ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-18,19

യസ്മാത് ക്ഷരമതീതോƒഹം
അക്ഷരാദപി ചോത്തമഃ
അതോƒസ്മി ലോകേ വേദേ ച
പ്രഥിതഃ പുരുഷോത്തമഃ


യാതൊരു ഹേതുവാല്‍ ഞാന്‍ ക്ഷരപുരുഷനെ അതിക്രമിച്ചു നില്‍ക്കുന്നുവോ, അക്ഷരപുരുഷനെക്കാളും ശ്രേഷ്ഠനായി വര്‍ത്തിക്കുന്നുവോ, അക്കാരണത്താല്‍ ഞാന്‍ ലോകത്തിലും വേദത്തിലും പുരുഷോത്തമന്‍ എന്ന് പ്രസിദ്ധനായിത്തീര്‍ന്നിരിക്കുന്നു.

അല്ലയോ അര്‍ജ്ജുന, ഞാന്‍ ഉപാദികളില്‍നിന്നും ദ്വന്ദ്വസ്വഭാവത്തില്‍നിന്നും സ്വതന്ത്രനായ പരമാത്മാവാണ്. സ്വയം പ്രകാശിതമായ ഞാന്‍ ഏകമാണ്. എനിക്കു രണ്ടാമതായിട്ടൊന്നില്ല. ക്ഷരപുരുക്ഷനും അക്ഷരപുരുഷനും അതീതനായ ഞാന്‍ തികച്ചും സമ്പൂര്‍ണ്ണനാണ്. ആകയാല്‍ ലോകവും വേദങ്ങളും എന്നെ പുരുഷോത്തമന്‍ എന്നു പ്രഖ്യാപിക്കുന്നു.

യോ മാമേവമസംമൂഢോ
ജാനാതി പുരുഷോത്തമം
സ സര്‍വ്വവിദ് ഭജതി മാം
സര്‍വ്വഭാവേന ഭാരത!

അല്ലയോ അര്‍ജ്ജുന, ഏവന്‍ വ്യാമോഹരഹിതനായി മുമ്പുപറയപ്പെട്ട പ്രകാരം എന്നെ പുരുഷോത്തമാനായി അറിയുന്നുവോ അവന്‍ സര്‍വ്വാത്മനാ എന്നെ ഭജിക്കുന്നു. അതിനാല്‍ അവന്‍ സര്‍വ്വജ്ഞനായി ഭവിക്കുന്നു.

അല്ലയോ അര്‍ജ്ജുനാ, ചുരുക്കിപ്പറഞ്ഞാല്‍ ജ്ഞാനസൂര്യന്‍ ഒരുവനില്‍ ഉദിക്കുമ്പോള്‍ അവന്‍ എന്നെ പുരുഷോത്തമനായി അറിയുന്നു. സുഷുപ്തിയില്‍നിന്നുണരുന്നവന്‍റെ സ്വപ്നം അപ്രത്യക്ഷമാകുന്നതുപോലെ, ആത്മസ്വരൂപജ്ഞാനം കൈവരിക്കുമ്പോള്‍ ത്രിഭുവനങ്ങളും മിഥ്യയാണെന്ന് അവനു മനസ്സിലാകുന്നു. ഹാരം കൈയ്യിലെടുക്കുമ്പോള്‍ അതു പാമ്പായിരുന്നുവെന്ന ഭയം ഇല്ലാതാകുന്നതുപോലെ എന്നെപ്പറ്റിയുള്ള സമ്യഗ്ജ്ഞാനം എല്ലാമനോഭ്രാന്തികളേയും നശിപ്പിക്കുന്നു. എല്ലാ ആഭരണങ്ങളും ഉള്‍ക്കൊള്ളുന്നത് സ്വര്‍ണ്ണത്തെയാണെന്നറിയുന്നവന്‍ ആഭരണങ്ങളുടെ വിവിധത്വത്തില്‍ വിഭ്രമിക്കുകയില്ല. അതുപോലെ എന്‍റെ സ്വതസിദ്ധമായ സ്വഭാവം മനസ്സിലാക്കുന്ന ഒരുവനില്‍നിന്ന് എല്ലാ ഭേദഭാവങ്ങളും അകന്നുപോകുന്നു. ഞാനുമായി താദാത്മ്യം പ്രാപിച്ചുവെന്നറിയുന്ന അവന്‍ ഉല്‍ഘോഷിക്കുന്നു: ഞാന്‍ സച്ചിദാനന്ദസ്വരൂപമാണ്.

അല്ലയോ അര്‍ജ്ജുന, ഇപ്രകാരം എല്ലാം ബ്രഹ്മമാണെന്നറിയുന്ന അവന്‍മാത്രമേ എന്നെ അറിയുന്നുള്ളൂ. എന്നാല്‍ എല്ലാം അവന്‍ അറിയുന്നു എന്ന് പറയുന്നത് യുക്തിസഹമായ പറച്ചിലല്ല. എന്തുകൊണ്ടെന്നാല്‍ അവനില്‍ ഒരുവിധത്തിലുമുള്ള ദ്വൈതഭാവങ്ങളും ഇല്ലാതെ അവന്‍ ഞാനുമായി താദാത്മ്യം പ്രാപിച്ചിരിക്കുകയാണ്. ആകാശത്തെ ആശ്ലേഷിക്കാന്‍ ആകാശത്തിനുമാത്രമേ കഴിയൂ എന്നു പറയുന്നതുപോലെ ഇപ്രകാരമുള്ള ഒരുവനു മാത്രമെ എന്നെ ആരാധിക്കാന്‍ കഴിയൂ. ക്ഷീരസാഗരത്തിന് ആതിഥ്യം നല്കാന്‍ പാല്‍ക്കടലിനുമാത്രം സാധിക്കുന്നതുപോലെ, അമൃതുമായിച്ചേരുന്നതിനു പീയൂഷത്തിനുമാത്രം കഴിയുന്നതുപോലെ, കറയറ്റ സ്വര്‍ണ്ണത്തിനുമാത്രം ശുദ്ധമായ സ്വര്‍ണ്ണത്തോട് ചേര്‍ന്ന് അസല്‍ സ്വര്‍ണ്ണമാകാന്‍ കഴിയുന്നതുപോലെ എന്‍റെ സ്വരൂപത്തെ പ്രാപിക്കാത്ത ഒരുവന് എന്നില്‍ ഭക്തിയുണ്ടാവുക പ്രയാസമാണ്. സരിത്ത് സാഗരത്തില്‍നിന്ന് ഭിന്നമാണെങ്കില്‍ എങ്ങനെയാണ് അത് സാഗരവുമായി കൂടിക്കലര്‍ന്ന് ഒന്നാകുന്നത്? സജീതീയവസ്തുക്കള്‍ തമ്മില്‍മാത്രമേ ഒന്നിച്ചു ചേരുകയുള്ളൂ. ഞാനുമായുള്ള ബന്ധവും എന്നോടുള്ള ഭക്തിയും പരസ്പരം ബന്ധപ്പെട്ടതാണ്. ആഴിയിലെ കല്ലോലങ്ങള്‍ ആഴിയില്‍ നിന്നു ഭിന്നമല്ല. അതുപോലെ എന്‍റെ ശാശ്വത സ്വരൂപത്തെ പ്രാപിച്ച ഒരുവന്‍ എന്നില്‍നിന്നു ഭിന്നനല്ല. സൂര്യനും അതിന്‍റെ പ്രഭയും അഭേദ്യമായിരിക്കുന്നതുപോലെയാണ് ഞാനും എന്‍റെ ഭക്തനും തമ്മിലുള്ള ബന്ധം.