സ്വാമി വിവേകാനന്ദന്‍

ഏകവും അദ്വിതീയവുമായ ബ്രഹ്മംതന്നെ എല്ലാം (135)

സ്വാമി വിവേകാനന്ദന്‍

ഈശ്വരന്‍ ആര്? ജന്മാദ്യസ്യ യത്ഃ. “ഈ ജഗത്തിന്റെ ജന്മസ്ഥിതിലയങ്ങള്‍ ആരില്‍നിന്നോ” അവന്‍ ഈശ്വരന്‍; “ശാശ്വതന്‍, നിര്‍മ്മലന്‍, നിത്യസ്വതന്ത്രന്‍, സര്‍വ്വശക്തന്‍, സര്‍വ്വജ്ഞന്‍, കരുണാമയന്‍, സര്‍വ്വഗുരുക്കന്മാരുടെയും ഗുരു,” സര്‍വ്വോപരി, സ ഈശ്വരഃ അനിര്‍വ്വചനീയപ്രേമസ്വരൂപഃ “വിവരിക്കാവതല്ലാത്ത പ്രേമംതന്നെ സ്വരൂപമായിട്ടുള്ളവന്‍.”

ഈ വിശേഷണങ്ങള്‍ നിശ്ചയമായും സഗുണനായ ഈശ്വരന്നേ ചേരൂ. അപ്പോള്‍ ഈശ്വരന്‍ രണ്ടുണ്ടോ – ജ്ഞാനിയുടെ നേതി, നേതി (ഇതല്ല, ഇതല്ല) എന്ന സച്ചിദാനന്ദവും ഭക്തന്റെ പ്രേമസ്വരൂപനും? ഇല്ല, സച്ചിദാനന്ദം ഏതോ അതുതന്നെ പ്രേമസ്വരൂപന്‍. നിര്‍ഗുണവും സഗുണവും ഒന്നുതന്നെ. ഭക്തന്‍ ഉപാസിക്കുന്ന ഈശ്വരന്‍ പ്രേമത്തില്‍നിന്നു വ്യത്യാസപ്പെട്ടതോ വേറിട്ടതോ അല്ല. ഏകവും അദ്വിതീയവുമായ ബ്രഹ്മംതന്നെ എല്ലാം. എന്നാല്‍ ഏകവും നിര്‍വിശേഷവുമായ ബ്രഹ്മം നമ്മുടെ പ്രേമത്തിനോ ആരാധനയ്‌ക്കോ വിഷയമാവാത്തവിധം അത്ര സൂക്ഷ്മമായ തത്ത്വമാകകൊണ്ട് ഭക്തന്‍ അതിന്റെ സവിശേഷഭാവമായ പരമേശ്വരനെ ഉപാസ്യനായെടുത്തിരിക്കുന്നു. ഇതിന് ഒരുപമ പറയാം. മണ്ണ് – ഒരേ വസ്തു – അതുകൊണ്ട് എണ്ണമറ്റതരം സാധനങ്ങള്‍ രൂപപ്പെടുത്താം. മണ്ണിന്റെ നിലയില്‍ അവയെല്ലാം ഒന്ന്: രൂപം അഥവാ രചന അവയെ വേര്‍തിരിക്കുന്നു. രൂപപ്പെടുത്തുന്നതിനുമുമ്പ് അവയെല്ലാം മണ്ണില്‍ സത്തായിരുന്നു: (കാരണ) വസ്തുത്വേന അവ അഭിന്നമാണ്. എങ്കിലും രൂപപ്പെട്ടു രൂപത്തോടെ ഇരിക്കുന്ന കാലത്തോളം അവ വേറിട്ടും വ്യത്യാസപ്പെട്ടുമിരിക്കും. മണ്ണെലി മണ്ണാനയാകയില്ല. അവയില്‍ രണ്ടിലും ഒരേ വസ്തു, ഒരേ മണ്ണ്: എന്നാല്‍ രൂപമാത്രത്താല്‍ അവ വ്യത്യസ്തങ്ങള്‍തന്നെ. അതുപോലെ അഖണ്ഡസദ്വസ്തുവായ ബ്രഹ്മത്തിന്റെ അത്യുത്കൃഷ്ടപ്രകാശനമത്രേ ഈശ്വരന്‍: മറ്റൊരുവിധം പറഞ്ഞാല്‍, അഖണ്ഡബ്രഹ്മത്തെസ്സംബന്ധിച്ച് മനുഷ്യമനസ്സുകൊണ്ട് നേടാവുന്ന അത്യുത്തമദര്‍ശനം. സൃഷ്ടി നിത്യമായിരിക്കുന്നതുപോലെ ഈശ്വരനും നിത്യനാകുന്നു.

വേദാന്തസൂത്രങ്ങളില്‍ ഭഗവാന്‍ വേദവ്യാസന്‍ നാലാമദ്ധ്യായം നാലാം പാദത്തില്‍, മുക്തന്മാര്‍ക്ക് മോക്ഷാനന്തരം മിക്കവാറും അനന്തമായ ശക്തിയും ജ്ഞാനവും വന്നുചേരുന്നതിനെപ്പറ്റി പറഞ്ഞിട്ട് ജഗത്‌സൃഷ്ടിസ്ഥിതിസംഹാരശക്തി ഈശ്വരനുമാത്രമുള്ളതാകയാല്‍ അത് എങ്ങനെയും ആര്‍ക്കും ലഭിക്കുന്നതല്ല എന്ന് ഒരു സൂത്രത്തില്‍ പറഞ്ഞിരിക്കുന്നു. ഈ സൂത്രം വ്യാഖ്യാനിച്ച് ഈശ്വരന്നുള്ള സര്‍വ്വശക്തിത്വവും പൂര്‍ണ്ണസ്വതന്ത്രതയും തദധീനന്മാരായ ജീവന്മാര്‍ക്ക് ഒരിക്കലും ഉണ്ടാവാന്‍ വഴിയില്ലെന്നു കാണിപ്പാന്‍ ദ്വൈതമതാനുസാരികളായ വ്യാഖ്യാതാക്കള്‍ക്ക് എളുപ്പമാണ്! ശുദ്ധദ്വൈതമതവ്യാഖ്യാതാവായ മധ്വാചാര്യര്‍ ഈ സൂത്രം വരാഹപുരാണത്തില്‍നിന്ന് ഒരു ശ്ലോകം ഉദ്ധരിച്ച് തന്റെ സംക്ഷിപ്തരീതിയില്‍ വ്യാഖ്യാനിച്ചുപോയിരിക്കുന്നു.

ഭാഷ്യകാരനായ രാമാനുജാചാര്യന്‍ ഈ സൂത്രത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നതാവാമിത്; “മുക്തപുരുഷനുണ്ടാകുന്ന സിദ്ധികളില്‍ പരമേശ്വരന്റെ അസാധാരണശക്തി, അതായത് ജഗത് സൃഷ്ട്യാദിശക്തിയും സര്‍വ്വനിയന്തൃത്വവും ഉള്‍പ്പെടുമോ? അതോ, അതൊഴിച്ച് പരമേശ്വരസാക്ഷാത്കാരം ഉണ്ടായിക്കൊണ്ടിരിക്കുക മാത്രമാണോ മുക്തന്റെ മഹത്ത്വം? എന്ന സന്ദേഹമുളവായിരിക്കെ താഴെ കാണിക്കുംപ്രകാരം ഒരു പൂര്‍വ്വപക്ഷം ഉണ്ടാകുന്നു: മുക്തന് ജഗന്നിയന്തൃത്വശക്തി ലഭിക്കുന്നു എന്നുള്ളതു യുക്തിയുക്തമാണ്. എന്തുകൊണ്ടെന്നാല്‍, ‘മുക്തപുരുഷന്‍ പരമേശ്വരനോട് പരമൈക്യം പ്രാപിക്കുന്നു. അയാളുടെ കാമങ്ങളെല്ലാം സഫലമാകുന്നു’ എന്ന് ശ്രുതിവാക്യമുണ്ട്. പരമേശ്വരന്റെ വിശിഷ്ടശക്തിയെന്ന ജഗദ്‌വ്യാപാരം കൂടാതെ പരമൈക്യപ്രാപ്തിയും സര്‍വ്വകാമസാഫല്യവും സിദ്ധിക്കയില്ല. അതുകൊണ്ട് സര്‍വ്വകാമങ്ങളും ഈശ്വരനോട് പരമൈക്യവും പ്രാപിക്കുവാന്‍ മുക്തന് ജഗദ്‌വ്യാപാരമെന്ന വിശിഷ്ടശക്തി കൂടി സിദ്ധിക്കാനുണ്ട് എന്നു സമ്മതിക്കണം. ഇതിന്നു ഞങ്ങളുടെ സമാധാനം: മുക്തന് ജഗദ്‌വ്യാപാരമൊഴികെയുള്ള സര്‍വ്വശക്തികള്‍ മാത്രം സിദ്ധിക്കുന്നു. ജഗദ്‌വ്യാപാരമെന്നതു സകലചരാചരങ്ങളുടെയും രൂപം കാമം ജീവിതം എന്നിവയെ സ്വേച്ഛാനുസാരം നിയന്ത്രിപ്പാനുള്ള ശക്തിയാകുന്നു. ഈ ശക്തി മുക്തന്നുണ്ടാവുകയില്ല. ഈശ്വരന്റെ യാഥാര്‍ത്ഥ്യത്തെ മറച്ചിരിക്കുന്ന മറവുകളെല്ലാം തന്നില്‍ നിന്നു നീങ്ങി തടവറ്റ ബ്രഹ്മദര്‍ശനം ആസ്വദിക്കുകമാത്രമാണ് മുക്തന്‍ ചെയ്യുന്നത്.

ഈ സംഗതി ശ്രുതിവാക്യങ്ങളാല്‍ വെളിവാകുന്നുണ്ട്. ‘ഈ ഭൂതങ്ങള്‍ ഏതില്‍നിന്നു ജനിക്കുന്നു, ഏതുനിമിത്തം ജീവിക്കുന്നു, ജീവിതാന്ത്യത്തില്‍ ഏതില്‍ തിരികെ ചെന്നുചേരുന്നു, അതിനെ അന്വേഷിക്കുക, അതു ബ്രഹ്മമാകുന്നു, ഈ ജഗദ്‌വ്യാപാരശക്തി മുക്തന്മാര്‍ക്കുകൂടി സാധാരണമാണെങ്കില്‍ ജഗദ്‌വ്യാപാരിത്വപ്രതിപാദകമായ ഈ വാക്യം ബ്രഹ്മത്തിനു വിവരണമാകയില്ല. മറ്റൊന്നിനും ചേരാത്ത അസാധാരണലക്ഷണംകൊണ്ടാണല്ലോ ഒന്നിനും ശരിയായ വിവരണം പറയേണ്ടത്. താഴെ കാണിക്കുന്ന ശ്രുതിവാക്യങ്ങളും നോക്കുക; സൗമ്യ, ആദിയില്‍ഒന്നുമാത്രം, രണ്ടാമതൊന്നില്ലാതെ ഉണ്ടായിരുന്നു. അതു വീക്ഷണം ചെയ്തു, ഞാന്‍ പലതാകും എന്നു സങ്കല്പിച്ചു. അതു തേജസ്സിനെ സൃഷ്ടിച്ചു.”ആദിയില്‍ ബ്രഹ്മംമാത്രമുണ്ടായിരുന്നു. അതു ബഹുവായി: അത് ഒരു ധന്യരൂപത്തെ സൃഷ്ടിച്ചു – ക്ഷത്രത്തെ, ഈ ദേവന്മാര്‍ ക്ഷത്രങ്ങളാകുന്നു: വരുണന്‍, സോമന്‍, രുദ്രന്‍, പര്‍ജ്ജന്യന്‍, യമന്‍, മൃത്യു. ഈശാനന്‍, ഇവരെല്ലാം ക്ഷത്രങ്ങളാകുന്നു.”ആദിയില്‍ ആത്മാവുമാത്രം ഉണ്ടായിരുന്നു, മറ്റൊന്നും അനങ്ങിയിരുന്നില്ല: അതു ലോകം സൃഷ്ടിപ്പാന്‍ സങ്കല്പിച്ചു: അതിനുശേഷം ലോകത്തെ സൃഷ്ടിച്ചു.നാരായണന്‍ കേവലനായുണ്ടായിരുന്നു: ബ്രഹ്മാവോ ഈശാനനോ ദ്യാവാപൃഥിവിയോ നക്ഷത്രങ്ങളോ ജലമോ വഹ്‌നിയോ സോമനോ സൂര്യനോ ഉണ്ടായിരുന്നില്ല: ഏകനായി വന്നതില്‍ നാരായണനു സന്തുഷ്ടിയുണ്ടായില്ലവ, പിന്നെ ധ്യാനിച്ചശേഷം അദ്ദേഹത്തിന് ഒരു പുത്രി, ദശേന്ദ്രിയങ്ങള്‍ മുതലായവയുണ്ടായി.”ആര്‍ ഭൂമിയില്‍ ഇരുന്നുകൊണ്ട് അതില്‍നിന്നു വേറായും ഇരിക്കുന്നുവോ, ആര്‍ ആത്മാവില്‍ ഇരുന്നുംകൊണ്ട്. ഇത്യാദിവാക്യങ്ങളില്‍ ജഗദ്‌വ്യാപാരകര്‍ത്താവായി പരമേശ്വരനെയാകുന്നു ശ്രുതി പറയുന്നത്. മുക്തപുരുഷന് അതില്‍ കര്‍ത്തൃത്വമുണ്ടെന്നു വരുത്തുവാന്‍, ജഗദ്‌വ്യാപാരപരങ്ങളായ വിവരണങ്ങളിലൊന്നിലും ഒരേടത്തും മുക്തപുരുഷന് ഒരു സ്ഥാനവും ശ്രുതി കൊടുത്തിട്ടില്ല.” അടുത്ത സൂത്ര വ്യാഖ്യാനത്തില്‍ രാമാനുജാചാര്യര്‍ (പൂര്‍വ്വപക്ഷം തുടര്‍ന്ന്) പറയുന്നു; “അതു ശരിയല്ല, അതിനു നേരെ വിപരീതം പറയുന്ന ശ്രുതിവാക്യങ്ങളുണ്ട് എന്നു നിങ്ങള്‍ പറയുമായിരിക്കും. എന്നാല്‍ ആ വാക്യങ്ങള്‍ മുക്തന്മാര്‍ക്ക് ഉപദേവതകളുടെ ലോകങ്ങളിലുള്ള മാഹാത്മ്യത്തെ മാത്രം സംബന്ധിച്ചുള്ളവയാകുന്നു.” ഇങ്ങനെ ഒരെളുപ്പമായ പരിഹാരമാകുന്നു രാമാനുജന്‍ ഈ വൈഷമ്യത്തിന് കണ്ടിട്ടുള്ളത്! അദ്ദേഹത്തിന്റെ (വിശിഷ്ടാദ്വൈത) സമ്പ്രദായത്തില്‍ സമഷ്ടിക്ക് ഏകത്വമുണ്ടെന്നു സമ്മതിക്കുന്നുണ്ട്: എന്നാല്‍ ആ ഏകസമഷ്ടിക്കുള്ളില്‍ നാനാവ്യക്തികളും ശാശ്വതമായുണ്ടെന്നും ആ മതം പറയുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ മതവും ഫലത്തില്‍ ദ്വൈതത്തോടു തുല്യമാകുന്നു. ആ നിലയില്‍ സാധാരണജീവനും സഗുണേശ്വരന്നും തമ്മിലുള്ള വ്യത്യാസം വളരെ വെളിവാക്കിവെപ്പാന്‍ രാമാനുജന് എളുപ്പമായിരുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 2 ഈശ്വരതത്ത്വം. പേജ് 419-422]

Back to top button