സ്വാമി വിവേകാനന്ദന്‍

9.സ്വരസവാഹീ വിദുഷോഽപി
തഥാരൂഢോഽഭിനിവേശഃ.

വിദുഷഃ അപി (ഏതു) വിദ്വാനും, സ്വരസവാഹീ സ്വരസം (അനേകം മരണദുഃഖാനുഭവങ്ങളില്‍നിന്നുണ്ടായ വാസനാസമൂഹം) കൊണ്ട്-സ്വാഭാവികമായി-പ്രവഹിച്ചുകൊണ്ടിരിക്കുന്ന, തഥാരൂഢഃ ആ ദുഃഖസ്മൃതിയെ മുന്‍നിര്‍ത്തിയുണ്ടാകുന്ന മരണഭയം, അഭിനിവേശഃ അഭിനിവേശം ആകുന്നു.
സ്വഭാവേന പ്രവഹിക്കുന്നതും വിദ്വാന്മാരില്‍പ്പോലും രൂഢമൂലവുമായ ജീവിതാസക്തിയാണ് അഭിനിവേശം.

ഈ ജീവിതാസക്തി സര്‍വ്വപ്രാണികളിലും പ്രകടമായി കാണപ്പെടുന്നതാണ്. അതുവെച്ചുകൊണ്ടു ഭാവിയിലും ജീവിതമുണ്ടെന്നു സ്ഥാപിക്കാന്‍ പല യത്‌നങ്ങളും നടത്തിയിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍ മനുഷ്യരെല്ലാം ഒരു ഭാവിജീവിത (ജന്മ)ത്തെ സ്വാഭാവികമായി ആഗ്രഹിക്കുന്നവരാണ്: അത്ര പ്രബലമാണ് അവര്‍ക്കു ജീവിതത്തോടുള്ള ആസക്തി. ഈ വാദത്തിനു വലിയ വില കല്പിക്കേണ്ടതില്ലെന്നു പറയേണ്ടല്ലോ. പ്രസ്തുതവിഷയത്തില്‍ പാശ്ചാത്യരാജ്യങ്ങളിലെ അഭിപ്രായഗതി അത്യന്തം വിചിത്രമാണ്; അഭിനിവേശം ഭാവിജന്മത്തിന്റെ സംഭാവ്യതയെ സൂചിപ്പിക്കുന്നതാണെന്ന അഭിപ്രായം മനുഷ്യരെ മാത്രമേ സംബന്ധിക്കൂ, മറ്റു ജന്തുക്കളെ സംബന്ധിക്കുന്നതല്ല എന്നത്രേ ആ വാദം. ഭാരതത്തില്‍ ഈ അഭിനിവേശം, പൂര്‍വ്വാനുഭവത്തെയും പൂര്‍വ്വജന്മത്തെയും സ്ഥാപിക്കാനുള്ള ഉപപത്തികളിലൊന്നാണ്. അതുദാഹരിക്കാം.

അനുഭവത്തില്‍ നിന്നാണു നമ്മുടെ അറിവുകളെല്ലാം ഉണ്ടാകുന്നതെന്നതു ശരിയാണെങ്കില്‍, നമുക്ക് ഒരിക്കലും അനുഭവമില്ലാത്തവയെ സങ്കല്പിക്കാനോ മനസ്സിലാക്കാനോ സാദ്ധ്യമല്ലെന്നു നിശ്ചയം. കോഴിക്കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞു പുറത്തുവന്നാലുടനെ തീറ്റ കൊത്തിപ്പെറുക്കിത്തുടങ്ങുന്നു. താറാവിന്‍മുട്ടകളെ പിടക്കോഴികള്‍ അടവെച്ചു വിരിക്കുന്നിടങ്ങളില്‍ ആ മുട്ടകള്‍ വിരിഞ്ഞ കുഞ്ഞുങ്ങള്‍ പുറത്തുവരുമ്പൊഴേ വെള്ളത്തിലേക്കു പറക്കുന്നതായും, അവ ചത്തുപോകുമെന്നു തള്ള(ക്കോഴി) ഭയപ്പെടുന്നതായും പലപ്പോഴും കണ്ടിട്ടുണ്ട്. അനുഭവമൂലമായിട്ടേ ജ്ഞാനമുണ്ടാകൂ എങ്കില്‍, ഈ കോഴിക്കുഞ്ഞുങ്ങള്‍ എവിടെ നിന്നു തീറ്റ കൊത്തിപ്പെറുക്കാന്‍ പഠിച്ചു? വെള്ളമാണു സ്വസ്ഥാനമെന്നു താറാവിന്‍കുഞ്ഞുങ്ങള്‍ എങ്ങനെ അറിഞ്ഞു? ആ ബോധം സഹജം (Instinct) ആണെന്നു പറഞ്ഞാല്‍ അതിന് ഒരര്‍ത്ഥവുമില്ല: അതു കേവലമൊരു പദപ്രയോഗമെന്നല്ലാതെ വിശദീകരണമാവുന്നില്ല. എന്താണീ സഹജബോധം? നമ്മളില്‍ത്തന്നെ അനേകം സഹജബോധങ്ങളുണ്ട്. ഉദാഹരണമായി നിങ്ങള്‍, സ്ത്രീജനങ്ങളില്‍പ്പലരും, പിയാനോ എന്ന സംഗീതയന്ത്രം വായിക്കാറുണ്ടല്ലോ. നിങ്ങള്‍ ആദ്യം പഠിക്കുമ്പോള്‍ അതിന്റെ കറുത്തും വെളുത്തുമുള്ള കീലങ്ങളില്‍ ഓരോന്നിലും എത്ര മനസ്സിരുത്തിയാണു വിരലൂന്നിയിരുന്നതെന്ന് ഓര്‍ത്തുനോക്കുക. എന്നാലിപ്പോള്‍, നീണാള്‍ അഭ്യസിച്ചതിന്റെ ഫലമായി നിങ്ങള്‍ സുഹൃത്തുക്കളോടു സല്ലപിക്കയും അതേസമയം വിരലുകള്‍ യന്ത്രമെന്നപോലെ സ്വയമേവ വായിക്കയും ചെയ്യുന്നു. അതിപ്പോള്‍ സഹജബോധമായിരിക്കയാണ്. അതുപോലെ നമ്മുടെ സര്‍വകര്‍മ്മവും അഭ്യാസംകൊണ്ട് എല്ലാം സഹജമായി, സ്വതഃപ്രവൃത്തമാവുന്നു.

നമുക്ക് അറിയാവുന്നിടത്തോളം, ഇന്നു സ്വതഃപ്രവൃത്തമെന്നു കരുതപ്പെടുന്ന സംഗതികളെല്ലാം അപചയിച്ച വിജ്ഞാനം (വിചാരജന്യജ്ഞാനം) ആകുന്നു. യോഗിയുടെ ഭാഷയില്‍, സഹജബോധമെന്നത് അന്തര്‍ലീനവിജ്ഞാനമാണ്. വിജ്ഞാനം ചിത്തത്തില്‍ ലയിച്ചിട്ടു സ്വതഃപ്രവൃത്തസംസ്‌കാരമായി പരിണമിക്കുന്നു. അതുകൊണ്ടു സഹജബോധമായി ലോകത്തില്‍ വ്യവഹരിച്ചുവരുന്നതെല്ലാം അന്തര്‍ലീനവിജ്ഞാനം മാത്രമാണെന്നു വിചാരിക്കുന്നതാണ് എത്രയും ഉപപന്നം. അനുഭവം കൂടാതെ വിജ്ഞാനമുണ്ടാകാന്‍ തരമില്ലായ്കയാല്‍ സഹജബോധങ്ങളെല്ലാം പൂര്‍വാനുഭവഫലങ്ങളാണെന്നു സിദ്ധിക്കുന്നു. കോഴിക്കുഞ്ഞുങ്ങള്‍ പരുന്തിനെ പേടിക്കുന്നതും, താറാവിന്‍കുഞ്ഞുങ്ങള്‍ വെള്ളമിഷ്ടപ്പെടുന്നതും, രണ്ടും പൂര്‍വാനുഭവഫലമാണ്. അപ്പോള്‍ ഒരു ചോദ്യമുണ്ടാകുന്നു; ആ അനുഭവം ഒരു പ്രത്യേകജീവനെ സംബന്ധിക്കുന്നതോ, അതോ ശരീരമാത്രസംബന്ധിയോ? താറാവിന്റെ അനുഭവം തത്പൂര്‍വികന്മാരുടെ അനുഭവത്തില്‍നിന്നു വന്നതോ, അതിന്റെ തന്നെ അനുഭവമോ? അര്‍വാചീനവൈജ്ഞാനികന്മാരുടെ മതത്തില്‍ അതു ശരീരനിഷ്ഠമാണ്, എന്നാല്‍, യോഗികളുടെ അഭിപ്രായത്തില്‍ അത് അന്തഃകരണനിഷ്ഠമായിട്ടു ശരീരദ്വാരാ സംക്രമിക്കുന്നതാണ്. ഇതിനെയാണു പുനര്‍ജ്ജന്മവാദമെന്നു പറയുന്നത്. നമ്മുടെ സര്‍വവിധമായ വിജ്ഞാനങ്ങളും – അവ പ്രത്യക്ഷമായാലും അനുമിതിയായാലും, സഹജബോധമായാലും, എന്തായാലും ശരി – എല്ലാം അനുഭവമെന്ന ഒരേ ഒരു സരണിയില്‍ക്കൂടി വരേണ്ടതാണെന്നും, ഇന്നു നാം സഹജബോധമെന്നു പറയുന്നതെല്ലാം പൂര്‍വ്വാനുഭവങ്ങള്‍ അപചയിച്ചു സഹജബോധമായി പരിണമിച്ചതാണെന്നും, ഈ സഹജബോധം വീണ്ടും വിജ്ഞാനരൂപേണ ആവിര്‍ഭവിക്കുന്നതാണെന്നും നാം കണ്ടു. പ്രപഞ്ചമൊട്ടുക്കും ഇതുതന്നെയാണ് നിയമം.

സാര്‍വത്രികമായ ഈ പ്രകൃതിനിയമത്തിന്‌മേലാണു ഭാരതത്തില്‍ പുനര്‍ജന്മസിദ്ധാന്തസ്ഥാപനയ്ക്കുള്ള പ്രധാനയുക്തികളിലൊന്നു കെട്ടിയുറപ്പിച്ചിട്ടുള്ളത്. പലതരത്തിലുള്ള ഭയങ്ങള്‍ തുടരെത്തുടരെ അനുഭവമാകുന്നതിന്റെ ഫലമായാണ് ഈ അഭിനിവേശം ജനിക്കുന്നത് അതുകൊണ്ടാണു ശിശു സഹജമായി ഭയപ്പെടുന്നത്: അതിനു മരണവേദനയുടെ പൂര്‍വ്വാനുഭവമുണ്ട്. ഇനി മഹാവിദ്വാന്മാരുടെ കഥയും ഇതുതന്നെ. അവര്‍ക്ക് ഈ ശരീരം നശിക്കുമെന്നറിയാം. അവര്‍ പറയും, ‘സാരമില്ല, നമുക്ക് ആയിരമായിരം ശരീരങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. എന്നാല്‍ ആത്മാവിനു നാശമില്ല.’ അവരുടെ ഈ ശാസ്ത്രവിജ്ഞാനം എത്ര ദൃഢമായാലും അവരിലും കാണുന്നു ഈ അഭിനിവേശം. എന്തുകൊണ്ടാണീ അഭിനിവേശം? അതു സ്വാഭാവികമായിത്തീര്‍ന്നിട്ടുള്ളതാണെന്നു നാം കണ്ടു യോഗശാസ്ത്രഭാഷയില്‍, അത് ഒരു സംസ്‌കാരമായിത്തീര്‍ന്നിട്ടുള്ളതാണ്. സൂക്ഷ്മവും നിഗൂഢവുമായ ആ സംസ്‌കാരങ്ങള്‍ ചിത്തത്തില്‍ ഉറങ്ങിക്കിടക്കുന്നു. പൂര്‍വങ്ങളായ ഈ മരണാനുഭവങ്ങളെല്ലാം, സഹജബോധമെന്നു പറയപ്പെടുന്നതെല്ലാം അബോധഭൂമികയിലെത്തിയ അനുഭവങ്ങള്‍ തന്നെ. ചിത്തത്തില്‍ത്തന്നെ കുടികൊള്ളുന്ന ആ സംസ്‌കാരങ്ങള്‍ നിഷ്‌ക്രിയങ്ങളല്ല; പ്രത്യുത, അന്തര്‍ഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയാണ്. സ്ഥൂലങ്ങളായ ചിത്തവൃത്തികളെ നമുക്ക് അനുഭവിച്ചറിയാം, നിഷ്പ്രയാസം നിഗ്രഹിക്കയും ചെയ്യാം. എന്നാല്‍ സൂക്ഷ്മങ്ങളായ സംസ്‌കാരങ്ങളുടെ കഥയോ? അവയെ എങ്ങനെ നിഗ്രഹിക്കാം? ഞാന്‍ കോപിക്കുമ്പോള്‍ എന്റെ മനസ്സാകെ ഒരു കോപതരംഗമായി പരിണമിക്കുന്നു. അതു ഞാന്‍ അറിയുന്നു, കാണുന്നു, സ്പര്‍ശിക്കുന്നു. അതിനെ എനിക്കു കൈകാര്യം ചെയ്യാം, അതിനോടു മല്ലിടാം. എന്നാല്‍ അന്തരംഗത്തിലുള്ള അതിന്റെ സൂക്ഷ്മമൂലങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതുവരെ ആ യുദ്ധത്തില്‍ എനിക്കു പൂര്‍ണ്ണ വിജയം നേടാവതല്ല.

ഒരുവന്‍ എന്നോടു പരുഷം പറയുമ്പോള്‍ എനിക്കു കോപം വരുന്നതായി ഞാന്‍ അറിഞ്ഞുതുടങ്ങുന്നു. എന്റെ കോപം മൂര്‍ച്ഛിക്കുന്നതുവരെ അയാള്‍ അധിക്ഷേപം തുടരുകയാണ്. അപ്പോഴേക്കും ഞാന്‍ എന്നെ മറന്ന് ആ കോപവുമായി സാത്മ്യം പ്രാപിച്ചുകഴിയും. അയാള്‍ ആദ്യം എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കു കോപം വരുന്നുവെന്നു ഞാന്‍ മനസ്സില്‍ കണ്ടു: അപ്പോള്‍ കോപം ഒന്നും, ഞാന്‍ വേറൊന്നുമായിരുന്നു. കോപം മുഴുത്തപ്പോള്‍ ഞാനും കോപവും ഒന്നായി. ഈ വൃത്തികളെ ബീജത്തില്‍ത്തന്നെ നിഗ്രഹിക്കണം: അവയുടെ മൂലത്തില്‍, സൂക്ഷ്മരൂപത്തിലിരിക്കെത്തന്നെ. അവ നമ്മെ കീഴ്‌പ്പെടുത്തുന്നുവെന്നറിയുന്നതിനു മുമ്പുതന്നെ, അവയെ നിരോധിക്കണം. മനുഷ്യരില്‍ ബഹുഭൂരിപക്ഷവും ഈ വികാരങ്ങളുടെ സൂക്ഷ്മസ്ഥിതി, അതായത് അവ അബോധഭൂമികയില്‍നിന്ന് ഉണര്‍ന്നുവരുന്ന ആ അവസ്ഥ, ഒന്നും അറിയുന്നില്ല. ഒരു നീര്‍കുമിള തടാകത്തിന്റെ അടിയില്‍നിന്നുയരുമ്പോള്‍, എന്നല്ല മുകള്‍പ്പരപ്പിന് ഒട്ടടുത്ത് എത്തിയാല്‍പ്പോലും, നാം കാണുന്നില്ല. അതു പൊട്ടി ഓളമുണ്ടാകുമ്പോഴേ നാം അങ്ങനൊയൊന്നുണ്ടെന്ന് അറിയുന്നുള്ളു. ഈ വലിയ അലകളെ അവയുടെ സൂക്ഷ്മമൂലത്തില്‍ ഗ്രഹിച്ചാലേ നമുക്ക് അവയോടു മല്ലിട്ടു ജയിക്കാന്‍ സാധിക്കൂ. സ്ഥൂലമായി പരിണമിക്കുംമുമ്പേ അവയെ പിടികൂടി കീഴ്‌പ്പെടുത്താത്ത കാലത്തോളം ഒരു വികാരത്തെയും നിശ്ശേഷം ജയിക്കാന്‍ ആശിക്കേണ്ട. വികാരങ്ങളെ കീഴടക്കണമെങ്കില്‍ അവയെ മൂലത്തിലേ നിരോധിക്കണം. അപ്പോഴേ അവയെ ബീജത്തോടുകൂടി ദഹിപ്പിച്ചുകളയാന്‍ കഴിയൂ. വറുത്ത വിത്തു മണ്ണിലിട്ടാല്‍ മുളയ്ക്കാത്തതുപോലെ ദഗ്ദ്ധബീജങ്ങളായ ഈ വികാരങ്ങള്‍ പിന്നൊരിക്കലും അങ്കുരിക്കാതാവും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 299-302]