ്രകാരം സംസാരിക്കണമെന്നോ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നോ അറിവില്ല. ഒരു കാര്യത്തിന്‍റെ സാദ്ധ്യാസാദ്ധ്യങ്ങളെപ്പറ്റി ചിന്തിക്കാതെ അസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് അവന്‍ ഒരുംബെടും. തന്‍റെ ചിറകുകള്‍ കൊണ്ട് അഗ്നിയെ അണച്ചുകളയാമെന്നു കരുതി കാട്ടു തീയിലേക്ക് കുതിച്ചു ചാടുന്ന പതംഗത്തെപ്പോലെ, സാധാരണക്കാരന്‍ ചെയ്യാന്‍ മടിക്കുന്ന കൃത്യങ്ങളിലേക്ക് അവന്‍ തുനിഞ്ഞിറങ്ങും. ഇപ്രകാരം, ഒരു തമോഗുണിയില്‍ നിദ്രയും ആലസ്യവും പ്രമോദവും നിറഞ്ഞു നില്‍ക്കുന്നു അവ ശുദ്ധവും നിരുപാദികവുമായ ജീവാത്മാവിനെ ബന്ധനസ്ഥനാക്കുന്നു. വഹ്നി ഒരു വിറകുകഷ്ണത്തെ എരിക്കുമ്പോള്‍ അതിന്‍റെ രൂപം കൈക്കൊള്ളുന്നു. കുടത്തിലമര്‍ന്നിരിക്കുന്ന ആകാശത്തിനു ഘടകാശത്തിന്‍റെ രൂപമാണ്. ജലം നിറഞ്ഞുകിടക്കുന്ന പൊയ്കയില്‍ ചന്ദ്രന്‍ പ്രതിഫലിച്ചു കാണുന്നു. ഇതെല്ലാം തെറ്റിധരിക്കപ്പെട്ട രൂപങ്ങളാണ്. ആത്മാവു വ്യാപ്ത്മാണ്. ഗുണങ്ങളാല്‍ ബന്ധിക്കപ്പെട്ട ജീവാത്മാവിന്, അജ്ഞത നിമിത്തം, അതതിന്‍റെ സ്വഭാവമുണ്ടെന്ന്ന്നു തെറ്റിദ്ധരിക്കപ്പെടുന്നു.