സ്വാമി വിവേകാനന്ദന്‍
ഭക്തിയോഗം ആരംഭം

സത്യ(നിഷ്‌കപട)വും ശുദ്ധ (ഫലനിരപേക്ഷ)വുമായ ഈശ്വരാന്വേഷണമത്രേ ഭക്തിയോഗം. അതു പ്രേമത്തില്‍നിന്നു ജനിച്ച് പ്രേമത്തില്‍ വളര്‍ന്ന് പ്രേമത്തില്‍ത്തന്നെ പര്യവസാനിക്കുന്നു. പരമേശ്വരനെക്കുറിച്ച് പരമപ്രേമോന്മാദം ഒരു നിമിഷനേരം ഉണ്ടായാല്‍ മതി. അതു നമുക്കു നിത്യമുക്തിയെ പ്രദാനം ചെയ്യും. “പരമപ്രേമമാകുന്നു ഭക്തിയുടെ സ്വരൂപം” എന്ന് ശ്രീനാരദന്‍ ഭക്തിസൂത്രങ്ങളില്‍ വിവരിച്ചിരിക്കുന്നു. “അതു ലഭിച്ച മനുഷ്യന്‍ എല്ലാറ്റിനെയും സ്നേഹിക്കും, ഒന്നിനെയും വെറുക്കുകയില്ല: നിത്യസംതൃപ്തനായി ഭവിക്കും.” ഈ പ്രേമം ലൗകികസുഖാനുഭവങ്ങള്‍ക്ക് ഉപകരിപ്പിക്കാവതല്ല. എന്തുകൊണ്ടെന്നാല്‍, ആ വിധം സുഖവാഞ്ഛകളുള്ള കാലത്തോളം ഈ പ്രേമം ഉണ്ടാവില്ല. ”ഭക്തി കര്‍മ്മത്തെക്കാള്‍ ശ്രേഷ്ഠമാകുന്നു, യോഗത്തേക്കാളും ശ്രേഷ്ഠമാകുന്നു. എന്തുകൊണ്ടെന്നാല്‍ ഇവ (രണ്ടും) ഭാവിതമായ ഒരു ഫലത്തിനുവേണ്ടിയാണ്. ഭക്തിയാകട്ടെ അതിന്റെതന്നെ ഫലമാകുന്നു: സാധനം ഭക്തി: സാദ്ധ്യവും ഭക്തി.

ഭക്തി നമ്മുടെ മഹര്‍ഷിമാര്‍ക്ക് ഒരു നിരന്തരചിന്താവിഷയമായിരുന്നു. ശാണ്ഡില്യന്‍ നാരദന്‍ മുതലായവര്‍ അതിനെപ്പറ്റി വേറെ ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവര്‍ക്ക് പുറമെ, തികച്ചും ജ്ഞാനത്തെ പ്രതിപാദിക്കുന്ന വ്യാസസൂത്രഭാഷ്യകാരന്മാരും ഭക്തിയെപ്പറ്റി ചില മുഖ്യസംഗതികള്‍ പറഞ്ഞിട്ടുണ്ട്. ഭാഷ്യകാരന്മാര്‍ക്ക് സൂത്രങ്ങളെയെല്ലാം, അഥവാ പലതിനെയും ശുഷ്‌കജ്ഞാനപരമായി വ്യാഖ്യാനിപ്പാന്‍ അതിയായ താല്പര്യമുണ്ടായിരുന്നിട്ടും, ചില സൂത്രങ്ങള്‍ – പ്രത്യേകിച്ച് ഉപാസനാകാണ്ഡത്തിലെ സുത്രങ്ങള്‍ – ആ വിധത്തില്‍ വളച്ചുകൊണ്ടുപോവാന്‍ എളുപ്പത്തില്‍ വഴങ്ങിക്കൊടുത്തിട്ടില്ല.

ജ്ഞാനത്തിനും ഭക്തിക്കും തമ്മില്‍ ജനങ്ങള്‍ ചിലപ്പോള്‍ വിചാരിക്കുന്നതുപോലെ വലിയ വ്യത്യാസം വാസ്തവത്തിലില്ല. അവ രണ്ടും അന്യോന്യം അടുത്തടുത്ത് ഒടുവില്‍ ഒരേസ്ഥാനത്തു കൂടിച്ചേരും: ഇതു നമുക്കു വഴിയേ കാണാം. ആ വിധമാകുന്നു രാജയോഗത്തിന്റെയും ഗതി. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതു പലപ്പോഴും, ആലോചനയില്ലാത്തവരെ കബളിപ്പിക്കാന്‍, കള്ളത്തട്ടിപ്പുകാരുടെയും ഗൂഢവിദ്യാവില്പനക്കാരുടെയും കൈയില്‍, ഒരായുധമായിത്തീരാറുണ്ട്. ആ വിധമല്ലാതെ, മോക്ഷപ്രാപ്തിക്ക് ഒരു സാധനയായി അഭ്യസിക്കയാണെങ്കില്‍ അതും നമ്മെ ആ ലക്ഷ്യത്തിലെത്തിക്കും.

ഭക്തിക്ക് ഒരു വലിയ മെച്ചമുണ്ട്; അതാകുന്നു നമുക്കു മഹത്തായ ദിവ്യലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ ഏറ്റവും എളുപ്പവും സ്വാഭാവികമായ മാര്‍ഗ്ഗം അതിനൊരു വലിയ ന്യൂനതയുമുണ്ട്; താണ പടികളില്‍ അത് ദുഷിച്ച് പലപ്പോഴും ബീഭത്‌സമായ മതഭ്രാന്തായിത്തീരാം. ഹിന്ദുക്കളുടെയോ മുഹമ്മദീയരുടെയോ ക്രിസ്ത്യാനിമാരുടെയോ ഇടയില്‍ കാണാവുന്ന മതഭ്രാന്തസംഘം മിക്കവാറും ഭക്തിയുടെ താണപടികളില്‍നിന്നുമാത്രം ചേര്‍ന്നു കൂടീട്ടുള്ളതാകുന്നു. നിശ്ചയമായും സ്വന്തം ഇഷ്ടദേവതയില്‍ നിഷ്ഠയുണ്ടായിരിക്കണം, അതില്ലാതെ യഥാര്‍ത്ഥഭക്തി വളരില്ല. എന്നാല്‍ ആ നിഷ്ഠ പലപ്പോഴും മറ്റു സര്‍വ്വത്തേയും നിന്ദിച്ചു തള്ളുവാന്‍ കാരണമാകുന്നുണ്ട്. മനസ്സിനു ബലവും വികാസവും കുറഞ്ഞ ഭക്തന്മാര്‍ക്ക്, ഏതു മതക്കാരായാലും, തങ്ങളുടെ ഇഷ്ടദേവതയെ സ്നേഹിപ്പാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളു – അന്യദേവതകളെ വെറുക്കുകതന്നെ. സ്വന്തം ഇഷ്ടദേവതയില്‍ അതിഭക്തിയും സ്വധര്‍മ്മത്തില്‍ അതിനിഷ്ഠയുമുള്ള ഒരാള്‍ തന്നെ അന്യദേവതയെപ്പറ്റി വല്ലതും കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ പെട്ടെന്നു വെറിയെടുത്തലറുന്ന മതഭ്രാന്തനാകുന്നതിനു കാരണം മുന്‍പറഞ്ഞതില്‍നിന്നു വെളിവാകും. ആ വിധമുള്ള ഭക്തി, നായ്ക്കു തന്റെ യജമാനന്റെ സ്വത്തിനെ അന്യന്‍ കയ്യേറാതെ തടഞ്ഞു കാക്കുവാനുള്ള സഹജവാസനയോടു ഏതാണ്ട് സമമാണ്: എന്നാല്‍ ഒരു വ്യത്യാസമുണ്ട്. ശ്വാവിന്റെ സഹജവാസന മതഭ്രാന്തന്റെ ബുദ്ധിയേക്കാള്‍ മീതെയാണ്. എങ്ങനെയെന്നാല്‍, യജമാനന്‍ ഏതു വേഷത്തില്‍ മുമ്പില്‍ വന്നാലും അത് ഒരു ശത്രുവാണെന്ന് നായ് തെറ്റിദ്ധരിക്കില്ല. മതഭ്രാന്തനു വിവേചന ശക്തി തീരെയില്ലാതാകുന്നു. ഒരു സംഗതിയെപ്പറ്റി, അതു ശരിയോ തെറ്റോ എന്നല്ല നോക്കുക, അതു പറയുന്ന ആള്‍ ആര് എന്നറിവാനാണ് അയാള്‍ക്കെപ്പോഴും ശ്രദ്ധ. വ്യക്തിയെക്കുറിച്ചുള്ള താല്പര്യത്തില്‍ അയാളുടെ മറ്റു ഗുണദോഷവിചാരമെല്ലാം മുങ്ങിപ്പോകുന്നു. സ്വമതസ്ഥരെ സംബന്ധിച്ച് ദയയും നന്മയും സത്യസന്ധതയും സ്നേഹവുമുള്ള മതഭ്രാന്തന്‍തന്നെ ആ മതസാഹോദര്യത്തിന്റെ അതിര്‍ത്തിക്കു പുറമേയുള്ളവര്‍ക്ക് എതിരായിട്ടാണെങ്കില്‍ അത്യന്തം നികൃഷ്ടമായ കര്‍മ്മങ്ങള്‍ ചെയ്യാനും മടിക്കില്ല.

എന്നാല്‍ ഈ ന്യൂനത ഭക്തിയുടെ ഗൗണീ എന്ന പ്രാരംഭാവസ്ഥയിലേ ഉണ്ടാകൂ. ഭക്തി പരിപക്വമായി പരാ എന്ന അത്യുച്ചഭാവത്തിലെത്തിയാല്‍പ്പിന്നെ മതഭ്രാന്തിന്റെ ഇത്തരം ബീഭത്‌സപ്രകടനങ്ങള്‍ ഉണ്ടാകുമെന്ന് ഒട്ടും ഭയപ്പെടേണ്ടതില്ല: പരഭക്തിയില്‍ മുഴുകിയ ജീവന്‍ പിന്നെ ലോകത്തില്‍ വിദ്വേഷം പരത്തുന്നതില്‍ ആയുധമാവാന്‍ പറ്റാത്തവിധത്തില്‍ പ്രേമസ്വരൂപനായ ഭഗവാന്റെ സമീപത്തെത്തിയിരിക്കുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം III ഭക്തിയോഗം. അദ്ധ്യായം 1. പേജ് 411-414]