ഭക്തിയോഗത്തിന്റെ ക്രമത്തെയും സാധനങ്ങളെയും സംബന്ധിച്ചു ഭഗവാന്‍ രാമാനുജാചാര്യര്‍ വേദാന്തസൂത്രഭാഷ്യത്തില്‍ പറഞ്ഞിരിക്കുന്നതാവിത്; “വിവേകം, സംയമം, അഭ്യാസം, യജ്ഞം, വിശുദ്ധി, ബലം, അനുര്‍ദ്ധര്‍ഷം, ഇവ തത്‌സാധകങ്ങളാകുന്നു.” വിവേകമെന്നു പറഞ്ഞതില്‍, മറ്റു സംഗതികളുടെകൂടെ ആഹാരത്തിന്റെ ശുദ്ധ്യശുദ്ധകളെസ്സംബന്ധിച്ച വിവേകംകൂടി ഉള്‍പ്പെടുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആഹാരം അശുദ്ധമാകുന്നതിനു മൂന്നു കാരണങ്ങള്‍ (ദോഷങ്ങള്‍) അദ്ദേഹം പറയുന്നുണ്ട്. ജാതിദോഷം’ ഉള്ളി മുതലായവയ്ക്കു പ്രകൃത്യാ ഉള്ളത്. ആശ്രയദോഷം; ദുഷ്ടന്മാരുടെയും നീചന്മാരുടെയും കയ്യില്‍നിന്നു വരുന്നതുനിമിത്തം. സംസര്‍ഗ്ഗദോഷം; അഴുക്ക്, രോമം മുതലായ മലിനവസ്തുക്കളുടെ സമ്പര്‍ക്കംകൊണ്ട്, “ആഹാരം ശുദ്ധമായാല്‍ സത്വം ശുദ്ധമാകും; സത്ത്വം ശുദ്ധമായാല്‍ സ്മൃതി സ്ഥിരമാകും” എന്ന ഛാന്ദോഗ്യോപനിഷത്ത് വാക്യം ഉദ്ധരിച്ച് അദ്ദേഹം ശ്രുതിപ്രാമാണ്യം കാണിച്ചിരിക്കുന്നു.
ആഹാരകാര്യം അതിപ്രധാനമെന്നത്രേ ഭക്തന്മാര്‍ നിശ്ചയിച്ചിരിക്കുന്നത്. ചില ശാഖക്കാര്‍ ഇതു കണക്കല്ലാതെ വിസ്തരിച്ചിട്ടുള്ളത് ഗണ്യമാക്കേണ്ടതില്ലെങ്കിലും ഇതില്‍ ഒരു വലിയ തത്ത്വം കിടപ്പുണ്ട്. സാംഖ്യദര്‍ശനപ്രകാരം, സത്ത്വരജസ്തമസ്സുകള്‍ പ്രകൃതിയുടെ മൂലദ്രവ്യങ്ങളും ഗുണങ്ങളും രണ്ടുമാകുന്നു. അവ സമനിലയില്‍ ശാന്തമായിരിക്കുമ്പോള്‍ പ്രകൃതി എന്ന അവസ്ഥയും, കൂടിക്കലര്‍ന്നു പ്രക്ഷുബ്ധമാകുമ്പോള്‍ പ്രപഞ്ചം എന്ന അവസ്ഥയുമാകുന്നു. ഇങ്ങനെ (പ്രപഞ്ചമൂലവസ്തുക്കളായ) ആ ത്രിഗുണങ്ങളെക്കൊണ്ടാണ് മനുഷ്യശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതുകളില്‍ വെച്ച് സത്ത്വഗുണത്തിന്റെ ആധിക്യമാണ് ആദ്ധ്യാത്മികാഭിവൃദ്ധിക്ക് അവശ്യം ആവശ്യം. മനസ്സിന്റെ രൂപവത്കരണത്തില്‍, ഒരു വലിയ പങ്ക് നാം ആഹാരം വഴി ശരീരത്തിലേക്ക് ചെലുത്തുന്ന പദാര്‍ത്ഥങ്ങള്‍ക്കുണ്ട്: അതുകൊണ്ട് ആഹാരകാര്യം പ്രത്യേകം ശ്രദ്ധേയമാണ്. എന്നാല്‍ ഇതിലും മറ്റു വിഷയങ്ങളിലെന്നപോലെ സാധകന്മാര്‍ക്ക് ഒരു മതഭ്രാന്ത് പറ്റാറുണ്ട്, അതിനു ആചാര്യന്മാര്‍ ഉത്തരവാദികളല്ല.
എന്തായാലും ഈ ആഹാരവിവേചനത്തിനു രണ്ടാംകിട പ്രാധാന്യമേ ഉള്ളൂ. മേലുദ്ധരിച്ച ശ്രുതി വാക്യത്തെത്തന്നെ മറ്റൊരര്‍ത്ഥത്തിലാണ് ശ്രീശങ്കരാചാര്യര്‍ ഉപനിഷദ്ഭാഷ്യത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. ആഹാരമെന്നതിനു അന്നമെന്നാണ് സാധാരണാര്‍ത്ഥം. ശങ്കരാചാര്യര്‍ പറയുന്നു; “ആഹരിക്കപ്പെടുന്നത് (ഉള്ളിലേക്ക് എടുക്കുന്നത്) ആഹാരം, ശബ്ദാദിവിഷയസ്പര്‍ശങ്ങളുടെ ജ്ഞാനം, (അന്തര്യാമിയായ) ഭോക്താവിന്റെ ഭോഗത്തിനുവേണ്ടി ആഹരിക്കപ്പെടുന്നതാകുന്നു. ആ വഴിക്കുണ്ടാകുന്ന ജ്ഞാനത്തിന്റെ ശുദ്ധീകരണമത്രേ ആഹാരശുദ്ധീകരണം. (ജ്ഞാനത്തെ മലിനപ്പെടുത്തുന്ന) ദോഷങ്ങളായ രാഗ-ദ്വേഷ -മോഹങ്ങളുടെ കലര്‍പ്പില്ലാതെ (ശുദ്ധമായ) ഇന്ദ്രിയസ്പര്‍ശജ്ഞാനം സമ്പാദിക്കുന്നതാകുന്നു യഥാര്‍ത്ഥമായ ആഹാരശുദ്ധീകരണം, ആഹാരം അതായത് ജ്ഞാനം അങ്ങനെ ശുദ്ധമാകുമ്പോള്‍, ആഹരിക്കുന്നവന്റെ അതായത് അന്തഃകരണത്തിന്റെ സത്ത്വാംശം ശുദ്ധമാവുകയും, സത്ത്വശുദ്ധിയുണ്ടാകുമ്പോള്‍ ശ്രുതിപ്രമാണങ്ങളാല്‍ യഥാര്‍ത്ഥസ്വരൂപം ഇന്നതെന്നറിയപ്പെട്ട അഖണ്ഡാദ്വൈത (ബ്രഹ്മ)ത്തിന്റെ ധാരാവാഹിയായ സ്മൃതിയുണ്ടാകയും ചെയ്യും.”
ഈ രണ്ടര്‍ത്ഥങ്ങള്‍ പ്രത്യക്ഷത്തില്‍ പരസ്പരവിരോധികളാണെങ്കിലും രണ്ടും ശരിയാണ്, ആവശ്യവുമാണ്. സൂക്ഷ്മശരീരമെന്നു പറയാവുന്ന മനസ്സിനെ പിടികൂടി നിയന്ത്രിക്കുന്ന കാര്യം മാംസമയമായ സ്ഥൂലശരീരത്തിനെ നിയന്ത്രിക്കുന്നതിനെക്കാള്‍ ഉയര്‍ന്നതരം ശക്തികളുപയോഗിച്ചു വേണ്ടതാണ്, സംശയമില്ല. എന്നാല്‍ സൂക്ഷ്മത്തിന്റെ നിയന്ത്രണത്തില്‍ എത്തണമെങ്കില്‍ ആദ്യം സ്ഥൂലത്തെ നിയന്ത്രിച്ചേ മതിയാവൂ. അതുകൊണ്ട് സാധകന്‍ ആരംഭദശയില്‍ ഗുരുപാരമ്പര്യമനുസരിച്ച ഭക്ഷ്യനിയമങ്ങളില്‍ ശ്രദ്ധവെയ്ക്കതന്നെ വേണം. പക്ഷേ പല ശാഖകളും ചെയ്തുകാണുംപോലെ, അദ്ധ്യാത്മസൂര്യപ്രകാശമേല്ക്കുവാന്‍ എപ്പോഴെങ്കിലും പുറത്തിറങ്ങുമെന്ന് ആശിപ്പാനേ വഴിയില്ലാത്തവിധം മതകാര്യത്തെ അടുക്കളയിലേക്ക് ആട്ടിയോടിച്ചിരിക്കുന്ന നിരര്‍ത്ഥവും നിര്‍മ്മര്യാദവുമായ ശുദ്ധിഭ്രാന്ത് ഒരുതരം തനി ഭൗതികത്വമെന്നേ പറഞ്ഞുകൂടൂ. അതു ജ്ഞാനമല്ല, ഭക്തിയല്ല, കര്‍മ്മമല്ല, ഒരു പ്രത്യേകതരം ഭ്രാന്ത്: അതുപിടിപെട്ടവര്‍ ബ്രഹ്മലോകത്തിലേക്കു പോവാനല്ല, ഭ്രാന്തശാലയിലേക്കു പോവാനാണ് അധികം എളുപ്പം. അപ്പോള്‍, ഭക്ഷ്യാഭക്ഷ്യാവിവേകം വേണമെന്നുള്ളതു യുക്തിയുക്തംതന്നെ, അന്തഃകരണത്തിലെ സത്ത്വാംശത്തിന്ന് ഉത്കര്‍ഷമുണ്ടാക്കുവാന്‍ അത്യാവശ്യമാണ്. അതിനു എളുപ്പവഴി വേറെയില്ല.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 10 ക്രമവും സാധനങ്ങളും. പേജ് 462-464]