ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 8

ശരീരം യദവാപ്നോതി
യച്ചാപ്യുത്ക്രാമതീശ്വരഃ
ഗൃഹീത്വൈതാനി സംയാതി
വായുര്‍ഗന്ധാനിവാശയാത്

ഈശ്വരാംശമായ ജീവാത്മാവ് ശരീരം കൈക്കൊള്ളുമ്പോഴും കൈവിടുമ്പോഴും -ജനിക്കുമ്പോഴും മരിക്കുമ്പോഴും- ഇന്ദ്രിയാദികളുടെ വാസനയെ, കാറ്റ് പൂവില്‍നിന്ന മരണത്തെ എന്നപോലെ, ഗ്രഹിച്ചുകൊണ്ടുപോകുന്നു.

ജീവാത്മാവ് സ്ഥൂലശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ താന്‍ കര്‍ത്താവും ഭോക്താവും ആണെന്ന് അവനു തോന്നുന്നു. വിലാസലോലുപനായ ഒരു രാജാവിന് രാജധാനിയില്‍ താമസ്സിച്ചെങ്കില്‍ മാത്രമേ അദ്ദേഹത്തിന്‍റെ ഐശ്വര്യവും വിലാസവും പ്രകടിപ്പിക്കാന്‍ കഴിയുകയുള്ളൂ. അതുപോലെ, ജീവാത്മാവിന് അതിന്‍റെ കര്‍മ്മം അനുസരിച്ചുള്ള സ്ഥൂലദേഹം ലഭിച്ചുകഴിയുമ്പോള്‍ അഹങ്കാരം ശക്തിപ്പെടുകയും വിഷയേന്ദ്രിയങ്ങള്‍ അനിയന്ത്രിതങ്ങളാകുകയും ചെയ്യുന്നു. ഇവ രണ്ടുംചേര്‍ന്ന് അവന്‍ വിഷയസുഖങ്ങളെ ആസ്വദിക്കുന്നു. അഥവാ അവ ശരീരത്തില്‍ നിന്നു വിട്ടുപോകുമ്പോള്‍ വിഷയങ്ങളുടെ എല്ലാ അനുചരസംഘത്തേയും തന്‍റെ കൂടെ കൂട്ടിക്കൊണ്ടുപോകുന്നു. അപമാനിതനായ ഒരു അഥിതി തന്‍റെ ആഥിതേയന്‍റെ സുകൃതസമ്പത്തിനെ കൊണ്ടുപോകുന്നതുപോലെ, അസ്തമനസൂര്യന്‍ മനുഷ്യരുടെ കാഴ്ചശക്തിയെ കൊണ്ടുപോകുന്നതുപോലെ, സമീരണന്‍ സുമങ്ങളുടെ സൗരഭ്യം എടുത്തുകൊണ്ടുപോകുന്നതുപോലെ, ജീവാത്മാവ് ശരീരം വെടിയുമ്പോള്‍ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ആറമത്തേതായ മനസ്സിനേയും അതിന്‍റെ കൂടെ കൊണ്ടുപോകുന്നു.