ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 27
ബ്രഹ്മണോ ഹി പ്രതിഷ്ടാഹ-
മമൃതസ്യാവ്യയസ്യ ച
ശാശ്വതസ്യ ച ധര്‍മ്മസ്യ
സുഖസ്യൈകാന്തികസ്യ ച.
എന്തുകൊണ്ടെന്നാല്‍ ഞാന്‍ ബ്രഹ്മത്തിന്‍റെയും (പരമാത്മാവിന്റേയും) നിത്യമായ മോക്ഷത്തിന്‍റെയും, ശാശ്വത ധര്‍മ്മത്തിന്‍റെയും അഖണ്ഡമായ സുഖത്തിന്‍റെയും ഇരിപ്പിടമാകുന്നു.
അല്ലയോ പാണ്ഡവ, എന്‍റെ പേര് ബ്രഹ്മം എന്നാണ്. അമൃതം, സച്ചിദാനന്ദം, അവ്യയം, ശാശ്വതം,അദ്വൈതം എന്നിങ്ങനെയുള്ള സ്വഭാവവിശേഷങ്ങള്‍കൊണ്ട് എന്നെ വര്‍ണ്ണിക്കുന്നു. അല്ലയോ ചതുരനായ അര്‍ജ്ജുന, ചന്ദ്രനും ചന്ദ്രഗോളവും തമ്മില്‍ വ്യത്യാസമിലാത്തതുപോലെ ബ്രഹ്മവും ഞാനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഈ ബ്രഹ്മം നിത്യവും അചലവും അദ്വിതീയവും പ്രകടിതവും നിസ്സീമസുഖപ്രദായകമായ ധര്‍മ്മരൂപവുമാണ്. വിവേകംകൊണ്ടു നിന്‍റെ അജ്ഞാനത്തെ നശിപ്പിക്കുമ്പോള്‍ നിനക്ക് വിശ്രാന്തി സ്ഥാനമായ ബ്രഹ്മഗേഹത്തിലെത്താന്‍ കഴിയും. വേദാന്തസിദ്ധാന്തത്തിന്‍റെ പരമസ്ഥാനമായ ഈ ബ്രഹ്മം ഞാനാകുന്നു.
ആല്ലയോ മഹാരാജാവേ, അനന്യഭക്തപ്രേമിയായ പരമാത്മാവ് വീരനായ അര്‍ജുജുനനോട് ഇപ്രകാരം അരുളിച്ചെയ്തു. സഞ്ജയന്‍ ധൃതരാഷ്ട്രരോട് പറഞ്ഞു.
ഇതെല്ലാം അക്ഷമനായി കേട്ടുകൊണ്ടിരുന്ന ധൃതരാഷ്ട്രമഹാരാജാവ് സഞ്ജയനോട് ചോദിച്ചു:
ഞാന്‍ ചോദിക്കാതെ ഇതെല്ലാം എന്തിനാണ് എന്നോട് പറയുന്നത്? ഈ അവസരത്തില്‍ എന്‍റെ പുത്രന്മാരോട് വിജയത്തെപ്പറ്റിയുള്ള സന്തോഷവാര്‍ത്ത പറഞ്ഞ് എന്‍റെ ആകാംക്ഷ അകറ്റുക. അര്‍ത്ഥമില്ലാത്ത മറ്റു സംസാരങ്ങളെല്ലാം നിര്‍ത്തുക.
ഇതുകേട്ട് സഞ്ജയന്‍ വിസ്മയാകുലനായി. അദ്ദേഹം ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് സ്വയം പറഞ്ഞു:
കഷ്ടം! വിധിയുടെ വിളയാടല്‍ നോക്കുക. ഈ വൃദ്ധന്‍ ഈശ്വരനില്‍ നിന്ന് എത്രയോ അകലെയാണ്? എങ്കിലും കൃപാലുവായ ഭഗവാന്‍ ഇദ്ദേഹത്തില്‍ കാരുണ്യം ചൊരിയട്ടെ. ഇദ്ദേഹത്തിനു പിടിപെട്ടിരിക്കുന്ന മോഹമഹാരോഗത്തില്‍നിന്ന് രക്ഷപ്പെടാനാവശ്യമായ വിവേകകൗഷധം ഭഗവാന്‍ കൃഷ്ണന്‍ അദ്ദേഹത്തിനു നല്‍കട്ടെ.
സഞ്ജയന്‍റെ ഹൃദയത്തില്‍ ഭഗവദ്‍രൂപം നിറഞ്ഞു നിന്നു. ഭഗവാന്‍റെ വാക്കുകള്‍ സഞ്ജയന്‍റെ കാതുകളില്‍ മുഴങ്ങിക്കേട്ടു. അദ്ദേഹത്തിന്‍റെ ചിത്തം കൃഷ്ണാര്‍ജ്ജുന സംവാദത്തിന്‍റെ മധുരിമ ആസ്വദിച്ചു ഹര്‍ഷപുളകം കൊണ്ട്, ഭഗവാന്‍ അര്‍ജ്ജുനനോട് പറഞ്ഞ വാക്കുകള്‍ അമിതമായ ആഹ്ലാദത്തോടെ സഞ്ജയന്‍ പറയും.
ആ വാകുകളുടെ സാരം നിങ്ങളുടെ മനസ്സില്‍ പതിയത്തക്കവണ്ണം ഞാന്‍ വിശദീകരിച്ചുതരാം. ശ്രദ്ധിച്ചു കേള്‍ക്കുക. നിവൃത്തിനാഥിന്‍റെ ശിഷ്യനായ ജ്ഞാനേശ്വരന്‍ പറഞ്ഞു.
ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുന സംവാദേ
ഗുണത്രയവിഭാഗയോഗോ നാമ
ചതുര്‍ദശോഽദ്ധ്യായഃ
ഗുണത്രയവിഭാഘയോഗം എന്ന പതിനാലാം അദ്ധ്യായം കഴിഞ്ഞു.