ശ്രീ രമണമഹര്‍ഷി
ഫെബ്രുവരി 13, 1937
രാവിലെ 7.30നു രമണമഹര്‍ഷി കുന്നിന്മേല്‍ കയറുകയായിരുന്നു. കുന്നിന്‍റെ മുകളിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പാദാനന്ദന്‍ എന്ന ഭക്തന്‍ ഭഗവാനെ സാഷ്ടാംഗം നമസക്കരിച്ചിട്ട് എഴുന്നേറ്റുനിന്ന് ‘ഇന്നെനിക്കു പുണ്യദര്‍ശനം കിട്ടി’ എന്നുപറഞ്ഞു സന്തോഷിച്ചു. ഭഗവാന്‍ ചിരിച്ചുകൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു. ‘ആരുടെ ദര്‍ശനം? നിങ്ങള്‍ എനിക്ക് പുണ്യദര്‍ശനം തന്നു എന്ന് എന്തു കൊണ്ട് പറഞ്ഞില്ല.’
ഫെബ്രുവരി 14, 1937
ലക്നോയിലെ ഒരാഢ്യന്‍ പാള്‍ബ്രണ്ടനെഴുതിയ കത്തില്‍ തന്‍റെ ഭാര്യക്ക് മുമ്പുണ്ടായിരുന്ന മനഃശാന്തി ഇപ്പോള്‍ കുറഞ്ഞുപോയി എന്നും പരിപൂര്‍ണ്ണ ശാന്തി ഉണ്ടാകാന്‍ ഭഗവാനോട് പ്രാര്‍ഥിക്കുന്നു എന്നും എഴുതിയിരുന്നു. ഒരിക്കല്‍ ഉണ്ടായ ശാന്തിക്ക് പിന്നീട് കുറവുവരുന്നത് മനോദൗര്‍ബല്യം മൂലമാണെന്നു ഭഗവാനു പറഞ്ഞു.
രമണമഹര്‍ഷിക്ക് പതിവായി ഭിക്ഷ കൊടുത്തിരുന്ന സ്ത്രീയുടെ മകന്‍, മുതലിയാര്‍സ്വാമി ഒരിക്കല്‍ പറയുകയുണ്ടായി:
“ഭഗവാന്‍ വിരൂപാക്ഷഗുഹയില്‍ താമസിക്കുമ്പോള്‍ ഒരു ദിവസം ഞാനും സ്കന്ദാശ്രമത്തിലോട്ടു നടന്നുപോയി. ഇടയില്‍ ഉദ്ദേശം 15 അടി പൊക്കമുള്ള ഒരു പാറ ഉണ്ടായിരുന്നു. അതിന് സമീപം ഒരു കോനാര്‍ പെണ്ണ് കരയുന്നതുകണ്ടു. കാരണം ചോദിച്ചപ്പോള്‍ അവളുടെ ഒരാട് വലിയ വിള്ളലിനുള്ളില്‍ വീണ് കാണാതായിരിക്കുന്നതായി സങ്കടപ്പെട്ടു. ഭഗവാന്‍ ആ ദുഷ്പ്രാപ്യമായ വിള്ളലിനുള്ളില്‍ ഇറങ്ങി ആടിനെ കഴുത്തില്‍ പിടിച്ചു തന്‍റെ ചുമലില്‍ തൂക്കികൊണ്ട് വെളിയില്‍ കൊണ്ടുവന്നു കൊടുത്തു.”
നെല്ലൂരിലെ ഒരു കോളേജ് പ്രൊഫസ്സര്‍ സുബ്ബരാമയ്യ മുക്തിയെപ്പറ്റി ചോദിച്ചു.
മുക്തിയെപ്പറ്റി ഒരു ചോദ്യമേ തെറ്റാണ്. മുക്തി ബന്ധത്തെ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥത്തില്‍ ബന്ധമില്ലതാനും.
ചോ: ശാസ്ത്രങ്ങള്‍ പറയുന്നല്ലോ.
മഹര്‍ഷി: ശാസ്ത്രം വിവേകികള്‍ക്കു വേണ്ടിയുള്ളതല്ല. പാമരന്മാര്‍ക്കു അത്യാവശ്യവുമില്ല.
ഭഗവാന്‍: ലോകം സ്ഥിതി ചെയുന്നു എന്ന് ആ ലോകം പറയുന്നില്ല. തന്നില്‍ ‘ഞാന്‍’ ഉദയമാകുന്നതോടുകൂടി ലോകവും ഉദയമാവുന്നു.
ഗണപതിമുനി : എനിക്കു ഇന്ദ്രലോകത്ത് പോയി ഇന്ദ്രനെക്കാണാനും ബുദ്ധിമുട്ടില്ല. എന്നാല്‍ എന്നുള്ളില്‍ ഇരിക്കുന്ന ‘ഞാന്‍’ ആരെന്നറിയാന്‍ പ്രയാസമാണ്.
*** www.sreyas.in/ramana സന്ദര്‍ശിക്കൂ. Sreyas പേജ് ലൈക് ചെയ്യൂ. ***