ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-15

സര്‍വ്വസ്യ ചാഹം ഹൃദി സന്നിവിഷ്ടോ
മത്തഃ സ്മൃതിര്‍ജ്‍ഞാനമപോഹനം ച
വേദൈശ്ച സര്‍വ്വൈരഹമേവ വേദ്യോ
വേദാന്തകൃദ്വേദവിദേവ ചാഹം.

പരമാത്മാവായ ഞാന്‍ എല്ലാവരുടേയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു. എന്നില്‍നിന്നാണ് സ്മൃതിയും വിസ്മൃതിയും ജ്ഞാനവും ലഭിക്കുന്നത്. എല്ലാ വേദങ്ങളില്‍ക്കൂടിയും അറിയപ്പെടേണ്ട വസ്തു ഞാന്‍തന്നെയാണ്. വേദാന്തകര്‍ത്താവും വേദജ്ഞനും ഞാന്‍ തന്നെ.

‘ഞാന്‍ ഒരു കേമന്‍’ ആണെന്ന് ഒരോരുത്തരുടേയും ഹൃദയതലത്തില്‍ അഹോരാത്രം തോന്നുന്ന ബുദ്ധിസ്ഫുരണം യഥാര്‍ത്ഥത്തില്‍ ഞാനാകുന്നു. എന്നാല്‍ മഹാത്മാക്കളുമായുള്ള സംയോഗം, യോഗാഭ്യാസം, ജ്‍ഞാനപഠനം, ഗുരുചരണസേവനം എന്നിവകൊണ്ട് വൈരാഗ്യം ഉദിക്കുമ്പോള്‍ അവന്‍റെ അജ്ഞാനം അപ്രത്യക്ഷമാവുകയും അഹന്ത ആത്മരൂപത്തില്‍ ലയിക്കുകയും ചെയ്യുന്നു. അവന്‍റെ ആത്മാവാണ് ഞാനെന്ന് അവന്‍ മനസ്സിലാക്കുമ്പോള്‍ അവന്‍ നിത്യസുഖിയായി വാഴുന്നു. ഈ ആത്മസാക്ഷാത്ക്കാരം മറ്റേതെങ്കിലും വിധത്തില്‍ കൈവരിക്കാന്‍ അവനു കഴിയുമോ? അല്ലയോ ധനഞ്ജയ, സൂര്യനെ, സൂര്യപ്രകാശത്തില്‍കൂടി മാത്രം കാണാന്‍ കഴിയുന്നതുപോലെ എന്നെ മനസ്സിലാക്കാനുള്ള ഹേതു ഞാന്‍ മാത്രമാണ്. നേരേ മറിച്ച് വിഷയസുഖങ്ങളില്‍ മുഴുകിയിരിക്കുന്നവരുമായുള്ള സംയോഗത്താല്‍ സംസാരജീവിതത്തെപ്പറ്റിയുള്ള സ്തുതിവചനങ്ങള്‍ മാത്രം ശ്രദ്ധിക്കുകയും സ്വന്തം ശരീരത്തെ തലോലിക്കുകയും ചെയ്യുമ്പോള്‍ അവരുടെ അഹന്ത ശരീരവുമായി കൂടുതല്‍ ബന്ധിതവുമായിത്തീരുന്നു. സ്വര്‍ഗ്ഗസുഖമോ സംസാരസുഖമോ അനുഭവിക്കണമെന്നുള്ള ആഗ്രഹത്തോടെ കര്‍മ്മമാര്‍ഗത്തില്‍കൂടി ചരിക്കുന്ന അവര്‍ ദുഃഖത്തിന്‍റെ പങ്കാളികളായിത്തീരുന്നു. ഉറക്കത്തിനും ഉണര്‍വ്വിനും ചൈതന്യംതന്നെ കാരണമാകുന്നതുപോലെ ജ്ഞാനത്തിന്‍റെയും അജ്ഞാനത്തിന്‍റെയും ഹേതു ഞാനാണ്. കാര്‍മേഘം പകല്‍വെളിച്ചം മങ്ങുന്നതിന് ഇടയാക്കുന്നു. എന്നാല്‍ ആ കാര്‍മേഘത്തെത്തന്നെ നാം കാണുന്നത് മങ്ങിയ പകല്‍വെളിച്ചം കൊണ്ടാണ്. അതുപോലെ എന്നെ വിസ്മരിച്ചിട്ടു വിഷയസുഖങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നവരുടെ അജ്ഞാനത്തിനും ഹേതുഭൂതന്‍ ഞാന്‍ തന്നെയാണ്. അജ്ഞാനികള്‍ക്ക് കയറിനെപ്പറ്റിയുള്ള ഭ്രാന്തമായ അറിവ് അതിനെ സര്‍പ്പമാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയാക്കുന്നു. എന്നാല്‍ അതെപ്പറ്റിയുള്ള ശരിയായ അറിവുകൊണ്ട് ജ്ഞാനികള്‍ അതു കയറാണെന്നു തന്നെ അറിയുന്നു. അതുപോലെ ലോകവ്യവഹാരങ്ങളുടെ അടിസ്ഥാനപരമായ എല്ലാ ജ്ഞാനത്തിന്‍റേയും അജ്ഞാനത്തിന്‍റേയും മൂലകാരണം ഞാന്‍ തന്നെയാണ്.

അല്ലയോ ധനഞ്ജയ, എന്‍റെ യഥാര്‍ത്ഥസ്വഭാവം അറിയാതെ വേദങ്ങള്‍ എന്നെ അറിയാന്‍ ശ്രമിച്ചു. അതിന്‍റെ ഫലമായി വിവിധ സിദ്ധാന്തങ്ങള്‍ രൂപംകൊണ്ടു. എങ്കിലും കിഴക്കോട്ടും പടിഞ്ഞാട്ടും ഒഴുകുന്ന നദികള്‍ അവസാനം സമുദ്രത്തില്‍ ലയിക്കുന്നതുപോലെ എല്ലാ സിദ്ധാന്തങ്ങളും എന്നെപ്പറ്റിയുള്ള അറിവ് പ്രദാനം ചെയ്യുന്നു. മാരുതന്‍ ഉയരത്തിലേക്ക് വഹിച്ചുകൊണ്ടുപോകുന്ന പരിമളം ആകാശത്തില്‍ വിലയിക്കുന്നതുപോലെ ഞാന്‍ തന്നെയാണ് പരബ്രഹ്മം എന്നറിയുന്നതോടുകൂടി ശ്രുതികളുടെ മഹാസിദ്ധാന്തങ്ങള്‍ക്ക് ഒന്നും പറയാനാവാത്ത നില കൈവരുന്നു. ഇപ്രകാരം വേദങ്ങള്‍ സങ്കോചംകൊണ്ട് മൗനം പാലിക്കുമ്പോള്‍ ഞാന്‍ തന്നെ പരബ്രഹ്മത്തിന്‍റെ സ്വഭാവം വ്യക്തമാക്കുന്നതിന് ഗുരുരൂപത്തില്‍ വന്ന് അവയെ സഹായിക്കുന്നു. പ്രപഞ്ചം, വേദങ്ങളോടൊത്ത് ലയിച്ചു ചേരുന്ന അന്തിമമായ അദ്ധ്യാത്മജ്ഞ്നത്തിന്‍റെ അറിവാളന്‍ ഞാനാണ്. ഉറക്കമുണര്‍ന്ന ഒരുവന്‍ സ്വപ്നത്തില്‍ കണ്ടതൊന്നും തന്‍റേതല്ലെന്ന് അറിയുന്നതോടെ അതേപ്പറ്റിയുള്ള അവന്‍റെ ദ്വൈതഭാവം അവസാനിക്കുന്നു. അതുപോലെ ലൗകികമായ ഉപാധികളില്‍നിന്ന് സ്വതന്ത്രമായി നില്‍ക്കുന്ന എന്‍റെ അദ്വൈതാവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു. അത് സാക്ഷാത്കരിക്കാനുള്ള ഹേതുവും ഞാന്‍ മനസ്സിലാക്കുന്നു. അല്ലയോ അര്‍ജ്ജുന, കര്‍പ്പൂരം എരിഞ്ഞുകഴിയുമ്പോള്‍ കരിയോ അഗ്നിയോ ശേഷിക്കുന്നില്ല. അതുപോലെ അവിദ്യയെ നശിപ്പിച്ചു കഴിയുമ്പോള്‍ ജ്ഞാനം തന്നെ ഇല്ലാതായിത്തീരുന്നു. അപ്പോള്‍ അത് നിലനിന്നിരുന്നുവെന്നോ ഇല്ലായിരുന്നുവെന്നോ പറയാന്‍ ആര്‍ക്കും സാദ്ധ്യമല്ല. കാല്‍പ്പാ‌ടുകളൊന്നും കാണിക്കാതെ വിശ്വത്തെത്തന്നെ ഒരുവന്‍ മോഷ്ടിച്ചുകൊണ്ടു പോയാല്‍ എങ്ങനെയാണ് അവനെ പിന്തുടരുക? പ്രപഞ്ചത്തെ മുഴുവന്‍ ഇല്ലാതാക്കുന്ന ഒന്നിനെ ഈ പ്രപഞ്ചത്തില്‍ തിരഞ്ഞുകണ്ടെത്താന്‍ കഴിയുകയില്ല. ആത്മസ്വരൂപസ്ഥിതിയില്‍, അത് അറിയുന്നവന്‍തന്നെ ഇല്ലാതാകുന്നു. ശുദ്ധാവസ്ഥമാത്രം ശേഷിക്കുന്നു. അത് സച്ചിദാനന്ദമാകുന്ന ഞാന്‍ ആകുന്നു.