ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -4

ദംഭോ ദര്‍പ്പോഭിമാനശ്ച
ക്രോധഃ പാരുഷ്യമേവ ച
അജ്ഞാനം ചാഭിജാതസ്യ
പാര്‍ത്ഥ സമ്പദമാസുരീം.

ഹേ പാര്‍ത്ഥ, ഇല്ലാത്ത ഗുണങ്ങള്‍ തനിക്കുണ്ടെന്നുള്ള ഭാവം, (ദംഭം) ധനാദികളെച്ചൊല്ലിയുള്ള അഭിമാനം (ദര്‍പ്പം) തന്നെക്കാള്‍ പൂജ്യനില്ലെന്നുള്ള ദുരഭിമാനം, ക്രോധം, കാഠിന്യം, അവിവേകം എന്നിവയൊക്കെയാണ് ആസുരവര്‍ഗ്ഗത്തില്‍ ജനിച്ചവന്‍റെ സമ്പത്തുകള്‍.

ഇല്ലാത്ത ഗുണങ്ങള്‍ തനിക്കുണ്ടെന്ന് ഭാവിക്കുന്ന ദംഭമാണ് ആസുരിസമ്പത്തിലെ മുഖ്യമായ ദോഷം. പുണ്യജലംപോലെ പവിത്രയായ മാതാവിന്‍റെ കുറ്റങ്ങളെ നഗ്നമായി പൊതുജനസമക്ഷം അവതരിപ്പിക്കാന്‍ തയ്യാറാകുന്നവന് അധോഗതിയാണുണ്ടാവുക. ഗുരുവില്‍നിന്നു ലഭിച്ചിട്ടുള്ള ബ്രഹ്മവിദ്യകൊണ്ട് ഉദ്ദിഷ്ടഫലസിദ്ധിയുണ്ടാകുമെങ്കിലും അത് നാല്‍ക്കവലയില്‍ നിന്ന് കൊട്ടിഘോഷിച്ചാല്‍ നിര്‍ഭാഗ്യമാണുണ്ടാവുക. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ഒരുവന് അക്കരെയെത്താനുള്ള രക്ഷോപാധിയാണു തോണിയെങ്കിലും അതു തലയില്‍ വെച്ചാല്‍ അതിന്‍റെ ഭാരംകൊണ്ട് മുങ്ങിച്ചാവുകയേ ഉള്ളു. അല്ലയോ പാണ്ഡുപുത്രാ! ആഹാരം ജീവനെ നിലനിര്‍ത്തുന്നു. എന്നാല്‍ അത് അമിതമായി കഴിച്ചാല്‍ വിഷമായിത്തീരുന്നു. അതുപോലെ ഇഹലോകത്തിലും പരലോകത്തിലും നമ്മെ തുണയ്ക്കുന്ന ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചാല്‍ അത് പുണ്യത്തിനെക്കാള്‍ കൂടുതല്‍ പാതകത്തിനു കാരണമായിത്തീരുന്നു. അല്ലയോ വീരാ, ഒരുവന്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്ക് പ്രചുരമായ പ്രചരണം നല്‍കിയാല്‍ അത് അധര്‍മ്മമായിത്തീരുന്നു. ഇത് രംഭമാണെന്നറിയുക.

ഇനിയും ദര്‍പ്പത്തെപ്പറ്റി പറയാം. പൊതുവിദ്യാഭ്യാസത്തിന്‍റെ ബാലപാഠങ്ങള്‍ മാത്രം പഠിച്ചിട്ടുള്ള ഒരു വ്യക്തി ബ്രഹ്മവിദ്യാപണ്ഡിതന്മാരുടെ ഒരു സമ്മേളനത്തെ നിന്ദയോടെ നിരീക്ഷിക്കുന്നു. വിദഗ്ദ്ധനായ ഒരു കുതിരസവാരിക്കാരന്‍റെ ഗര്‍വ്വിഷ്ഠനായ കുതിര ദേവേന്ദ്രന്‍റെ ഐരാവതത്തെ നോക്കി പരിഹസിക്കുന്നു. ഒരു മുള്ളുമരത്തിന്‍റെ മുകളില്‍ കയറിയ ഓന്തിന്‍റെ വിചാരം സ്വര്‍ഗ്ഗം പോലും ആ മരത്തിന്‍റെ ചുവട്ടിലാണെന്നാണ്. പൊട്ടക്കുളത്തില്‍ കിടക്കുന്ന മത്സ്യം പാരാവാരത്തെ പുച്ഛിക്കുന്നു. ഇതേ വിധത്തില്‍ ദര്‍പ്പിയായ ഒരുവന്‍ ഭാര്യയും സമ്പത്തും വിദ്യാഭ്യാസവും സ്തുതിയും ബഹുമാനവും മറ്റും നേടുമ്പോള്‍ അതില്‍ ഉന്മത്തനാകുന്നു. ഭിക്ഷയെടുത്ത് ഒരു ദിവസം ലഭിച്ച ആഹാരത്തില്‍ അല്പം മിച്ചമുണ്ടാകുമ്പോള്‍ ഭിക്ഷക്കാരന്‍ അഹങ്കരിക്കുന്നതുപോലെയാണ് ഇത്. അഥവാ നിര്‍ഭാഗ്യവാനായ ഒരുവന്‍ മഴക്കാറിന്‍റെ നിഴല്‍ കണ്ട് അത് വിശ്രമസങ്കേതമാക്കിക്കൊണ്ട് തന്‍റെ വീടു പൊളിച്ചുകളയുന്നതുപോലെയോ, മരീചിക കാണുന്ന വിഡ്ഢി ജലത്തിന്‍റെ ആവശ്യം അതില്‍ക്കൂടി നിര്‍വ്വഹിക്കാമെന്നു കരുതി തന്‍റെ ജലവീപ്പ തച്ചുടച്ചുകളയുന്നതുപോലെയോ ആണ് ഇത്. ധനപ്രമത്തത കൊണ്ട് ഞെളിയുകയും അതില്‍ അഹങ്കരിക്കുകയും ചെയ്യുന്നതാണ് ദര്‍പ്പമെന്നറിയുക.

വേദങ്ങള്‍ മനുഷ്യരാശിയുടെ വിശ്വാസകേന്ദ്രമാണ്. വിശ്വത്തെയൊട്ടാകെ പ്രകാശിപ്പിക്കുന്ന ഈശ്വരനെ വിശ്വം മുഴുവനും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഇത് അവിതര്‍ക്കിതമായ സംഗതിയാണ്. ലോകത്തില്‍ സാര്‍വ്വഭൗമത്വം നേടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആര്‍ക്കും മരിക്കാന്‍ ഇഷ്ടമില്ല‍. ഇതും തര്‍ക്കമില്ലാത്ത കാര്യമാണ്. ഇക്കാരണത്താല്‍ മനുഷ്യര്‍ ഭക്തിവൈരാഗ്യത്തോടെ വേദത്തേയും ഈശ്വരനേയും സ്തുതിച്ചുപാടിയാല്‍ ദുരഭിമാനിയായ ഒരുവന്‍ അതുകേട്ടു ക്രുദ്ധനാകുന്നു. അവന്‍ മാത്സര്യബുദ്ധിയോടെ പറയും: ഞാന്‍ ഈശ്വരനെ വിഴുങ്ങിക്കളയും, ​എന്‍റെ പ്രാഭവംകൊണ്ട് വേദങ്ങളുടെ അധികാരശക്തി ഞാന്‍ നശിപ്പിച്ചുകളയും.

വിളക്കിന്‍റെ പ്രകാശം ഈയാമ്പാറ്റ ഇഷ്ടപ്പെടുന്നില്ല. മിന്നാമിനുങ്ങ് സൂര്യനെ വെറുക്കുന്നു; കുളക്കോഴി ആഴിയുമായി നിത്യശത്രുത്വം പുലര്‍ത്തുന്നു. അതുപോലെ ദുരഭിമാനി ഞാനെന്ന ഭാവത്തോടെ അഹങ്കരിച്ചുകൊണ്ട് അവന്‍റെ സാനിദ്ധ്യത്തില്‍ ഈശ്വരനാമം പോലും ആരും ഉച്ചരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അവന്‍റെ അച്ഛനെപ്പോലും, അയാള്‍ സ്വത്തിന്‍റെ പങ്കാളിയായതുകൊണ്ട്, ഒരു സപത്നിയെപ്പോലെ അവന്‍ ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ഒരാള്‍ ധിക്കാരവും ദുരഭിമാനവുംകൊണ്ട് ഉന്മത്തനാണ്. അവന്‍റെ അഭിമാനം നരകത്തിലേക്കുള്ള ഒരു രാജവീഥിയാണ്.

ക്രോധമാണ് മറ്റൊരു ആസുരീസമ്പത്ത്. ആസുരീവര്‍ഗ്ഗത്തില്‍പെട്ട ഒരുവന്‍റെ ഹൃദയം, മറ്റുള്ളവര്‍ ആനന്ദിക്കുന്നതു കാണുമ്പോള്‍ രോഷാകുലമാകുന്നു. തിളയ്ക്കുന്ന എണ്ണയില്‍ ഒരു തുള്ളി വെള്ളം ഒഴിച്ചാല്‍ അതു പൊട്ടിത്തെറിക്കുന്നു. ചന്ദ്രനെ കാണുമ്പോള്‍ കുറുനരിക്ക് ഹൃദയക്ഷോഭം ഉണ്ടാകുന്നു. വിശ്വത്തെ പ്രകാശിപ്പിക്കുന്ന സൂര്യന്‍ ഉദിക്കുമ്പോള്‍ മൂങ്ങയ്ക്ക് അതിന്‍റെ കാഴ്ചശക്തി നഷ്ടപ്പെടുന്നു. ജനങ്ങള്‍ക്ക് കുളുര്‍മ്മയും ഉത്സാഹവും നല്‍കുന്ന പ്രഭാതം ചോരന് മൃത്യുവിനേക്കാള്‍ ദുഃഖകരമാണ്. പാമ്പിനു നല്‍കുന്ന പാല് കാളകൂടവിഷമായിത്തീരുന്നു. സമുദ്രജലത്തെ എരിക്കുന്ന ബഡവാഗ്നി ഒരിക്കലും തൃപ്തിപ്പെടുന്നില്ല. ഇതുപോലെ വിദ്യ, ഐശ്വര്യം, ഭാഗ്യം തുടങ്ങിയവ മറ്റുള്ളവരില്‍ കാണുമ്പോള്‍ ആസുരീസമ്പത്തിനുടമയായ ഒരുവന്‍റെ കോപം നുരഞ്ഞുപൊങ്ങുന്നു. ഈ വികാരമാണ് ക്രോധം.

ഇനിയും പാരുഷ്യത്തെപ്പറ്റി കേള്‍ക്കുക. ദുഷ്ടബുദ്ധി നിറഞ്ഞ്, പാമ്പിന്‍റെ മാളം പോലെ ഒഴിഞ്ഞ് കിടക്കുന്ന ഹൃദയമുള്ളവരുണ്ട്. അമ്പിന്‍റെ കൂര്‍ത്ത മുനപോലെ ദൃഷ്ടിയുള്ളവരുണ്ട്. തീക്കനല്‍ പൊഴിയുന്നതുപോലെ അസഹ്യമായ ചൂടു പരത്തി സംസാരിക്കുന്നവരുണ്ട്. ഉരുക്കുകൊണ്ടുണ്ടാക്കിയ അറപ്പുവാളിന്‍റെ കാഠിന്യമുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നവരുണ്ട്. ഇപ്രകാരമുള്ളവരുടെ ബാഹ്യവും ആന്തരികവുമായ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് ദുഃഖം ഉണ്ടാക്കുന്നു. ഇവര്‍ മനുഷ്യകുലത്തിലെ അധമന്മാരാണ്; പാരുഷ്യത്തിന്‍റെ അവതാരമൂര്‍ത്തികളാണ്.

അടുത്തതായി അജ്ഞതയുടെ ലക്ഷണങ്ങള്‍ പറയാം. ശീതത്തിന്‍റേയോ ഉഷ്ണത്തിന്‍റേയോ സ്പര്‍ശനത്തിലുള്ള വ്യത്യാസം ഒരു പാറയ്ക്ക് അറിയാന്‍ കഴിയുന്നില്ല. ജന്മനാ അന്ധനായ ഒരുവന് ദിനരാത്രങ്ങള്‍ തിരിച്ചറിയാന്‍ സാദ്ധ്യമല്ല. അഗ്നിക്ക് എന്താണ് എരിക്കേണ്ടതെന്നോ, എരിക്കാന്‍ പാടില്ലാത്തതെന്നോ അറിവില്ല. സ്പര്‍ശമണിക്ക് സ്വര്‍ണ്ണവും ഇരുമ്പും തമ്മില്‍ വിവേചിച്ചറിയാന്‍ കഴിവില്ല. ഒരു തവിക്ക് അതു മുങ്ങിക്കിടക്കുന്ന നീരിന്‍റെ രുചി അറിയാന്‍ കഴിയുന്നില്ല. കാറ്റിന് രാജവീഥീയും ഊടുവഴിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാവുകയില്ല. അതുപോലെ അജ്‍ഞനായ ഒരുവന്‍ കൃത്യാകൃത്യങ്ങളെപ്പറ്റിയോ നന്മതിന്മകളെപ്പറ്റിയോ അന്ധനാണ്. ഒരു ശിശു അതിന്‍റെ കൈയില്‍ കിട്ടുന്നതെല്ലാം നല്ലതെന്നോ ചീത്തയെന്നോ കരുതാതെ വായിലിടുന്നതുപോലെ, അജ്ഞാനി പാപപുണ്യങ്ങളു‌ടെ കിച്ചടി, അത് കയ്ക്കുന്നതോ മധുരിക്കുന്നതോ എന്നാലോചിക്കാതെ, ആഹരിക്കുന്നു. ഇങ്ങനെയുള്ള മാനസികാവസ്ഥയ്ക്കാണ് അജ്ഞാനം എന്നു പറയുന്നത്.

ആസുരീസമ്പത്തിനു പ്രാബല്യം നല്‍കുന്ന ആറ് ദോഷങ്ങളെപ്പറ്റി ഞാന്‍ വിശദീകരിച്ചു. സര്‍പ്പം ചെറുതാണെങ്കിലും അതിന്‍റെ വിഷം മാരകമാണ്. പ്രളയാഗ്നി, ഇടിത്തീ, ബഡവാഗ്നി എന്നിങ്ങനെയുള്ള മൂന്നുവിധ അഗ്നികള്‍ക്കും കൂടി പ്രാണാഹുതി നല്‍കുന്നതിന് ഈ ജഗത്ത് തികച്ചും തികയുകയില്ല. മനുഷ്യശരീരത്തിലുള്ള വാതപിത്ത കഫങ്ങളാകുന്ന ത്രിദോഷങ്ങള്‍ കോപിച്ചാല്‍ ബ്രഹ്മദേവനുപോലും ഒരുവനെ മരണത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ സാദ്ധ്യമല്ല. ഇവിടെ മൂന്നിന്‍റെ ഇരട്ടിയായ ആറു ദോഷങ്ങളാണുള്ളത്. ആസുരീസമ്പത്ത് ഈ ദോഷങ്ങളില്‍ അധിഷ്ഠിതമായിരിക്കുന്നതുകൊണ്ട് അത് ഒരിക്കലും അശക്തമാകുകയില്ല. അനിഷ്ടഗ്രഹങ്ങളെല്ലാം കൂടി ഒരേ രാശിയില്‍ ഒരുമിച്ചുകൂടുക, പാപങ്ങള്‍, പരദോഷദര്‍ശിയെ പാട്ടിലാക്കുക, മരണവക്ത്രത്തിലെത്തിയിരിക്കുന്ന ഒരുവനെ എല്ലാ രോഗങ്ങളും കൂടി ആക്രമിക്കുക, പരിപൂണ്ണവിശ്വസ്തനെന്നു വിചാരിച്ചവന്‍ തസ്ക്കരനോടൊപ്പം ചേര്‍ന്നു കൊള്ളയടിക്കുക, ക്ഷീണിതനായ ഒരുവനെ ജലപ്രവാഹത്തിലേക്കു തള്ളിയിടുക- എന്നിപ്രകാരം ഈ ആറ് ദുര്‍ഗ്ഗുണങ്ങളും കൂടി ഒരുവനെ നിന്ദ്യമായ നിലയിലാക്കുന്നു. മരിച്ചുകൊണ്ടിരിക്കുന്ന ഒരാടിനെ ഏഴു വിഷമുള്ളുകളുള്ള ഒരു തേളു കുത്തുന്നതുപോലെ ഈ ആറ് ദുര്‍ഗ്ഗുണങ്ങളും, ഒരു മനുഷ്യനെ ആക്രമിക്കുന്നു. മോചനത്തിന്‍റെ പാതയില്‍കൂടി പ്രയാണം ചെയ്യുന്ന ഒരുവന്‍റെ മേല്‍ ഈ ദുര്‍ഗ്ഗുണങ്ങളുടെ മഴച്ചാറ്റല്‍ ഏറ്റാല്‍ പോലും അവന്‍ സംസാരത്തില്‍ മുങ്ങുന്നു. അവന്‍ അധമമായ ജന്മങ്ങളുടെ പടികളിറങ്ങി ഏറ്റവും താഴേത്തലത്തിലെത്തി വൃക്ഷം, കല്ല് തുടങ്ങിയ അചരങ്ങളുടെ വര്‍ഗ്ഗത്തില്‍ ജനിക്കുന്നു. ഈ ദുര്‍ഗ്ഗുണങ്ങളെല്ലാം കൂടി ഒരുവനില്‍ ഒന്നു ചേര്‍ന്ന് ആസുരീസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു. ഈ ജഗത്തില്‍ പ്രസിദ്ധിയും കുപ്രസിദ്ധിയുമാര്‍ജ്ജിച്ചിട്ടുള്ള ഈ രണ്ടു സമ്പത്തുകളുടേയും സ്വഭാവങ്ങള്‍ ഞാന്‍ നിനക്കു വിവരിച്ചു തന്നിരിക്കുന്നു