ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം – 2

അഹിംസാ സത്യമക്രോധ-
സ്ത്യാഗഃശാന്തിരപൈശുനം
ദയാ ഭൂതേഷ്വലോലുപ്ത്വം
മാര്‍ദ്ദവം ഹ്രീരചാപലം

അഹിംസ, സത്യം, കോപമില്ലായ്മ, ത്യാഗമനോഭാവം, മനസ്സിന്‍റെ അടക്കം, പരദൂഷണം പറയാതിരിക്കല്‍, ജീവികളോടെല്ലാം കാരുണ്യം കൊതിയില്ലായ്മ, മൃദുവായ പെരുമാറ്റം, അധര്‍മ്മാചരണത്തില്‍ ലജ്ജ, ചാപല്യമില്ലായ്മ

മനസ്സുകൊണ്ടും ശരീരംകൊണ്ടും വാക്കുകൊണ്ടും വിശ്വത്തിനൊട്ടാകെ ആനന്ദം കൈവരുത്തണമെന്നുള്ള ഏകലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതാണ് അഹിംസയുടെ കാതലായ സ്വഭാവം.

ഒരു മുകുളത്തിന്‍റെ ആകൃതി കൂര്‍ത്തതാണെങ്കിലും മൃദുലമാണ്. ചന്ദ്രപ്രകാശത്തിനു തേജസ്സുണ്ടെങ്കിലും അതു ശീതളമാണ്. വെള്ളം അതിന്‍റെ മൃദുത്വംകൊണ്ട്, മുഖത്ത് ഉരസിയാല്‍ പോലും കണ്ണിന്‍റെ കൃഷ്ണമണിയെ നോവിക്കുകയില്ല. എന്നാല്‍ അതേ ജലം കടുപ്പമുള്ള പാറയെ തുളയ്ക്കുന്നു. അതുപോലെ സത്യഭാഷണം സന്ദേഹങ്ങളെ അകറ്റുന്നതിന് വാളുപോലെ മൂര്‍ച്ചയുള്ളതാണെങ്കിലും കേള്‍ക്കുന്ന കാതുകള്‍ക്ക് ഇമ്പം നല്‍കാനുമുതകണം. അതിന്‍റെ പരമാര്‍ത്ഥതയുടെ പ്രഭാവംകൊണ്ട് ബ്രഹ്മത്തെ അറിയത്തക്കവണ്ണം, ശക്തമായിരിക്കണം. സംഭാഷണം എത്ര ആനന്ദകരവും മധുരതരവും ആയിരുന്നാലും അത് ആരെയും വഞ്ചിക്കാന്‍പോന്നതാകരുത്. അത് സത്യമാണെങ്കിലും ആര്‍ക്കും ഹൃദയവ്യഥ ഉണ്ടാക്കുന്നതായിരിക്കരുത്. വേടന്‍റെ പാട്ട് കാതുകള്‍ക്ക് ഇമ്പം നല്‍കുന്നു. എന്നാല്‍ അത് ഹരിണത്തിനു നാശഹേതുകമാണ്. പരിശുദ്ധമാക്കുന്ന ജോലിയാണ് അഗ്നിചെയ്യുന്നതെങ്കിലും അത് എല്ലാറ്റിനേയും ചുട്ടുവെണ്ണീറാക്കുന്നു. അതുപോലെ നിഷ്ഠുരമായ ഭാഷണം സത്യമാണെങ്കില്‍പോലും അസഹ്യമാണ്. കേള്‍ക്കാന്‍ മാധുര്യമുള്ളതാണെങ്കിലും അതിന്‍റെ ആശയം ഹൃദയത്തെ കുത്തിമുറിപ്പെടുത്തുമെങ്കില്‍, അതു മാന്യമായ സംഭാഷണമല്ല; അത് ഒരു ദുര്‍ദ്ദേവതയാണ്. അമ്മയുടെ കോപം പുറമെ പരുഷമായി തോന്നിയാലും തന്‍റെ ശിശുവിനെ ശാസിക്കുന്നത് മലര്‍പോലെ മൃദുലമായ വികാരത്തോടെയാണ്. ഒരമ്മയുടെ വാത്സല്യപൂണ്ണമായ വാക്കുകള്‍ പോലെ കേള്‍ക്കാന്‍ ഇമ്പമുള്ളതായിരിക്കണം സംഭാഷണം. അതിന്‍റെ പരിണതഫലങ്ങള്‍ ഗു​ണപ്രദങ്ങളാവണം. അത് അശേഷം അമര്‍ഷമില്ലാത്തതായിരിക്കണം. ഇപ്രകാരമുള്ള സംഭാഷണമാണ് യഥാര്‍ത്ഥത്തില്‍ സത്യഭാഷണം.

ധാരാളമായി വെള്ളം ഒഴിച്ചാലും ഒരു പാറയില്‍നിന്നു മുളപൊട്ടുകയില്ല. കഞ്ഞിവെള്ളം കടഞ്ഞാല്‍ വെണ്ണ കിട്ടുകയില്ല. പാമ്പിന്‍റെ പൊഴിഞ്ഞുവീണ പടത്തിന്‍റെ മുകളില്‍ ചവുട്ടിയാലും അതു പത്തി വിടര്‍ത്തുകയില്ല. വസന്തകാലത്തു പോലും ആകാശത്തില്‍ പുഷ്പങ്ങള്‍ വിരിയുകയില്ല. അപ്സരസ്ത്രീയായ രംഭയുടെ കമനീയമായ മുഖം കണ്ടാലും ശുകമഹര്‍ഷിക്ക് മദനവികാരങ്ങള്‍ ഉണ്ടാവുകയില്ല. വെണ്ണീറില്‍ നെയ്യ് ഒഴിച്ചാലും അതില്‍നിന്ന് അഗ്നി ജ്വലിക്കുകയില്ല. അതുപോലെ, കുട്ടികളെപ്പോലും ചൊടിപ്പിക്കത്തക്ക ആഭാസവാക്കുകള്‍ അനവരതം ചൊരിഞ്ഞാലും അതുകേട്ട് ക്രുദ്ധമാകാത്ത മാനസികാവസ്ഥയ്ക്കാണ് അക്രോധം എന്നുപറയുന്നത്.

നൂലുകള്‍ പിച്ചിച്ചീന്തുമ്പോള്‍ നൂലു നെയ്തുണ്ടാക്കിയ വസ്ത്രം കീറീപ്പോകുന്നു. വിത്തു നശിപ്പിക്കുമ്പോള്‍ വൃക്ഷം നശിക്കുന്നു. ചിത്രലേഖനത്തുണിക്കു കേടുവരുത്തുമ്പോള്‍ അതിലെഴുതിയിരിക്കുന്ന ചിത്രം ചീത്തയാകുന്നു. ഉറക്കം അവസാനിക്കുമ്പോള്‍ സ്വപ്നം അപ്രത്യക്ഷമാകുന്നു. വര്‍ഷകാലം കഴിയുമ്പോള്‍ കാര്‍മുകില്‍ ഒഴിഞ്ഞുപോകുന്നു. ജലം വറ്റിത്തീരുമ്പോള്‍ ഓളങ്ങള്‍ നിലയ്ക്കുന്നു. സമ്പത്ത് ഇല്ലാതാകുമ്പോള്‍ വിഷയസുഖങ്ങളുടെ ആസ്വാദനവും ഇല്ലാതാകുന്നു. ഇതുപോലെ ബുദ്ധിമാനായ പുരുഷന്‍ ദേഹത്തോടു ബന്ധപ്പെട്ടിരിക്കുന്ന അഹന്ത കൈവെടിയുമ്പോള്‍ അവന്‍ ലോകവ്യവഹാരങ്ങളില്‍നിന്ന് പിന്‍വാങ്ങുന്നു. ഫലേച്ഛ ഉപേക്ഷിച്ചുള്ള ഈ പ്രവൃത്തിയാണ് ത്യാഗം.

യജ്ഞസ്വരൂപനായ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് ഇപ്രകാരം പറഞ്ഞു. ശ്രദ്ധാലുവായ അര്‍ജ്ജുനന് ഭഗവാന്‍റെ സംവാദം വളരെ ഇഷ്ടപ്പെട്ടു. അവന്‍ ജിജ്ഞാസാഭരിതനായി പറഞ്ഞു:

ഭഗവാനേ, ശാന്തിയെപ്പറ്റി വിശദമായി അരുളിച്ചെയ്താലും.

ഭഗവാന്‍ തുടര്‍ന്നു: അര്‍ജ്ജുനാ, നീ ആവശ്യപ്പെട്ടതു ശരിയായ കാര്യമാണ്. ശ്രദ്ധിച്ചുകേള്‍ക്കുക. ജ്ഞേയമായ (അറിയേണ്ടതായ) വസ്തുവിനെ സമ്പൂര്‍ണ്ണമായി അറിയുകയും, ജ്ഞാതാവും ജ്ഞാനവും നിലനില്ക്കാതെ നിവൃത്തമാവുകയും ചെയ്യുന്ന അവസ്ഥയ്ക്കാണ് ശാന്തി എന്നു പറയുന്നത്. പ്രളയവേളയില്‍ പ്രപഞ്ചം ഒട്ടാകെ ജലത്തില്‍ മുങ്ങുന്നു. എല്ലായിടവും ജലം വ്യാപിക്കുന്നു. അപ്പോള്‍ സരിത്തും സാഗരവും തമ്മില്‍ ഭേദമില്ലാതാകുന്നു. ജലത്തിന്‍റെ ഉദ്ഭവസ്ഥാനമെന്നും പ്രവാഹമെന്നും സമുദ്രത്തോടു ചേരുന്നുവെന്നും മറ്റുമുള്ള വ്യതിരിക്തമായ പദപ്രയോഗങ്ങളും ഇല്ലാതാകുന്നു. ജഗത്തു മുഴുവന്‍ ജലത്തിലാണ്ടുപോയി എന്നറിയുന്നതിനുപോലും ആരും ശേഷിക്കുന്നില്ല. അതുപോലെ ജ്ഞാതാവ് അറിയപ്പെടേണ്ട വസ്തുവുമായി (ജ്ഞേയവുമായി) ഐക്യം പ്രാപിച്ചു കഴിയുമ്പോള്‍ ജ്ഞാനത്തിന്‍റെ നടപടിക്രമങ്ങളെല്ലാം അവസാനിക്കുന്നു. ഈ അവസ്ഥയ്ക്കാണ് ശാന്തിയെന്നു പറയുന്നത്.

പരദോഷദര്‍ശനം ഒഴിവാക്കുന്നതാണ് അപൈശുനം. പരിചിതനോ അപരിചിതനോ എന്നു നോക്കാതെ ഒരു നല്ല ഭിഷഗ്വരന്‍ രോഗിയെ ചികിത്സിച്ചു ഭേദമാക്കുന്നു. കറവപ്പശുവെന്നോ മച്ചിപ്പശുവെന്നോ നിമിഷനേരത്തേക്കുപോലും ചിന്തിക്കാതെ ചെളിയിലകപ്പെട്ടുദീനസ്ഥിതിയിലായ ഒരു പശുവിനെ ഒരുവന്‍ കരകയറ്റുന്നു. ബ്രാഹ്മണനെന്നോ ചണ്ഡാളനെന്നോ പക്ഷഭേദമില്ലാതെയാണ്, മുങ്ങിച്ചാവാന്‍ പോകുന്ന ഒരുവനെ രക്ഷപ്പെടുത്തുന്നത്. നിരാംലംബയായ ഒരു സ്ത്രീയെ നഗ്നയായി ഒരു വനമദ്ധ്യത്തില്‍ കാണുന്ന കുലീനനായ ഒരാള്‍, അവള്‍ക്കു വസ്ത്രം നല്‍കി നഗ്നതയകറ്റിയതിനുശേഷം മാത്രമേ അവളോടു സംസാരിക്കുകയുള്ളു. അതുപോലെ പരദോഷദര്‍ശനമില്ലാത്ത ഒരാള്‍, അജ്ഞതകൊണ്ടോ, പ്രമാദംകൊണ്ടോ വിധിവൈപരീത്യംകൊണ്ടോ, ജുഗുപ്സാവഹമായ കൃത്യങ്ങളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്ക് തനിക്കുള്ളതെല്ലാം നല്‍കി, പീഡാവഹമായ അവരുടെ ദുരവസ്ഥയില്‍നിന്നു മോചിപ്പിക്കാന്‍ അവരെ സഹായിക്കുന്നു. പ്രസന്നവും പരിശുദ്ധവുമായ കടാക്ഷംകൊണ്ടു മറ്റുള്ളവരുടെ ദോഷങ്ങളെ ദൂരികരിച്ച ശേഷം, നല്ലയാളുകളായിട്ടാണ്. പിശുനനല്ലാത്ത ഒരാള്‍ അവരെ വീക്ഷിക്കുന്നത്. ഈശ്വരനെ ആരാധിച്ചതിനുശേഷമാണ് സദ‍്‍വൃത്തനായ ഒരാള്‍ അയാളുടെ മനസ്സ് ധ്യാനംകൊണ്ട് ഈശ്വരനില്‍ ഉറപ്പിക്കുന്നത്; വിതച്ചതിനു ശേഷമാണ് കര്‍ഷകന്‍ വിളയെ സംരക്ഷിക്കുന്നത്; അതിഥിയെ സല്‍ക്കരിച്ചു തൃപ്തിപ്പെടുത്തിയതിന്ശേഷമാണ് അദ്ദേഹത്തില്‍നിന്ന് ആതിഥേയന്‍ അനുഗ്രഹം വാങ്ങുന്നത്. അതുപോലെ പരദൂഷണം പറയാത്ത ഒരാള്‍ തന്‍റെ ശ്ലാഘനീയമായ പ്രവൃത്തി കൊണ്ട് മറ്റുള്ളവരുടെ കുറവുകളെ പരിഹരിക്കുന്നു. എന്നുതന്നെയുമല്ല അയാള്‍ മറ്റുള്ളവരുടെ കുറ്റങ്ങളെപ്പറ്റി കുത്തിപ്പറയുകയോ അവരുടെ വൈകല്യങ്ങള്‍ക്കെതിരായി വിരല്‍ചൂണ്ടുകയോ ചെയ്യുകയില്ല. അവരുടെ തെറ്റുകളെ, ഉന്നതന്മാരുടെ സല്‍പ്രവൃത്തികളുമായി താരതമ്യപ്പെടുത്തി, അവരെ നിസ്സാരന്മാരാക്കി സംസാരിക്കുകയുമില്ല. അപൈശുനത്തിന്‍റെ യഥാര്‍ത്ഥസ്വഭാവം ഇപ്രകാരമാണ്. ഇത് മുമുക്ഷുകള്‍ക്ക് മോക്ഷലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ വളരെയേറെ സഹായിക്കുന്ന ഒരു യാനപാത്രമാണ്.

ഇനിയും ഭൂതദയയെപ്പറ്റി പറയാം. പൗര്‍ണ്ണമിച്ചന്ദ്രന്‍ തന്‍റെ ശീതളകിരണങ്ങള്‍കൊണ്ട് വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ കുളിരണിയിക്കുന്നു. അതുപോലെ ദയാലുവായ ഒരാള്‍, കഷ്ടപ്പാടുകൊണ്ട് ദുഃഖം അനുഭവിക്കുന്നവര്‍ക്ക്, അവര്‍ ശ്രേഷ്ഠരോ നികൃഷ്ടരോ എന്നു ചിന്തിക്കാതെ, സങ്കടനിവൃത്തി ഉണ്ടാക്കിക്കൊടുക്കുന്നു. സ്വയം നശിച്ചിട്ട്, ഉണങ്ങിവരണ്ട പുല്ലിനെ രക്ഷിക്കുന്ന വെള്ളത്തെപ്പോലെ ദയാവായ്പ്പുള്ള മറ്റെന്തെങ്കിലും ഈ ലോകത്തണ്ടോ? അതുപോലെ തനിക്കുള്ളതെല്ലാം നല്‍കിയിട്ടാണെങ്കിലും ദയാമയനായ ഒരാള്‍ മറ്റുള്ളവരുടെ ദുഃഖം അകറ്റുന്നതിന് ശ്രമിക്കുകയും തന്‍റെ പ്രവൃത്തി നിസ്സാരമാണെന്നു കരുതുകയും ചെയ്യുന്നു. താന്‍ ചെയ്യുന്നതൊന്നും വേണ്ടിടത്തോളം മതിയാകുന്നില്ലെന്ന ചിന്തയാണ് അയാള്‍ക്കുള്ളത്. ഒഴുകുന്ന വഴിയില്‍ കാണുന്ന കുഴികള്‍ നിറച്ചല്ലാതെ അതിന്‍റെ മുകളില്‍കുടി വെള്ളം ഒഴുകാത്തതുപോലെ, തനിക്കു കാണാനിടവരുന്ന ക്ഷീണിതരെ ആശ്വസിപ്പിക്കാതെ അയാള്‍ മുന്നോട്ടുനീങ്ങുകയില്ല. മറ്റുള്ളവരുടെ ക്ലേശം കാണുമ്പോള്‍ തന്‍റെ കാലില്‍ മുള്ളുകൊള്ളുന്നതുപോലെയുള്ള വേദന അയാള്‍ക്ക് അനുഭവപ്പെടുന്നു. ഉള്ളങ്കാലിന് നല്‍കുന്ന ശീതോപഹാരം കണ്ണുകളേയും കുളുര്‍പ്പിക്കുന്നതുപോലെ മറ്റുള്ളവരുടെ ആഹ്ളാദം കാണുമ്പോള്‍ അയാളും ആഹ്ളാദിക്കുന്നു. വെള്ളത്തെ സൃഷ്ടിച്ചിരിക്കുന്നത് ദാഹശമനത്തിനുവേണ്ടിയാണെന്നുള്ളതുപോലെ, അയാള്‍ ജീവിക്കുന്നതുതന്നെ കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ്. അല്ലയോ വീരാധിരാജനായ അര്‍ജ്ജുന, ഇപ്രകാരമുള്ള ഒരാള്‍ ദയയുടെ അവതാരമൂര്‍ത്തിയാണ്. അയാളുടെ ജീവിതാരംഭം മുതല്‍ക്കുതന്നെ ഞാന്‍ അയാളോടു കടപ്പെ‌ട്ടിരിക്കുന്നു.

അര്‍ജ്ജുനാ, ഇനിയും അലോലുപ്ത്വത്തെപ്പറ്റി പറയാം. ഒന്നിലും കൊതിയില്ലായ്മയാണ് അലോലുപ്ത്വം. സരോരുഹത്തെ സമ്പൂര്‍ണ്ണമായി വിടര്‍ത്തുന്നത് സൂര്യനാണെങ്കിലും അതിന്‍റെ സൗരഭ്യം സൂര്യന്‍ ആസ്വദിക്കുന്നില്ല. വസന്തര്‍ത്തുവിന്‍റെ ആഗമനത്തോടെ കാനനം പൂത്തുലഞ്ഞ് കമനീയമാകുന്നു. എന്നാല്‍ അതിന്‍റെ രമണീയകത്വം അനുഭവിക്കാതെ വസന്തകാലം കടന്നുപോകുന്നു. അഷ്ടമഹാസിദ്ധികളോടെ മഹാലക്ഷ്മി മഹാവിഷ്ണുവിനെ സമീപിക്കുമ്പോഴും അദ്ദേഹം അവരെ ശ്രദ്ധിക്കാതെ ശാന്തനായിരിക്കുന്നു. ഇതുപോലെ ഇഹലോകത്തിലും പരലോകത്തിലുമുള്ള സുഖങ്ങള്‍ ദാസന്മാരായി തന്നെ സേവിക്കാന്‍ തയ്യാറായാലും ദുരയില്ലാത്ത ഒരാളുടെ മനസ്സിനെ അതൊന്നും ആകര്‍ഷിക്കുകയില്ല. ചുരുക്കിപറഞ്ഞാല്‍ ഒരുവന് വിഷയസുഖങ്ങള്‍ അനുഭവിക്കണമെന്ന് ആഗ്രഹമില്ലാത്ത അവസ്ഥയ്ക്കാണ് അനാസക്തിയെന്ന് പറയുന്നത്. ഇതുതന്നെയാണ് അലോലുപ്ത്വം.

ഇനിയും മാര്‍ദ്ദവത്തെപ്പറ്റി പറയാം. തേനീച്ചകള്‍ക്ക് സുഖകരമായിരിക്കുന്ന അവയുടെ കൂടുപോലെയും, ജലജീവികള്‍ക്കു അവയുടെ രക്ഷാകേന്ദ്രമായിരിക്കുന്ന ജലംപോലെയും ഒരു സാധകന്‍റെ പെരുമാറ്റം എല്ലാ ജീവജാലങ്ങളോടും മൃദുഭാവത്തോടെയായിരിക്കും. അവന്‍റെ മൃദുത്വം ഒരമ്മയ്ക്ക് സ്വന്തം ശിശുവിനോടുള്ള വാത്സല്യംപോലെയാണ്; വസന്തകാലത്ത് മലയപര്‍വ്വതത്തില്‍ വീശുന്ന മന്ദസമീരണന്‍പോലെയാണ്; ഉറ്റവരേയും ഉടയവരേയും കാണുമ്പോള്‍ കണ്ണിനുണ്ടാകുന്ന ആനന്ദംപോലെയാണ്; തന്‍റെ കുഞ്ഞുങ്ങളെ പരിപോഷിപ്പിക്കുന്ന പെണ്ണാമയുടെ കൂര്‍മ്മദൃഷ്ടി പോലെയാണ്. സ്പര്‍ശനത്തില്‍ മൃദുവും വായ്ക്കു രുചികരവും നാസികയ്ക്ക് സുഗന്ധിയും കാഴ്ചയില്‍ നിര്‍മ്മലുമായ കര്‍പ്പൂരം ആഹരിച്ചാല്‍ ദോഷകരമാകുമായിരുന്നില്ലെങ്കില്‍ അതു മൃദുത്വത്തിനു ചേര്‍ന്ന ഒരുപമയാകുമായിരുന്നു. മഹാഭൂതങ്ങളെ മുഴുവന്‍ തന്‍റെ മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുകയും പരമാണുവില്‍പോലും കുടികൊള്ളുകയും വിശ്വത്തിനോടൊപ്പം വിസ്തൃതമാകുവാന്‍ കഴിയുകയും ചെയ്യുന്ന ആകാശംപോലെയാണ് മൃദുലഹൃദയനായ ഒരുവന്‍റെ സ്ഥിതി. അയാള്‍ ലോകത്തിനുവേണ്ടി ജീവിക്കുന്നു. അയാളുടെ ഈ സ്ഥിതിവിശേഷത്തിനാണ് മാര്‍ദ്ദവം എന്നു പറയുന്നത്.

യുദ്ധത്തില്‍ പരാജയപ്പെട്ട ഒരു രാജാവ് അപമാനിതനും വിഷണ്ണനുമാകുന്നു. ഒരു ഉത്തമപുരുഷന്‍ അധമസ്ഥിതിയിലെത്തുമ്പോള്‍ നിസ്തേജനാകുന്നു. ഒരു സന്യാസി പതിതയായ ഒരു സ്ത്രീയുടെ വീട്ടില്‍ അവിചാരിതമായി കാലുകുത്താനിടയായാല്‍ അദ്ദേഹം ലജ്ജിക്കുന്നു. രണഭൂമിയില്‍ നിന്ന് തിരിഞ്ഞോടുന്നത് ഒരു ക്ഷത്രിയന് അപകീര്‍ത്തിയുണ്ടാക്കുന്നു. ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന പതിവ്രതയായ ഒരു സ്ത്രീയെ വിധവയെന്നു സൂചിപ്പിച്ചു സംസാരിച്ചാല്‍ അവള്‍ ലജ്ജിച്ച് സംഭ്രമിക്കുന്നു. വെള്ളപ്പണ്ഡുപിടിച്ച സുഭഗനായ ഒരു യുവാവ് മരണവക്ത്രത്തില്‍പെട്ടതുപോലെ പരിഭ്രാന്തനാകുന്നു. കുലീനനായ ഒരാള്‍ നിന്ദ്യമായ കര്‍മ്മംചെയ്തുവെന്ന് ആരോപിക്കപ്പെട്ടാല്‍ അയാള്‍ മേല്‍പ്പറഞ്ഞതുപോലെ വിവിധവികാരങ്ങള്‍ക്ക് അടിമയാകുന്നു. മൂന്നരമുഴം നീളമുള്ള ശരീരത്തില്‍ ഒരു പിണമായി ജീവിക്കുന്നത് ഏറ്റവും ലജ്ജാകരമായി അയാള്‍ കണക്കാക്കുന്നു. രക്തവും മൂത്രവും നിറഞ്ഞ ഗര്‍ഘപാത്രത്തില്‍ കിടന്ന് വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്നതിനാല്‍ അപമാനഹേതുകമായി മറ്റൊന്നുമില്ലെന്ന് അയാള്‍ കരുതുന്നു ചുരുക്കിപ്പറഞ്ഞാല്‍ ഒരു ശരീരത്തില്‍ പ്രവേശിച്ച് നാമരൂപാദികള്‍ കൈക്കൊള്ളുന്നത് തുലോം അപഹാസ്യമാണെന്ന് അയാള്‍ ചിന്തിക്കുന്നു. ഇപ്രകാരം സ്ശരീരത്തോടു തോന്നുന്ന ഒരുതരം മനം പുരട്ടലാണ് ലജ്ജ. നിര്‍മ്മലഹൃദയമുള്ളവര്‍ക്ക് ഇപ്രകാരം തോന്നുമെങ്കിലും നിര്‍ലജ്ജന്മാര്‍ ഈ ശരീരത്തെ സുഖത്തിന്‍റെ വാസസ്ഥാനമായി കാണുന്നു.

പാവകളിക്കാരന്‍റെ കൈയ്യിലിരിക്കുന്ന ചരടുപൊട്ടുമ്പോള്‍ പാവകളി അവസാനിക്കുന്നതുപോലെ, ഒരുവന്‍ ശ്വാസനിയന്ത്രണം അനുഷ്ഠിക്കുന്നതോടുകൂടി അയാളുടെ കര്‍മ്മേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം നില്‍ക്കുന്നു. സൂര്യാസ്തമനത്തോടെ സൂര്യകിരണങ്ങളും അസ്തമിക്കുന്നതുപോലെ ആത്മനിയന്ത്രണം ഉണ്ടാകുമ്പോള്‍ ജ്ഞാനേന്ദ്രിയങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നു. മനസ്സും പ്രാണനും അടക്കുന്നതാെ പത്ത്ഇന്ദ്രിയങ്ങളും നിസ്സത്വങ്ങളാകുന്നു. ഈ അവസ്ഥയ്ക്കാണ് അപചലത എന്നു പറയുന്നത്.