സ്വാമി വിവേകാനന്ദന്‍

4. നിര്‍മാണചിത്താന്യസ്മിതാമാത്രാത്.
നിര്‍മ്മാണചിത്താനി യോഗപ്രഭാവത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്തങ്ങള്‍, അസ്മിതാമാത്രാത് = അതിന്റെ കാരണമായ അസ്മിതയില്‍നിന്നു തന്നെ ഉണ്ടാകുന്നതാണ്.
അസ്മിതയില്‍നിന്നുമാത്രമാണു നിര്‍മ്മിതചിത്തങ്ങള്‍ പുറപ്പെടുന്നത്.

നാം ചെയ്യുന്ന ശുഭാശുഭകര്‍മ്മങ്ങളുടെ ഫലമായിട്ടാണു നാം ക്ലേശിക്കുന്നതെന്നു കര്‍മ്മസിദ്ധാന്തം. അതേസമയം, തത്ത്വജ്ഞാനത്തിന്റെ സമസ്തലക്ഷ്യവും പുരുഷന്റെ യഥാര്‍ത്ഥമഹിമയെ പ്രാപിക്കുകയുമാകുന്നു. വേദങ്ങളെല്ലാം പുരുഷ മാഹാത്മ്യത്തെ, ആത്മാവിന്റെ സര്‍വ്വോത്കൃഷ്ടതയെ, പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ അതേ ശ്വാസത്തില്‍ അവ കര്‍മ്മനിയതിയെയും പ്രതിപാദിക്കുന്നുണ്ട്. സത്കര്‍മ്മം തദനുരൂപമായ ഫലവും ദുഷ്‌കര്‍മ്മം അതിനനുസരിച്ചുള്ള ഫലവും നല്കും. എന്നാല്‍ ഒരു സത്കര്‍മ്മത്തിനും ഒരു ദുഷ്‌കര്‍മ്മത്തിനും ആത്മാവില്‍ ക്ഷതമേല്പിക്കാന്‍ കഴിവില്ല. ഉണ്ടെന്നു വന്നാല്‍ ആത്മാവു കേവലം തുച്ഛമാണെന്നു വരും. ദുഷ്‌കര്‍മ്മങ്ങള്‍ (അധര്‍മ്മം) പുരുഷസ്വരൂപപ്രകാശനത്തിനു പ്രതിബന്ധമുണ്ടാക്കുന്നു. സത്കര്‍മ്മം (ധര്‍മ്മം) ആ പ്രതിബന്ധത്തെ നീക്കുന്നു, അപ്പോള്‍ പുരുഷന്‍ സ്വമഹിമയില്‍ പ്രകാശിക്കുന്നു. പുരുഷന്‍ സ്വതേ നിര്‍വ്വികാരനാണ്. നിങ്ങള്‍ ചെയ്യുന്ന ഒരു കര്‍മ്മവും നിങ്ങളുടെ സ്വഭാവമഹിമയെ, ആത്മസ്വരൂപത്തെ, ഒരു തരത്തിലും ഒരിക്കലും ഹനിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ആത്മാവ് അവികാര്യമാണ്. കര്‍മ്മം മൂടുപടംപോലെ ആത്മാവിന്റെ പൂര്‍ണ്ണതയെ മറയ്ക്കുകയത്രേ ചെയ്യുന്നത്.

യോഗികള്‍ എത്രയും വേഗത്തില്‍ തങ്ങളുടെ കര്‍മ്മം അനുഭവിച്ചുതീര്‍ക്കാന്‍വേണ്ടി തദനുരൂപമായ അനേകശരീരങ്ങളെ സൃഷ്ടിക്കുന്നു. ‘കായവ്യൂഹം’ എന്നു പറയുന്ന ഈ ശരീരഗണങ്ങള്‍ക്കുവേണ്ട ചിത്തങ്ങളെയും അവര്‍ അസ്മിതാ മാത്രത്താല്‍ നിര്‍മ്മിക്കുന്നു. അവയെ മൂലചിത്തങ്ങളില്‍നിന്നു വ്യാവര്‍ത്തിക്കാനാണു ‘നിര്‍മ്മാണചിത്തങ്ങള്‍’ എന്നു പറഞ്ഞത്.

5. പ്രവൃത്തിഭേദേ പ്രയോജകം
ചിത്തമേകമനേകേഷാം.

അനേകഷാം അനേകം നിര്‍മ്മിതചിത്തങ്ങളുടെ, പ്രവൃത്തി ഭേദേ അഭിപ്രായനാനാത്വത്തില്‍ (അനേകാഭിപ്രായങ്ങളില്‍) പ്രയോജകം പ്രേരകമായിട്ടുള്ളത്, ഏകം ചിത്തം ഒരു ചിത്തം ആകുന്നു.
നിര്‍മ്മാണചിത്തങ്ങളുടെ പ്രവൃത്തിയില്‍ വൈവിധ്യമുണ്ടെങ്കിലും, യോഗിയുടെ മൂലചിത്തമൊന്നത്രേ അവയുടെയൊക്കെ നിയന്താവ്.

കായവ്യൂഹസംബന്ധിയായ വിവിധചിത്തങ്ങളെ നിര്‍മ്മാണ ചിത്തങ്ങളെന്നും, ആ ശരീരങ്ങളെ നിര്‍മ്മാണകായങ്ങളെന്നും പറയുന്നു: (അസ്മിതാമാത്രത്താല്‍) നിര്‍മ്മിക്കപ്പെട്ട ചിത്തങ്ങളെന്നും ശരീരങ്ങളെന്നും അര്‍ത്ഥം. പഞ്ചഭൂതങ്ങളും ചിത്തവും അക്ഷയമായ രണ്ടു സംഭരണശാലകളാണെന്നു പറയാം. നിങ്ങള്‍ യോഗിയാവുമ്പോള്‍ അവയെ നിയമനം ചെയ്യുന്ന രഹസ്യം അറിയും. ആ നിയാമകത്വം നിങ്ങളില്‍ നിത്യസിദ്ധമാണ്. പക്ഷേ, നിങ്ങളതു വിസ്മരിച്ചിരിക്കുന്നു. ഒരു യോഗിയാവുമ്പോള്‍ അതിന്റെ സ്മരണയുണ്ടാവും. അപ്പോള്‍ അതുകൊണ്ട് എന്തും ചെയ്യാം. യഥേഷ്ടം ഏതു വിധത്തിലും അതിനെ കൈകാര്യം ചെയ്യാം. ഒരു നിര്‍മ്മാണചിത്തത്തിന്റെ സൃഷ്ടിക്കുതകുന്ന അതേ ഉപാദാനവസ്തുതന്നെയാണു ബ്രഹ്മാണ്ഡ സൃഷ്ടിക്കും ഉപാദാനം. പഞ്ചഭൂതങ്ങളും ചിത്തവും അത്യന്തഭിന്നമായ വസ്തുക്കളല്ല. ആ രണ്ടു വകയും ഒരേ പദാര്‍ത്ഥത്തിന്റെ രണ്ടു ഭാവങ്ങള്‍മാത്രം. അസ്മിത എന്ന അഹംതത്ത്വമാണ് ഈ ഉപാദാനദ്രവ്യം: സത്തയുടെ സൂക്ഷ്മഭാവമായ അതില്‍ നിന്നാണു യോഗിയുടെ നിര്‍മ്മാണചിത്തങ്ങളും നിര്‍മ്മാണകായങ്ങളും സൃഷ്ടിക്കപ്പെടുന്നത്. ആകയാല്‍, പ്രകൃതിശക്തികളുടെ അസ്മിതയെന്ന രഹസ്യമറിയുമ്പോള്‍ യോഗിക്കു ദ്രവ്യത്തില്‍നിന്നു കായങ്ങളെയോ ചിത്തങ്ങളെയോ എത്രയെങ്കിലും ഇഷ്ടംപോലെ നിര്‍മ്മിക്കാം.

6. തത്ര ധ്യാനജമനാശയം.
തത്ര ചിത്തങ്ങളില്‍, ധ്യാനജം സമാധിയില്‍നിന്നുണ്ടായത്, അനാശയം കര്‍മ്മവാസനാശൂന്യമാകുന്നു.
വിവിധചിത്തങ്ങളില്‍വെച്ചു സമാധിപ്രാപ്തമായതു വാസനാശൂന്യമാണ്.

പലതരം മനുഷ്യരുടെ ഇടയില്‍ വിചിത്രമായി കാണപ്പെടുന്ന ചിത്തങ്ങളില്‍വെച്ചു സമാധിയെ, അസംപ്രജ്ഞാതയോഗത്തെ, പ്രാപിച്ച ചിത്തമാണു പരമോത്കൃഷ്ടം. ഔഷധവീര്യത്താലോ മന്ത്രശക്തിയാലോ തപോബലത്താലോ സിദ്ധമായ ചിത്തങ്ങളില്‍ ഭോഗവാസന ശേഷിച്ചിരിക്കും. ധ്യാനപ്രകര്‍ഷത്താല്‍ സമാധ്യാരൂഢനായ പുരുഷന്‍മാത്രമേ സര്‍വ്വവിധവാസനകളില്‍നിന്നും വിനിര്‍മ്മുക്തനായിട്ടുള്ളു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (കൈവല്യപാദം). പേജ് 377-379]