ശ്രീ രമണമഹര്‍ഷി

മഹാത്മാഗാന്ധി യര്‍വാദ ജയിലില്‍ 21 ദിവസത്തെ നിരാഹാരാസത്യാഗ്രഹം നടത്താന്‍ നിശ്ചയിചിരിക്കുന്നതറിഞ്ഞു രണ്ടുപേര്‍ ആവേശഭരിതരായി ഭഗവാന്‍റെ മുമ്പില്‍ എത്തി.

ചോദ്യം: മഹാത്മജിയോടൊത്തുപവാസമനുഷ്ടിക്കാന്‍ ഞങ്ങളും നിശ്ചയിക്കുന്നു. ഭഗവാന്റെ ആശിസ്സ് വേണം.

മഹര്‍ഷി: തന്‍റെ തപസ്യയില്‍ക്കൂടി അതിനുള്ള കരുത്തു മഹാത്മജി സമ്പാദിച്ചിട്ടുണ്ട്. ആ കരുത്തു നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളും വിജയിക്കും.

ഭഗവാന്‍ അടിക്കടി പറയാറുണ്ട്‌. മൗനം പരമായ വാചാലതയാണ് അതുപോലെ ശാന്തി നിത്യവൃത്തിയാണ്. കാരണം അവന്‍ തന്‍റെ തനി പ്രകൃതിയിലിരിക്കുന്നു. ചൈതന്യത്തിന്‍റെ ചോര്‍ച്ചയുള്ള എവിടെയും അവന്‍ വ്യാപരിക്കുന്നു.

അണ്ണാമല സ്വാമി ചോദിച്ചു:

നാമദേവന്‍, തുക്കാറാം, തുളസീദാസ് തുടങ്ങിയവര്‍ മഹാവിഷ്ണുവിനെ പ്രത്യക്ഷത്തില്‍ കണ്ടുവെന്നു പറയുന്നത് ശരിയാണോ?

മഹര്‍ഷി: ഏതുവിധത്തില്‍? ഇവിടെ നിങ്ങള്‍ എന്നെയും ഞാന്‍ നിങ്ങളെയും കാണുന്നതുപോലെയിരിക്കും.

(ഇതു കേട്ടപ്പോള്‍ മൊഴികള്‍ രേഖപ്പെടുത്തിയ അണ്ണാമലസ്വാമിക്ക് രോമാഞ്ചമുണ്ടാക്കി എന്നദ്ദേഹം തന്‍റെ കുറിപ്പില്‍ പറയുന്നു.)

ഒരാള്‍: കര്‍മ്മത്തില്‍പെട്ടിരിക്കുന്നതിനാല്‍ ഈശ്വരനെ ഭജിക്കാന്‍ സമയമെവിടെ?

(ഭഗവാന്‍ 10 മിനിട്ടു മിണ്ടാതിരുന്നു. കുറെ പെണ്‍കുട്ടികള്‍ ഭഗവദ് ദര്‍ശനത്തിനു വന്നെത്തി. അവര്‍ നൃത്തം ചെയ്തു പാടി. പാട്ട് ഇങ്ങനെയായിരുന്നു. ‘ ഒരു നിമിഷവും കൃഷ്ണനെ വിസ്മരിക്കാനിടവരാതെ ഞങ്ങള്‍ തൈര് കടയും’.

ഭഗവാന്‍ അണ്ണാമലയെ നോക്കി . ‘ ആ ചോദ്യത്തിനുത്തരം കേട്ടുകൊള്ളൂ. എന്ന് പറഞ്ഞു അതാണ് ഭക്തി, അതാണ് കര്‍മ്മം. അതാണ് യോഗം എന്നും പറഞ്ഞു

താന്‍ ദേഹമാണ് എന്ന് ധരിക്കുന്നവന്‍ കൊലപാതകിയാണ്. ഏറ്റവും മഹത്തായ ഗുണം ‘ഞാന്‍ ആത്മാവാണ്’ എന്ന ബുദ്ധിയാണ്. ഈ അര്‍ത്ഥത്തില്‍ ഒരു മിനിട്ടു ധ്യാനിച്ചാലും അവന്‍റെ സഞ്ചിതകര്‍മ്മങ്ങള്‍ നശിക്കുന്നു.

ആശ മായയേയും ആശാത്യാഗം ഈശ്വരനേയും വരിക്കുന്നു.

ഒരാള്‍: വ്യവഹാരത്തിനും ധ്യാനത്തിനും തമിലുള്ള വ്യത്യാസമെന്ത്?

മഹര്‍ഷി: ഒരു വ്യത്യാസവുമില്ല. പേരു രണ്ടെന്നുള്ളതെയുള്ളൂ. കാക്ക കണ്ണു രണ്ടുണ്ടെങ്കിലും കൃഷ്ണമണി ഒന്നേയുള്ളൂ. വലതിലും ഇടതിലും സൗകര്യംപോലെ മാറ്റിക്കൊള്ളും. ആന തുമ്പിക്കരത്തില്‍ക്കൂടി വെള്ളം കുടിക്കുകയും ശ്വാസോച്ഛ്വാസം ചെയ്യുകയും ചെയ്യുന്നു. പാമ്പ് ഒരേ അവയവം മുഖേന കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

ചോദ്യം: ധ്യാനത്തില്‍ കണ്ണടച്ചിരുന്നാലും തുറന്നിരുന്നാലും വ്യത്യാസം ഉണ്ടോ?

മഹര്‍ഷി: മനസ്സ് വിചാരത്തിന്‍റെ ആദിയോട് ചേര്‍ന്ന് നിന്നാല്‍ കണ്ണ്‍ തുറന്നിരുന്നാലും ഒന്നുമില്ല.

ചോദ്യം: ധ്യാനത്തില്‍ വിഷയസുഖത്തേക്കാള്‍ സുഖം തോന്നുന്നുണ്ട്. എന്നാലും മനസ്സ് വിഷയസുഖങ്ങളിലോട്ടാണ് തിരിയുന്നത്. അതെന്ത്?

മഹര്‍ഷി: സുഖദുഃഖങ്ങള്‍ മനസ്സിന്‍റേതുകളാണ്. നമ്മുടെ തനി രൂപം (ആത്മരൂപം) സുഖമാണ്. നമതു വിസ്മരിച്ചു. പകരം ദേഹത്തോയോ മനസ്സിനെയോ തന്‍റെ രൂപമാക്കിവച്ചു. ഈ തെറ്റായ ബോധം നിമിത്തം സുഖത്തെക്കാണേണ്ടയിടത്തു ദുഃഖത്തെ കാണേണ്ടി വന്നു. എന്തു ചെയ്യാം. ഈ വാസന ജന്മാന്തരങ്ങളില്‍കൂടി ഉറച്ചു പോയിട്ടുള്ളതാണ്. ആനന്ദപ്രാപ്തിയോടുകൂടിയേ അതു മാറുകയുള്ളൂ.

ചോദ്യം: ലോകം ദുഷ്ടന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ ദുഃഖം കൂടുതലായിരിക്കുന്നു. എങ്ങനെ സുഖമുണ്ടാവാന്‍?

മഹര്‍ഷി: എല്ലാവരും നമുക്ക് ഗുരുക്കന്മാരാണ്. ദുഷ്ടന്‍ പറയുന്നു ‘എന്‍റെ അടുത്തു വരരുതേ’ എന്ന്. ശിഷ്ടന്മാര്‍ എപ്പോഴും ശിഷ്ടന്മാര്‍ തന്നെ. എല്ലാവരും നമുക്ക് ഗുരുക്കന്മാര്‍ തന്നെ.