ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 1

ശ്രീ ഭഗവാനുവാച:

ഊര്‍ദ്ധ്വമൂലമധ ശാഖം
അശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാസി യസ്യ പര്‍ണ്ണാനി
യസ്തം വേദ സ വേദവിത്

മേലോട്ട് വേരുള്ളതും കീഴോട്ട് ശാഖകളുള്ളതും നാശമില്ലാത്തതുമായ അശ്വത്ഥവൃഷത്തെപ്പറ്റി സത്യദര്‍ശികള്‍ വിവരിക്കുന്നു. വേദങ്ങള്‍ അതിന്‍റെ ഇലകളാകുന്നു. ആരാണോ ആ അരയാലിനെ വ്യക്തമായി അറിയുന്നത് അവനാണ് വേദജ്ഞന്‍.

ബ്രഹ്മാനന്ദസാഗരത്തില്‍ കല്ലോലങ്ങളുയര്‍ത്തുന്ന പൗര്‍ണ്ണമിചന്ദ്രനായ ദ്വാരകാനാഥന്‍ അരുള്‍ചെയ്തു. അല്ലയോ പാണ്ഡുപുത്ര, ആത്മസാക്ഷാത്കാരത്തിന്‍റെ ഗേഹത്തിലേക്കുള്ള നിന്‍റെ പാതയില്‍ തടസ്സം സൃഷ്ടിക്കുന്നത് വിശ്വത്തെപ്പറ്റിയുള്ള മിഥ്യാജ്ഞാനമാണ്. ഈ ദൃശ്യപ്രപഞ്ചത്തെ ബൃഹത്തും മുഷ്കരവുമായ ഒരു മഹാ വൃക്ഷമായി കരുതണം. ഇത് വേരുകള്‍ ഭൂമിയിലും ശാഖകള്‍ മുകളിലുമായി നില്‍ക്കുന്ന ഒരു സാധാരണ വൃക്ഷമല്ല. ഇത് അന്തഹീനമാണ്. ഇക്കാരണത്താല്‍ ഇതിനെ വിസ്തരിക്കുക ദുഷ്കരമാണ്. സാധാരണവൃഷങ്ങളുടെ തായ്ത്തടി മഴുകൊണ്ട് വെട്ടുകയോ തീവച്ച് എരിക്കുകയോ ചെയ്താല്‍ അതെത്ര വലിയ വൃക്ഷമാണെങ്കിലും ശാഖകളോടൊപ്പം നിലംപതിക്കുന്നു. എന്നാല്‍ ഇവിടെ പറയാന്‍പോകുന്ന വൃക്ഷം അങ്ങനെയല്ല. അത് അനായാസേനം നിലംപതിക്കുകയില്ല. സാധാരണവൃക്ഷങ്ങള്‍ മേലോട്ട് വളരുമ്പോള്‍ ഈ വൃക്ഷം അസാധാരണമായി അധോമുഖമായി വളരുന്നുവെന്നുള്ളത് അത്ഭുതകരമായ ഒരു കാര്യമാണ്. സൂര്യന്‍ എത്രമാത്രം അകലയാണ് നില്‍ക്കുന്നതെന്ന് ആര്‍ക്കും അറിഞ്ഞുകൂട. എങ്കിലും അതിന്‍റെ രശ്മികള്‍ താഴോട്ടിറങ്ങി എല്ലാ ഭാഗത്തേക്കും വ്യാപിക്കുന്നു. ശാഖകള്‍ കീഴോട്ട് വളരുന്ന ഈ സംസാരവൃക്ഷത്തിന്‍റെ സ്ഥിതിയും അപ്രകാരമാണ്. കല്പാന്ത്യത്തില്‍ ദൃശ്യവും അദൃശ്യവുമായ എല്ലാ പ്രപഞ്ചഭാഗങ്ങളും പ്രളയജലത്തില്‍ മുങ്ങി നില്‍ക്കുന്നതുപോലെ ഈ വൃക്ഷത്തിന്‍റെ ശാഖകള്‍ എല്ലായിടത്തും വ്യാപരിച്ചിരിക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അംബരം അന്ധകാരത്തില്‍ ആവൃതമാകുന്നതുപോലെ ഈ വൃക്ഷത്തിന്‍റെ വേരുകള്‍ ആകാശത്തിലൊട്ടാകെ വ്യാപരിച്ചിരിക്കുന്നു. ഈ വൃക്ഷത്തിന് ആകെയുള്ളത് ഈ വൃക്ഷംമാത്രമാണ്. ഇതിനു രുചികരമായ കനികളോ പരിമളം പരത്തുന്ന പുഷ്പങ്ങളോ ഇല്ല.

ഈ വൃക്ഷത്തിന്‍റെ ഉച്ചിയില്‍ നില്‍ക്കുന്നത് ആരാണ്? ഇതിന്‍റെ ഉദ്ഭവം എവിടെനിന്നാണ്? ഈ വൃക്ഷത്തിന്‍റെ മുകളിലോട്ടുവളരുന്ന വേരുകളുടേയും താഴോട്ട് വളരുന്ന ശാഖകളുടേയും സ്വഭാവം എന്താണ്? ആത്മജ്ഞാനികള്‍ക്ക് ഇതിന് അശ്വത്ഥവൃക്ഷം എന്നുനിര്‍ണ്ണയിക്കാന്‍ കാരണമെന്താണ്? ഇതെല്ലാം നിനക്ക് അനുഭവിച്ചറിയത്തക്കവിധത്തില്‍ ലളിതമായി ഞാന്‍ വിശദീകരിക്കാം.

അല്ലയോ സുഭഗനായ അര്‍ജ്ജുന, കേള്‍ക്കുക. നീ ഇതേപ്പറ്റി കേള്‍ക്കാന്‍ തികച്ചും യോഗ്യനാണ്. നിന്‍റെ സര്‍വ്വാംഗങ്ങളും ശ്രവണേന്ദ്രിയത്തില്‍ കേന്ദ്രീകരിച്ച് ഹൃദയംഗമമായി നീ ഇതു ശ്രദ്ധിക്കുക.

ഭഗവാന്‍റെ പ്രേമരസസമ്പൂര്‍ണ്ണമായ വാക്കുകള്‍ അര്‍ജ്ജുനന്‍റെ ജിജ്ഞാസയെ ഉണര്‍ത്തി. അവന്‍ അവധാനമൂര്‍ത്തിയായി. ഭഗവാനില്‍നിന്നും കൂടുതല്‍ വാക്കുകള്‍കേള്‍ക്കാന്‍ അവന്‍റെ ഹൃദയം വെമ്പള്‍കൊണ്ടു. അവന്‍ ചിത്തം ഏകാഗ്രമാക്കി. അതിന്‍റെ മുന്നില്‍ ഭഗവാന്‍ അതുവരെ പറഞ്ഞവാക്കുകള്‍ അല്പപ്രഭാവമുള്ളതായിത്തീര്‍ന്നു. പത്തുദിശകളും ആകാശത്തെപുല്‍കാന്‍ തിടുക്കപ്പെടുന്നതുപോലെ, ഭഗവാന്‍റെ വാക്കുകള്‍ കേള്‍ക്കാനുള്ള അവന്‍റെ ഒല്‍സുക്യം വര്‍ദ്ധിച്ചു. കൃഷ്ണന്‍റെ ഉക്തിസാഗരത്തെ ഒറ്റക്കവിള്‍ കുടിച്ചുതീര്‍ക്കുന്നതിനു തയ്യാറായ അര്‍ജ്ജുനന്‍ ആഴിയെ ഒറ്റവലിക്കു കുടിച്ചുതീര്‍ത്ത അഗസ്ത്യമുനിക്കു തുല്യനായി. പാര്‍ത്ഥന്‍റെ അത്യാകാംക്ഷ കണ്ട പാര്‍ത്ഥസാരഥി അതീവസന്തുഷ്ടനായി അമിതാഹ്ളാദത്തോടെ അരുള്‍ചെയ്തു:

അല്ലയോ ധനഞ്ജയ, ഈ വൃക്ഷത്തിന്‍റെ ഊര്‍ദ്ധഭാഗമാണ് ബ്രഹ്മം. മുകള്‍ഭാഗമെന്നും കീഴ്ഭാഗമെന്നും പറയുന്നത് വെറും ആപേക്ഷികമായിട്ടുമാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഇതിന് അധോഭാഗമോ, മദ്ധ്യഭാഗമോ, ഊര്‍ദ്ധ്വഭാഗമോ ഇല്ല. ഇത് ഏകവും അദ്വയവുമാണ്. ഇതു കാതുകള്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത നാദമാണ്; നാസികകള്‍ക്ക് ഘ്രാണിക്കാന്‍ കഴിയാത്ത സൗരഭ്യമാണ്; ഇന്ദ്രിയങ്ങള്‍ക്ക് അഗോചരമാണ്; ശാരീരികസ്പര്‍ശമില്ലാതെ സിദ്ധിക്കുന്ന യഥാര്‍ത്ഥ ആനന്ദമാണ്. ഇത് ഈ ഭാഗത്തോ ആ ഭാഗത്തോ മുന്‍ഭാഗത്തോ പിന്‍ഭാഗത്തോ അല്ല. എല്ലാറ്റിനും ദൃക്സാക്ഷിയായ ഇത് അദൃശ്യമായി നില്‍ക്കുന്നു. നാം ഇതിനെ കാല്പനികമായി ചിന്തിക്കുമ്പോഴോ, ഉപാധികള്‍ക്കുള്ളില്‍ ഒതുക്കിനിര്‍ത്തുമ്പോഴോ, ബ്രഹ്മം നാദരൂപാത്മകമായ ജഗത്തായിത്തീരുന്നു. ഇതാണ് പരിശുദ്ധമായ ബ്രഹ്മജ്ഞാനം അഥവാ ആത്മജ്ഞാനം. ഇത് ജ്ഞാതൃജ്ഞേയ വിഹീനമാണ്. ഇത് ജഗത്തിലൊട്ടാകെ സൂഷ്മരൂപത്തില്‍ വ്യാപരിച്ചിരിക്കുന്നു. ഇത് കാര്യമോ കാരണമോ അല്ല. ഇത് ദ്വന്ദമോ ഏകമോ അല്ല. ഇത് സമ്പൂര്‍ണ്ണമായ ആനന്ദം നിറഞ്ഞ സ്വര്‍ഗ്ഗമാണ്. ഇത് സ്വയം പ്രകാശിതവുമാണ്. ഇതാണ് ഈ വൃഷത്തിന്‍റെ ഊര്‍ദ്ധ്വഭാഗം – പരംപൊരുള്‍. ഈ ഭാഗത്തുനിന്നാണ് ഈ വൃക്ഷത്തിന്‍റെ എല്ലാം ശാഖകളും പൊട്ടിമുളക്കുന്നത്.

ഈ ശാഖകളാണ് പ്രപഞ്ചം. ഈ പ്രപഞ്ചത്തെ, പ്രസിദ്ധിപെറ്റ ‘മായ’ എന്നറിയപ്പെടുന്നു. ഇവള്‍വന്ധ്യയായ ഒരു സ്ത്രീയുടെ സന്താനമെന്നപോലെ നിലവിലില്ലാത്തവളാണ്. ആകയാല്‍ ഇവളെ സത്തെന്നോ ആസത്തെന്നോ വര്‍ണ്ണിക്കാന്‍ വിഷമമാണ്. വിവേകമുളവാക്കുന്ന വാക്കുകളെ അങ്ങേയറ്റം വെറുക്കുന്ന ഇവളുടെ സ്വഭാവം അനാദിയാണ്. ഇവള്‍പ്രപഞ്ചഭൂമികയില്‍ നട്ടുപിടിപ്പിക്കുന്ന സംസാരവൃക്ഷത്തിന്‍റെ ബീജമാണ്. ഇവള്‍വിശ്വമൊട്ടാകെ വ്യാപിക്കുന്ന വിപരീത ജ്ഞാനദ്വീപികയാണ്. ഇവള്‍ നാനാവിധ ശക്തികള്‍ ഉള്‍ക്കൊള്ളുന്ന ഒരു പേടകമാണ്. ആകാശം കാര്‍മേഘങ്ങളെ താങ്ങി നിര്‍ത്തുന്നുവെന്ന് തോന്നുന്നതുപോലെ ഇവള്‍ പ്രപഞ്ചകാര്‍മേഘങ്ങള്‍ക്ക് ആലംബമായ ആകാശമാണ്. ഇവള്‍ വിശ്വത്തിന്‍റെ ആകാരത്തില്‍ മടക്കിവച്ചിരിക്കുന്ന ഒരു വസ്ത്രം പോലെയാണ്. മായബ്രഹ്മത്തിനോട് ചേര്‍ന്നു വസിക്കുന്നുവെങ്കിലും ബ്രഹ്മത്തില്‍നിന്നുവേറിട്ടുനില്‍ക്കുന്നു. എന്നാല്‍ബ്രഹ്മത്തിന്‍റെ തേജസ്സുകൊണ്ടാണ് അവളുടെ പ്രഭാവം പ്രകടീകൃതമാകുന്നത്. നിദ്രാപരനായ ഒരുവന്‍ നിരുത്സുകനാകുന്നു. അവന്‍റെ ബോധം നശിക്കുന്നു. പുകയറ ദീപത്തിനു മങ്ങലേല്‍പ്പിക്കുന്നു. ഭര്‍ത്താവിനുസമീപം ഉറങ്ങിക്കിടക്കുന്ന യുവതിയായ ഭാര്യ സ്വപ്നത്തില്‍ അവനെ ആലിംഗനം ചെയ്ത് അവനേയും അഴന്‍റെ കാമവികാരങ്ങളേയും ഉണര്‍ത്തുന്നു. എന്നിട്ടും അവള്‍ ഒന്നും സംഭവിക്കാത്തമട്ടില്‍ പിന്നെയും കിടന്നുറങ്ങുന്നു. അല്ലയോ ധനഞ്ജയ, ബ്രഹ്മത്തെ സംബന്ധിച്ചിടത്തോളം മായയുടെ സ്ഥിതി ഇപ്രകാരമെല്ലാമാണ്. ബ്രഹ്മത്തിന്‍റെ സൃഷ്ടിയായ മായകാരണം ബ്രഹ്മം അതിന്‍റെ പ്രാക്തനാഭാവം വിസ്മരിക്കുന്നതിന് ഇടയാകുന്നു. മായ ബ്രഹ്മത്തില്‍ത്തന്നെ ആവിര്‍ഭവിക്കുന്നു. എന്നാല്‍ അജ്ഞാനം നിമിത്തം മായ എവിടെനിന്ന് ഉത്ഭവിക്കുന്നുവെന്ന് അറിയാന്‍ കഴിയുന്നില്ല എങ്കിലും ഈ സംസാരവൃക്ഷത്തിന്‍റെ തായ്‍വേര് മായയാണ്.

ഈശ്വരനെപ്പറ്റിയുള്ള അബോധാവസ്ഥ ഇതിന്‍റെ ഊര്‍ദ്ധ്വമൂലത്തില്‍ ഒരു കന്ദമായി കാണാം. ബീജഭാവമെന്നു വേദാന്തത്തില്‍ അറിയപ്പെടുന്നത് ഇതാണ്. ഗാഢമായ അജ്ഞാനസുഷുപ്തിക്ക് ബീജാങ്കുരഭാവമെന്നു പറയുന്നു. സ്വപ്നവും ജാഗ്രത്തുമായ അവസ്ഥയ്ക്ക് ഫലഭാവമെന്നാണ് വേദാന്തത്തില്‍ അറിയപ്പെടുന്നത്. അതേപ്പറ്റി കൂടുതലായി വിശദീകരിക്കുന്നില്ല. അജ്ഞാനമാണ് ഈ സംസാരവൃക്ഷത്തിന്‍റെ തായ്‍വേരെന്നുമാത്രം അറിഞ്ഞാല്‍ മതി.

ഊര്‍ദ്ധ്വഭാഗത്തുകാണുന്ന ബ്രഹ്മം നിര്‍മലാത്മാവാണ്. അതില്‍നിന്നു മുകള്‍ഭാഗത്തേക്കും കീഴ്ഭാഗത്തേക്കും അനേകം വേരുകള്‍ ഉടലെടുക്കുന്നു. ഇവയെല്ലാംതന്നെ മായായോഗത്താല്‍ പരിപോക്ഷിപ്പിക്കപ്പെടുന്നു. ഈ വേരുകളുടെ ചുവട്ടില്‍നിന്നും വിവിധദേഹങ്ങളുടെ അങ്കുരങ്ങള്‍ പൊട്ടിമുളയ്ക്കുന്നു. ഇവ എല്ലാ ഭാഗത്തേക്കും വ്യാപിക്കുകയും ആഴത്തില്‍ വേരുകള്‍ ഇറക്കുകയും ചെയ്യുന്നു. ഇപ്രകാരം സംസാരവൃക്ഷത്തിന്‍റെ വേരുകള്‍ പരമാത്മാവില്‍നിന്ന് ശക്തി പ്രാപിക്കുന്നു. ഈ വൃക്ഷത്തില്‍ അനേകം മുളകളുണ്ടായി താഴത്തേക്കു വളരുന്നു. ഇതില്‍നിന്ന് ആദ്യത്തേതായി മായയാകുന്ന ചിത്തവൃത്തിയും അതില്‍നിന്നു മഹത്തത്ത്വമാകുന്ന ഇളം പച്ചിലയും ഉണ്ടാകുന്നു. അതിന്‍റെ കീഴ്ഭാഗത്തുനിന്ന് മൂന്ന് ഇലകളോടുകൂടിയ ഒരു മുളയുണ്ടാകുന്നു. ഈ മുള അഹംങ്കാരത്തിന്‍റേതാണ്. അതില്‍ക്കാണുന്ന മൂന്ന് ഇലകളും സത്വം, രജസ്സ്, തമസ്സ്, എന്ന ത്രിഗുണങ്ങളാണ്. അഹങ്കാരത്തിന്‍റെ മുളയില്‍നിന്ന് പൊട്ടിപ്പുറപ്പെടുന്ന ഒരു ശിഖരമാണ് ബുദ്ധി. ഇത് ഭിന്നഭാവങ്ങളെ വളര്‍ത്തുന്നു. ബുദ്ധിയുടെ ശിഖരത്തിലണ്ടാകുന്ന മറ്റൊരു മൃദുലമായ മുളയാണ് മനസ്സ്. ബുദ്ധി എപ്പോഴും മനസ്സിനെ സന്തോഷിപ്പിച്ച് മ്ലാനരഹിതമാക്കി നിര്‍ത്തുന്നു. ഇപ്രകാരം ഊര്‍ദ്ധമൂലത്തിന്‍റെ ശക്തികൊണ്ട് ഈ വൃക്ഷത്തില്‍നിന്ന് ബുദ്ധി, മനസ്സ്, അഹങ്കാരം, ചിത്തം എന്നിങ്ങനെ മാനസ്സിക വികല്പരസത്താല്‍ ഈറനണിയിക്കപ്പെടുന്ന നാല് ആന്തരിക ഇന്ദ്രിയങ്ങളുടെ ഇളം നാമ്പുകളെ പുറപ്പെടുവിക്കുന്നു.

അടുത്തതായി ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിങ്ങനെയുള്ള പഞ്ചഭൂതങ്ങളുടെ നീണ്ടശാഖകള്‍ ഉണ്ടാകുന്നു. ശിഖരങ്ങളില്‍ പഞ്ചേന്ദ്രിയങ്ങളുടേയും അവയുടെ വിഷയങ്ങളുടേയും ഇളം പച്ചിലകള്‍ രൂപംകൊള്ളുന്നു. പിന്നീടുണ്ടാകുന്നതാണ് ശബ്ദാങ്കുരം. ശ്രവണേന്ദ്രിയങ്ങള്‍ ഇതില്‍ ഔത്സുക്യം പ്രകടിപ്പിക്കുന്നു. അതോടെ ആഗ്രഹത്തിന്‍റെ അനവധി വേരുകള്‍ മുളയ്ക്കുന്നു. അതിനുശേഷം ശരീരത്തിന്‍റേയും അതോടൊപ്പം ത്വക്കിന്‍റേയും രൂപത്തില്‍ അനവധി വല്ലികളും ഇലകളും ഉണ്ടാകുന്നു. അവയില്‍നിന്ന് സ്പര്‍ശനത്തിന്‍റേയും വികാരത്തിന്‍റേയും മറ്റും അങ്കുരങ്ങള്‍ ഉണ്ടാകുന്നു. അതു വിവിധതരത്തിലുള്ള വിഷയസുഖങ്ങളില്‍ ആഗ്രഹം വര്‍ദ്ധിപ്പിക്കുന്നു. പിന്നീട് വിവധരൂപങ്ങളിലുള്ള പച്ചിലപടര്‍പ്പുകളുടെ മുളകളാണുണ്ടാകുന്നത്. ഇത് നാവിന് അമിതമായ ആഗ്രഹങ്ങള്‍ ഉണ്ടാക്കുന്നു. അവസാനം ഘ്രാണത്തിന്‍റെ ഒരു മുളപൊട്ടുന്നതോടെ നാസികയുടെ ശക്തി വര്‍ദ്ധിക്കുകയും വാസനകള്‍ അനുഭവിക്കുന്നതിനായി വെമ്പല്‍കൊള്ളുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ബുദ്ധി, അഹങ്കാരം, മനസ്സ്, പഞ്ചഭൂതങ്ങള്‍ എന്നീ അഷ്ടഭാവങ്ങളുള്ള പ്രകൃതി ഈ സംസാരവൃക്ഷത്തെ സത്വരം വളര്‍ത്തുന്നു. അഷ്ടഭാവങ്ങളുടെ സംയോഗത്താല്‍ ഈ വൃക്ഷം എല്ലായിടത്തേയ്ക്കും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.

മുത്തുചിപ്പി വെള്ളിയായിട്ട് കാണപ്പെടുമ്പോല്‍ ആ വെള്ളി മുത്തുച്ചിപ്പിയുടെ രൂപത്തിലും വലിപ്പത്തിലും ഒതുങ്ങിനില്‍ക്കുന്നു. സമുദ്രത്തിലെ തിരമാലകള്‍ സമുദ്രത്തിന്‍റെ വിസ്താരത്തിന് അനുസൃതമായിരിക്കും. അതുപോലെ ബ്രഹ്മം തന്നെ അജ്ഞതയില്‍ നിന്നുത്ഭവിച്ച സംസാരവൃക്ഷത്തിന്‍റെ രൂപത്തില്‍ പ്രകടീകൃതമായിരിക്കുകയാണ്. ഒരുവന്‍ സ്വപ്നത്തില്‍ തന്നെത്തന്നെ പലരായി കണ്ടാലും യഥാര്‍ത്ഥത്തില്‍ അവന്‍ ഏകനായിരിക്കുന്നതുപോലെ ഈ സംസാരവൃക്ഷത്തിന്‍റെ വളര്‍ച്ചയും വികാസവും യഥാര്‍ത്ഥത്തില്‍ പരംപൊരുളിന്‍റേതുമാത്രമാണ്. ഈ വിധത്തില്‍ അത്ഭുതകരമായ ഈ വൃക്ഷം വളരുകയും മഹാദാദിതത്ത്വങ്ങളുടെ അങ്കുരങ്ങള്‍ നാനാഭാഗത്തുമുണ്ടാകുകയും ചെയ്യുന്നു.

ഈ വൃക്ഷത്തെ എന്തുകൊണ്ടാണ് അശ്വത്വം എന്നു വിളിക്കുന്നതെന്നു പറയാം. ‘ശ്വഃ’ എന്നതിന്‍റെ അര്‍ത്ഥം നാളെ എന്നാണ്. ‘അ’ എന്ന പൂര്‍വ്വ പദത്തിനര്‍ത്ഥം ഇല്ല എന്നും. അപ്പോള്‍ അശ്വത്ഥം നാളെ ഇല്ലാത്തത് എന്നര്‍ത്ഥമാകുന്നു. അങ്ങനെ ഈ പ്രപഞ്ചരൂപവൃക്ഷം നാളെവരേക്കും നിലനില്‍ക്കുമെന്നുറപ്പില്ല. മേഘങ്ങളുടെ നിറം അനവരതം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു നിമിഷനേരത്തേക്കുപോലും ഒരു കൊള്ളിമീന്‍ നിലനില്‍ക്കുന്നില്ല. ചലിക്കുന്ന താമരയില്‍ ജലം തങ്ങി നില്‍ക്കുകയില്ല. ഒരു വ്യാകുല പുരുക്ഷന്‍റെ ചിത്തം ഒരിക്കലും സ്വസ്ഥമായിരിക്കുകയില്ല. ഒതുപോലെയാണ് ഈ സംസാരവൃക്ഷത്തിന്‍റേയും സ്ഥിതി. ഇത് നിമിഷംതോറും നശിച്ചുകൊണ്ടിരിക്കുന്നു. ഇതിന്‍റെ ക്ഷണഭംഗുരത്വംകൊണ്ട് ഇതിനെ അശ്വത്ഥം എന്നു വിളിക്കുന്നു.

എന്നാല്‍ ഈ വൃക്ഷം അവ്യയമെന്നു പ്രസിദ്ധിപെറ്റതാണ്. അതിന്‍റെ ആന്തരാര്‍ത്ഥം ഇപ്രകാരമാണ്. സമുദ്രജലം ചൂടുപിടിച്ച് ആവിയായി മേല്‍പ്പോട്ടുയര്‍ന്ന് കാര്‍മേഘങ്ങളാകുന്നു. അവ മഴയായിത്തീര്‍ന്ന് നദികളില്‍ക്കൂടി സമുദ്രത്തിലെത്തുന്നു. സിന്ധുവിന്‍റെ ഒരുഭാഗം കാര്‍മേഘങ്ങള്‍ എടുത്തുകൊണ്ടുപോകുമ്പോള്‍ മറുഭാഗത്ത് നദികള്‍ ജലംകൊണ്ടുവന്നു നിറയ്ക്കുന്നു. ഈ പ്രക്രിയ നടക്കുന്നിടത്തോളം സമുദ്രം എല്ലായ്പ്പോഴും നിറഞ്ഞിരിക്കും. ഇതുപോലെ ഈ വൃക്ഷത്തിലുണ്ടാകുന്ന പരിണാമങ്ങള്‍ ദ്രുതഗതിയിലായതുകാരണം ആളുകള്‍ക്ക് അതുകാണാന്‍ കഴിയുന്നില്ല. ഇക്കാരണത്താല്‍ ജനങ്ങള്‍ ഇതിനെ അനശ്വരം എന്നു വിളിക്കുന്നു. ദാനശീലനായ ഒരുവന്‍ തന്‍റെ സമ്പത്തെല്ലാം ദാനംചെയ്ത് പുണ്യം സമ്പാദിക്കുന്നു. അപ്രകാരം ഈ വൃക്ഷം അതിന്‍റെ അനവരതമായ ക്ഷയംകൊണ്ട് അവിനാശിയായി കാണപ്പെടുന്നു. വളരെവേഗത്തില്‍പോകുന്ന ഒരു രഥത്തിന്‍റെ ചക്രങ്ങള്‍ നിശ്ചലമായി ഉരുളാതെ നില്‍ക്കുന്നതായിത്തോന്നും. അതുപോലെ വൃക്ഷത്തില്‍നിന്ന് ജീവജാലങ്ങളാകുന്ന വൃക്ഷശാഖകള്‍ കാലംചെല്ലുമ്പോള്‍ ക്ഷയിച്ച് കൊഴിഞ്ഞുവീണാലുടന്‍ കോടിക്കണക്കിനു മുളകള്‍ തല്‍സ്ഥാനത്തു വീണ്ടും പൊട്ടിമുളയ്ക്കുന്നു. ഇത് ആക്ഷാഢമാസത്തിലെ ആകാശത്തില്‍ സദാ കാര്‍മേഘങ്ങള്‍ വരുകയും പോകുകയും ചെയ്യുന്നതുപോലെ ശീഘ്രഗതിയിലാണ്. ഏതുവന്നുവെന്നോ ഏതുപോയെന്നോ, ആര്‍ക്കും പറയുവാന്‍ സാദ്ധ്യമല്ല. ഒരു ശിഖരം എപ്പോള്‍ നിലംപതിച്ചുവെന്നോ, മറ്റനേകം ശിഖരങ്ങള്‍ എപ്പോള്‍ മുളച്ചുവെന്നോ ഒരുവന് അറിയാന്‍ കഴിയുന്നില്ല.

കല്പകാലാന്ത്യത്തില്‍ നിലവിലുള്ള ലോകങ്ങളെല്ലാം നശിച്ചു പോകുന്നു. അവയുടെ സ്ഥാനത്ത് മറ്റനവധി ലോകങ്ങള്‍ നിലവില്‍ വരുന്നു. പ്രളയകാലത്തെ പ്രചണ്ഡസംഹാരവാതം ഒരു കാലചക്രത്തിനുള്ളിലുള്ള സംസാരവൃക്ഷങ്ങളെ നശിപ്പിക്കുന്നു. ഉടന്‍തന്നെ ബ്രഹ്മദേവന്‍റെ ഒരു ദിവസത്തില്‍ മറ്റൊരുസൃഷ്ടി ഉടലെടുക്കുന്നു. അടുത്ത കാലചക്രത്തില്‍ അനവധി അനവധി പുതിയ സംസാരവൃക്ഷങ്ങള്‍ വളരുന്നു. ഒരു മനുവിന്‍റെ കാലശേഷം മറ്റൊരു മനു തല്‍സ്ഥാനം വഹിക്കുന്നു. കരിമ്പു വളരുമ്പോള്‍ ഓരോ മുട്ടും വിരിഞ്ഞ് മുമ്പുണ്ടായിരുന്ന മുട്ടിനുമുകളില്‍ വരുന്നതുപോലെ ഓരോ മന്വന്തരത്തിലും വംശപരമ്പരകള്‍ ഒന്നൊന്നായി ഉണ്ടാകുന്നു. കലിയുഗത്തിന്‍റെ അന്ത്യത്തില്‍ സംസാരവൃക്ഷത്തിന്‍റെ ഉണങ്ങിയ പുറംചട്ട നിലംപതിക്കുന്നു. ഉടന്‍തന്നെ കൃതയുഗത്തിലെ വന്‍വൃക്ഷങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. തു നടപ്പുവര്‍ഷം അവസാനിച്ച് നവവത്സരം പ്രവേശിക്കുന്നതുപോലെയോ ഒരു ദിവസം അവസാനിച്ച് മറ്റൊരു ദിവസം തുടങ്ങുന്നതുപോലെയോ ആണ്. എന്നാല്‍ ഇതൊന്നും എപ്പോഴാണ് സംഭവിക്കുന്നതെന്ന് അറിയാന്‍ കഴിയുന്നില്ല. തുടര്‍ച്ചയായി വീശിക്കൊണ്ടിരിക്കുന്ന വായുവിന്‍റെ പരസ്പരബന്ധം കാണാന്‍ കഴിയുന്നില്ല. ഈ വൃക്ഷത്തില്‍ എത്ര ശാഖകള്‍ നാമ്പെടുക്കുന്നുവെന്നോ, എത്രയെണ്ണം കൊഴിഞ്ഞുപോകുന്നുവെന്നോ, ഒരുവന് അറിയാന്‍ കഴിയുന്നില്ല. ശരീരമാകുന്ന ഒരു ശാഖ അടര്‍ന്നുവീണുകഴിഞ്ഞാല്‍ മറ്റനേകം ശരീരങ്ങളാകുന്ന ശാഖഖള്‍ ഈ വൃക്ഷത്തില്‍ ഉടന്‍തന്നെ ഉടലെടുക്കുന്നു. തത്ഫലമായി ഈ സംസാരവൃക്ഷം അനശ്വരമായി നിലനില്‍ക്കുന്നുവെന്ന് തോന്നപ്പെടുന്നു. നദിയില്‍ക്കൂടി ശീഘ്രഗതിയില്‍ ഒന്നിനുപിറകേ ഒന്നായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ജലപ്രവാഹം ഒരൊറ്റ പ്രവാഹമായിട്ടാണ് തോന്നുന്നത്. അതുപോലെ ഈ പ്രപഞ്ചം അശാശ്വതമെങ്കിലും ശാശ്വതമാണെന്നു തോന്നപ്പെടുന്നു. കണ്ണിമയ്ക്കുന്നതിനധികമായി എണ്ണമറ്റ തിരമാലകള്‍ സമുദ്രത്തില്‍ ഉയരുകയും താഴുകയും ചെയ്യുന്നു. തന്മൂലം അതു സ്ഥിരമാണെന്ന തോന്നല്‍ ഉണ്ടാകുന്നു. ഒരേ കൃഷ്ണമണിയുള്ള കാക്ക ഒരു കണ്ണില്‍നിന്ന് മറ്റേ കണ്ണിലേക്ക് ദ്രുതഗതിയില്‍ കൃഷ്ണമണി ചലിപ്പിക്കുമ്പോള്‍ അതിനു രണ്ടു കൃഷ്ണമണികള്‍ ഉണ്ടെന്നു കാണികള്‍ തെറ്റിദ്ധരിക്കുന്നു. ഒരു പമ്പരം ശീഘ്രത്തില്‍ കറങ്ങുമ്പോള്‍ അതു നിശ്ചലമായി നിലത്തുറച്ചു നില്‍ക്കുന്നതായി അനുഭവപ്പെടുന്നു. കൈയ്യിലിരിക്കുന്ന പന്തം അന്ധകാരത്തില്‍ അതിവേഗത്തില്‍ വട്ടം കറക്കിയാല്‍ അത് അവിച്ഛിന്നമായ വൃത്താകാരത്തിലുള്ള അഗ്നിയാണെന്നുതോന്നും. ഇതുപോലെ ഈ സംസാരവൃക്ഷത്തിന്‍റെ സൃഷ്ടിയും നാശവും അനവരതം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും അത് അറിയാന്‍ കഴിയാത്ത അജ്ഞാനികള്‍ അതിനെ അനശ്വരമെന്നു വാഴ്ത്തുന്നു. എന്നാല്‍ ഈ സംസാരവൃക്ഷം ക്ഷണികമാണെന്നും അത് നിമിഷംപ്രതി വളരുകയും ക്ഷയിക്കുകയും ചെയ്യുന്നുവെന്നും അതു മിഥ്യയാണെന്നും അത് അജ്ഞാനത്തില്‍ വേരൂന്നി നില്‍ക്കുന്നുവെന്നും അനുഭവിച്ചറിയുന്നവന്‍ സര്‍വ്വജ്ഞനാണ്. വേദാന്ത സിദ്ധാന്തങ്ങളില്‍ പാരംഗതനായ അയാള്‍ പൂജനീയനും എന്‍റെ ബഹുമാനത്തിനു പാത്രീഭൂതനും ആകുന്നു. ഇപ്രകാരമുള്ള ഒരു ജ്ഞാനിക്കുമാത്രമാണ് യോഗാനുഷ്ഠാനങ്ങളുടെ മുഴുവന്‍ ഫലവും സിദ്ദിക്കുന്നത്. അയാള്‍ ജ്ഞാനത്തെ ചൈതന്യവത്താക്കുന്നു. ഇതിനെപ്പറ്റി ഇത്രയും വിവരിച്ചാല്‍ പോരെ? ഈ സംസാരവൃക്ഷം മിഥ്യാഭ്യാസമാണെന്നു മനസ്സിലാക്കാന്‍ കഴിയുന്ന പുരുഷനെ എന്തുവാക്കുകള്‍ ഉപയോഗിച്ചാണ് പ്രശംസിക്കേണ്ടത്.