ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 26
മാം ച യോഽവ്യഭിചാരേണ
ഭക്തിയോഗേന സേവതേ
സ ഗുണാന്‍ സമതീത്യൈതാന്‍
ബ്രഹ്മഭൂയായ കല്പതേ
ഏവന്‍ പരമാത്മാവായ എന്നെത്തന്നെ ഏകാന്തമായിരിക്കുന്ന ഭക്തികൊണ്ട് ഭജിക്കുന്നുവോ, അവന്‍ ഈ സത്വരജസ്സ്തമോ ഗുണങ്ങളെ കടന്ന ബ്രഹ്മത്വം (മോക്ഷം) പ്രാപിക്കാന്‍ സമര്‍ത്ഥനായിത്തീരുന്നു.
അവ്യഭിചാര മനസ്സോടുകൂടി ഭക്തിമാര്‍ഗ്ഗത്തില്‍ ചിരിക്കുന്നവന് ത്രിഗുണങ്ങളെയും കീഴടക്കാന്‍ കഴിയും. ഞാന്‍ എന്താണെന്നും എന്നോടുള ഭക്തി എങ്ങനെയായിരിക്കണമെന്നും അവ്യഭിചാരഭക്തിയുടെ ലക്ഷണം എന്തെല്ലാമാണെന്നും ഇത്തരുണത്തില്‍ ഞാന്‍ പ്രസ്താവിക്കാം. രത്നവും അതിന്‍റെ തിളക്കവും, ജലവും അതിന്‍റെ ദ്രവത്വവും ആകാശവും അതിന്‍റെ വ്യാപ്തിയും, പഞ്ചസാരയും അതിന്‍റെ മധുരവും വ്യത്യസ്തമായി സ്ഥിതി ചെയ്യുന്നവയല്ല. അഗ്നിയും അതിന്‍റെ ജ്വാലയും വിഭിന്നമല്ല. കമലവും അതിന്‍റെ ദളങ്ങളും ഒന്ന് തന്നെയാണ്. ശിഖരങ്ങളും ഫലങ്ങളും ചേര്‍ന്നതാണ് വൃക്ഷം. നിരനിരയായ ഹിമം ഏകീകരിച്ച ഹിമപിണ്ഡമാണ് ഹിമവാന്‍. ഉറകൂടിയ പാലാണ് തൈര്. ഇതുപോലെ വിശ്വം എന്ന് പറയുന്നത് ഞാന്‍ മാത്രമാകുന്നു. ചന്ദ്രനെ കാണുന്നതിനു ചന്ദ്രബിംബം ഉരച്ചുനോക്കേണ്ട ആവശ്യമുണ്ടോ? കട്ടിയായി ഉറച്ചിരിക്കുമ്പോഴും ഉരുക്കുനെയ്യിന്‍റെ ഗുണം നഷ്ടപ്പെടുന്നില്ല. സ്വര്‍ണ്ണവള ഉരുക്കിയില്ലെങ്കിലും സ്വര്‍ണ്ണമായിത്തന്നെ ഇരിക്കുന്നു. വസ്ത്രം കിഴിച്ചുനോക്കാതെതന്നെ അതു നൂലാണെന്ന് മനസ്സില്ലാക്കരുതോ? ഘടം മണ്ണാനെന്നറിയാന്‍ അത് ഉടച്ചുനോക്കേണ്ട ആവശ്യമില്ല. അതുപോലെ വിശ്വത്തിലുള്ളതെല്ലാം ഞാന്‍ തന്നെ ആയതുകൊണ്ട് ഈ ദൃശ്യപ്രപഞ്ചത്തെ ഒഴിച്ചുനിര്‍ത്തി എന്നെ കാണുവാന്‍ ശ്രമിക്കരുത്. പ്രപഞ്ചത്തോടോപ്പമാണ് എന്നെ കാണേണ്ടതെന്നതുള്ള ഉത്തബോദ്ധ്യത്തോടെ ഏകാഗ്രമായി എന്നെ ഭജിക്കുന്നതാണ് അവ്യഭിചാരഭക്തി. പ്രത്യുത, ഞാനും പ്രപഞ്ചവും രണ്ടാണെന്നുള്ള ഭേദബുദ്ധിയോടെ എന്നെ ഭജിക്കുന്നത് വ്യഭിചാരഭക്തിയാണ്. ആകയാല്‍ ചിത്തത്തില്‍നിന്നുള്ള എല്ലാ ദ്വന്ദ്വഭാവങ്ങളും ഉപേക്ഷിച്ച് നീയുള്‍പ്പെടെയുള്ള ഈ പ്രപഞ്ചം ഞാനാണെന്നു മനസ്സിലാക്കുക.
അര്‍ജ്ജുന, ഒരു സ്വര്‍ണ്ണാഭരണത്തിനു തിലകമായി ഉറപ്പിച്ചിട്ടുള്ള സ്വര്‍ണ്ണകണം അതില്‍ നിന്ന് വ്യതിരക്ത്മായി നില്‍ക്കാത്തതുപോലെ, നീ ഈ പ്രപഞ്ചത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവെന്നു ചിന്തിക്കരുത്. സൂര്യന്‍റെ തേജസ്സും അതിന്‍റെ രശ്മിയും ഭിന്നമല്ല. അപ്രകാരം ഈ പ്രപഞ്ചവും നീയും ഭിന്നമല്ലെന്നുള്ള ബോധം നിന്‍റെ മനസ്സിലുണ്ടാവണം. ഭൂമിയില്‍ കാണുന്ന പരമാണുക്കള്‍ ഭൂമിയുടെ ഭാഗമാണ്. ഹിമാവാനില്‍ ഹിമകണങ്ങള്‍ സ്ഥതിചെയ്യുന്നു. അതുപോലെ വിശ്വം എന്നില്‍ സ്ഥിതി ചെയ്യുന്നുവെന്നുള്ള വസ്തുത നീ ശരിയായവണ്ണം അറിഞ്ഞിരിക്കണം. ഏറ്റവും ചെറിയ തരംഗം പോലും സിന്ധുവില്‍ നിന്ന് ഭിന്നമല്ല. അതുപോലെ ആത്മാവു പരമാത്മാവില്‍ നിന്ന് ഭിന്നമല്ല. ഈശ്വരനുമായുള്ള പരിപൂര്‍ണ്ണ ഐക്യദര്‍ശനം ഒരുവനില്‍ വികസിക്കുമ്പോഴുണ്ടാകുന്ന ആനന്ദകരമായ അവസ്ഥയ്ക്കാണ് ഉന്നതമായ ഭക്തി എന്ന് പറയുന്നത്. ഒരു അവിഭിചാരഭക്തന് ലഭിക്കുന്ന ദര്‍ശനമാണിത്. ഇത് അവ്യഭിചാരഭക്തന്‍റെ ജീവിതചര്യയാണ്. ഇത് ജ്ഞാനത്തിന്‍റെ സദ്‌ഗുണവും യോഗത്തിന്‍റെ സാരവുമാണ്.
കാര്‍മേഘങ്ങളില്‍ നിന്ന് അനുസ്യൂതം വാരിധിയിലേക്ക് പതിക്കുന്ന ജലധാരപോലെ അവ്യഭിചാരഭക്തിയുടെ അഖണ്ഡമായ ധാര ഭഗവാനാകുന്ന വാരിധിയിലേക്ക് ഒഴുകിയെത്തുന്നു. കിണറ്റിനുള്ളിലെ ആകാശത്തെ കിണറ്റിനു മുകളിലുള്ള മഹാകാശവുമായി സംയോജിപ്പിക്കുന്നതിന് പ്രത്യേക സംവിധാനമൊന്നും ആവശ്യമില്ലാത്തതുപോലെ അവ്യഭിചാരഭക്തനെ പരമാത്മാവുമായി ചേര്‍ക്കുന്നതിന് യാതോരുപകരണവും വേണ്ട. ആത്മാവും ഈശ്വരനും തമ്മിലുള്ള ഈ ഐക്യം, ജലത്തില്‍ കാണുന്ന സൂര്യന്‍റെ പ്രതിബിംബത്തില്‍ നിന്ന്‍ സൂര്യബിംബത്തിലേക്ക് നേരെ പോകുന്ന സൂര്യപ്രഭപോലെയാണ്. ഇപ്രകാരം ഐക്യാനുഭവം ഉണ്ടാകുമ്പോള്‍ ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്ന ചിന്ത ഭക്തന്‍റെ മനസ്സിലുണ്ടാകുന്നു. എന്നാല്‍ ഭക്തന്‍ പരമാത്മാവുമായി ഒന്ന് ചേര്‍ന്ന് കഴിയുമ്പോള്‍ ഞാന്‍ ബ്രഹ്മമാകുന്നു എന്ന ചിന്തയും അസത്മിക്കുന്നു. അല്ലയോ അര്‍ജ്ജുന, സമുദ്രത്തില്‍ പെടുന്ന ഉപ്പ് അലിഞ്ഞുചേരുന്നതോടെ അലിയുന്ന കര്‍മ്മം അവസാനിക്കുന്നില്ലേ? പുല്ലിനെ എരിക്കുന്ന അഗ്നി പുല്ല് കത്തിക്കഴിയുമ്പോള്‍ അണഞ്ഞുപോകുന്നില്ലേ? അതുപോലെ ജ്ഞാനം കൊണ്ട് ഭേദവിചാരം ഇല്ലാതാകുന്നതോടെ ജ്ഞാനം തന്നെ നിലനില്‍ക്കാതെ നിവൃത്തമാകുന്നു. ഈ നിലയിലെത്തിക്കഴിഞ്ഞാല്‍ ഞാന്‍ മായയുടെ അക്കരെയാണെന്നോ, എന്‍റെ ഭക്തന്‍ ഇക്കരെയാണെന്നോ, എന്‍റെ ഭക്തന്‍ ഇക്കരെയാണെന്നോ ഉള്ള വ്യത്യാസം ഇല്ലാതാവുകയും ഞങ്ങള്‍ തമ്മില്‍ ശാശ്വതമായ ഐക്യം പ്രകടീകൃതമാവുകയും ചെയ്യുന്നു. ഇതോടെ ഗുണങ്ങളെ ജയിക്കുന്നുവെന്നും മറ്റുമുള്ള സംസാരം തന്നെ അപ്രസക്തമാവുന്നു. എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള ദൃഢാശ്ലേഷം നടന്നു കഴിയുമ്പോള്‍ ഗുണങ്ങള്‍ തന്നെ ഇല്ലാതാവുന്നു. അല്ലയോ മര്‍മ്മജ്ഞനായ അര്‍ജ്ജുന, ഈ അവസ്ഥയാണ് ബ്രഹ്മാവസ്ഥ. ദ്വന്ദഭാവം കൈവെടിഞ്ഞ ഒരു അവ്യഭിചാരകഭക്തനു മാത്രമേ ഇതു കൈവരിക്കാന്‍ സാദ്ധ്യമാവുകയുള്ളൂ. ഇപ്രകാരമുള്ള ലക്ഷണയുക്തന്മാരായ എന്‍റെ ഭക്തന്മാര്‍ക്ക് ബ്രഹ്മാവസ്ഥ, പതിവ്രതമായ ഒരു പത്നിയെപ്പോലെയാണ്. ഗംഗാനദിയില്‍ക്കൂടി പ്രക്ഷുബ്ധമായി ഒഴുകുന്ന ഗംഗാജലത്തിന് സിന്ധുപദം ലഭിക്കണമെന്നുള്ള ലക്ഷ്യം മാത്രമേയുള്ളൂ. അതുപോലെ എന്‍റെ ഭക്തന്‍റെ ലക്ഷ്യം ഞാനുമായി താദാത്മ്യം പ്രാപിക്കുക എന്ന് മാത്രമാണ്. ആകയാല്‍ ജ്ഞാനദൃഷ്ടിയോടെ എന്നെ ഭജിക്കുന്ന ഭക്തന്‍ ബ്രഹ്മപദമാകുന്ന കിരീടത്തിലെ നായകമണിയായിത്തീരുന്നു. ഈ ബ്രഹ്മാവസ്ഥ, ആത്മാവു പരമാത്മാവുമായി സാത്മ്യം പ്രാപിക്കുന്ന പുരുഷാര്‍ത്ഥത്തിലെ നാലാമത്തെ അവസ്ഥയെ സയുജ്യാവസ്ഥയാണ്. ഈ അവസ്ഥയിലെത്തുന്നത്തിനുള്ള ഒരു ശ്രേണിയാണ് എന്നോടുള്ള ആരാധനം. എന്നാല്‍ ഞാന്‍ ലക്ഷ്യത്തിലേക്കുള്ള ഒരു വഴി മാത്രമാണെന്ന് നീ ചിന്തിക്കരുത്. എന്തുകൊണ്ടെന്നാല്‍ ഞാനും ബ്രഹ്മവും രണ്ടല്ല. ഈ വസ്തുത നിന്‍റെ ചിത്തത്തില്‍ എപ്പോഴും ഓര്‍ത്തിരിക്കണം.