ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം

ഉത്തമ പുരുഷന്‍ – വ്യാപനത്തെ അതിജീവിക്കുന്ന വ്യാപ്തി (15-17)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-17

ഉത്തമഃ പുരുഷസ്ത്വന്യഃ
പരമാത്മേത്യുദാഹ്യതഃ
യോ ലോകത്രയമാവിശ്യ
ബിഭര്‍ത്തയവ്യയ ഈശ്വരഃ

എന്നാല്‍ ക്ഷരാക്ഷരപുരുഷന്മാരില്‍നിന്നു ഭിന്നനത്രെ പരമാത്മാവെന്ന് പറയപ്പെടുന്ന ഉത്തമപുരുഷന്‍. അവ്യയമായ ആ ഈശ്വരന്‍ മൂന്നു ലോകങ്ങളേയും വ്യാപിച്ച് താങ്ങിനിര്‍ത്തുന്നു

വിപരീതജ്ഞാനത്തില്‍നിന്ന് രൂപംകൊള്ളുന്ന രണ്ടവസ്ഥകളാണ് ജാഗ്രത്തും സ്വപ്നവും. ഇവ രണ്ടും ഘനസുഷുപ്തി (അജ്ഞാനം). ഈ അജ്ഞാനം യഥാര്‍ത്ഥ ജ്ഞാനത്തില്‍ മുഴുകുമ്പോള്‍, ‘അഹം ബ്രഹ്മാസ്മി’ എന്ന ബ്രഹ്മാനുഭൂതിയുണ്ടാകുന്നു. അതോടെ വിറകിനെ എരിച്ചുകഴിയുമ്പോള്‍ അഗ്നി കെട്ടടങ്ങി അപ്രത്യക്ഷമാകുന്നതുപോലെ ജ്ഞാനവും ബ്രഹ്മത്തെ വിട്ടുപോകുന്നു. ഇപ്രകാരം ജ്ഞാനം പ്രത്യക്ഷമായിക്കഴിഞ്ഞ് ശേഷിക്കുന്ന അവസ്ഥയാണ് ഉത്തമ പുരുഷന്‍. ക്ഷരപുരുഷനില്‍ നിന്നും അക്ഷരപുരുഷനില്‍നിന്നും വ്യത്യസ്തമായമൂന്നാമത്തെ പുരുഷനാണ് ഇത്.

അതുപോലെ സ്വപ്നം, ഘനസുഷുപ്തി എന്നീ അവസ്ഥകളുടെ ലാഞ്ഛനംപോലും ഈ അവസ്ഥയില്‍ ഇല്ലാതാകുന്നു. ലോകാവസാനത്തിലുണ്ടാകുന്ന കൊടുന്തീയാല്‍ ദിനരാത്രങ്ങള്‍ വിഴുങ്ങപ്പെടുന്നപോലെ എല്ലാ അനുഭവജ്ഞാനവും ദ്വൈതാദ്വൈതഭാവങ്ങളോടൊപ്പം നിലനില്‍പില്ലാത്തതായിത്തീരുന്നു. എല്ലാ ബോധശക്തിയും നിഷ്ഫലമാകുന്നു. നിലനില്‍പിന്‍റെ സ്ഥിതിയും സ്ഥിതിയില്ലായ്മയും നിലനില്‍ക്കുന്നില്ല. ഈ പരമമായ അസ്ഥിത്വമാണ് പരമാത്മാവ് എന്നുകൂടി ലോകത്തില്‍ അറിയപ്പെടുന്ന ഉത്തമപുരുഷന്‍.

ഈ അസ്ഥിത്വത്തില്‍ ലയിക്കാതെ ജീവദശയില്‍ ഇരിക്കുമ്പോള്‍ മാത്രമേ പരമാത്മാവിന് ഉത്തമപുരുഷനെന്ന നാമംനല്കി നമുക്ക് അഭിസംബോധന ചെയ്യാന്‍ കഴിയൂ. അല്ലയോ പാണ്ഡുപുത്ര, നദിയില്‍ മുങ്ങിച്ചാവുന്ന ഒരുവനെപ്പറ്റി പറയാന്‍ കഴിയുന്നത് കരയ്ക്ക് സുരക്ഷിതമായിനില്‍ക്കുന്ന ഒരാള്‍ക്ക് മാത്രമാണ്. അതുപോലെ വേദങ്ങള്‍ ഈ തീരത്തും മറുതീരത്തുമുള്ള വസ്തുക്കളെക്കുറിച്ച് സംസാരിക്കുന്നു. ഈ തീരത്തു നില്‍ക്കുന്ന ക്ഷരാക്ഷരപുരുഷന്മാര്‍ ഉപാധിസ്ഥരാണെന്നും അവരേക്കാള്‍ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നതാണ് പരമാത്മാവെന്നും വേദങ്ങള്‍ പ്രസ്താവിക്കുന്നു. അര്‍ജ്ജുനാ, പരമാത്മാവെന്ന പദം സൂചിപ്പിക്കുന്നത് പുരുഷോത്തമനെത്തന്നെയാണെന്നറിയുക. മൗനം സംസാരമായിരിക്കുകയും ഒന്നും സംസാരിക്കാത്തതു സംഭവമായിരിക്കുകയും ഒന്നും അറിയാത്തത് അറിവായിരിക്കുകയും ചെയ്യുന്ന ഈ അവസ്ഥയാണ് ഉത്തമപുരുഷന്‍. ഈ അവസ്ഥയില്‍ ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്ന ബോധം തന്നെ മറഞ്ഞുപോകുന്നു. പറയുന്നവന്‍തന്നെ പറഞ്ഞതായിത്തീരുന്നു. ദ്രഷ്ടാവും ദൃശ്യവും ഒന്നായിത്തീരുന്നു.

ബിംബപ്രതിബിംബങ്ങളെ നാം കാണുന്നത് അതിനിടയ്ക്ക് നില്‍ക്കുന്ന പ്രഭകൊണ്ടാണ്. എന്നാല്‍ ആ പ്രഭ നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്നില്ല. നാം കാണാത്തതുകൊണ്ട് ആ പ്രഭ ഇല്ലെന്നു പറയാന്‍ കഴിയുമോ? നമ്മുടെ സംസാരരന്ദ്രങ്ങള്‍ക്കും പുഷ്പങ്ങള്‍ക്കും ഇടയ്ക്കുള്ള പരിമളം നമുക്ക് ദൃഷ്ടിഗോചരമല്ല എന്നിട്ടും നാം ആസുഗന്ധം ആസ്വദിക്കുന്നു. സുഗന്ധം ദൃഷ്ടിഗോചരമല്ലാത്തതുകൊണ്ട് അതു നിലനില്‍ക്കുന്നില്ലെന്നു പറയാന്‍ കഴിയുമോ? അതുപോലെ ദൃഷ്ടാദൃഷ്ടകല്പനകള്‍ ഒന്നായിത്തീര്‍ന്ന് ഇല്ലാതായിക്കഴിയുമ്പോള്‍ എന്താണ് അവശേഷിക്കുന്നതെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? ഈ നിലയില്‍ ഉണ്ടാകുന്ന അനുഭവമാണ് പരമാത്മാവിന്‍റെ അവസ്ഥ. അതു പ്രകാശവസ്തുക്കളില്ലാത്ത പ്രകാശകനാണ്. നിയാമകവസ്തുക്കളില്ലാത്ത നിയാമകനാണ്. ആരാലും നിയന്ത്രിക്കപ്പെടാനില്ലാത്ത എല്ലാറ്റിന്‍റേയും നാഥനാണ്. അത് അതിന്‍റെ പ്രാക്തനാവസ്ഥയില്‍ സ്ഥിതിചെയ്യുന്നു. അത് മറ്റെല്ലാ വസ്തുക്കള്‍ക്കും ശബ്ദം നല്കുന്ന ശബ്ദമാണ്. സുഖാസ്വാദനത്തിന് സുഖം നല്കുന്നത് അതാണ്. പുരുഷന്മാരില്‍ സര്‍വ്വോത്തമ പുരുഷനാണ്. പൂര്‍ണ്ണതയുടെ പൂര്‍ണ്ണത്വമാണ്. സുഖത്തിന്‍റെ സുഖസ്ഥാനമാണ്. തേജസ്സിന്‍റെ തേജസ്സാണ്. മഹാശൂന്യത്തില്‍ വിലയംപ്രാപിക്കുന്ന ശൂന്യമാണ്. അത് വ്യാപനത്തെ അതിജീവിക്കുന്ന വ്യാപ്തിയാണ്. അത് വിശ്രാന്തിയുടെ വിശ്രമസ്ഥാനമാണ്. പ്രപഞ്ചനിര്‍മ്മാണശേഷം നിലനില്‍ക്കുന്ന അത് പ്രപഞ്ചനാശത്തിനുശേഷവും അവശേഷിക്കുന്നു.

മുത്തുച്ചിപ്പി വെള്ളിയായി മാറാതെ വെള്ളിയാണെന്നുള്ളതോന്നല്‍ ജനിപ്പിക്കുന്നതുപോലെ ഉത്തമപുരുഷന്‍ പ്രപഞ്ചമായി മാറാതെ പ്രപഞ്ചമാണെന്ന തോന്നല്‍ ജനിപ്പിക്കുന്നു. അലങ്കാരവസ്തുക്കളായ ആഭരണങ്ങള്‍ സ്വര്‍ണത്തില്‍നിന്നു രൂപംകൊള്ളുന്നതാണെങ്കിലും അവ അലങ്കാരവസ്തുക്കളായിട്ടല്ലാതെ സ്വര്‍ണ്ണമായി ആരും ഗണിക്കുന്നില്ല. എന്നാല്‍ സ്വര്‍ണ്ണം അതിന്‍റെ സ്വഭാവവിശേഷങ്ങളെ കൈവെടിയാതെ പ്രകടമായി ആഭരണരൂപത്തില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ അത് പ്രപഞ്ചത്തോടു സഹവര്‍ത്തിത്വത്തില്‍ സ്ഥിതിചെയ്യുകയും പ്രപഞ്ചത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു. ജലവും ഓളവും തമ്മില്‍ വ്യത്യാസമില്ലാത്തതുപോലെ പ്രപഞ്ചം പരമാത്മാവില്‍ നിന്നു ഭിന്നമല്ല. ജലത്തില്‍ പ്രതിഫലിക്കുന്ന ചന്ദ്രബിംബത്തിന്‍റെ സങ്കോചത്തിനും വികാസത്തിനും അതുതന്നെയാണ് കാരണം. സൂര്യന്‍ പകലും രാത്രിയും പ്രത്യേക രൂപങ്ങള്‍ കൈക്കൊള്ളാത്തതുപോലെ അത് പ്രപഞ്ചസൃഷ്ടിയോടെ നിലവില്‍ വരുകയോ പ്രപഞ്ചാവസാനത്തോടെ ഇല്ലാതായിത്തീരുകയോ ചെയ്യുന്നില്ല. ഒരവസ്ഥയിലും അതു നശിക്കുന്നില്ല. അതിനെ അതിനോട് മാത്രമേ താരതമ്യപ്പെടുത്തുവാന്‍ പറ്റുകയുള്ളൂ.

Back to top button