ശ്രീ. പന്നിശ്ശേരി നാണുപിള്ളയും ശ്രീവര്‍ദ്ധനത്ത് കൃഷ്ണപിള്ളയും ചേര്‍ന്നെഴുതിയ നീലകണ്ഠതീര്‍ത്ഥപാദസ്വാമിയുടെ ജീവചരിത്രം ഒരു ദാര്‍ശനിക ജീവിതാഖ്യാനമാണ്. ഒരു വ്യക്തിയുടെ ബാഹ്യവ്യവഹാരങ്ങളുടെ കുറിപ്പടിക്കൂട്ടല്ല ജീവചരിത്രമെന്നും, അത് സമഗ്രമായ ബോധാനുഭവത്തിന്റെ ദര്‍ശനവ്യാഖ്യാനമാണെന്നും ഈ ഗ്രന്ഥത്തിലൂടെ നമുക്ക് മനസ്സിലാവുകയാണ്. ‘ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയ’ത്തെ മലയാളത്തിലെ ലക്ഷണമൊത്ത ഒന്നാമത്തെ ജീവചരിത്രഗ്രന്ഥമെന്നാണ് മലയാളസാഹിത്യത്തിന്റെ പിതാവായ ശൂരനാട് കുഞ്ഞന്‍പിള്ള വിശേഷിപ്പിച്ചത്.

ശ്രീ നീലകണ്ഠതീര്‍ത്ഥപാദ സ്വാമികളുടെ ആവിര്‍ഭാവം, വിദ്യാഭ്യാസം, ചട്ടമ്പിസ്വാമികളെ ആചാര്യനായി വരിച്ചത്, ഹഠയോഗപരിശീലനം, ജീവന്മുക്തിലാഭം, ദേശപര്യടനം, ശിഷ്യോപദേശം, മഹിമാനുവര്‍ണ്ണനം, ബഹുവിധസംഭാഷണങ്ങള്‍ ഇവയെല്ലാം ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നു. വേദാന്തം, യോഗം മുതലായ ലോകോത്തരവിഷയങ്ങളിലുള്ള രഹസ്യഭാഗങ്ങളെ സംബന്ധിച്ചും, സാമുദായികം തുടങ്ങിയ ലൗകികകാര്യങ്ങളെക്കുറിച്ചും സ്വാമിജിയുടെ യഥാര്‍ത്ഥാഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

‘ശരീരവും തൂക്കിക്കൊണ്ട് നടക്കേണ്ടുന്നതായ ഭാര’ത്തെക്കുറിച്ചും വിദേഹമുക്തിയുടെ മെച്ചത്തെക്കുറിച്ചും സ്വാമികള്‍ എപ്പോഴും സരസമായി സംസാരിച്ചിരുന്നു. ‘‘സര്‍വതന്ത്രസ്വതന്ത്രനായ ഒരു പരമഹംസന്‍’‘ എന്നാണ് നീലകണ്ഠസ്വാമിയെ മഹാകവി ഉള്ളൂര്‍ വിശേഷിപ്പിച്ചത്.

മന്നത്ത് പത്മനാഭനും അയ്യങ്കാളിയും സാമുദായിക വിഷയങ്ങളില്‍ നീലകണ്ഠസ്വാമിയുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. ശ്രീനാരായണഗുരുവിന്റെ സൂക്ഷ്മനിലപാടുകളില്‍ സ്വാമിയ്ക്ക് മതിപ്പുണ്ടായിരുന്നു. അവര്‍ രണ്ടുപേരും സനാതനരൂപമായ ഒരു സംഘടനയ്ക്കുവേണ്ടി ഒരുമിച്ച് സംസാരിച്ചവരാണ്. 1907-ല്‍ ദാര്‍ശനികസംവാദങ്ങള്‍ക്കും സംവേദനത്തിനും വേണ്ടി നീലകണ്ഠസ്വാമികള്‍ ‘അദ്വൈതസഭ‘ സ്ഥാപിച്ചു. പ്രായോഗികവേദാന്തത്തിന്റെ ശിലാസ്ഥാപനം എന്ന നിലയിലാണ് ആ ജ്ഞാനസഭ, അഭിനന്ദനങ്ങള്‍ പിടിച്ചുപറ്റിയത്. ചട്ടമ്പിസ്വാമിയുടെ സാന്നിദ്ധ്യവും ശ്രീനാരായണഗുരുവിന്റെ ചിന്തകളും അയ്യങ്കാളിയുടെ വിമോചനവിപ്ലവങ്ങളും ‘അദ്വൈതസഭ’യിലെ സംവാദങ്ങള്‍ക്ക് ചൂര് നല്‍കിയിരുന്നു.

810 പേജുകള്‍ ഉള്ള ഈ ചരിത്രസമുച്ചയം ശ്രേയസില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയം PDF ഡൗണ്‍ലോഡ് ചെയ്യൂ.