ശ്രീ രമണമഹര്‍ഷി

ചോദ്യം: മനസ്സഴിഞ്ഞ് നിശ്ചഞ്ചലമായി ശൂന്യത്തില്‍ പ്രവേശിച്ചശേഷം പ്രത്യക്ഷാനുഭൂതിയുണ്ടാവാന്‍ എന്തു ചെയ്യണം? (മാങ്ങയെത്തന്നെ മാങ്ങയെന്നറിയാന്‍)
മഹര്‍ഷി: ശൂന്യാകാശത്തെ കാണുന്നതാര്. പ്രത്യക്ഷമെന്നു പറഞ്ഞാലെന്താണ്. കണ്‍മുമ്പില്‍ കാണുന്നതിനെ നിങ്ങള്‍ പ്രത്യക്ഷമെന്നു പറയുന്നു. അതിന് കര്‍മ്മം, കാര്യം, കര്‍ത്താ എന്നീ മൂന്നും വേണം. ത്രിപുടിയോടുകൂടിയതു ആപേക്ഷികമാണ്. അതിനാല്‍ അതു പ്രത്യക്ഷമാവുകയില്ല. ജ്ഞാനാജ്ഞാനങ്ങളെ കടന്ന സ്വപ്രകാശ ചൈതന്യത്തെയാണ്‌ ജ്ഞാനമെന്നു പറയുന്നത്. ശൂന്യം വാദഹേതുകമാണ്. താനേ താനായിരിക്കുന്നതാണ് തന്നെ അറിയുന്നത്.

ചോദ്യം: അന്വേഷിക്കുന്നവനെയാണ് കാണേണ്ടത് എന്നറിയുന്നതുവരെ ഇങ്ങനെയൊരു ചോദ്യങ്ങള്‍ ഉണ്ടായികൊണ്ടേയിരിക്കും.
മഹര്‍ഷി: അതെ, അതെ. അന്വഷിക്കുന്നവനാരോ അവന്‍ തന്നെയാണന്വേഷിക്കപ്പെട്ടതുമെന്നറിയേണ്ടതാണ്. ഈ അറിയുന്നവനായ മനസ്സിനെ ആത്മാവാണെന്നു പലരും തെറ്റിദ്ധരിക്കുന്നു. ഈ അറിയുന്നവനായ മനസ്സൊഴിഞ്ഞ നിദ്രയിലും ആത്മാവു സ്ഥിതിചെയ്യുന്നു. അറിയുക, അറിയാതെയിരിക്കുക എന്നീ രണ്ടിനേയും കടന്നതാണാത്മാവ്. സംശയങ്ങളെല്ലാം മനസ്സിനാണ്‌. രാജോഗുണതമോഗുണങ്ങള്‍ക്കിടം കൊടുക്കാതെ ശുദ്ധ സാത്വികമായി നിന്ന് പഴകിയാല്‍ ജീവന്‍ അതിന്‍റെ എല്ലാ വാസനകളോടും കൂടി നശിച്ചു ആത്മാവിന്‍റെ സ്വപ്രകൃതിയായ നിര്‍വ്വാസനാമൗനം പ്രത്യക്ഷമായി പ്രകാശിക്കും.

ജ്ഞാനദൃഷ്ടിയെന്നും ജ്ഞാനചക്ഷുസ്സെന്നും പറയുന്നത് ജ്ഞാനം തന്നെ. ജ്ഞാനം തന്നെ കണ്ണെന്നതാണ്, ദൂരസ്ഥിതകാര്യങ്ങളെ അറിയുന്നതോ മറ്റൊരാളിന്‍റെ വിചാരത്തെ അറിയുന്നതോ ജ്ഞാനദൃഷ്ടിയല്ല. ദ്രഷ്ടാദൃശ്യഭേദത്തോടുകൂടിയ മനോമയ ബ്ഭ്രാന്തിമാത്രം. ഈ മാനസിക അറിവിനും അതീതമായുള്ളതാണ് ആത്മജ്ഞാനം.