സ്വാമി വിവേകാനന്ദന്‍

കൈവല്യപാദം ആരംഭം
1. ജന്മൗഷധിമന്ത്രതപഃസമാധിജാഃ സിദ്ധയഃ.

സിദ്ധയഃ സിദ്ധികള്‍, ജന്മൗഷധിമന്ത്രതപഃസമാധിജാഃ ജന്മം, ഔഷധം, മന്ത്രം, തപസ്സ്, സമാധി ഇവയെക്കൊണ്ടുണ്ടാകുന്നവയാണ്.
ജന്മം, ഔഷധം, മന്ത്രം, തപസ്സ്, സമാധി ഇവയിലേതു കൊണ്ടും സിദ്ധികളെ പ്രാപിക്കാം.

ജന്മസിദ്ധികള്‍ – ചിലപ്പോള്‍ ചിലര്‍ സിദ്ധികളോടുകൂടിത്തന്നെ ജനിക്കുന്നു. ആ സിദ്ധികള്‍ അയാള്‍ പൂര്‍വ്വജന്മത്തില്‍ സമ്പാദിച്ചവയാണ്. അവയുടെ ഫലാനുഭവത്തിനായി ഇപ്പോള്‍ ജന്മമെടുത്തതാവാം. സാംഖ്യദര്‍ശനത്തിന്റെ ഉപജ്ഞാതാവായ കപിലമഹര്‍ഷി ജന്മനാ സിദ്ധനായിരുന്നുവെന്നു പറയപ്പെടുന്നു. സിദ്ധന്‍ എന്നു വെച്ചാല്‍ പുരുഷാര്‍ത്ഥം സാധിച്ചു കൃതകൃത്യനായവന്‍ എന്നര്‍ത്ഥം.

ഔഷധസിദ്ധികള്‍ – ഔഷധപ്രയോഗംകൊണ്ടും സിദ്ധികള്‍ സമ്പാദിക്കാമെന്നു യോഗികള്‍ പറയുന്നു. പ്രാചീനകാലത്തു രസായനവിദ്യയായി (Alchemy) ആരംഭിച്ചതാണ് ഇന്നത്തെ രസതന്ത്രം (Chemistry) എന്നു നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. അന്നു സ്പര്‍ശമണി, കായകല്പം, മൃതസഞ്ജീവിനി തുടങ്ങി പലതും സമ്പാദിക്കാന്‍ ആളുകള്‍ പ്രയത്‌നിച്ചിരുന്നു. ഭാരതത്തില്‍ ‘രസായനന്മാര്‍’ എന്നു പറയുന്ന ഒരു സമ്പ്രദായക്കാര്‍ തന്നെ ഉണ്ടായിരുന്നു. അവരുടെ വാദം ഇതാണ്; പരമപുരുഷാര്‍ത്ഥവും ജ്ഞാനവും ഈശ്വരഭക്തിയും ധര്‍മ്മാചരണവുമെല്ലാം നന്ന്. ഇവയുടെയെല്ലാം സമ്പാദനത്തിനുള്ള ഏകസാധനം ശരീരമാണ്. ആ ശരീരം അടിക്കടി ജീര്‍ണ്ണിവരികയാണെങ്കില്‍, ലക്ഷ്യപ്രാപ്തിക്ക് അത്രകണ്ട് കാലവിളംബം നേരിടും. ഉദാഹരണമായി, ഒരുവന്‍ യോഗാഭ്യാസം ചെയ്‌വാന്‍, അല്ലെങ്കില്‍ ഈശ്വരഭജനം ചെയ്‌വാന്‍, ഇച്ഛിക്കുന്നുവെന്നു വിചാരിക്കുക. അയാള്‍ അല്പം പുരോഗമിക്കുമ്പോഴേക്കും മൃത്യുവിന്നിരയാകുന്നു. അനന്തരം പുതിയ ശരീരമെടുത്തു യത്‌നമാരംഭിക്കുമ്പോള്‍ അതും വീണു പോകുന്നു. പിന്നേയും ഗതി ഇതു തന്നെ. ഇങ്ങനെ ജനിച്ചും മരിച്ചും എത്രകാലമാണു നമുക്കു നഷ്ടപ്പെടുന്നത്! ശരീരത്തെ ജന്മനിധനങ്ങള്‍ക്കു വിധേയമാകാത്തവണ്ണം ബലിഷ്ഠവും സമ്പന്നവുമാക്കുകയാണെങ്കിലോ, നിഃശ്രേയസപ്രാപ്തിക്കായി അത്രയും കൂടുതല്‍ സമയം വിനിയോഗിക്കാം. അതുകൊണ്ട് ആദ്യമേ ശരീരം സുദൃഢമാക്കുക എന്നാണ് ഈ രസായനന്മാര്‍ പറയുന്നത്. ഈ മര്‍ത്ത്യദേഹത്തെ അമര്‍ത്ത്യമാക്കാമെന്നുകൂടി അവര്‍ വാദിക്കുന്നുണ്ട്. അതിനുള്ള അവരുടെ ന്യായം ഇതാണ്; മനസ്സാണു ശരീരത്തെ നിര്‍മ്മിക്കുന്നതെന്നതും ഓരോ മനസ്സും അനന്തശക്തിയിലേക്കുള്ള ഓരോ പ്രവേശദ്വാരമാണെന്നതും ശരിയാണെങ്കില്‍, ആ ഓരോ ദ്വാരത്തില്‍ക്കൂടിയും എത്ര ശക്തി വേണമെങ്കിലും യഥേഷ്ടം സംഭരിക്കാനുള്ള കഴിവ് അപരിമിതമാണ്. ഈ കാലമത്രയും ശരീരത്തെ നിലനിര്‍ത്തുക എന്തുകൊണ്ടു സാധ്യമല്ല? ഏതു കാലത്തും നാംതന്നെയാണു നമ്മുടെ ശരീരങ്ങളെ നിര്‍മ്മിക്കേണ്ടത്. ഈ ശരീരം നശിച്ചാല്‍ വേറൊന്നു നാം നിര്‍മ്മിക്കണം. നമുക്കതു സാദ്ധ്യമാണെങ്കില്‍, ഈ വര്‍ത്തമാനശരീരത്തില്‍നിന്നു പോകാതെ, ഇപ്പോള്‍ ഇവിടെവെച്ചുതന്നെ, എന്തുകൊണ്ടതു ചെയ്തുകൂടാ? അവരുടെ വാദം തികച്ചും ന്യായയുക്തമാണ്. മരണാനന്തരവും നാം നിലനിന്നു മറ്റു ശരീരങ്ങളെ നിര്‍മ്മിക്കുന്നുണ്ടെങ്കില്‍, ഈ ശരീരത്തെ നിശ്ശേഷം നശിപ്പിക്കാതെ അതിനെ തുടരെത്തുടരെ നവീകരിച്ചുകൊണ്ട് ഇവിടെത്തന്നെ ദേഹം നിര്‍മ്മിക്കാന്‍ എന്തുകൊണ്ടു വയ്യ? ഗന്ധകത്തിലും രസത്തിലും അത്യദ്ഭുതശക്തികള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നും, അവയെക്കൊണ്ടുള്ള ചില സിദ്ധൗഷധപ്രയോഗങ്ങളാല്‍ എത്രകാലമെങ്കിലും ശരീരത്തെ അഭംഗുരമായി സൂക്ഷിക്കാന്‍ കഴിയുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. ചില സിദ്ധൗഷധങ്ങള്‍ക്ക് ആകാശഗമനം മുതലായവ സാധിപ്പിക്കാന്‍ ശക്തിയുണ്ടെന്നു വിശ്വസിച്ചിരുന്നവരും ഉണ്ടായിരുന്നു. ഇന്നു നമുക്കു ലഭിച്ചി ട്ടുള്ള അതിവിശിഷ്ടൗഷധങ്ങളില്‍ പലതിനും, വിശിഷ്യ ധാതു ദ്രവ്യങ്ങളെക്കൊണ്ടുള്ള ഔഷധപ്രയോഗങ്ങള്‍ക്ക്, ഈ രസായ നന്മാരോടു കടപ്പാടുണ്ട്. ചില യോഗസമ്പ്രദായക്കാര്‍, തങ്ങളുടെ പ്രധാനാചാര്യന്മാരില്‍ പലരും സ്വപൂര്‍വ്വശരീരങ്ങളില്‍ത്തന്നെ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നു വാദിക്കുന്നു. യോഗവിഷയത്തില്‍ പരമപ്രാമാണികനായ പതഞ്ജലി മഹര്‍ഷി ഇതിനെ നിഷേധിക്കുന്നില്ല.

മന്ത്രസിദ്ധികള്‍ – യഥാവിധി (ശാസ്ത്രാചാര്യോപദേശമനുസരിച്ച്) ജപിച്ചാല്‍ അസാധാരണസിദ്ധികളെ പ്രദാനം ചെയ്യാന്‍ ശക്തിയുള്ള ചില മന്ത്രങ്ങള്‍, അതായതു പവിത്രശബ്ദങ്ങള്‍ ഉണ്ട്. എത്രയെത്ര അദ്ഭുതശക്തികളാണു ലോകത്തുള്ളത്! അവയുടെ മദ്ധ്യത്തില്‍ത്തന്നെ നാം രാപ്പകല്‍ വര്‍ത്തിക്കുന്നതിനാല്‍ അവയെപ്പറ്റി അത്ര ചിന്തിക്കാറില്ല. മനുഷ്യന്റെ വൈഭവം, അവന്റെ വാക്കിനും മനസ്സിനുമുള്ള ശക്തി, സീമാതീതമാണ്.

തപഃസിദ്ധികള്‍ – കായക്ലേശകരങ്ങളായ തപശ്ചര്യകളും വ്രതാനുഷ്ഠാനങ്ങളും എല്ലാ മതക്കാരുടെയിടയിലും കണ്ടുവരുന്നു. മതവിഷയകമായ ഇത്തരം കാര്യങ്ങളില്‍ ഹിന്ദുക്കള്‍ എപ്പോഴും അങ്ങേയറ്റംവരെ പോകുന്നവരാണ്. ആയുഷ്‌കാലമത്രയും കൈ പൊക്കിപ്പിടിച്ചുകൊണ്ടുനില്ക്കുന്നവരെ അവിടെ കാണാം. അങ്ങനെതന്നെ നിന്ന് ഒടുവില്‍ അവരുടെ ദേഹം ശുഷ്‌കിച്ചു മൃതപ്രായമാവുന്നു. അതുപോലെ കാലുരണ്ടും നീരുകെട്ടി വീര്‍ക്കുന്നതുവരെ അഹോരാത്രം ഒരേ നിലയില്‍ നില്ക്കുന്നവരുമുണ്ട്. അവര്‍ ആയുസ്സോടിരിക്കയാണെങ്കില്‍ ആ വിധത്തില്‍ നിന്നുകൊണ്ടുതന്നെ ജീവിതം കഴിച്ചുകൂട്ടണം. എന്തെന്നാല്‍, അവരുടെ കാലുകള്‍ അത്രമാത്രം മരവിച്ചു മടക്കാന്‍ വയ്യാതായിട്ടുണ്ട്. ഇപ്രകാരം കയ്യു പൊക്കിപ്പിടിച്ചിരിക്കുന്ന ഒരു തപസ്വിയെ ഞാനൊരിക്കല്‍ കാണുകയുണ്ടായി. ഇതാരംഭിച്ചപ്പോള്‍ എന്തനുഭവമാണുണ്ടായിരുന്നതെന്നു ഞാന്‍ അയാളോടു ചോദിച്ചു. അത്യുഗ്രയാതന എന്ന് അയാള്‍ പറഞ്ഞു. വേദന സഹിക്കവയ്യാതെ ഒരു നദിയില്‍ പോയി മുങ്ങിക്കിടക്കേണ്ടിവന്നു. അപ്പോള്‍ അല്പം ആശ്വാസമുണ്ടായി. അത്ര കഠിനമായിരുന്നു പ്രാരംഭമെങ്കിലും ഒരു മാസം കഴിഞ്ഞപ്പോള്‍ അത്രത്തോളം ക്ലേശം തോന്നാതായി. ഈ വിധമുള്ള തപശ്ചര്യകളാലും സിദ്ധികള്‍ നേടാം.

ചിത്തൈകാഗ്രതാസിദ്ധികള്‍ – ചിത്തൈകാഗ്രത എന്നു വെച്ചാല്‍ സമാധി – അതാണു ശരിയായ യോഗം, ഈ ശാസ്ത്രത്തിന്റെ മുഖ്യവിഷയവും അതത്രേ, അത്യുത്തമമായ ഉപായവും അതുതന്നെ. മുമ്പു പറഞ്ഞവയെല്ലാം (ഔഷധമന്ത്രതപസ്സുകള്‍)അമുഖ്യം, രണ്ടാംതരം, മാത്രമാണ്: അതുകൊണ്ടു പരമപദം സിദ്ധിക്കാവതല്ല.1 മാനസികമോ ധാര്‍മ്മികമോ ആദ്ധ്യാത്മകമോ ആയ ഏതൊരുത്കര്‍ഷവും സര്‍വ്വാത്മനാ സമ്പാദിക്കാനുള്ള ഉത്തമോപായം സമാധിയാകുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (കൈവല്യപാദം). പേജ് 372-375]