ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം
എന്‍റെ പരിശുദ്ധഹൃദയമാകുന്ന പാദപീഠത്തില്‍ ഗുരുവിന്‍റെ തൃപാദങ്ങള്‍ ഞാന്‍ പ്രതിഷ്ഠിക്കും. ഏക നിഷ്ഠയാകുന്ന (ഗുരുവിനോടുള്ള ശ്രദ്ധ) അഞ്ജലീപുടത്തില്‍ ഇന്ദ്രിയ പുഷ്പങ്ങള്‍ ശേഖരിച്ച്, അവയെ ഞാന്‍ അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ അര്‍ഘമായി അര്‍പ്പിക്കും. അനന്യമായ ഭക്തിജലംകൊണ്ട് ഞാന്‍ അദ്ദേഹത്തെ സ്നാനം ചെയ്യിക്കും. സേവനതൃഷ്ണയാകുന്ന ചന്ദനച്ചാറ് അണിവിരല്‍കൊണ്ട് അദ്ദേഹത്തിന്‍റെ തിരുനെറ്റിയില്‍ ഞാന്‍ ചാര്‍ത്തിക്കും. അദ്ദേഹത്തോടുള്ള പ്രേമവായ്പിന്‍റെ തങ്കം കൊണ്ട് തീര്‍ത്ത സ്വര്‍ണ്ണനൂപുരം സദ്ഗുരുവിന്‍റെ സുകുമാരപാദങ്ങളില്‍ ഞാന്‍ അണിയിക്കും. ആ വിരലുകളില്‍ ദൃഢഭക്തികൊണ്ടുള്ള അംഗുലീയങ്ങള്‍ ഞാന്‍ ഇടും. ആനന്ദത്തിന്‍റെ പരിമളം പരത്തുന്ന അഷ്ടസാത്വിക ഭാവങ്ങളാകുന്ന അംബുജം ആ അരവിന്ദപാദങ്ങളില്‍ ഞാന്‍ അര്‍പ്പിക്കും. അദ്ദേഹത്തിന്‍റെ മുന്നില്‍ ഞാന്‍ അഹംഭാവത്തിന്‍റെ ധൂപം കത്തിക്കുകയും നിരഭിമാനബോധത്തിന്‍റെ ദീപം ഉഴിയുകയും ചെയ്യും. ഞാന്‍ അദ്ദേഹത്തെ തദാകാര ബോധത്തോടെ ആലിംഗനം ചെയ്യും. എന്‍റെ ശരീരവും പ്രാണനുമാകുന്ന പാദുകങ്ങള്‍ അദ്ദേഹത്തിന്‍റെ പവിത്രമായ പാദങ്ങളില്‍ ഞാന്‍ ഇടുവിക്കും ഇതുമൂലം ഞാന്‍ അദ്ദേഹത്തെ സേവിക്കുന്നതിനും പുരുഷാര്‍ത്ഥങ്ങളെ നേടുന്നതിനും ഉള്ള യോഗ്യത സമ്പാദിക്കും. അത് ബ്രഹ്മത്വം കൈവരിക്കുന്നതിനുള്ള ജ്ഞാനം എനിക്കു കരഗതമാകട്ടെ. എന്‍റെ വാക്കുകള്‍ അമൃതവാണികളായിത്തീരട്ടെ. ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരുടെ പ്രകാശത്തേക്കാള്‍ പ്രകാശമാനമായ വാഗ്ധോരണി എന്നില്‍ നിന്നും നിര്‍ഗ്ഗളിക്കട്ടെ. പൂര്‍വ്വദിശയിലുദിക്കുന്ന സൂര്യന്‍ വിശ്വത്തിനൊട്ടാകെ പ്രകാശ സാമ്രാജ്യം പ്രധാനം ചെയ്യുന്നതുപോലെ, ഗുരുവിന്‍റെ അനുഗ്രഹംകൊണ്ട് എന്‍റെ ശബ്ദചാതുര്യം ശ്രോതാക്കള്‍ക്കെല്ലാം ജ്ഞാനദീപാവലിയായിത്തീരട്ടെ.
ദൈവയോഗത്താല്‍ എന്നിലുണ്ടാകുന്ന വ്യാഖ്യാനസ്ഫുരണം ഓങ്കാരനാദത്തിന്‍റെ മാറ്റൊലിക്കുപോലും മങ്ങലേല്‍പിക്കും. അതിന്‍റെ മനോഹാരിതയോട് മോഷത്തെപ്പോലും താരതമ്യപ്പെടുത്താന്‍ സാധ്യമല്ല. എന്‍റെ പ്രഭാഷണവല്ലരിയുടെ നികുംഞ്ജം വിജ്ഞാനമാകുന്ന വസന്തത്താല്‍ പുഷ്പിച്ച് എല്ലാവര്‍ക്കും ശ്രവണസുഖം നല്‍കട്ടെ. സാധാരണവാക്കുകള്‍ക്ക് അവര്‍ണ്ണനീയമാണ് പരബ്രഹ്മം. അത് അറിവിന്‍റെ സീമയ്ക്ക് അപ്പുറത്താണ്; ധ്യാനത്തില്‍ക്കൂടി അതിനെ പ്രാപിക്കുക ദുഷ്കരമാണ്; അത് ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമല്ല എങ്കിലും ആരാദ്ധ്യനായ ഗുരുവിന്‍റെ പാദപദ്മങ്ങളില്‍ നിന്ന് അനുഗ്രഹപരാഗം സ്വായത്തമാക്കുന്ന ഒരു ഭാഗ്യവാന് വാക്കുകള്‍കൊണ്ട് അതിനെ വര്‍ണ്ണിക്കുവാന്‍ കഴിയുന്നു. എന്തോരത്ഭുതമാണിത്?
ഇതില്‍ കൂടുതല്‍ എന്തു പറയാനാണ്? ഈ ഭാഗ്യം എനിക്കു കൈവന്നിരിക്കുന്നു. ഞാന്‍ എന്‍റെ ഗുരുവിന്‍റെ ഏക വത്സലപുത്രനാണ്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ പ്രീതിമുഴുവനും എനിക്കു ലഭിച്ചിരിക്കുന്നു. ചാതകപക്ഷിക്ക് മേഘങ്ങള്‍ മാരിചൊരിഞ്ഞുകൊടുക്കുന്നതുപോലെ, എന്‍റെ ഗുരു അദ്ദേഹത്തിന്‍റെ കൃപാകടാക്ഷം എന്നില്‍ ചൊരിഞ്ഞിരിക്കുന്നു. തന്മൂലം, എന്‍റെ നാവ് അശിഷിതമാണെങ്കിലും അതിനുഗീതയുടെ മാധുര്യം വെളിപ്പെടുത്താന്‍ കഴിയുന്നു. ഭാഗ്യം ഒരുവനെ കടാക്ഷിക്കുമ്പോള്‍ മണല്‍ത്തരിപോലും രത്നങ്ങളായിത്തീരും; കൊലപാതകിപോലും സുഹൃത്തായിത്തീരും. ഈശ്വരസഹായമുള്ളപ്പോള്‍ ചരല്‍പോലും വെള്ളത്തിലിട്ടു വേവിച്ചാല്‍ ചോറായിമാറും. അതുപോലെ ആചാര്യന്‍ ഒരുവനെ അദ്ദേഹത്തിന്‍റെ സ്വന്തമായി അംഗീകരിച്ചാല്‍ അവന്‍റെ സംസാരജീവിതംപോലും അവനെ മോചനത്തിലേക്കു നയിക്കും. വിശ്വവന്ദ്യനായ ആദിനാരായണന്‍ അര്‍ജ്ജുനന്‍റെ അജ്ഞാനത്തെ എപ്രകാരമാണോ നീക്കിയത്, അപ്രകാരം എന്‍റെ ഗുരുവായ നിവത്തിനാഥ് എന്‍റെ അജ്ഞാനത്തെയകറ്റി എന്നെ ജ്ഞാനപഥത്തിലേക്കുയര്‍ത്തിയിരിക്കുന്നു. അദ്ദേഹത്തെപ്പറ്റി പറയുന്തോറും അദ്ദേഹത്തോടുള്ള എന്‍റെ സ്നേഹം അധികരിക്കുന്നു. അദ്ദേഹത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ച് വര്‍ണ്ണിക്കാന്‍ ഞാന്‍ അശക്യനാണ്. എങ്കിലും അദ്ദേഹത്തിന്‍റെ കാരുണ്യത്താല്‍ നിങ്ങളുടെ തൃപാദങ്ങളില്‍ ഞാന്‍ ഗീതാവ്യാഖ്യാനം സമര്‍പ്പിക്കാം.
അദ്ധ്യാത്മജ്ഞാനത്തിന്‍റെ ഉടമസ്ഥനായിരിക്കുന്ന ഒരുവന്‍ മുക്തിക്ക് അവകാശിയായിരിക്കുമെന്ന് കൈവല്യപതിയായ ഭഗവാന്‍ പതിനാലാം അദ്ധ്യായത്തിന്‍റെ അവസാനത്തില്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. നൂറു യജ്ഞങ്ങള്‍ നടത്തിയെങ്കില്‍ മാത്രമേ ഒരുവന് സ്വര്‍ഗ്ഗൈശ്വര്യങ്ങള്‍ ലഭ്യമാകുകയുള്ളൂ. നൂറുജന്മങ്ങളില്‍ ബ്രാഹ്മണവൃത്തി നിര്‍വ്വഹിക്കുന്ന ഒരുവനല്ലാതെ മറ്റാര്‍ക്കും ബ്രഹ്മലോകം പ്രാപിക്കാന്‍ സാദ്ധ്യമല്ല. നേത്രങ്ങള്‍ക്കു കാഴ്ചയുള്ള ഒരുവനുമാത്രമേ സൂര്യപ്രകാശം ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. അതുപോലെ അദ്ധ്യാത്മജ്ഞാനം കൊണ്ടല്ലാതെ മോക്ഷത്തിന്‍റെ മാധുര്യം അനുഭവിക്കാന്‍ സാദ്ധ്യമല്ല. അദ്ധ്യാത്മജ്ഞാനം സമ്പാദിക്കാന്‍ കഴിവുള്ളത് ഭാഗ്യവാനായി ജാതനായ ഒരു യോഗ്യപുരുഷനും മാത്രമായിരിക്കും. അപ്രകാരമുള്ള ഒരു ജ്ഞാനിക്ക് മോക്ഷം ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഇപ്രകാരമുള്ള ജ്ഞാനം ഉറപ്പിക്കണമെങ്കില്‍ അവന്‍റെ മനസ്സ് അനവരതം സംശുദ്ധമായിരിക്കണം. തന്നെയുമല്ല, അവന്‍ ലൗകികബന്ധങ്ങളില്‍നിന്ന് വിമുക്തനായിരിക്കുകയും വേണം. മനശ്ശുദ്ധിയും വിരക്തിയും കൊണ്ടുമാത്രമേ ആത്മജ്ഞാനം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ഇത് ഭഗവാന്‍ ഹരി ഇതിനോടകം പല പ്രാവശ്യം പറഞ്ഞുകഴിഞ്ഞിട്ടുള്ളതാണ്.
വൈരാഗ്യം എന്താണെന്നും അത് എപ്രകാരമാണ് ഒരു മുമുഷുവിന്‍റെ മനസ്സിനെ വരണമാല്യം ചാര്‍ത്തി സ്വീകരിക്കുന്നതെന്നും സര്‍വ്വജ്ഞനായ ഹരി വ്യക്തമാക്കീട്ടുണ്ട്. ഭക്ഷണം കഴിക്കാനിരിക്കുന്ന ഒരുവന്‍ തന്‍റെ ആഹാരങ്ങളില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്നറിഞ്ഞാല്‍ അതു തള്ളിനീക്കിയിട്ടു ഭക്ഷിക്കാതെ പോകുന്നില്ലേ? അതുപോലെ, സംസാരജീവിതം അനിത്യമാണെന്നു ബോധ്യമാകുന്ന ഒരുവന് അതിനോട് വിരക്തി ഉണ്ടാകുന്നു. അവന്‍ വൈരാഗ്യത്തെ തള്ളിനീക്കിക്കളഞ്ഞാലും വൈരാഗ്യം അവന്‍റെ പിന്നാലെ ഓടിയെത്തും. സംസാരജീവിതത്തിന്‍റെ ക്ഷണഭംഗുരത്വം ഒരു വൃക്ഷത്തെ ഉപമയാക്കി 15 – ാം അദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്. സാധാരണ വൃക്ഷങ്ങത്തെ ചുവടോടെ മറിച്ചാല്‍ അവ നശിച്ചുപോകുന്നു. എന്നാല്‍ സംസാരവൃക്ഷം സാധാരണവൃക്ഷങ്ങളെപ്പോലെയല്ല. സംസാരവൃക്ഷത്തിന്‍റെ ഉപമയില്‍ക്കൂടി ജനനമരണങ്ങളെ ഒഴിവാക്കുന്നതിനുള്ള വഴി ഭഗവാന്‍ ചാതുര്യത്തോടെ വര്‍ണ്ണിച്ചിട്ടുണ്ട്. 15 ാം അദ്ധ്യായത്തില്‍ സംസാരജീവിതത്തിന്‍റെ മിഥ്യാത്വം വെളിപ്പെടുത്തുന്നു. അതോടൊപ്പം ആത്മസ്വരൂപം കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗവും നിര്‍ദ്ദേശിക്കുന്നു. ഈ അദ്ധ്യാത്തിന്‍റെ കാതലായ ഉപദേശം ഇതാണ്. അതു ഞാന്‍ വിശദീകരിക്കാം. നിങ്ങള്‍ അതീവശ്രദ്ധയോടെ കേള്‍ക്കണം.