ഈശ്വരനാമം എവിടെവെച്ചുച്ചരിക്കപ്പെടുന്നുവോ അവിടംകൂടി പവിത്രമാകുന്നു. അപ്പോള്‍ ആ നാമമുച്ചരിക്കുന്ന ആള്‍ ആ സ്ഥലത്തേക്കാള്‍ എത്രയധികം പവിത്രനാവണം ആ ആളുടെ അടുക്കല്‍ -ഈശ്വരതത്ത്വം ഉപദേശിച്ചുതരുന്ന ആ മഹാത്മാവിന്റെ അടുക്കല്‍ – നാം ചെല്ലുന്നത് എത്ര ഭക്ത്യാദാരങ്ങളോടുകൂടി വേണം! ആവിധം മഹാന്മാരായ തത്ത്വോപദേഷ്ടാക്കള്‍ വളരെക്കുറച്ചുപേരേ ഈ ലോകത്തിലുള്ളു. അവര്‍ ഒരു കാലത്തും തീരെയില്ലാതാവുകയില്ല. ഏതു കാലത്തും മനുഷ്യജീവിതത്തിലെ സുന്ദരതമങ്ങളായ കുസുമങ്ങള്‍, അഹേതുകദയാസിന്ധുക്കള്‍, ഒരുദ്ദേശ്യവും കരുതാത്ത ദയാവാരിധികള്‍, അവരാകുന്നു. ആചാര്യം മാം വിജാനീയാത് “ആചാര്യന്‍ ഞാന്‍ തന്നെ എന്നറിഞ്ഞാലും,” എന്ന് ശ്രീകൃഷ്ണന്‍ ഭാഗവതത്തില്‍ അരുളിച്ചെയ്തിരിക്കുന്നു. അവരില്‍ ഒരാളെങ്കിലും ലോകത്തില്‍ ഇല്ലാതാകുന്ന നിമിഷം ലോകം ബീഭത്‌സനരകമായി നാശത്തിലേക്കു കുതിച്ചുപോകും.
എല്ലാ സാധാരണഗുരുക്കന്മാരേക്കാളും ഉയര്‍ന്നവരും ഉത്കൃഷ്ടരുമായ മറ്റൊരുതരം ആചാര്യന്മാര്‍ ലോകത്തിലുണ്ട് – ഈശ്വരാവതാരങ്ങള്‍. അവര്‍ക്ക് ഒരു സ്പര്‍ശംകൊണ്ടോ വെറും സങ്കല്പംകൊണ്ടോ അദ്ധ്യാത്മത സംക്രമിപ്പിക്കാന്‍ കഴിയും. അവര്‍ കല്പിച്ചാല്‍, ഏറ്റവും അധഃപതിച്ച നീചന്മാര്‍പോലും നിമിഷംകൊണ്ട് മഹാത്മാക്കളാകും. അവര്‍ മറ്റു സര്‍വഗുരുക്കന്മാരുടെയും ഗുരുക്കന്മാരാകുന്നു. അവരാകുന്നു മനുഷ്യരൂപത്തില്‍ ഈശ്വരന്റെ പരമോച്ചപ്രകാശനങ്ങള്‍. അവരില്‍ക്കൂടിയല്ലാതെ നമുക്ക് ഈശ്വരദര്‍ശനം സാദ്ധ്യമല്ല. നമുക്ക് അവരെ ആരാധിക്കാതിരിക്ക വയ്യ. വാസ്തവത്തില്‍ അവരെ മാത്രമാകുന്നു നാം ആരാധിപ്പാന്‍ ചുമതലപ്പെട്ടിരിക്കുന്നത്.
ഈശ്വരപ്രകാശനങ്ങളായ ഈ മനുഷ്യരില്‍ക്കൂടിയല്ലാതെ ആര്‍ക്കും ഈശ്വരദര്‍ശനം യഥാര്‍ത്ഥത്തില്‍ സാദ്ധ്യമല്ല. മറ്റൊരു വിധത്തില്‍ ദര്‍ശിപ്പാന്‍ ശ്രമിച്ചാല്‍ നാം ഉണ്ടാക്കുന്നത് ഈശ്വരനെന്ന ഒരു ബീഭത്‌സരൂപമായിരിക്കും, ആ വികൃതരൂപം സാക്ഷാല്‍ സ്വരൂപത്തേക്കാള്‍ ഒട്ടും മോശമല്ലെന്നു നാം വിചാരിക്കയും ചെയ്യും. ഒരു മുഠാളനോടു ശിവന്റെ രൂപമുണ്ടാക്കുവാന്‍ പറഞ്ഞു. അയാള്‍ ഏറെനാള്‍ പണിപ്പെട്ട് ഒരു രൂപമുണ്ടാക്കി, പക്ഷേ അത് ഒരു കുരങ്ങന്റേതായിപ്പോയി എന്നൊരു കഥയുണ്ട്. അതുപോലെ നാം ഈശ്വരനെ കേവലപരിപൂര്‍ണ്ണാവസ്ഥയില്‍ ചിന്തിപ്പാന്‍ ശ്രമിക്കുന്നത് എപ്പോഴും ഏറ്റവും ദയനീയമായ പരാജയത്തില്‍ കലാശിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യരായിരിക്കുന്ന കാലത്തോളം നമുക്ക് ഈശ്വരനെ മനുഷ്യനില്‍നിന്നുകവിഞ്ഞ നിലയില്‍ ഭാവനചെയ്യുക സാദ്ധ്യമല്ല. നാം മനുഷ്യപ്രകൃതിയില്‍നിന്നു ഉയര്‍ന്ന് ഈശ്വരനെ യഥാവത്തായി അറിയുന്ന കാലംവരും. അതുവരെ നമുക്ക് ഈശ്വരനെ മനുഷ്യനില്‍ക്കൂടിയും മനുഷ്യരൂപത്തിലും ആരാധിക്കതന്നെവേണം. ഇതിന്നെതിരായി എത്രയെങ്കിലും വാദിച്ചോളൂ, എത്രയെങ്കിലും ശ്രമിച്ചോളൂ: പക്ഷേ മനുഷ്യത്വം വിട്ടു വിചാരിപ്പാന്‍ നിങ്ങള്‍ക്കു സാദ്ധ്യമല്ല. ഈശ്വരനെയോ മറ്റോ സംബന്ധിച്ച് അവനവന്റെ ബുദ്ധിക്കൊത്തവിധം ഗംഭീരമായി പ്രസംഗിക്കാം, വലിയ യുക്തിവാദികളാവാം, ഈശ്വരന്‍ മനുഷ്യനായവതരിക്കുമെന്നു പറയുന്നത് വിഡ്ഢിത്തമാണെന്നു തെളിയിച്ചു എന്ന് സ്വയം കൃതാര്‍ത്ഥതയും നേടാം: എന്നാല്‍ കാര്യത്തിനു കൊള്ളുന്ന സാധാരണ ബുദ്ധികൊണ്ട് അല്പം ആലോചിച്ചുനോക്കുക. ഈ വാദിക്കുന്ന വലിയ ബുദ്ധിയുടെ ഉള്ളില്‍ എന്തുണ്ട്? പൂജ്യം, മറ്റൊന്നുമില്ല: കുറെ നുരയും പതയും ഉണ്ടായിരിക്കും.
വലിയ വല്ല യുക്തിവാദിയും അവതാരാരാധനയ്‌ക്കെതിരായി പ്രസംഗിക്കുന്നത് കേള്‍പ്പാന്‍ എപ്പോഴെങ്കിലും ഇടവന്നാല്‍ നിങ്ങള്‍ അയാളോടു നിര്‍ത്തിച്ചോദിക്കു; ഈശ്വരനെപ്പറ്റി അയാളുടെ ഭാവന എന്താണ്, “സര്‍വശക്തിത്വം, സര്‍വവ്യാപിത്വം” മുതലായ സംജ്ഞകള്‍കൊണ്ട് ആ പദങ്ങളിലെ അക്ഷരച്ചേര്‍ച്ചയല്ലാതെ മറ്റു വല്ലതും അയാള്‍ മനസ്സിലാക്കീട്ടുണ്ടോ, എന്ന്. ആ പദങ്ങള്‍ക്കു ശരിയായ ഒരര്‍ത്ഥവും അയാള്‍ വാസ്തവത്തില്‍ ധരിച്ചിട്ടില്ല. അയാളുടെ സ്വന്തം മനുഷ്യപ്രകൃതിയുടെ ബാധയില്ലാത്ത ഒരര്‍ത്ഥം അവയ്ക്കു കല്പിക്കുവാന്‍ അയാള്‍ ശക്തനല്ല. ആ വിഷയത്തില്‍ അയാള്‍ വെറും പാമരനേക്കാള്‍ ഒട്ടും മീതെയല്ല. ഒരു സംഗതിയില്‍ പാമരന്‍ ഭേദമാണ്! ആ പാമരന്‍ ശാന്തനാണ്, ലോകശാന്തിയെ ഭഞ്ജിക്കുന്നുമില്ല. ഈ വലിയ വാചാലനാകട്ടെ മനുഷ്യരുടെ മനസ്സില്‍ കുഴപ്പവും ക്ഷോഭവും ഉണ്ടാക്കുകയാണ്. മതം വാസ്തവത്തില്‍ അനുഭൂതിയാണ്. പ്രസംഗവും അപരോക്ഷാനുഭൂതിയും തമ്മില്‍ അതിനിശിതമായി വിവേചിക്കുകയും വേണം. ഹൃദയാന്തര്‍ഭാഗത്തുള്ള സ്വാനുഭവമാണ് അനുഭൂതി. ഇതു മനസ്സിലാക്കുവാന്‍ സാധാരണബുദ്ധിയേ വേണ്ടൂ. പക്ഷേ ഈ വിഷയത്തില്‍ സാധാരണബുദ്ധിയെപ്പോലെ അത്ര അസാധാരണമായി കാണുന്നതു മറ്റൊന്നുമില്ല.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 6 അവതാരഗുരുക്കന്മാരും അവതാരവും. പേജ് 445-447]