സ്വാമി വിവേകാനന്ദന്‍

തികച്ചും ഇന്ദ്രിയാധീനവും നികൃഷ്ടവുമായാല്‍പ്പോലും ആനന്ദം എവിടെയുണ്ടോ അവിടെ സാക്ഷാല്‍ പരമേശ്വരസ്വരൂപമായ നിത്യാനന്ദത്തിന്റെ ഒരു സ്ഫുലിംഗമുണ്ട്! അതിനീചനീചാകര്‍ഷണങ്ങളില്‍പ്പോലും ദിവ്യാനന്ദത്തിന്റെ മൂലബീജം കിടപ്പുണ്ട്. ഈശ്വരന് സംസ്‌കൃതഭാഷയില്‍ ഹരി എന്നൊരു പേരുണ്ട്. ആകര്‍ഷിക്കുന്നവന്‍ – സര്‍വ്വത്തേയും തങ്കലേയ്ക്കാകര്‍ഷിക്കുന്നവന്‍ – എന്നാണ് അതിന്നര്‍ത്ഥം. ഈശ്വരാകര്‍ഷണം മാത്രമാണ് മനുഷ്യഹൃദയത്തിനു യോഗ്യമായ ആകര്‍ഷണം. ജീവനെ യഥാര്‍ത്ഥത്തില്‍ ആകര്‍ഷിപ്പാന്‍ ആര്‍ക്കു കഴിവുണ്ട്? ജഡത്തിനുണ്ടോ ഒരിക്കലും ഉണ്ടായിട്ടില്ല. ഒരിക്കലും ഉണ്ടാകയുമില്ല. ഒരു മുഖത്തിന്റെ സൗന്ദര്യം കണ്ട് ഒരാള്‍ അതിന്റെ പിന്നാലെ കൂടുന്നു. അയാളെ ആകര്‍ഷിക്കുന്നതെന്ത്? ആ മുഖമെന്ന രൂപത്തില്‍ സംവിധാനംചെയ്ത ഒരു പിടി മണ്ണിന്‍പൊടിയാണോ? നിങ്ങള്‍ അങ്ങനെ വിചാരിക്കുമോ? ഒരിക്കലുമില്ല. ആ മണ്‍പൊടിയുടെ പിന്നില്‍ ദിവ്യമായ പ്രേമത്തിന്റെയും പ്രഭാവത്തിന്റെയും വിലാസമുണ്ടായിരിക്കും. ഉണ്ട്; മൂഢന്‍ അതറിയുന്നില്ല, എന്നാലും അതാണ്, അതുമാത്രമാണ്, അറിഞ്ഞോ അറിയാതെയോ, അയാളെ ആകര്‍ഷിക്കുന്നത്. നീചാകര്‍ഷണങ്ങള്‍പോലും ഈശ്വരങ്കല്‍ നിന്നത്രേ ശക്തി സമ്പാദിക്കുന്നത്.

‘പ്രിയേ, പതിയില്‍ പ്രേമമുണ്ടാകുന്നത് പതി എന്ന വ്യക്തിയെ ഉദ്ദേശിച്ചല്ല, പതിയില്‍ അന്തര്യാമിയായ ആത്മാവിനെ ഉദ്ദേശിച്ചാകുന്നു.’ പ്രിയഭര്‍ത്തൃകകളായ ഭാര്യമാര്‍ ഇത് അറിഞ്ഞാലും ഇല്ലെങ്കിലും ഇതത്രേ സത്യം. അതുപോലെ ‘പ്രിയേ, ഭാര്യ എന്ന വ്യക്തിയെ ഉദ്ദേശിച്ചല്ല ആരും ഭാര്യയെ സ്നേഹിക്കുന്നത്, ഭാര്യയില്‍ അന്തര്യാമിയായ ആത്മാവിനെ ഉദ്ദേശിച്ചാകുന്നു.’ ആവിധം തന്നെ ഒരു ശിശുവിനെയോ ലോകത്തില്‍ മറ്റേതെങ്കിലും വസ്തുവിനെയോ സ്നേഹിക്കുന്നത് അന്തര്യാമിയായ ഈശ്വരനെമാത്രം ഉദ്ദേശിച്ചാകുന്നു.’ ഈശ്വരന്‍ വലിയൊരു കാന്തക്കല്ല്, നാം ചെറിയ ഇരുമ്പുകഷണങ്ങള്‍: കാന്തം നമ്മെ ആകര്‍ഷിച്ചുകൊണ്ടേ ഇരിക്കുന്നു. നാം അതിനെ പ്രാപിക്കാന്‍ യത്‌നിച്ചുകൊണ്ടുമിരിക്കുന്നു. നമ്മുടെ കഠിനപ്രയത്‌നങ്ങളൊന്നും സ്വാര്‍ത്ഥസിദ്ധികളെ ഉദ്ദേശിച്ചല്ല: എന്താണ് വാസ്തവത്തില്‍ ചെയ്യുന്നതെന്ന് മൂഢന്മാര്‍ അറിയുന്നില്ല: വലിയ കാന്തക്കല്ലിനെ പ്രാപിപ്പാനാകുന്നു വാസ്തവത്തില്‍ ജീവിതത്തിലെ മുഴുവന്‍ യത്‌നവും. അന്ത്യത്തില്‍ ഈശ്വരസന്നിധിയിലെത്തി ഈശ്വരനോടു ഐക്യം പ്രാപിക്കുക എന്നതാകുന്നു സര്‍വ്വജീവികളുടെയും പരമോദ്ദേശ്യം അതിനുവേണ്ടിയാകുന്നു സര്‍വ്വജീവികളുടെയും സര്‍വ്വപ്രയാസങ്ങളും സര്‍വ്വസമരങ്ങളും.

ഈ ക്ലേശങ്ങളെന്തിന്, അവയുടെ കാര്യമെന്ത് എന്ന് ഭക്തിയോഗിക്കറിയാം. അയാള്‍ അത് മനസ്സിലാക്കിയിരിക്കുന്നു. നീണ്ടുനിന്ന വളരെ വളരെ ക്ലേശപരമ്പരകള്‍ അയാള്‍ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുള്ള കാര്യമെന്താണെന്നു ധരിച്ചിട്ടുണ്ട്: അവയുടെ സമ്മര്‍ദ്ദത്തില്‍നിന്നു ഒഴിഞ്ഞുപോകണമെന്ന് അയാള്‍ ബലമായി ആഗ്രഹിക്കുന്നുമുണ്ട്. സംഘര്‍ഷങ്ങള്‍ ഒഴിച്ചുവിട്ട് സര്‍വാകര്‍ഷണങ്ങളുടെയും കേന്ദ്രമായ ശ്രീഹരിപാദങ്ങളിലേക്കു നേരിട്ടുചെല്ലണം എന്നാണ് അയാളുടെ സങ്കല്പം. ഇങ്ങനെയാണ് ഭക്തന്റെ ത്യാഗം രൂപമെടുക്കുന്നത്. ഈശ്വരങ്കലേയ്ക്കുള്ള പ്രബലാകര്‍ഷണം ഇതരാകര്‍ഷണങ്ങളെയെല്ലാം തിരസ്‌കരിക്കുന്നു: അതിമഹത്തും അളവറ്റതുമായ ഭഗവത്‌പ്രേമം അയാളുടെ ഹൃദയത്തില്‍ പ്രവേശിച്ച് അന്യപ്രേമങ്ങള്‍ക്കൊന്നും അവിടെ സ്ഥാനമില്ലാതാക്കിയിരിക്കുന്നു. മറിച്ചാവാന്‍ വഴിയുണ്ടോ? ഭഗവത്‌സ്വരൂപമായ പരപ്രേമപാരാവാരത്തിലെ ദിവ്യതീര്‍ത്ഥമാകുന്ന ഭക്തിയത്രേ അയാളുടെ ഹൃദയത്തില്‍ നിറച്ചും: മറ്റു തുച്ഛപ്രേമങ്ങള്‍ക്ക് അവിടെ എങ്ങനെ സ്ഥാനമുണ്ടാകും? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈശ്വരനോടുള്ള അനുരാഗം നിമിത്തം അന്യവിഷയങ്ങളോടുണ്ടാകുന്ന രാഗമില്ലായ്മ, വൈരാഗ്യം, ഇതാകുന്നു ഭക്തന്റെ ത്യാഗം എന്ന ഭാവത്തില്‍ പ്രകാശിക്കുന്നത്.

ഇതത്രേ പരഭക്തിസമ്പാദനത്തിനുള്ള പരമസാധനം. ഇത്, ഈ വൈരാഗ്യം ഉണ്ടായാല്‍ പരഭക്തിയുടെ തുംഗഭൂമികകളിലേക്ക് കയറുവാനുള്ള കവാടം തുറന്നുകാണാം. പരഭക്തി എന്താണെന്ന് അപ്പോള്‍ അറിഞ്ഞുതുടങ്ങാം. അങ്ങനെ ചെന്ന് പരഭക്തിയുടെ ശ്രീകോവിലില്‍ പ്രവേശം ലഭിച്ചവനേ പ്രതിമകളും വിഗ്രഹങ്ങളും ഈശ്വരസാക്ഷാത്കാരത്തിനു സഹായകങ്ങളെന്ന നിലയില്‍ എനിക്കാവശ്യമില്ല എന്നു പറവാന്‍ അവകാശമുള്ളു. അയാള്‍ മാത്രമേ മനുഷ്യസാഹോദര്യം എന്ന് സാധാരണ പറഞ്ഞുവരുന്ന പരപ്രേമാവസ്ഥയില്‍ എത്തിയിട്ടുള്ളു: മറ്റുള്ളവര്‍ അങ്ങനെ പുലമ്പുന്നു എന്നുമാത്രം. അയാള്‍ക്ക് പിന്നെ വ്യക്തിവ്യത്യാസമില്ല, ഭേദദൃഷ്ടിയില്ല, പ്രേമമഹോദധി അയാളുടെ ഹൃദയത്തില്‍ പ്രവേശിച്ചിരിക്കുന്നു: അയാള്‍ ഒരു മനുഷ്യനെ മനുഷ്യനായിട്ടല്ല കാണുക, ആ മനുഷ്യനിലും മറ്റെവിടെയും അയാള്‍ തന്റെ പ്രേമമൂര്‍ത്തിയെ കാണുന്നു. ഏതു മുഖത്തിലും അദ്ദേഹം ശ്രീഹരിയുടെ പ്രകാശം കാണും. സൂര്യനിലും ചന്ദ്രനിലുമുള്ള പ്രഭ അദ്ദേഹത്തിനു ഭഗവത്പ്രകാശം: സൗന്ദര്യമോ ഗാംഭീര്യമോ എവിടെയുണ്ടോ, ഏതിലുണ്ടോ അതെല്ലാം തന്റെ ഭഗവാന്റെ വിലാസം. ആ വിധം ബോധമുള്ള ഭക്തന്മാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്: അവര്‍ ഇല്ലാത്ത കാലം വരില്ല. അങ്ങനെയുള്ളവര്‍ പാമ്പിന്റെ കടിയേറ്റാലും പ്രിയതമന്റെ ദൂതന്‍ വന്നിരുന്നു എന്നേ പറയൂ. അവര്‍ക്കുമാത്രമേ മനുഷ്യസാഹോദര്യത്തെപ്പറ്റി പറവാന്‍ അര്‍ഹതയുള്ളു. അവര്‍ക്ക് ആരോടും അരിശം തോന്നില്ല. തങ്ങളെ പഴിച്ചാലും അവര്‍ക്ക് ഈര്‍ഷ്യയോ വെറുപ്പോ മനസ്സിലുദിക്കുകയില്ല. ബാഹ്യലോകം ദൃശ്യപ്രപഞ്ചംതന്നെയും, അവരുടെ ദൃഷ്ടിയില്‍നിന്നു എന്നെന്നേയ്ക്കും മറഞ്ഞുപോയിരിക്കുന്നു. ഈ പ്രപഞ്ചത്തിനു പിന്നില്‍ അതിന്നാധാരമായി നില്ക്കുന്ന നിത്യസദ്വസ്തുവിനെ സദാ ദര്‍ശിപ്പാന്‍ പ്രേമം അവര്‍ക്കു കഴിവുണ്ടാക്കിയിരിക്കെ അവരില്‍ എങ്ങനെ കോപം ജനിക്കും?

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 12 ഭക്തന്റെ ത്യാഗം പ്രേമത്തില്‍നിന്ന്. പേജ് 483-484]