ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 4

തതഃ പദം തത് പരിമാര്‍ഗ്ഗിതവ്യം
യസ്മിന്‍ ഗതാ ന നിവര്‍ത്തന്തി ഭൂയഃ
തമേവ ചാദ്യം പുരുഷം പ്രപദ്യേ
യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണി

അതിനുശേഷം ഏതു സ്ഥാനത്തെ പ്രാപിച്ചവര്‍ പിന്നെയും സംസാരത്തിലേക്കു തിരികെ വരുന്നില്ലയോ ആ സ്ഥാനം അന്വേഷിക്കേണ്ടതാണ്; ‘ഏതില്‍നിന്നാണോ സംസാരത്തിന്‍റെ ചിരന്തനമായ പ്രവാഹം പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്നത് ആ ആദിപുരുഷനെത്തന്നെ ഞാന്‍ ശരണം പ്രാപിക്കുന്നു.’ എന്ന ദൃഡനിശ്ചയത്തോടെ.

അതിനുശേഷം ഇതെന്നോ അതെന്നോ ഉള്ള ഭാവത്തെ ഇല്ലാതാക്കുന്ന ആത്മസ്വരൂപതത്ത്വത്തെ നിന്നില്‍ത്തന്നെ നീ കണ്ടെത്തണം. അതോടെ അഹംഭാവം നശിക്കുന്നു. അത് വൃത്തിശൂന്യമാകുന്നു. എന്നാല്‍ കണ്ണാടിയില്‍ക്കാണുന്ന മുഖം രണ്ടാമതൊന്നായിക്കാണുന്ന മൂഢന്മാരെപ്പോലെ ദ്വൈതഭാവത്തെ വളര്‍ത്തുന്നതിനു സഹായമായിത്തീരുന്ന മൂഢതയൊന്നും നീ കാണിക്കരുത്. നിറഞ്ഞകിണറിന്‍റെ അടിഭാഗത്തുള്ള നീരുറവയാണ് നീ കാണേണ്ടത്. ഘടം ഉടയുമ്പോള്‍ ഘടാകാശം മഹാകാശമായിത്തീരുന്നുവെന്ന് നീ മനസ്സിലാക്കണം. വിറക് എരിഞ്ഞുകഴിഞ്ഞാലും അഗ്നി അതിന്‍റെ മൂലരൂപത്തില്‍ എത്തിച്ചേരുന്നുവെന്നുള്ള വസ്തുതയെപ്പറ്റി നീ ബോധവാനായിരിക്കണം. ജലത്തില്‍ക്കാണുന്ന സൂര്യന്‍റെ പ്രതിബിംബം ജലം വറ്റിക്കഴിയുമ്പോഴും സൂര്യമണ്ഡ‍ലത്തില്‍ നിലനില്‍ക്കുന്നുവെന്ന് നീ അറിഞ്ഞിരിക്കണം. ഈ വിധത്തിലാണ് നിന്നില്‍ത്തന്നെ നിലനില്‍ക്കുന്ന നിന്‍റെ ആത്മത്ത്വത്തെ നീ ദര്‍ശിക്കേണ്ടത്. കണ്ണ് അതിന്‍റെ സ്വന്തം കൃഷ്മമണി കാണുന്നതുപോലെ, നാവ് അതിന്‍റെ സ്വാദനം സ്വയം അറിയുന്നതുപോലെ നീ നിന്‍റെ ആത്മാവിനെ കണ്ടറിയണം. തേജസ്സ് തേജസില്‍ ആവാഹിക്കുന്നതുപോലെയോ, ആകാശം ആകാശത്തില്‍ തെറുത്തുവച്ചിരിക്കുന്നതുപോലെയോ, ജലം ജലത്തെ ഉള്‍ക്കൊള്ളുന്നതുപോലെയോ നീ നിന്‍റെ ആത്മാവിന്‍റെ അദ്വൈതഭാവം അനുഭവിച്ചറിയണം. ഈ സത്യം ഉത്തമബോധ്യത്തോടെ നെഞ്ചില്‍ കൈവച്ചുകൊണ്ടാണ് ഞാന്‍ നിന്നെ അറിയിക്കുന്നത്. കാണാതെതന്നെ കാണാന്‍ കഴിയുന്നതും അറിയാതെതന്നെ അറിയാന്‍ കഴിയുന്നതുമാണ് ആദിപുരുഷനായ പരംപൊരുള്‍. ബുദ്ധിഭാവവും ചിത്തഭാവവും കൂടാത്ത ആത്മതത്ത്വാനുഭവമാണ് കാണാതെതന്നെ കാണാന് കഴിയുന്ന ആ പരംപൊരുള്‍. വേദങ്ങള്‍ ഇതിനെ ഉപാദിക്കുള്ളില്‍ നിര്‍ത്തി വിവരിക്കുന്നതിനുശ്രമിക്കുകയും, ഇതിനു നാമരൂപങ്ങളുണ്ടെന്ന് ഉല്‍ഘോഷിക്കുകയും ചെയ്യുന്നു. ഭൗതിക, സ്വര്‍ഗ്ഗീയ സുഖങ്ങളില്‍ നിര്‍വ്വേദം സംഭവിച്ച മുമുഷുക്കള്‍ അതില്‍നിന്നുള്ള മോചനത്തിനുവേണ്ടി അഷ്ടാംഗയോഗത്തിന്‍റേയും ജ്ഞാനത്തിന്‍റേയും മാര്‍ഗ്ഗം തേടുന്നു. വീണ്ടും സാംസ്കാരികജീവിതത്തിലേക്ക് തിരിച്ചുവരികയില്ലെന്നു പ്രതിജ്ഞ യെടുത്തുകൊണ്ട് അവര്‍ പരംപൊരുളിന്‍റെ ഗേഹത്തിലെത്താന്‍ ഇച്ഛിക്കുന്നു. വീതരാഗന്മാരായ ഇവര്‍ ഭൗതികജീവിതത്തിനോടുള്ള എല്ലാ മമതയും ഉപേക്ഷിച്ച് വൈരാഗ്യമാകുന്ന തോണിയില്‍ കയറി പരംപൊരുളിന്‍റെ തീരത്തണഞ്ഞ് എല്ലാ കര്‍മ്മബന്ധങ്ങളില്‍നിന്നും മോചിതരാകുന്നു. എല്ലാ അനാത്മവൃത്തികളും അഹംങ്കാരാദി ദുര്‍ഗ്ഗുണങ്ങളും ഉപേക്ഷിച്ച് ആത്മസ്വരൂപഗേഹത്തിലെത്താന്‍ ആഗ്രഹിക്കുന്നു. ഈ ജ്ഞാനികള്‍ക്ക് അതിലേക്കുള്ള അനുജ്ഞാപത്രം ലഭിക്കുന്നു. വസ്തുവിനെപറ്റിയുള്ള അജ്ഞാനം മിഥ്യാജ്ഞാനത്തെ സൃഷ്ടിക്കുന്നു. അത് ഞാനെന്നും നീയെന്നുമുള്ള ദ്വന്ദ്വഭാവത്തിന് രൂപം നല്കുന്നു. ദ്വന്ദഭാവമുള്ളവരുടെ വിശ്വപരമ്പര, നിര്‍ഭാഗ്യവാന്‍റെ നിഷ്ഫലമായ ആഗ്രഹങ്ങള്‍പോലെ നിരന്തരം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഹിമം സ്വയം ഉറയുന്നതുപോലെ വേണം നീ നിന്നില്‍ത്തന്നെ സ്വസ്വരൂപതത്ത്വത്തെ കണ്ടെത്തേണ്ടത്. അല്ലയോ ധനഞ്ജയ! ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നുവെന്ന വസ്തുത മനസ്സിലാക്കുന്നതിന് മറ്റൊരു ലക്ഷണവുമുണ്ട്. ഈ അവസ്ഥയിലെത്തിയാല്‍ പിന്നെ അവന് പുനര്‍ജന്മം ഇല്ല. പ്രളയകാലത്ത് പ്രപഞ്ചമൊട്ടാകെ പ്രളയജലത്തില്‍ മുങ്ങുന്നതുപോലെ ആത്മജ്ഞാനംകൊണ്ട് പരിപൂരിതമായ ഒരുവനു മാത്രമേ പരമപദം കൈവരിക്കാന്‍ സാധ്യമാവൂ.