സ്വാമി വിവേകാനന്ദന്‍

വിഭൂതിപാദം ആരംഭം
നാമിപ്പോള്‍ യോഗവിഭൂതികളെ വിവരിക്കുന്ന അദ്ധ്യായത്തിലേക്കു കടക്കുകയാണ്.

1. ദേശബന്ധശ്ചിത്തസ്യ ധാരണാ.
ചിത്തസ്യ ചിത്തത്തിന്ന്, ദേശബന്ധഃ ദേശ(ആലംബന വിഷയ)ത്തിലുള്ള ബന്ധനം (മറ്റു വിഷയങ്ങളെ തള്ളിക്കൊണ്ടുള്ള ഉറപ്പിക്കല്‍), ധാരണാ ധാരണയാകുന്നു.
ചിത്തത്തെ ഒരു വസ്തുവിശേഷത്തില്‍ ഊന്നിനിര്‍ത്തുന്നതാകുന്നു ധാരണ.
ശരീരത്തിന്റെ ഉള്ളിലോ പുറത്തോ വല്ല ആശ്രയവിശേഷത്തിലും മനസ്സിനെ ഉറപ്പിച്ച് അതേ നിലയില്‍ നിര്‍ത്തുമ്പോള്‍ ധാരണയുണ്ടാകുന്നു.

2. തത്ര പ്രത്യയൈകതാനതാ ധ്യാനം.
തത്ര (ഏതു വിഷയത്തില്‍ ചിത്തം നിര്‍ത്തിയോ) അതില്‍, പ്രത്യയൈകതാനതാ പ്രത്യയങ്ങ(ജ്ഞാനവൃത്തിക)ളുടെ, ഏക താനതാ പ്രയത്‌നം കൂടാതെയുള്ള ഏകവിഷയകമായ പ്രവാഹം, ധ്യാനം ധ്യാനമാകുന്നു.
ആ വസ്തുവില്‍ അവിച്ഛന്നമായ ജ്ഞാനവൃത്തിപ്രവാഹമാണു ധ്യാനം.

മനസ്സ് ഒരേ വിഷയത്തെപ്പറ്റി ചിന്തിക്കാനും, മൂര്‍ദ്ധാവ് ഹൃദയം തുടങ്ങിയ വല്ല ദേശവിശേഷത്തിലും സ്ഥിരമായി നില്ക്കാനും ശ്രമിക്കുന്നു. സ്ഥാനാന്തരങ്ങളെല്ലാം തള്ളി, ആ ശരീര സ്ഥാനത്തില്‍ക്കൂടി മാത്രം സംവേദനങ്ങളെ ഗ്രഹിക്കാന്‍ അതിനു സാധിച്ചാല്‍, അതു ധാരണയായി. അങ്ങനെ മനസ്സിന് ആ വിഷയത്തില്‍ത്തന്നെ കുറേ നേരം സ്ഥിരമായി നില്ക്കാന്‍ സാധിച്ചാല്‍ അതു ധ്യാനവുമാകും.

3. തദേവാര്‍ത്ഥമാത്രനിര്‍ഭാസം
സ്വരൂപശൂന്യമിവ സമാധിഃ.
തത് ഏവ അതു (ധ്യാനം)തന്നെ, അര്‍ഥമാത്രനിര്‍ഭാസം (ധ്യേയവസ്തുവിന്റെ ആകാരംപൂണ്ടു മറ്റൊരു വസ്തുവിന്റെയും ഭാനമില്ലാതെ) ധ്യേയസ്വരൂപത്തില്‍ മാത്രം സ്ഫുരിച്ചുകൊണ്ടിരിക്കുന്നത്, (അതുകൊണ്ടുതന്നെ) സ്വരൂപശൂന്യം ഇവ ധ്യാനമാകുന്ന സ്വരൂപമൊഴിഞ്ഞപോലെയുള്ളതുമാകുമ്പോള്‍, സമാധിഃ സമാധിയാകുന്നു.
അതുതന്നെ, രൂപങ്ങളെല്ലാം തള്ളി അര്‍ത്ഥംമാത്രം പ്രകാശിക്കുമ്പോള്‍, സമാധിയാകുന്നു.

ധ്യാനത്തില്‍ അതിന്റെ സ്വരൂപം, അഥവാ ബാഹ്യാംശം, വിട്ടുപോകുമ്പോള്‍ സമാധിയായി. ഞാന്‍ ഒരു പുസ്തകത്തെ ധ്യാനിച്ചുകൊണ്ടിരിക്കുന്നുവെന്നു വിചാരിക്കുക. അങ്ങനെ സാവധാനം മനസ്സ് അതില്‍ ഏകാഗ്രമാവുകയും അന്യഥാ പ്രകാശിതമാവാത്ത അതിന്റെ ആന്തരവേദനങ്ങള്‍ (ആശയം, പൊരുള്‍) മാത്രം സ്ഫുരിക്കുകയും ചെയ്യുന്നു. ആ ധ്യാനസ്ഥിതിയാണു സമാധി എന്നു പറയപ്പെടുന്നത്.

4. ത്രയമേകത്ര സംയമഃ
ഏകത്ര ഒരേ വിഷയത്തില്‍ (പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന) ത്രയം (ധാരണാധ്യാനസമാധികളെന്ന) മൂന്നു, സംയമഃ സംയമമാകുന്നു.
(ഈ) മൂന്നും ഒരേ വിഷയത്തില്‍ (ചെയ്താല്‍) സംയമമാകുന്നു.

ഒരു പ്രത്യേകവിഷയത്തില്‍ മനസ്സിനെ നിയോഗിപ്പാനും, അവിടെത്തന്നെ സ്ഥിരീകരിക്കാനും, അനന്തരം സ്വരൂപത്തില്‍ നിന്നു വിഷയത്തെ വേര്‍പെടുത്തിയെടുത്ത് അതില്‍ (അര്‍ത്ഥത്തില്‍) ദീര്‍ഘനേരം സമാധാനം ചെയ്യാനും സാധിച്ചാല്‍ അതു സംയമമാകും. അതായത്, ധാരണാധ്യാനസമാധികള്‍ അനുക്രമിച്ച് ഏകീഭവിക്കുന്നതു സംയമം. ധ്യാനവിഷയത്തിന്റെ സ്വരൂപം മാഞ്ഞുപോയി പൊരുള്‍മാത്രം ചിത്തത്തില്‍ സ്ഫുരിക്കുന്നു.

5. തജ്ജയാത് പ്രജ്ഞാലോകഃ.
തജ്ജയാത് അതിന്റെ (സംയമത്തിന്റെ) ജയം (വശീകരണം)കൊണ്ട്, പ്രജ്ഞാലോകഃ പ്രജ്ഞ(ജ്ഞേയാകാരവൃത്തി) യുടെ ആലോകം (തെളിച്ചം) ഉണ്ടാകുന്നു.
അതിന്റെ ജയംകൊണ്ട് പ്രജ്ഞയുടെ പ്രകാശം ഉണ്ടാകുന്നു.

സംയമസ്‌ഥൈര്യം സിദ്ധിച്ചവനു സര്‍വ്വശക്തികളും അധീനമാവുന്നു. ഈ സംയമമാണു യോഗിയുടെ പ്രശസ്തമായ ജ്ഞാന സാധനം. ജ്ഞേയങ്ങള്‍ അനന്തമാണ്. അവയെ സ്ഥൂലം, സ്ഥൂലതരം, സ്ഥൂലതമം, സൂക്ഷ്മം, സൂക്ഷ്മതരം, സൂക്ഷ്മതമം എന്നിങ്ങനെ പല പടികളായി വിഭജിച്ചിട്ടുണ്ട്. ആദ്യം സ്ഥൂല വിഷയങ്ങളിലാണു സംയമം ചെയ്യേണ്ടത്. അങ്ങനെ സ്ഥൂലങ്ങളുടെ വിജ്ഞാനം സിദ്ധിച്ചുതുടങ്ങിയാല്‍ ക്രമാനുരോധേന മന്ദം മന്ദം സൂക്ഷ്മവിഷയങ്ങളിലേക്കും കടക്കാം.

6. തസ്യ ഭൂമിഷു വിനിയോഗഃ.
തസ്യ അതിന്റെ (സംയമത്തിന്റെ), വിനിയോഗഃ പ്രവൃത്തി, ഭൂമിഷു ഭൂമികകളില്‍, വേണ്ടതാണ്.
അതു പടിപടിയായി വേണം ചെയ്യാന്‍.
അതിശീഘ്രം പുരോഗമിക്കാന്‍ ഉദ്യമിക്കരുതെന്നുള്ള ഒരു മുന്നറിയിപ്പാണ് ഈ ഉപദേശം.

7. ത്രയമന്തരംഗം പൂര്‍വ്വേഭ്യഃ.
ത്രയം ധാരണാധ്യാനസമാധികളെന്ന ഈ മൂന്നു (സംയമം), പൂര്‍വ്വേഭ്യഃ മുന്‍പറഞ്ഞ (യമം മുതലായ)വയില്‍നിന്ന്, അന്തരംഗം അന്തരംഗമാകുന്നു.
ഈ മൂന്ന്, മുന്‍പുള്ളവയെക്കാളും ഉള്ളിലേതാണ്.

ഇതിനുമുമ്പ് പ്രത്യാഹാരം, പ്രാണായാമം, ആസനം യമനിയമങ്ങള്‍ എന്നിവയെപ്പറ്റി നിരൂപിച്ചുവല്ലോ. അവ ഈ മൂന്നിന്റെയും ബഹിരംഗങ്ങളാകുന്നു. ഈ അന്തരംഗത്രയം സിദ്ധമായാല്‍ ഒരുവന്നു സര്‍വ്വജ്ഞത്വവും സര്‍വ്വശക്തിത്വവും പ്രാപിക്കാം. എന്നാല്‍ അതു മോക്ഷപ്രാപ്തിയല്ല. ഇവ മൂന്നും ചിത്തത്തെ പരിണാമശൂന്യമായ നിര്‍വ്വികല്പം (നിര്‍ബീജം) ആക്കുന്നില്ല: വീണ്ടും ശരീരോത്പത്തിക്കു ഹേതുവായ കര്‍മ്മബീജങ്ങളെ അവശേഷിപ്പിക്കുന്നുണ്ട്. യോഗി പറയുന്നതുപോലെ, വിത്തുകളെ വറുക്കുമ്പോഴേ അവയുടെ അങ്കുരോത്പാദനസാമര്‍ത്ഥ്യം നശിക്കൂ. ഈ സര്‍വ്വജ്ഞത്വാദി വിഭൂതികള്‍ക്കു ബീജദാഹകശക്തിയില്ല.

8. തദപി ബഹിരംഗം നിര്‍ബീജസ്യ
തത് അത് (സംപ്രജ്ഞാതയോഗത്തിന് അന്തരംഗമായ സംയമം), അപി പോലും, നിര്‍ബീജസ്യ അസംപ്രജ്ഞാത സമാധിക്ക്, ബഹിരംഗം ബഹിരംഗമാകുന്നു.
എന്നാല്‍ അവ പോലും നിര്‍ബീജസമാധിക്കു പുറത്തേതാണ്.

ഈ ധാരണാദികളും, ബീജനാശകങ്ങളല്ലാത്തതിനാല്‍ നിര്‍ബീജസമാധിയെ അപേക്ഷിച്ചു ബഹിരംഗമേ ആകുന്നുള്ളു. നാമിപ്പോഴും (സംയമം സിദ്ധിച്ചിരിക്കുമ്പോഴും) യഥാര്‍ത്ഥ നിര്‍ബീജസമാധിയില്‍, യോഗത്തിന്റെ പരമോച്ചകോടിയില്‍, എത്തിയിട്ടില്ല: അതിനെ അപേക്ഷിച്ച് അപരമായ, ഈ പ്രപഞ്ചം നാമിപ്പോള്‍ കാണുംപോലെതന്നെ (ദൃശ്യമായി) ശേഷിക്കുന്ന ഒരു ഭൂമികയിലാണു നിലകൊള്ളുന്നത്. അതിലന്തര്‍ഭവിച്ചതത്രേ ഈ വിഭൂതികളെല്ലാം.

9. വ്യുത്ഥാനനിരോധസംസ്‌കാരയോരഭിഭവ –
പ്രാദുര്‍ഭാവൗ നിരോധക്ഷണചിത്താന്വയോ
നിരോധപരിണാമഃ
വ്യുത്ഥാനനിരോധസംസ്‌കാരയോഃ സംപ്രജ്ഞാത സമാധിയുടെ സംസ്‌കാരത്തിന്റെയും അസംപ്രജ്ഞാതസമാധിയുടെ സംസ്‌കാരത്തിന്റെയും, അഭിഭവപ്രാദുര്‍ഭാവൗ അഭിഭവവും പ്രാദുര്‍ഭാവവും ഉണ്ടാകുമ്പോള്‍, നിരോധക്ഷണ ചിത്താന്വയഃ അസംപ്രജ്ഞാത യോഗത്തിന്റെ ക്ഷണത്തോടുകൂടിയ ചിത്തത്തിനു ധര്‍മ്മിമാത്രമായുള്ള ഇരിപ്പ്, നിരോധപരിണാമഃ നിരോധപരിണാമമാകുന്നു.
വ്യുത്ഥാനസംസ്‌കാരത്തിന്റെ അമര്‍ച്ചയും നിരോധ സംസ്‌കാരത്തിന്റെ ഉയര്‍ച്ചയുംകൊണ്ട് ആ നിരോധക്ഷണത്തിലുള്ള ചിത്തം നിരോധപരിണാമത്തെ പ്രാപിക്കുന്നു എന്നു പറയുന്നു.

ഭാവം ഇതാണ്; നിര്‍ബീജസമാധിയുടെ പ്രാരംഭദശയില്‍ ചിത്തവൃത്തികള്‍ നിരുദ്ധമായിട്ടുണ്ടെങ്കിലും, അതു നിശ്ശേഷമല്ല. കാരണം, നിശ്ശേഷനിരുദ്ധമായിരുന്നുവെങ്കില്‍ പിന്നീടു പരിണാമങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. ചിത്തത്തെ ഇന്ദ്രിയദ്വാരാ ബഹിര്‍മുഖമാക്കാന്‍ പോന്ന ഒരു സംസ്‌കാരം ഉദിക്കുകയും യോഗി അതിനെ നിരോധിക്കാന്‍ നോക്കുകയും ചെയ്യുമ്പോള്‍ ആ നിരോധംതന്നെ ഒരു പരിണാമമായിരിക്കും. അങ്ങനെ ഒരു സംസ്‌കാരം മറ്റൊന്നിനാല്‍ നിരുദ്ധമാകുമ്പോഴുള്ള ചിത്തസ്ഥിതി, സര്‍വ്വപരിണാമങ്ങളും അസ്തമിച്ചുപോയ യഥാര്‍ത്ഥ (നിര്‍ബീജ) സമാധിയല്ല. എന്തുകൊണ്ടെന്നാല്‍ നിരോധംതന്നെ ഒരു പരിണാമമാണല്ലോ. എന്നിരുന്നാലും ഈ അപരസമാധി (നിരോധപരിണാമം), വൃത്തികള്‍ വ്യുത്ഥാനം ചെയ്തുകൊണ്ടിരിക്കുന്ന ചിത്തനിലയെ അപേക്ഷിച്ചു നിര്‍ബീജസമാധിയോടു തുലോം അടുത്തതാകുന്നു.

10. തസ്യ പ്രശാന്തവാഹിതാ സംസ്‌കാരാത്.
സംസ്‌കാരാത് നിരോധവാസന വര്‍ദ്ധിക്കുന്നതുകൊണ്ട്, തസ്യ (വ്യുത്ഥാനസംസ്‌കാരം നിശ്ശേഷം നീങ്ങിയ്) ചിത്തത്തിന്, പ്രശാന്തവാഹിതാ നിരോധം മാത്രമായി പ്രവഹിച്ചുകൊണ്ടിരിക്കുന്ന പരിണാമം (നിരോധസംസ്‌കാരപരമ്പരയുടെതന്നെ ഒരേ ഒരൊഴുക്ക്) ഉണ്ടാകുന്നു.

അഭ്യാസംകൊണ്ട് അതിന്റെ ഒഴുക്ക് ഒരേപോലെയാകുന്നു.
നിത്യനിരന്തരമായി ശീലിക്കപ്പെടുന്ന നിരോധത്താല്‍ ആ സംസ്‌കാരങ്ങള്‍ അവിച്ഛിന്നമായി പ്രവഹിക്കുകയും ചിത്തത്തിനു സമാധിസ്‌ഥൈര്യം സിദ്ധിക്കുകയും ചെയ്യുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 340-345]