പ്രേമം പ്രകൃതിയിലെങ്ങും കാണാം. മനുഷ്യസമുദായത്തില്‍ ഉത്കൃഷ്ടവും മഹത്തും ഗംഭീരവുമായി എന്തുണ്ടോ അത് പ്രേമത്തിന്റെ വിലാസമാണ്: നികൃഷ്ടവും ആസുരവുമായി എന്തുണ്ടോ? അതും പ്രേമത്തിന്റെ വിലാസമത്രേ: ഇത് ദുര്‍മ്മാര്‍ഗ്ഗത്തില്‍ക്കൂടിയുള്ള പ്രകടനമാണെന്നു മാത്രം. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പാവനപുണ്യസ്നേഹമായിക്കാണുന്ന അതേ പ്രേമഭാവമാണ്, മൃഗീയമായ കാമത്തിന്റെ നീചതമപ്രകൃതിയെ തൃപ്തിപ്പെടുത്തുന്നതും. രണ്ടിലും മൂലവികാരംഒന്നുതന്നെ. അത് ഭിന്നാവസ്ഥകളില്‍ ഭിന്നരൂപങ്ങളില്‍ പ്രകടമാകുന്നു. സന്മാര്‍ഗ്ഗത്തിലിറങ്ങി നന്മ ചെയ്യാനും സര്‍വ്വസ്വവും ദാനം ചെയ്‌വാനും ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന പ്രേമം തന്നെയാണ്, ദുര്‍മ്മാര്‍ഗ്ഗത്തിലിറങ്ങി തിന്മ ചെയ്‌വാനും സഹോദരന്റെ കഴുത്തറുത്ത് സര്‍വ്വസ്വവും അപഹരിപ്പാനും മറ്റൊരു മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ഒടുക്കത്തെ ആള്‍ക്കു എത്രത്തോളം സ്വാര്‍ത്ഥ പ്രതിപത്തിയുണ്ടോ അത്രയും പരാര്‍ത്ഥരതി ആദ്യത്തെ ആള്‍ക്കുണ്ട്. ഒരാളുടെ പ്രേമഗതി പിഴച്ചതും മറ്റേ ആളുടേതു ശരിയും യോഗ്യവുമാകുന്നു. നമുക്കു ഭക്ഷണം പാകംചെയ്തുതരുന്ന അതേ അഗ്‌നി ഒരു ശിശുവിനെ ദഹിപ്പിച്ചു എന്നുവരാം. അത് തീയിന്റെ കുറ്റമല്ല. അതിന്റെ പ്രയോഗം വ്യത്യാസപ്പെട്ടതേയുള്ളു. ഇങ്ങനെ പ്രേമം -അതായത്, തമ്മില്‍ ചേരുവാനുള്ള പ്രബലാഭിലാഷം, രണ്ടുപേര്‍ക്ക് ഒന്നായിത്തീരുവാനുള്ള തീവ്രതൃഷ്ണ, പക്ഷേ അതിന്നും ഉപരിയായി, സര്‍വ്വര്‍ക്കുംകൂടി ഏകത്തില്‍ ലയിപ്പാനുള്ള ഉത്കടവാഞ്ഛ-ഉച്ചമോ നീചമോ ആയ ഭാവങ്ങളില്‍ പ്രകടമാകുന്നു.
ഉത്കൃഷ്ടരൂപത്തിലുള്ള പ്രേമത്തിന്റെ ശാസ്ത്രമാകുന്നു ഭക്തിയോഗം. പ്രേമത്തെ ഏതുവഴിക്കു തിരിക്കണം, അതിനെ എങ്ങനെ നിയന്ത്രിക്കണം, അതുകൊണ്ട് എങ്ങനെ കൈകാര്യം ചെയ്യണം, എങ്ങനെ പ്രയോഗിക്കണം, അതിനു പുതിയതെന്നപോലെ ഒരു ലക്ഷ്യം കൊടുത്തു അതില്‍നിന്ന് അത്യുഛവും അത്യുത്കൃഷ്ടവുമായ ഫലങ്ങളെ എങ്ങനെ സമ്പാദിക്കാം, അതായത് ആത്മാനന്ദപരമശാന്തിക്ക് അതിനെ എങ്ങനെ ഉപകരണമാക്കാം എന്നെല്ലാം ആ ശാസ്ത്രം അറിവുതരുന്നു. ഭക്തിയോഗം ഒന്നിനെയും കൈവിടുവാന്‍ നമ്മോടാവശ്യപ്പെടുന്നില്ല. സ്നേഹിക്കുക, പരമോത്കൃഷ്ടമായതിനെ സ്നേഹിക്കുക, എന്നേ ആവശ്യപ്പെടുന്നുള്ളു പരമോച്ചത്തെ പ്രേമലക്ഷ്യമാക്കുമ്പോള്‍ നീചങ്ങള്‍ തനിയെ അകന്നുപൊയ്‌ക്കൊള്ളും.
‘എന്റെ പ്രേമസര്‍വ്വസ്വവും അങ്ങുന്ന്! ഇതൊഴിഞ്ഞ് മറ്റൊന്നും അങ്ങയെപ്പറ്റി പറയാന്‍ ഞാനാളല്ല. അങ്ങുന്ന് സര്‍വ്വാംഗസുന്ദരന്‍, അതെ, സര്‍വ്വാംഗസുന്ദരമൂര്‍ത്തി, അങ്ങുന്നു സൗന്ദര്യംതന്നെ. സൗന്ദര്യതൃഷ്ണ നമുക്കുണ്ട്: അത് ഈശ്വരങ്കലേക്ക് തിരിക്കണം എന്നു മാത്രമേ ഭക്തിയോഗം വാസ്തവത്തില്‍ നമ്മോടാവശ്യപ്പെടുന്നുള്ളു. ഒരു മനുഷ്യമുഖത്തിലോ ആകാശത്തിലോ ചന്ദ്രനിലോ നക്ഷത്രങ്ങളിലോ ഉള്ള സൗന്ദര്യം ഏത്? അത് സര്‍വജഗദാശ്ലേഷിയായ യഥാര്‍ത്ഥദിവ്യസൗന്ദര്യത്തിന്റെ ലേശാംശപ്രതിഫലനം മാത്രം. ‘അവന്‍ പ്രകാശിക്കെ അതിനെ ഉപജീവിച്ച് ഇതെല്ലാം പ്രകാശിക്കുന്നു. അവന്റെ പ്രകാശത്താല്‍ ഇതെല്ലാം പ്രകാശിതമാകുന്നു. ഈ ഉയര്‍ന്ന നിലയില്‍, ക്ഷുദ്രങ്ങളായ വ്യക്തിഭാവങ്ങളെ പൊടുന്നനെ വിസ്മരിപ്പിക്കുന്ന ഭക്തിപദത്തില്‍ സ്ഥാനമുറപ്പിക്കുവിന്‍. ക്ഷുദ്രങ്ങളായ ലൗകികസ്വാര്‍ത്ഥാസക്തികളെ നിഷ്‌കാസനം ചെയ്‌വിന്‍. നിങ്ങളുടെ ഇഹപരകാര്യങ്ങളെല്ലാം മനുഷ്യത്വം എന്ന ഭാവത്തോടു ബന്ധപ്പെട്ട് അതിനെ ചുറ്റിനില്ക്കുന്നതായി വിചാരിക്കാതിരിപ്പിന്‍. പ്രകൃതിവിലാസങ്ങളെ സാക്ഷിയുടെയും കണ്ടുപിടിക്കുന്നവന്റെയും നിലയില്‍നിന്നു നിരീക്ഷിക്കുവിന്‍. അതിപ്രബലമായ പ്രേമാവേശം ഏതെല്ലാം വിധത്തില്‍ ഈ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് മനുഷ്യാസക്തിഭാവം വിട്ടുനിന്നു കാണ്മിന്‍ചിലപ്പോള്‍ ചെറിയൊരു സംഘര്‍ഷം ഉണ്ടായിക്കാണാം. അത് ഉയര്‍ന്നതരം യഥാര്‍ത്ഥപ്രേമം അനുഭവിപ്പാനുള്ള പരിശ്രമത്തില്‍ വന്നു പോകുന്നതാണ്. ചിലപ്പോള്‍ ചെറിയൊരു യുദ്ധമോ പരാജയമോ സംഭവിച്ചേക്കാം. അതും സാരമില്ല, അത് പുരോഗതിയില്‍ ഇടയ്ക്കു പറ്റിപ്പോകുന്നതാണ്. നിങ്ങള്‍ മാറിനില്പിന്‍. കടിപിടികള്‍ വന്നുകൊള്ളട്ടെ, അവയെ തടയാന്‍ നോക്കേണ്ട. കടിപിടികളാണെന്ന തോന്നലുണ്ടാകുന്നതുതന്നെ നിങ്ങള്‍ വ്യവഹാരപ്രവാഹത്തില്‍ പെട്ടിരിക്കുമ്പോഴാണ്: അതില്‍നിന്നു കയറി ഒരു സാക്ഷിയുടെയോ തത്ത്വാന്വേഷകന്റെയോ നിലയില്‍നിന്നുനോക്കിയാല്‍, ഈശ്വരന്‍ നൂറുനൂറായിരം മാര്‍ഗ്ഗങ്ങളില്‍ക്കൂടി തന്നെത്തന്നെ പ്രേമമായി പ്രകാശിപ്പിക്കുകയാണ് എന്ന് കാണ്മാന്‍ കഴിവുണ്ടാകും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 12 ഭക്തന്റെ ത്യാഗം പ്രേമത്തില്‍നിന്ന്. പേജ് 481-483]