രമണമഹര്‍ഷി സംസാരിക്കുന്നു

സാക്ഷാല്‍ക്കാരം എപ്പോഴുമുള്ളതാണ് (349)

ശ്രീ രമണമഹര്‍ഷി
മെയ്‌ 4 , 1938

മറ്റൊരു സംഘം ആളുകള്‍ സാക്ഷാല്‍ക്കാരത്തെപ്പറ്റി ചോദിച്ചതിനുത്തരമായി രമണ മഹര്‍ഷി: മനസ്സിനെ നിയന്ത്രിക്കുകയയും ആത്മാന്വേഷണം നടത്തുകയും ആണ് ആദ്യമായി വേണ്ടത്. എന്നാല്‍ മനസ്സ് തന്നെ എന്താണ്‌. അത് ആത്മാവിന്‍റെ ഒരു മുന മാത്രം. മനസ്സുണ്ടാകുന്നത് അഹന്തയില്‍ നിന്നും. ഇനിയും ഗഹനമായി ചിന്തിച്ചാല്‍ അതു നിരോധാനം ചെയ്തിട്ട് വെട്ടവെളിയെപ്പോലുള്ള ആത്മബോധം പ്രത്യക്ഷമാകും. ഇതിനെ ഹിരണ്യഗര്‍ഭന്‍ എന്ന് പറയുന്നു. ഇതിന്‍റെ കുടുസ്സായ രൂപങ്ങളാണ് വ്യക്തികള്‍.

ഇംഗ്ലീഷ് വനിത ഭാഗവാനോട് സ്വകാര്യമായി സംസാരിക്കനാഗ്രഹിച്ചു ഭഗവാനോട്: ഞാന്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുകയാണ്. ഇന്നു വൈകിട്ട് തിരിക്കും. സാക്ഷാല്‍ക്കാരസുഖം എനിക്കു സ്വഭവനത്തില്‍ ഉണ്ടാകുമോ എന്നാഗ്രഹിക്കുന്നു. എന്‍റെ നാട്ടില്‍ ഇതിന് ബുദ്ധിമുട്ടുണ്ട്. ഞാന്‍ യത്നിക്കും. ഞാനെന്തുചെയ്യും?
മഹര്‍ഷി: സാക്ഷാല്‍ക്കാരം എപ്പോഴുമുള്ളതാണ്. അതു ലോകബോധത്താല്‍ മറയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ അതിനെ അറിയുന്നില്ലെന്നെ ഉളളൂ. ഈ അറിവില്ലായ്മ മാറിയാല്‍ ആത്മാകാരം ദൃശ്യമാകും. ഇതിന് പ്രത്യേക പ്രയത്നം ആവശ്യമില്ല. മുന്‍ പറഞ്ഞ മറവുമാറ്റുകയൊന്നെ ചെയ്യേണ്ടിയുള്ളൂ. കഴുത്തില്‍ കിടന്ന നെക്കെലെസിനെ വിസ്മരിച്ച സ്ത്രീക്ക് അതിന്‍റെ നഷ്ടബോധമുണ്ടായി. അന്വേഷണം നടത്തിയാല്‍ ഒരു കൂട്ടുകാരി അതിനെ കഴുത്തില്‍ കാണിച്ചു കൊടുത്തു. അപ്പോള്‍ കളഞ്ഞുപോയ നെക്ക്ലേസ് തിരിച്ചു കിട്ടിയതുപോലെയായി. യഥാര്‍ത്ഥത്തില്‍ കളയുകയോ തിരിച്ചു കിട്ടുകയോ ഉണ്ടായില്ല. ആത്മ പ്രാപ്തിയും ഇതുപോലെയാണ്. ഇതുപോലെ ആത്മാവിനേയും പുത്തനായി പ്രാപിച്ചതുപോലെ തോന്നും. ഇനി അജ്ഞാന മറയെ മാറ്റുന്നതെങ്ങനെ? വിജ്ഞാനത്തിനുവേണ്ടി ആഗ്രഹിക്കുക. ഈ ആഗ്രഹം മുറ്റിവരുമ്പോള്‍ അജ്ഞാനാം ക്രമേണ മറയും.

ചോദ്യം: കഴിഞ്ഞ ദിവസം അങ്ങ് പറഞ്ഞു, ഉറക്കത്തില്‍ ബോധം പ്രവര്‍ത്തിക്കുന്നില്ലെന്ന്. എന്നാല്‍ ചില അവസരങ്ങളില്‍ ഉറക്കവേളയിലും എനിക്കു ബോധമുള്ളതുപോലെയുണ്ട്.
മഹര്‍ഷി: അവസ്ഥകള്‍ മൂന്നും മാറിക്കോണ്ടെയിരിക്കുന്നു. എന്നാല്‍ ഈ മൂന്നവസ്ഥകളിലും അവയ്ക്കടിസ്ഥാനമായ ഒരു നേരിയ ബോധം തന്നോട് കൂടി ഇരിക്കും. ഇപ്പോള്‍ ആ ബോധമാത്രമായിട്ടിരിക്കുക. അതാണ് സാക്ഷാല്‍ക്കാരം, അതാണ് ശാന്തി, അതാണാനന്ദം

Back to top button