ശ്രീ രമണമഹര്‍ഷി
മാര്‍ച്ച് 10, 1938

ഭഗവാന്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു കുടിലില്‍നിന്നും താഴെപറയുന്ന വേദോച്ചാരണം ശ്രവിച്ചു:

“അന്തരാദിത്യമനസാ ജ്വലന്തം-
ബ്രഹ്മനാവിന്ദത് ” ഇതിനെപ്പറ്റി പിന്നീട് പറഞ്ഞു. “സൂര്യാദി തേജസ്സുകള്‍ സ്വയം ജ്യോതികളാണെന്നു പറയപ്പെട്ടാലും സത്യത്തില്‍ അവ ബ്രഹ്മപ്രകാശമേറ്റ് പ്രകാശിക്കുകയാണ്. അവയുടെ സ്വപ്രകാശമെല്ലാം ബ്രഹ്മപ്രകാശമാണ്. അതിനാലാണ് സൂര്യ മന്ത്രങ്ങളിലെല്ലാം ബ്രഹ്മം പരമാര്‍ശിക്കപ്പെട്ടിരിക്കുന്നത്.

യോഗിരാമയ്യ: ഒരു ജ്ഞാനാര്‍ത്ഥി ഗുരുവിനെ ആശ്രയിക്കുന്നു. ബ്രഹ്മസ്വരൂപം ഗുണ, ലക്ഷണങ്ങളിലാത്തത്‌, അഗോചരം, ചലനമറ്റത് എന്നും മറ്റും ഗുരു അവനെ കേള്‍പ്പിക്കുന്നു. ജീവ ഭാവത്തിലിരുന്നുകൊണ്ടു ചെയ്യുന്ന ഉപദേശം എങ്ങനെ സത്യമാവും.

രമണ മഹര്‍ഷി: ഗുരു, ശിഷ്യനെയോ തന്നെയോ അന്യരെയോ ആത്മാവിനന്യമായിക്കാണുന്നേയില്ല.

ചോദ്യം: അതെ എന്നാലും ശിഷ്യന്‍ ഗുരുവിനെ ജീവ ഭാവത്തിലിരിക്കുന്നവനെന്നു കരുതിത്തന്നല്ലോ ചോദിക്കുന്നത്?
മഹര്‍ഷി: അതെ എന്നാല്‍ ഭേദബുദ്ധി ഗുരുവിനല്ല. എല്ലാവരും ആത്മസ്വരൂപികളാണെന്നു കാണാത്തതാണ് ശിഷ്യന്‍റെ അജ്ഞാനം. ആത്മാവിനന്യമായി ആര്‍ക്കെങ്കിലുമിരിക്കാനോക്കുമോ? തന്നെ അറിയാത്ത ശിഷ്യന്‍റെ കുറവിനെ നികത്തുന്ന ഗുരു ആ കുറവിനാളാകുമോ? ഭേദഭാവം തീരെ ഇല്ലാത്തവനേ ഗുരുവാകുകയുള്ളൂ. സാക്ഷാല്‍ക്കാരം തന്നെ എന്താണ്‌? ഈശ്വരനെ നാലു കൈകളോട്കൂടി കാണുന്നതാണോ? അങ്ങനെ പ്രത്യക്ഷപ്പെട്ടാല്‍ തന്നെയും അതു കൊണ്ട് ശിഷ്യന്‍റെ അജ്ഞാനം നീങ്ങുമോ. നിരന്തരമായ ആത്മാനുഭവമാണ് ജ്ഞാനം. ഈശ്വരന്‍ നിത്യ പ്രത്യക്ഷനാണ്. കോടി സൂര്യപ്രകാശത്തോടുകൂടിക്കണ്ടാലും പിന്നീടുമറഞ്ഞുപോയാല്‍ മിഥ്യതന്നെ. ആരും തന്നെ അറിഞ്ഞുകൊണ്ട് തന്നെ അറിയണമെന്നാര്‍ക്കും തോന്നാത്തത്. ആരും തന്നെ അറിഞ്ഞമട്ടില്‍ തന്നെ ഇരിക്കുകയാണ് എന്നാലും ഭ്രമം കൊണ്ട് തന്നെ പുതതായി പ്രാപിക്കണമെന്ന തെറ്റായ വിചാരത്താല്‍ ദുഃഖിക്കുന്നു. അതിനെ പ്രാപിച്ച് ലോകത്തെ പുറം തള്ളാമെന്നു കരുതി ഈശ്വരനോട് പ്രാര്‍ഥിക്കുന്നു. ഏതിനെയും പ്രകാശിപ്പിക്കുന്നത് ഈശ്വര ശക്തിയാണെന്നോര്‍മ്മിക്കുന്നില്ല.

ചോദ്യം: എപ്പോഴും സത്യത്തില്‍ നില്‍ക്കുന്നതിനാല്‍ ഭഗവാന്‍ ഇങ്ങനെ പറയുന്നത് ചിതം തന്നെ. എന്നാല്‍ മറ്റുള്ളവര്‍ക്കീ നിലയില്ല. അതുകൊണ്ട് അവര്‍ക്കു ബുദ്ധിമുട്ടാണ്.
മഹര്‍ഷി: താനില്ലെന്ന് പറയാനൊരാളെങ്കിലും ഉണ്ടോ?

ചോദ്യം: ഇതുപോലെ ഉള്ളതിനെ ഉള്ളവിധം പറയുന്ന മറ്റൊരാളിനെ കണ്ടിട്ടില്ല.
മഹര്‍ഷി: ഉള്ളതിനെ ഉള്ളപടി പറയുന്നതൊരതിശയമോ? എല്ലവരും എന്നുള്ള വസ്തുവായിത്തന്നെ ഇരിക്കുന്നു.