മിസിസ് ജെന്നിംഗ്സ്: വിചാരങ്ങള്‍ ഒടുങ്ങണമെന്നാണ് ഭഗവാന്‍ പറഞ്ഞത്. ആത്മവിചാരണക്ക് വിചാരം തന്നെ ആവശ്യമായിരിക്കുന്നല്ലോ.
രമണമഹര്‍ഷി: വിചാരങ്ങളെല്ലാം ‘ഞാന്‍’ എന്ന ആദിചിന്തയില്‍ നിന്നും ഉല്‍ഭൂതമാകുന്നു. ഈ ‘ഞാന്‍’ ആത്മാവായ തന്നില്‍നിന്നും ഉളവാകുന്നു. അതിനാല്‍ വിചാരങ്ങളൊന്നുംതന്നെ ആത്മാവിനന്യമല്ല. ആത്മസ്വരൂപത്തിലിരിക്കുന്നവര്‍ക്ക് വിചാരമുണ്ടായാലും ഇല്ലാതായാലും ഒരുപോലെ തന്നെ.
ചോ: സദ്വിചാരങ്ങള്‍ ദുര്‍വിചാരങ്ങളെക്കാള്‍ ആത്മസാക്ഷാല്‍ക്കാരത്തിന് അനുകൂലമല്ലേ?
മഹര്‍ഷി: അതെ. സദ്വിചാരം ദുര്‍വിചാരങ്ങളെ ഉച്ചാടനം ചെയ്തിട്ട് അവയും സാക്ഷാല്‍ക്കാരവേളയില്‍ ഒഴിഞ്ഞുപോകുന്നു. കാരണം നമ്മുക്കേറ്റവും അടുത്തുള്ളത് ആത്മാവാണ്. വിചാരങ്ങള്‍ അന്യങ്ങളും.
ചോ: ഒടുവില്‍ എല്ലാം തന്മയമായിത്തീരുന്നു. അല്ലേ?
മഹര്‍ഷി: അതെ. സംസ്കാരത്തിന്റെ പരിപൂര്‍ണ്ണാവസ്ഥ ആത്മാനുഭൂതിയാണ്.
ചോ: സംസ്കാരം തൊട്ടുതെറിച്ചിട്ടില്ലാത്ത ആദിവാസികള്‍ പോലും ഇന്നത്തെ ബുദ്ധിജീവികളെക്കാളും സാക്ഷാല്‍ക്കാരത്തിനു സമീപം നില്‍ക്കുകയാണെന്നു തോന്നുന്നു.
മഹര്‍ഷി: അനുഭൂതിമാനായ ഒരു ജ്ഞാനി ബാഹ്യദൃഷ്ടിക്കു സംസ്ക്കാരവിഹീനനെപ്പോലെ തോന്നപ്പെടും. അതുകൊണ്ട് അതുപോലുള്ള മറ്റൊരുവന്‍ ജ്ഞാനിയാവുകയില്ല.
ചോ: ജീവിതാനുഭവങ്ങളെല്ലാം ഈശ്വര നിയതിയാണെന്ന് അടങ്ങിയിരിക്കുന്നത് സാക്ഷാല്‍ക്കാരത്തിന് അനുകൂലമല്ലേ?
മഹര്‍ഷി: തന്നെ. എന്നാലും താനും അന്യരും ഈ ലോകവും ഈശ്വരനും ജീവിതാനുഭവങ്ങളും അഖണ്ഡാത്മാവായ തന്നുള്ളിലിരിക്കുന്നതായി കാണുന്ന മഹനീയാവസ്ഥയില്‍ നില്‍ക്കണം.
ഇടക്കൊരു പാര്‍സി വനിതയുടെ ചോദ്യത്തിനുത്തരമായി:
മഹര്‍ഷി: ഉറുമ്പ് കടിക്കുന്നത് ദേഹത്തെയാണ്. നിങ്ങളെയല്ല, ദേഹം നിങ്ങളല്ല. താന്‍ ദേഹമാണെന്നു കരുതുന്നതിനാല്‍ നിങ്ങളെ കടിച്ച അനുഭവം സംജാതമാവുകയാണ്.
ചോ: ആത്മാന്വേഷണത്തില്‍ ബാഹ്യാനുഷ്ഠാങ്ങള്‍ക്ക് സ്ഥാനമുണ്ടോ? ഭഗവാന്‍ ഗുഹകളിലും മറ്റും എകാന്തയില്‍ കഴിഞ്ഞല്ലോ?
മഹര്‍ഷി: നിങ്ങള്‍ ഭഗവാന്‍റെ ശരീരത്തെ ലാക്കാക്കിപ്പറയുകയാണ്. ഭഗവാന്‍ ശരീരമല്ല, ആത്മാവാണ്.
പിന്നീടു ആ സ്ത്രീ ഷെല്ലിയുടെ ഒരു പദ്യം വായിച്ചു.
“within a cavern of mans trackless spirit
Is throned an image so intensly fair
That the adventurous thoughts that wander near it
Worship, and as they kneel, tremble and fear
The splendour of its presence, and the light
Penetrates their dreamlike frame
Fill they become charged with the srength of flame”.
( മനുഷ്യന്‍റെ അതിരറ്റ ഉള്ളിനുള്ളില്‍ ഏതോ ഒരപാര സൗന്ദര്യധാമം വിശ്രമിച്ചുരുളുന്നു. ആ തിരുസന്നിധിയില്‍ അടിഞ്ഞുകൂടുന്ന അനന്തം സാഹസിക ചിന്തകള്‍ അതിനെ ആരാധിക്കുന്നു, അതിന്‍റെ മുമ്പില്‍ മുട്ടുകുത്തുന്നു, അതിനോടു ഭക്തി തോന്നുന്നു. ഭയം തോന്നുന്നു. വിറയ്ക്കുന്നു. ആ തിരുസന്നിധിയില്‍ അവിടെ പ്രകാശിക്കുന്ന തേജോരശ്മികള്‍ ഈ സ്വപ്നവിഗ്രഹങ്ങളില്‍ തുളച്ചുകയറി അവയെ ഊടുരുവെ തന്മയമാക്കിക്കൊള്ളുന്നു.) രമണഭഗവാന്‍ ഷെല്ലിയുടെ കവിതയെ അഭിനന്ദിക്കുകയും കവിയുടെ ആത്മാനുഭവമാണ് കവിതയുടെ പിന്നിലുള്ളതെന്നു പ്രസ്താവിക്കുകയും ചെയ്തു.