ശ്രീ രമണമഹര്‍ഷി
ഫെബ്രുവരി 21, 1938
തന്‍റെ മൂന്നു പഴയ ഭക്തന്മാരെപ്പറ്റി ഭഗവാന്‍ പ്രസ്താവിക്കുകയുണ്ടായി.
ഞാന്‍ ഗുരുമുഹൂര്‍ത്തത്തിലിരുന്നപ്പോള്‍ എന്നെപ്പറ്റി കേട്ടറിഞ്ഞ് പളനിസ്വാമി എന്‍റെ അടുക്കല്‍ വന്നു. അവിടെ ജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചിരുന്നതിനാല്‍ ഞങ്ങള്‍ അല്‍പ്പം അകലെയുള്ള മാന്തോപ്പില്‍ വന്നിരുന്നു. അവിടെ ഞങ്ങള്‍ക്കിരിക്കാന്‍ പളനിസ്വാമി രണ്ടു ഫ്ലാറ്റുഫാറം കെട്ടി. പളനിസ്വാമി ഞാന്‍ വിലക്കിയതിനെ വകവെയ്ക്കാതെ എന്നും വെളിയില്‍ പോയി ഭിക്ഷയെടുത്തു കൊണ്ട് വരും. പിന്നീട് ഞങ്ങള്‍ അവിടെ നിന്നും മാറി പവിഴക്കുന്നില്‍ പോയി ഇരുന്നു. വിരൂപാക്ഷഗുഹയില്‍ പളനിസ്വാമി കുറെവര്‍ഷം താമസിച്ചു. ചില്ലറക്കൂലിപ്പണികള്‍ ചെയ്തു കിട്ടുന്ന കാശുകള്‍ അയാള്‍ ടവുണില്‍ ഒരാളിന്‍റെ പക്കല്‍ കരുതല്‍ ധനമായി ഏല്‍പ്പിക്കുകയും ചിലപ്പോള്‍ ആവശ്യം നേരിടുമ്പോള്‍ അതില്‍ നിന്നും കാശ് വാങ്ങിവരുകയും ചെയ്തിരുന്ന ആരോടും ഒന്നും അപേക്ഷിക്കുകയില്ല. വലിയേ കൊടുത്താലും മേടിക്കുകയില്ല. നല്ല വിരക്ത്നാണ്. അയ്യാളുടെ സ്വന്തം ഗ്രാമത്തില്‍ ബന്ധുക്കള്‍ അയാള്‍ക്കെല്ലാം കൊടുക്കാമെന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ എന്നെക്കരുതി അവസാനം വരെ എന്നോടുകൂടി താമസിക്കുകയാണുണ്ടായത്. അയാളുടെ അന്ത്യകാലത്ത് എപ്പോഴും അയ്യാളുടെ സമീപത്തു തന്നെ ഇരുന്നിരുന്നു.
പളനിസ്വാമിയോട് അത്യന്ത സ്നേഹത്തില്‍ കഴിഞ്ഞ ചങ്ങാതിയാണ് അയ്യസ്വാമി. അയാള്‍ സൗത്താഫ്രിക്കയില്‍ ഒരു വെള്ളക്കാരനോടുകൂടി കഴിഞ്ഞ് വന്നയാളാണ്. പളനി പറയാതെ തന്നെ അയാളുടെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കും. ഒരേസമയം പത്താശ്രമം പരിപാലിക്കാനുള്ള കഴിവുണ്ട്. വ്യക്തിപരമായ ഒരാഗ്രഹവും അയാള്‍ക്കില്ല.
അണ്ണാമലയില്‍ ആദ്യം വിരൂപാക്ഷ ഗുഹയില്‍ വന്നാണ് മഹര്‍ഷിയെക്കണ്ടത്. അയാള്‍ പിന്നീട് കോവിലൂര്‍ പോയി ത്മിഴ്ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടു വീണ്ടും വിരൂപാക്ഷ ഗുഹയില്‍ വന്നു. 1922 ല്‍ 29* വയസ്സില്‍ മരിച്ചു. അതിനിടയില്‍ 36 തമിഴ് ഭക്തിഗാനങ്ങളെഴുതി. ഭഗവാന്‍ ആ ഗാനങ്ങള്‍ എല്ലാപേരേയും വായിച്ചു കേള്‍പ്പിച്ചു വ്യാഖ്യാനിച്ചു കൊടുക്കുകയുണ്ടായി.
മാര്‍ച്ച് 5 , 1938
464. അരുണാചല മാഹാത്മ്യത്തില്‍ നിന്നും ഒരു ഭാഗം വായിച്ചു.അതൊരു ( കാലു) നൊണ്ടിയുടെ കഥയാണ്. നൊണ്ടിക്കുപ്പയ്യരെ ഗുരുമുഹൂര്‍ത്തത്തില്‍ വെച്ചാണ് ഭഗവാന്‍ ആദ്യമായി കണ്ടത്. ഒരു ദിവസം അയാള്‍ വേട്ടമ്പലം എന്ന സ്ഥലത്തേക്ക് ചന്തികൊണ്ടിഴഞ്ഞു പോവുകയായിരുന്നു. ഒരു വൃദ്ധന്‍ പെട്ടെന്നയാളുടെ മുമ്പില്‍ പ്രത്യക്ഷനായി. അയാളോട് എണീറ്റ് തന്നോടൊപ്പം നടക്കാനാവശ്യപ്പെട്ടു. കുപ്പയ്യര്‍ ആശ്ചര്യപ്പെട്ടു. അയാളറിയാതെ തന്നെ സ്വന്ത്രനായി നടന്ന്‍ തുടങ്ങി. അല്പം ചെന്ന് നോക്കിയപ്പോള്‍ വൃദ്ധനെ കാണാനില്ലായിരുന്നു. താന്‍ കണ്ട എല്ലാവരോടും അയാള്‍ ഇക്കാര്യം പറഞ്ഞു. കുപ്പയ്യര്‍ നടക്കുന്നതിനെ കണ്ടിട്ടു എല്ലാവരും ആശ്ചര്യപ്പെട്ടു. ഗ്രാമത്തില്‍ പ്രായമുള്ള എല്ലാവര്‍ക്കും കുപ്പായ്യര്‍ക്കു കാലുണ്ടായ കാര്യമറിയാം. പെണ്‍പള്ളിക്കൂടത്തിലെ ഒരു പെണ്‍കുട്ടിയെ ആരോ വശീകരിച്ചുകൊണ്ടുപോയി അവളുടെ ആഭരണങ്ങളപഹരിക്കാന്‍ ശ്രമിച്ചു. പെട്ടെന്നൊരു വൃദ്ധന്‍ രംഗത്തെത്തി പെണ്‍കുട്ടിയെ രക്ഷിച്ച് അവളുടെ ഭവനത്തില്‍ കൊണ്ടാക്കീട്ട് അപ്രത്യക്ഷനായി. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ തിരുവണ്ണാമലയില്‍ നടക്കുന്നുണ്ടായിരുന്നു.
മാര്‍ച്ച് 6, 1938
പെന്‍ഷന്‍പറ്റിയ ഒരു ഹൈക്കോടതി ജഡ്ജിക്ക് ഭഗവാന്‍ ഉപദേശസാരത്തില്‍നിന്നും ചില ഭാഗങ്ങള്‍ വിശദീകരിച്ചു കൊടുത്തു.
1. ധ്യാനം ഒരു പ്രവാഹം എന്ന പോലെ അഭംഗുരമായി ഉണ്ടാകേണ്ടതാണ്. ഈ അഖണ്ഡിത ധ്യാനത്തെ സമാധിയെന്നോ കുണ്ഡലനീശക്തി എന്നോ പറയും.
2. മനസ്സ് ആത്മാവിനോട് ചേര്‍ന്ന് ലയിച്ചിരിക്കണം. അതു വീണ്ടും ഉണരണം. ഉണര്‍ന്നാല്‍ അത് പഴയമട്ടില്‍ പൂര്‍വ്വവാസനകളോടുകൂടി ഇരിക്കും. ഒടുവില്‍ മനോവൃത്തികളെ നിശ്ശേഷം നശിപ്പിക്കാം. സമാധി അവസ്ഥ നമ്മില്‍ ഇപ്പോഴും ഉണ്ട്. അഭ്യാസം കൊണ്ട് നാം നമ്മുടെ ആ ആദി അവസ്ഥയില്‍ എത്തിച്ചേരണമെന്നെ ഉളളൂ. ഇടയ്ക്ക് ഈ അവസ്ഥയില്‍ നിന്നും ഉണര്‍ന്ന്‍ ലോകത്തെ നേരിടണം. മറിച്ച് നിര്‍വ്വികല്‍പ്പ സമാധിയില്‍ കല്ലുപോലെ ഇരുന്നതിന്‍റെ ഫലമെന്ത്? എന്നാല്‍ സഹജസമാധിയില്‍ പ്രപഞ്ചദൃശ്യത്തിന്‍റെ യാതൊരു ബാധയും അവനുണ്ടായിരുക്കകയില്ല. സിനിമാസ്ക്രീനില്‍ പല ചിത്രങ്ങളും കാണാം, അഗ്നിബാധയാല്‍ കേട്ടിട്ടങ്ങള്‍ എരിഞ്ഞു വീഴുന്നുണ്ടാവും. വെള്ളപ്പൊക്കത്തില്‍ ഭൂവിഭാഗങ്ങള്‍ പോലും ഇടിഞ്ഞുവീണോഴുകുന്നുണ്ടാവും. പക്ഷേ തിരശീല കരിഞ്ഞിരിക്കുകയില്ല. നനഞ്ഞിരിക്കുകയില്ല. അതു പോലെ പ്രപഞ്ചകാഴ്ചകള്‍ എല്ലാം ജ്ഞാനിയുടെ മുമ്പില്‍ക്കൂടി കടന്നു പോകും. ജ്ഞാനി നിര്‍വ്വികാരനായിരിക്കും. നിങ്ങള്‍ ചോദിക്കാം, ലോകക്കാഴ്ചയില്‍ ജങ്ങള്‍ക്ക്സുഖദുഃഖങ്ങള്‍ ഏര്‍പ്പെടുന്നുവെന്നു. അത് അമിതഭാവനമൂലമാണ്. നിരന്തര ധ്യാനം മൂലവും മനനംമൂലവും ദേഹാത്മബുദ്ധിക്കു ഹേതുവായ വാസനകളെ ഒഴിക്കുമ്പോള്‍ നിരന്തരമായ ആനന്ദാനുഭവം ഉണ്ടാകും.
ചോദ്യം: ആത്മാവു സര്‍വ്വ സാക്ഷിയാണെന്നു പറയുന്നതെന്ത്കൊണ്ട്?
മഹര്‍ഷി: സാക്ഷിത്വം വഹിക്കണമെങ്കില്‍ മറ്റൊരു വസ്തു വേണം, അവിടെ ദ്വൈതം വന്നു ചേരുന്നു. ശക്തി എന്ന് പറഞ്ഞാല്‍ സന്നിധി എന്നര്‍ത്ഥം. ആരുടെ സന്നിധി – ആത്മാവിന്‍റെ സന്നിധി. അതുകൂടാതെ ഒന്നും സാദ്ധ്യമല്ല. നോക്കൂ. ദൈനംദിന കര്‍മ്മങ്ങള്‍ക്ക് സൂര്യന്‍ ആവശ്യമാണ്. എന്നാല്‍ സൂര്യന് ഒരു കര്‍മ്മത്തിലും പങ്കില്ല താനും എന്നാലും എല്ലാത്തിനും സാക്ഷിയാണ്. അതുപോലെ ആത്മാവും.