ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -3

തേജഃ ക്ഷമാ ധൃതിഃ ശൗചം
അദ്രോഹോ നാതിമാനിത
ഭവന്തി സംപദം ദൈവീം
അഭിജാതസ്യ ഭാരത!

മനോബലം, ക്ഷമ, ധൈര്യം, ബാഹ്യാഭ്യന്തരശുദ്ധി, അന്യനെ ഉപദ്രവിക്കാതിരിക്കല്‍, ദുരഭിമാനമില്ലായ്ക – അല്ലയോ അര്‍ജ്ജുന, ഈ ഗുണങ്ങളൊക്കെ ദൈവവര്‍ഗ്ഗത്തില്‍ ജനിച്ചയാള്‍ക്ക് സമ്പത്തായി ഭവിക്കുന്നു.

ദൃഡനിശ്ചയത്തോടെ ജ്ഞാനത്തിന്‍റെ പാതയില്‍ക്കൂടി ഈശ്വരസാക്ഷാല്‍ക്കാരാര്‍ത്ഥം ഗമിക്കുന്നവന് ഒരിക്കലും ദൗര്‍ബല്യം അനുഭവപ്പെടുകയില്ല. ഉടന്തടിചാടുന്നത് ഒരുകഠിനകര്‍മ്മമാണെങ്കിലും പതിവ്രതയായ ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ ചിതയില്‍ ചാടി മരിക്കുന്നതിന് അശേഷം അധൈര്യപ്പെടുകയില്ല. അതുപോലെ തന്‍റെ ആത്മനാഥനെ പ്രാപിക്കണമെന്ന് അഭിലഷിക്കുന്ന സത്യാന്വേഷി ഇന്ത്രിയസുഖങ്ങളെ വിഷയത്തെപ്പോലെ നിരാകരിച്ചിട്ട് ഏകാഗ്രമായ ധ്യാനംകൊണ്ട് പരമാത്മാവിലേക്ക് നയിക്കുന്ന ദുര്‍ഘടമാര്‍ഗ്ഗത്തില്‍ക്കൂടി മുന്നോട്ട് പോകുന്നു. ഈ യാത്രയില്‍ മതശാസനകളേയോ നിഷേധങ്ങളേയോ അവന്‍ വകവയ്ക്കുന്നില്ല. മഹാസിദ്ധികള്‍ അവനെ വശീകരിക്കുന്നുമില്ല. ഇപ്രകാരം അവന്‍റെ അന്തഃകരണം സ്വഹിതാനുസാരം പരമേശ്വരനിലേക്ക് കുതിക്കുന്നു. ഇതിനെയാണ് ആദ്ധ്യാത്മിക തേജസ്സ് എന്നു പറയുന്നത്. ശരീരത്തില്‍ വളരുന്ന എണ്ണമറ്റ രോഗങ്ങളെ താന്‍ വഹിക്കുന്നുവെന്ന ധാരണയേ ശരീരത്തിനില്ലാത്തതുപോലെ ഒരാള്‍ക്ക് താന്‍ സര്‍വ്വസഹാനായി അനുഗ്രഹിക്കപ്പെട്ടിട്ടുള്ളവനാണെന്ന ഗര്‍വ്വം ഒട്ടും ഇല്ലാത്ത അവസ്ഥയാണ് ക്ഷമ.

ഇന്ദ്രിയങ്ങള്‍ക്ക് വിഷയസുഖങ്ങളില്‍ അസഹ്യമായ ആസക്തിയുണ്ടാകുന്നു; ഒളിഞ്ഞുകിടക്കുന്ന ഒരു രോഗം തല ഉയര്‍ത്തുന്നു; ഒരുവന് ഉറ്റവരും ഉടയവരുമായവരില്‍ നിന്നു വിയോഗം സംഭവിക്കുന്നു; ഇപ്രകാരമുള്ള ക്ലേശങ്ങളുടെ ഇടയില്‍പ്പെടാനാകുന്ന ഒരുവന്‍ അഗസ്ത്യമഹര്‍ഷിയെപ്പോലെ ഈ ക്ലേശങ്ങളെ പ്രതിമുഖമായി നേരിടാന്‍ ഉറച്ചുനില്‍ക്കുകയും, ആകാശത്തിലുയരുന്ന കറുത്ത പുകപടലത്തെ മന്ദമാരുതന്‍ ചിതറിച്ചു കളയുന്നതുപോലെ, തനിക്കു നേരിടേണ്ടിവരുന്ന ആധിഭൗതികം, ആധിദൈവികം, ആദ്ധ്യാത്മികം എന്നീ താപത്രയങ്ങളെ സംക്ഷോഭമില്ലാതെ ക്ഷമയോടെ അവന്‍ സഹിക്കുകയും ചെയ്യുന്നു. ഈശ്വരപ്രാപ്തിക്ക് ജ്ഞാനം, യോഗം എന്ന രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. ഇതില്‍ ഏത് അഭ്യസിച്ചാലും അവന്‍ നെഞ്ചുറപ്പുള്ളവനായി ഭവിക്കും. ചിത്തം അങ്ങേയറ്റം ക്ഷോഭിക്കാനുള്ള സന്ദര്‍ഭം ഉണ്ടായാല്‍ത്തന്നെയും ധൈര്യവും മനസ്ഥിരതയും നിലനിര്‍ത്താന്‍ അവനു കഴിയുന്നു. ഈ സഹനശീലത്വമാണ് ധൃതി.

ഒരു സുവര്‍ണ്ണകുംഭം അകവും പുറവും തിളങ്ങത്തക്കവണ്ണം വൃത്തിയാക്കി ഗംഗയിലെ അമൃതതുല്യമായ ജലം നിറയ്ക്കുന്നതാണ് ശൗചം. നിഷ്കാമകര്‍മ്മവും അന്തഃകരണത്തിന്‍റെ വിവേകീലവുമാണ് ബാഹ്യവും ആന്തരികവുമായ ശുചിത്വത്തിന്‍റെ ലക്ഷണങ്ങള്‍.

ഗംഗാജലം അതില്‍ സ്നാനം ചെയ്യുന്നവരുടെ പാപത്തെയും ഉപതാപത്തെയും അകറ്റുന്നതോടൊപ്പം ഇതിന്‍റെ തീരത്തു നില്‍ക്കുന്ന വൃക്ഷലതാതികളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. സൂര്യന്‍ തന്‍റെ പ്രദക്ഷിണത്തിനിടയില്‍ ഭൂമിയിലെ അന്ധകാരം അകറ്റുന്നതോടൊപ്പം പ്രകൃതിസമ്പത്തിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ ശുചിത്വമുള്ള ഒരുവന്‍ അവിദ്യയുടെ ബന്ധനത്തില്‍നിന്ന് മറ്റുള്ളവരെ മോചിപ്പിക്കുകയും സംസാരസാഗരത്തില്‍ മുങ്ങിച്ചാവാന്‍പോകുന്നവനെ രക്ഷപ്പെടുത്തുകയും ദുഃഖനിമഗ്നരായവര്‍ക്കു സങ്കടനിവൃത്തി ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. അഹര്‍ന്നിശം മറ്റുള്ളവരുടെ സന്തോഷത്തെ വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് തന്‍റെ ആത്മഹിതത്തെ പ്രവൃദ്ധമാക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് അവന്‍ വിശ്വസിക്കുന്നു. സ്വന്തം താത്പര്യത്തിനുവേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കണമെന്നുള്ള ചിന്തപോലും ഒരിക്കലും അവന് ഉണ്ടാവുകയില്ല. ഇപ്രകാരം ആരെയും ദ്രോഹിക്കാതിരിക്കുന്ന സ്വഭാവവിശേഷത്തിനാണ് അദ്രോഹത്വം എന്നു പറയുന്നത്. അല്ലയോ അര്‍ജ്ജുന, ഇതു നിനക്കു വ്യക്തമായി മനസ്സിലാക്കത്തക്ക വിധത്തിലാണ് ഞാന്‍ വിശദീകരിക്കുന്നത്.

അല്ലയോ പാര്‍ത്ഥ, ഗംഗാദേവിയെ ശിവപെരുമാള്‍ ശിരസ്സില്‍ ചാടിയപ്പോള്‍ അവള്‍ സങ്കോചിക്കുകയാണുണ്ടായത്. ഇതേവിധത്തില്‍ ബഹുമാനിതനാവുമ്പോള്‍ ലജ്ജിതനാകുന്ന ഒരുവന്‍റെ സ്ഥിതിയാണ് അമാനത്വം. ഞാന്‍ ഇത് മുമ്പ് വിശദീകരിച്ചിട്ടുള്ളതാണ്. വീണ്ടും എന്തിനു വിശദീകരിക്കണം.

മോക്ഷസാമ്രാജ്യത്തിലെ സാര്‍വ്വഭൗമനായ പരമാത്മാവ് നല്കിയിട്ടുള്ള ദൈവീസമ്പത്തിലെ ഇരുപത്തിയാറ് ഗുണങ്ങളാണ് മുകളില്‍ പറഞ്ഞത്. ഗംഗാദേവി സഗരന്മാരെ രക്ഷിക്കാന്‍ ഭൂമിയിലേക്കു പതിച്ചു. അതുപോലെ പവിത്രജലമാകുന്ന ഇരുപത്തിയാറ് ഗുണങ്ങളുംകൊണ്ട് ഗംഗയാകുന്ന ദൈവീസമ്പത്ത് സഗരന്മാരാകുന്ന വിരക്ത പുരുഷനെ രക്ഷിക്കുന്നതിനായി ഭൂമിയില്‍ എത്തിരിയിരിക്കുകയാണ്. അഥവാ മോഷവധു ഇരുപത്തിയാറു ഗുണങ്ങളാകുന്ന രത്നങ്ങള്‍ കോര്‍ത്ത ഹാരവുമായി ലോകകാര്യങ്ങളില്‍ നിരപേക്ഷനായ ഒരുവനെ തേടി തന്‍റെ വരണമാല്യമര്‍പ്പിക്കാനായി വന്നിരിക്കുകയാണ്. അല്ലെങ്കില്‍ ഗീത ഇരുപത്തിയാറ് ഗുണങ്ങളാകുന്ന ജ്വാലകളോടുകൂടിയ ദൈവീ സമ്പദ്ദീപവുമായി തന്‍റെ നാഥനായ പരമാത്മാവിന്‍റെ മുന്നില്‍ ആരതി ഉഴിയുന്നതിനുവേണ്ടി ആഗതയായിരിക്കുകയാണ്. അഥവാ ഗീതാര്‍ണ്ണവത്തിലുള്ള മുത്തുച്ചിപ്പിയാകുന്ന ദൈവീസമ്പത്തില്‍നിന്നു നിര്‍ഗ്ഗളിച്ച ഇരുപത്തിയാറ് മനോഹരമുത്തുകളാണ് ഈ ഗുണങ്ങള്‍, ഇതില്‍ കൂടുതലായി ഞാന്‍ മറ്റെന്താണ് പറയേണ്ടത്? ഈ ഗണങ്ങളെ അറിഞ്ഞാല്‍ മാത്രം പോര; അവയെ അനുഭവിക്കുകതന്നെ വേണം. ദൈവീസമ്പത്തുകൊണ്ട് സമ്പന്നനായിട്ടുള്ള ഒരുവന്‍റെ ലക്ഷണങ്ങള്‍ ഞാന്‍ നിന്നോടു പറഞ്ഞുകഴിഞ്ഞു.

ഇനിയും മുള്ളുകള്‍ നിറഞ്ഞ ഒരു വല്ലരിപോലെ പാപപങ്കിലവും കഷ്ടപ്പാടു നിറഞ്ഞതുമായ ആസുരീസമ്പത്തിനെപ്പറ്റി പറയാം. യാതൊരുപയോഗമില്ലാത്ത തള്ളിക്കളയാന്‍ മാത്രം കൊള്ളാവുന്ന ഒരു വസ്തുവാണെങ്കിലും അതിനെ ത്യജിക്കുന്നതിനു മുമ്പോയി അതേപ്പറ്റി ശരിയായി അറിഞ്ഞിരിക്കണം. ഈ ആസുരീസമ്പത്തിന്‍റെ വൈകല്യങ്ങളെല്ലാം കൂടിച്ചേര്‍ത്ത് മനുഷ്യന് നരകദുഃഖം ഉണ്ടാക്കുന്നു. പലവിധത്തിലുള്ള വിഷങ്ങള്‍ ചേര്‍ന്ന് കാലകൂടവിഷമായിത്തീരുന്നതുപോലെ കുറ്റങ്ങളുടേയും തെറ്റുകളുടേയും പാപങ്ങളുടേയും വലിയ സമുച്ചയത്തിനാണ് ആസുരീസമ്പത്തെന്നു പറയുന്നത്.