സ്വാമി വിവേകാനന്ദന്‍

35. ഹൃദയേ ചിത്തസംവിത്

ഹൃദയേ ഹൃദയത്തില്‍ സംയമം ചെയ്യുന്നതുകൊണ്ട്, ചിത്ത സംവിത് സ്വചിത്തഗതങ്ങളും പരചിത്തഗതങ്ങളുമായ രാഗാ ദിവാസനകളുടെ സംവിത് (ജ്ഞാനം) സിദ്ധിക്കുന്നു.
ഹൃദയത്തില്‍, ചിത്തങ്ങളുടെ ജ്ഞാനം.

36. സത്ത്വപുരുഷയോരത്യന്താസങ്കീര്‍ണ്ണയോഃ
പ്രത്യയാവിശേഷാദ്‌ഭോഗഃ, പരാര്‍ത്ഥത്വാ –
ദന്യഃ, സ്വാര്‍ത്ഥസംയമാത് പുരുഷജ്ഞാനം

അത്യന്താസങ്കീര്‍ണ്ണയോഃ ഏറ്റവും ഭിന്നങ്ങളായ, സത്ത്വ- പുരുഷയോഃ ബുദ്ധിസത്ത്വത്തിന്റെയും പുരുഷന്റെയും, പ്രത്യയാവിശേഷാത് വേര്‍തിരിച്ചറിവില്ലായ്മകൊണ്ട് (ഒന്നെന്നറിയുന്നതു കൊണ്ട്) ഭോഗഃ ഭോഗം ഉണ്ടാകുന്നു. (തസ്യ), പരാര്‍ഥത്വാത് അതിനു പരാര്‍ത്ഥത്വം ഉള്ളതുകൊണ്ട്, ഭോഗം പരാര്‍ത്ഥമാകയാല്‍, (സഃ പരഃ ആ പരന്‍, ഭോക്താവായ പുരുഷന്‍, ശുദ്ധപുരുഷാത് ശുദ്ധപുരുഷനില്‍നിന്ന്) അന്യഃ ഭിന്നനാകുന്നു. സ്വാര്‍ഥസംയമാത് ആ സ്വാര്‍ത്ഥനില്‍ – ഭോക്താവായ പരനില്‍ – സംയമം ചെയ്യുന്നതുകൊണ്ട്, പുരുഷ ജ്ഞാനം = യഥാര്‍ത്ഥത്തില്‍ ചിന്മാത്രസ്വരൂപനായ പുരുഷന്റെ ബോധമുണ്ടാകുന്നു.

അത്യന്തഭിന്നങ്ങളായ സത്ത്വപുരുഷന്മാരെ വിവേചിക്കായ്ക നിമിത്തമാണു ഭോഗമുണ്ടാവുന്നത്. ബുദ്ധിയുടെ പ്രവൃത്തി പരന്നുവേണ്ടിയാകയാല്‍ അതു സ്വാര്‍ത്ഥനില്‍നിന്നു ഭിന്നമാണ്. സ്വാര്‍ത്ഥസംയമത്താല്‍ പുരുഷജ്ഞാനം ഉണ്ടാകുന്നു.

പ്രകാശവും സുഖവുമാകുന്ന ലക്ഷണത്തോടുകൂടിയ ബുദ്ധിസത്ത്വം പ്രകൃതിയുടെ ഒരു വികാരവും ആത്മാവായ പുരുഷനുവേണ്ടി പ്രവര്‍ത്തിക്കുന്നതുമാകുന്നു. ബുദ്ധിസത്ത്വം അഹന്താരഹിതമായി ചിന്മാത്രനായ പുരുഷനാല്‍ പ്രകാശിതമാവുമ്പോള്‍ അതിനെ സ്വാര്‍ത്ഥന്‍ എന്നു പറയുന്നു. എന്തുകൊണ്ടെന്നാല്‍ ആ അവസ്ഥയില്‍ അതു സര്‍വ്വസംബന്ധാതീതമാകുന്നു.

37.തതഃ പ്രാതിഭശ്രാവണവേദനാദര്‍ശാസ്വാദ –
വാര്‍ത്താ ജായന്തേ

തതഃ സ്വാര്‍ത്ഥ സംയമത്താല്‍ത്തന്നെ, പ്രാതിഭ – ശ്രാവണ വേദന – ആദര്‍ശ – വാര്‍ത്താഃ മുന്‍പറഞ്ഞ പ്രാതിഭജ്ഞാന – ശ്രാവണ ജ്ഞാനം (ദിവ്യശബ്ദശ്രവണം), വേദജ്ഞാനം (ദിവ്യസ്പര്‍ ശാനുഭവം), ആദര്‍ശജ്ഞാനം (ദിവ്യരൂപദര്‍ശനം), ആസ്വാദനം (ദിവ്യരസാസ്വാദം), വാര്‍ത്താജ്ഞാനം (ദിവ്യഗന്ധാനുഭവം) എന്നിവയും, ജായന്തേ ഉണ്ടാകുന്നു.

അതില്‍നിന്നു പ്രാതിഭമായ ജ്ഞാനവും (അലൗകികങ്ങളായ) ശബ്ദസ്പര്‍ശരൂപസുഗന്ധങ്ങളുടെ അനുഭവവും ഉണ്ടാകുന്നു.

38. തേ സമാധാവുപസര്‍ഗാ വ്യുത്ഥാനേ സിദ്ധയഃ

തേ ആ പ്രാതിഭാദികള്‍, സമാധൗ = സമാധിയില്‍, ഉപസര്‍ഗാഃ ഉപദ്രവ (മോക്ഷവിഘ്‌ന) കരങ്ങളാകുന്നു: വ്യുത്ഥാനേ = വ്യവഹാരത്തില്‍, സിദ്ധയഃ = സിദ്ധികളാകുന്നു.
ഇവ സമാധിക്കു വിഘ്‌നങ്ങളാണ്: എങ്കിലും ലൗകിക നിലയ്ക്കു സിദ്ധികളാണ്.

സത്ത്വപുരുഷന്മാരുടെ സംയോഗത്തില്‍നിന്നു ഭോഗപ്രത്യയം ഉദിക്കുന്നു എന്നത്രേ യോഗമതം. അവ രണ്ടും, പ്രകൃതിയും പുരുഷനും, അത്യന്തഭിന്നങ്ങളാണെന്നുള്ള പ്രത്യയത്തില്‍ സംയമം ചെയ്യുന്ന യോഗിക്കു പുരുഷജ്ഞാനം ലഭിക്കും, അതില്‍നിന്നാണു വിവേകഖ്യാതിയുടെ ഉദയം. ആ വിവേകഖ്യാതിലാഭത്തില്‍ അയാള്‍ക്കു പ്രാതിഭമായ നിരതിശയ ജ്ഞാനശക്തിയും സിദ്ധിക്കുന്നു. എന്നാല്‍ ഈ വക സിദ്ധികള്‍ പരമപദപ്രാപ്തിക്ക്, ആത്മസാക്ഷാത്കാരത്തിനും കൈവല്യത്തിനും, പ്രതിബന്ധങ്ങളാകുന്നു. വഴിമദ്ധ്യേ കണ്ടെത്തുന്നവയത്രേ ഈ സിദ്ധികള്‍. അവയെ ത്യജിക്കുന്നപക്ഷം യോഗിക്കു കൈവല്യപദം പ്രാപിക്കാം. അവ സമ്പാദിക്കാനാണ് അയാള്‍ക്ക് ഇച്ഛയെങ്കില്‍, പിന്നീടുള്ള പുരോഗതി നിലച്ചുപോകുന്നു.

39.ബന്ധകാരണശൈഥില്യാത് പ്രചാരസം –
വേദനാച്ച ചിത്തസ്യ പരശരീരാവേശഃ.

ബന്ധകാരണശൈഥില്യാത് ചിത്തത്തിന്റെ ബന്ധകാരണത്തിനു ശൈഥില്യം സംഭവിക്കുന്നതുകൊണ്ടും, പ്രചാരസംവേദനാത് ച ചിത്തത്തിന്റെ പ്രചാരമായ (വ്യാപാരമാര്‍ഗ്ഗമായ) നാഡീ വ്യൂഹത്തിന്റെ സംവേദനത്താലും, ചിത്തസ്യ യോഗിചിത്തത്തിനു, പരശരീരാവേശഃ സ്വശരീരത്തിലെപ്പോലെ അന്യശരീരങ്ങളിലും വ്യാപാരസാമര്‍ത്ഥ്യം ഉണ്ടാകുന്നു.

ചിത്തത്തിന്റെ ബന്ധകാരണങ്ങള്‍ ശിഥിലീഭവിക്കുമ്പോള്‍, യോഗി, അതിന്റെ വ്യാപാരസരണി (നാഡി)കളെക്കുറിച്ചു തനിക്കുള്ള ജ്ഞാനംകൊണ്ടു പരകായത്തില്‍ പ്രവേശിക്കുന്നു. ഒരു ശരീരത്തില്‍ വ്യാപരിച്ചുകൊണ്ടിരിക്കെത്തന്നെ യോഗിക്കു മറ്റൊരു മൃതശരീരത്തില്‍ പ്രവേശിച്ച് അതിനെ സജീവമാക്കി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. വേണമെങ്കില്‍ ഒരു ജീവശരീരത്തില്‍ത്തന്നെ പ്രവേശിച്ച്, ആ മനുഷ്യന്റെ ഇന്ദ്രിയമനസ്സുകളെ തല്ക്കാലം സ്വാധീനമാക്കി ആ ശരീരത്തില്‍ക്കൂടി വ്യാപരിക്കാനും കഴിയും. പ്രകൃതിപുരുഷവിവേചനസാമര്‍ത്ഥ്യമാകുന്ന ഈ (പ്രതിഭ) ജ്ഞാനം സിദ്ധിച്ച യോഗിക്കാണ് ഇതു സാദ്ധ്യമാവുന്നത്. അയാള്‍ക്കു പരകായത്തില്‍ പ്രവേശിക്കണമെങ്കില്‍ ആ കായത്തില്‍ സംയമം ചെയ്തിട്ടു പ്രവേശിക്കാം. എന്തുകൊണ്ടെന്നാല്‍, ആത്മാവിനെപ്പോലെതന്നെ അയാളുടെ ചിത്തവും വിഭു (സര്‍വവ്യാപകം) ആണെന്നാണു യോഗശാസ്ത്രസിദ്ധാന്തം. ഓരോ വ്യഷ്ടിചിത്തവും സമഷ്ടിചിത്തത്തിന്റെ (മഹത്തത്ത്വത്തിന്റെ) ഓരോ അംശമാണ്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ഈയൊരു ശരീരത്തിലെ നാഡീധാരകള്‍ വഴിക്കേ അതിനു വ്യാപരിക്കാനാവൂ. ഈ നാഡീബന്ധങ്ങളില്‍നിന്നു മോചനം നേടുമ്പോള്‍ മറ്റു വസ്തുക്കളിലും വ്യാപാരം സാധ്യമാവുന്നു.

40. ഉദാനജയാദ് ജലപങ്കകണ്ടകാദി –
ഷ്വസംഗ ഉത്ക്രാന്തിശ്ച.

ഉദാനജയാത് ഉദാനവായുവെ ജയിച്ചാല്‍, ജലപങ്കകണ്ടകാദിഷു ജലാശയങ്ങള്‍, ചളി, മുള്ള് മുതലായവയില്‍ യോഗിക്ക്, അസംഗഃ പറ്റിപ്പോകായ്കയും, ഉത്ക്രാന്തിഃ ച സ്വച്ഛന്ദമൃത്യുവും ഉണ്ടാകുന്നു.
ഉദാനവൃത്തിയെ സ്വാധീനമാക്കുന്നതുകൊണ്ടു യോഗി വെള്ളത്തിലോ ചളിയിലോ താണുപോകില്ല. മുള്ളിന്‌മേലും മറ്റും നടക്കാം: സ്വച്ഛന്ദം മരിക്കുകയും ചെയ്യാം.

ഉദാനന്‍ എന്നതു ശ്വാസകോശങ്ങളെയും ശരീരത്തിന്റെ ഊര്‍ദ്ധ്വഭാഗങ്ങളെയും നിയന്ത്രിക്കുന്ന പ്രാണവൃത്തിവിശേഷമാണ്. അതിനെ ജയിച്ച യോഗിയുടെ ശരീരത്തിനു ലാഘവം സിദ്ധിക്കുന്നതിനാല്‍ അയാള്‍ വെള്ളത്തില്‍ താണുപോകുന്നില്ല. അയാള്‍ക്കു മുള്ളിന്‌മേലും വാളിന്റെ വായ്ത്തലയിന്‌മേലും നടക്കാം. തീയില്‍ കടന്നുനില്ക്കാം, ഇഷ്ടമുള്ളപ്പോള്‍ ദേഹം ത്യജിക്കുകയും ചെയ്യാം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 356-361]