ശ്രീ രമണമഹര്‍ഷി
സെപ്തംബര്‍ 16, 1938.
മേജര്‍ സദ്വിക് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ മന്ത്രത്തെപ്പറ്റി ഭഗവാന്‍ വീണ്ടും പറഞ്ഞു: ബ്രഹ്മലോകമെന്നു പറയുന്നത് ബ്രഹ്മാനുഭൂതിയാണെന്നിരുന്നാലും ക്രമമുക്തിയെ പിന്തുടരുന്നവര്‍ അതിനെ ഒരു ലോകമാണെന്നും അവിടെ എത്തിയവര്‍ക്ക് പുനര്‍ജനനമില്ലെന്നും പറയുന്നു. സ്വസ്വരൂപത്തെ ഉണര്‍ന്ന ജ്ഞാനികള്‍ മറ്റെങ്ങും പോകാതെ ഇവിടെത്തന്നെ അവസാനിക്കുന്നതായി ഉപനിഷത്തുകള്‍ പറയുന്നു.
ജ്ഞാനിയും മറ്റുള്ളവരെപ്പോലെ ദേഹത്തോടുകൂടിത്തന്നെ ഇരുന്നാലും അവന്‍ ഭേദത്തോന്നലുകള്‍ കൂടാതെ സര്‍വ്വത്തെയും അഭേദമായിക്കണ്ടുകൊണ്ട് അഖണ്ഡാത്മാവായിരിക്കുകയാണ്. പാമരന്‍ ദേഹാത്മബുദ്ധിയോടുകൂടി എവിടെയും ഭേദത്തെത്തന്നെകണ്ടുകൊണ്ടു സംസാര ചക്രത്തില്‍ കിടന്നുഴലുകയാണ്.
ആത്മസ്വരൂപത്തെ കണ്ടവന്‍റെ സഹസ്രാരം ശുദ്ധ പ്രകാശമായിരിക്കുന്നു. വിഷയസാമീപ്യത്താല്‍ വിചാരം ജനിച്ചാലും അതു തനിക്കുള്ളിലാണെന്നു പറയുന്നു. അപ്പപ്പോള്‍ അതൊഴിഞ്ഞു പോകുമെന്ന സത്യത്തെ നാം രമണഗീതയില്‍ ദര്‍ശിക്കാം. ഈ ജ്യോതിസ്സു ദേഹാന്ത്യത്തില്‍ ആധാരമായ ഹൃദയത്തിലൊടുങ്ങിപ്പോകുന്നു.
ചോദ്യം: ജീവന്മുക്തന്‍റെ മനസ്സ് നിശ്ചഞ്ചലമാണെന്നു യോഗവാസിഷ്ഠത്തില്‍ പറഞ്ഞിരിക്കുന്നു.
മഹര്‍ഷി: ശുദ്ധമനസ്സെന്നും അചഞ്ചല ചിത്തമെന്നും പറയുന്നതൊന്നിനെത്തന്നെ. ജ്ഞാനിയുടെ ശുദ്ധമനസ്സ് ബ്രഹ്മമാണ്. പാമരന്‍റെ മനസ്സ് ദേഹാകാരമായും വിഷയാകാരമായും ഇരിക്കുമ്പോള്‍ ജ്ഞാനിയുടെ മനസ്സ് ഒരു കണ്ണാടിയ്ക്കെതിരെ മറ്റൊരു കണ്ണാടിയെന്ന പോലെ ശുദ്ധബ്രഹ്മാകാരമായിരിക്കും. അവന്‍റെ പ്രവൃത്തിയിലും നിവൃത്തിയിലും ഇതു കാണപ്പെടുന്നുണ്ട്. തന്നെ സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരു ഗുരു ക്ഷണിക്കുന്നുണ്ടെന്നും അവിടെ പോകാമോ എന്നും മാക് ഈവര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തെ ഇങ്ങോട്ട് (രാമണാശ്രത്തിലേക്ക്) ആനയിച്ച ശക്തിതന്നെ അങ്ങോട്ടാനയിക്കുന്നതെന്നും ഭഗവാന്‍ പ്രതിവചിച്ചു.