ശ്രീ രമണമഹര്‍ഷി
ജനുവരി 19. 1937
1. രമണമഹര്‍ഷി സ്കന്ദാശ്രമത്തിലായിരുന്നപ്പോള്‍ തനിക്കു പത്തടി അകലെയായി ഒരു വെളുത്ത തവളയെക്കണ്ടു. ഭഗവാന്‍ അതിനെ സൂക്ഷിച്ചുനോക്കി, അതു ഭഗവാനെയും. അതു പെട്ടന്ന് ഭഗവാന്‍റെ മുഖത്തുചാടി. ഭഗവാന്‍ കണ്ണടച്ചതുകൊണ്ട് കണ്ണില്‍പെട്ടില്ല.
2. ആശ്രമത്തില്‍ രണ്ടു മുയിലുകളുണ്ട്. അവ എപ്പോഴും വീശറികള്‍ പോലെ ഇരുപക്ഷങ്ങളും വിരിച്ചു പൊക്കിപ്പിടിച്ച് സഞ്ചരിച്ചിരുന്നു, ചില സമയം അവയ്ക്കിടയില്‍ ഒരു പാമ്പും ഫണം വിടര്‍ത്തി ചരിച്ചിരുന്നു.
3. രങ്കസ്വാമി അയ്യങ്കാര്‍ ഒരു ദിവസം കുന്നിന്‍റെ മുകളില്‍ കയറി നടക്കുമ്പോള്‍ ഒരു പുള്ളിപ്പുലിയെ കണ്ടു. അദ്ദേഹം ഒരു കല്ലെടുത്തതിന്റെ നേര്‍ക്കെറിഞ്ഞു. അതു ചീറിയടുത്തു. അയ്യങ്കാര്‍ഓട്ടം പിടിച്ചു. ഓട്ടം കണ്ടു ഭഗവാന്‍ ഇടക്ക് ചെന്ന് കാര്യമെന്തെന്ന് ചോദിച്ചു. ഓട്ടത്തിനിടയില്‍ ‘പുലി’ എന്ന ശബ്ദം മാത്രം അയ്യങ്കാരില്‍ നിന്നും വെളിയില്‍ വന്നു. ഭഗവാന്‍ നേരെ പുലിയുടെ അടുത്തു ചെന്നപ്പോള്‍ അതു തിരിഞ്ഞോടി മറഞ്ഞു.
4. ഭഗവാന്‍ പറഞ്ഞു: തവള ഒരു യോഗിയെപ്പോലെയാണ്. അതു ബഹു ദീര്‍ഘനേരം ചത്തതുപോലെ മിണ്ടാതിരിക്കും. കഴുത്തിനടിയില്‍ താളലയത്തോടുകൂടിയ ഒരു സ്പന്ദനം ഉണ്ടായിരിക്കുമെന്നെയുള്ളൂ. യോഗിയെപ്പോലെ നാക്കിനെ വിഴുങ്ങിക്കൊണ്ടിരിക്കും. യോഗിയുടെ കാര്യത്തില്‍ നാക്കിനെ മറ്റൊരാള്‍ പിടിച്ചു പൂര്‍വ്വ സ്ഥിതിയില്‍ വയ്ക്കണം. എന്നാല്‍ തവള ആ ജോലി സ്വയം നിറവേറ്റി ജീവത്വം കൈക്കൊള്ളുന്നു.
5. ‘രഘുവീരന്‍’ എന്ന മലയാളം ഗദ്യപുസ്തകത്തില്‍ ഹനുമാന്‍ കായികമായി ലങ്കയില്‍ ചാടുന്നതിനുമുമ്പേ മാനസികമായി ചാടിക്കഴിഞ്ഞിരുന്നു എന്നതു വായിച്ചു കേട്ടപ്പോള്‍ കായികമായി ഉദ്ദേശം നിറവേറുന്നതിനേക്കാള്‍ മാനസികമായി നിറവേറന്നതിനു ശക്തിക്കൂടുമെന്നു ഭഗവാന്‍ പറയുകയുണ്ടായി.
6. അദ്ധ്യാത്മരാമായണ കര്‍ത്താവായ എഴുത്തച്ഛനെപ്പറ്റിയുള്ള ഒരു കഥ ഭഗവാന്‍ പറയുകയുണ്ടായി. കൈവശമുണ്ടായിരുന്ന മീനിനെ ഒളിച്ചുവച്ചുകൊണ്ട് എഴുത്തച്ഛന്‍ ഒരു ക്ഷേത്ര ദര്‍ശനത്തിനു ചെന്നു. അടുത്തു നിന്നിരുന്നവര്‍ അതു കണ്ടുപിടിച്ചു വിവരം രാജാവിനെ അറിയിച്ചു. തിരുമുമ്പില്‍ എഴുതച്ഛന്‍ ഹാജരാക്കപ്പെട്ടു ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ എഴുത്തച്ഛന്‍ ഉണര്‍ത്തിച്ചു. അതെന്‍റെ കുറ്റമല്ല. ഞാന്‍ മീനിനെ ഒളിച്ചാണ് വച്ചിരുന്നത്. അടുത്തുള്ളവര്‍ അതിനെ വെളിയില്‍ കാണിച്ചു. ക്ഷേത്രത്തില്‍വച്ചു അതിനെ വെളിയില്‍ കാണിച്ചതിനാലാണ് അശുദ്ധി ഏര്‍പ്പെട്ടത്. അമേധ്യം ശരീരത്തിനുള്ളിലിരിക്കുമ്പോള്‍ ശുദ്ധിക്കുറവില്ല. അതു വെളിയില്‍ വന്നാലോ? അതുപോലെ തന്നെ ഇതും.”